ന്യൂഡല്‍ഹി: 12ഏക്കറില്‍ പരന്നു കിടക്കുന്ന ബര്‍വാലയിലെ സത്ലോക് ആശ്രമ പീഠത്തിലിരുന്ന് ഗുരു ധ്യാനിക്കുമ്പോള്‍ പാലുകൊണ്ട് ധാരാഭിഷേകം നടക്കും, ആള്‍ദൈവത്തിന്റെ മേനിയിലൂടെ ഒലിച്ചിറങ്ങി വന്ന പാല് പായസംവെച്ച് കുടിച്ച് നിര്‍വൃതി പൂകും അനുയായികള്‍. കൊലപാതക കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ രാംപാല്‍ എന്ന ആള്‍ദൈവത്തിന്റെ ആശ്രമ വിശേഷങ്ങളിലൊന്നാണിത്.
ബാബയുടെ അറസ്റ്റ് ഒഴിവാക്കാന്‍ കവചമാക്കപ്പെട്ട് വെള്ളവും മരുന്നും കിട്ടാതെ പാവപ്പെട്ട ഭക്തര്‍ മരിച്ച ആശ്രമത്തിനുള്ളില്‍ ഉന്നതരായ ഭക്തര്‍ക്കായി അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. വിലപിടിച്ച വസ്തങ്ങ്രള് ഒരു തവണ മാത്രമാണ് ധരിച്ചിരുന്നത്. ബി.എം.ഡബ്യു, മെര്‍സിഡസ് കാറുകളുടെ ശേഖരംതന്നെ സ്വന്തമാക്കിയിരുന്ന രാംപാലിന് 100 കോടി രൂപയുടെ സ്വത്തെങ്കിലുമുണ്ടെന്നാണ് പ്രാഥമിക അനുമാനം.
ഹരിയാന, പഞ്ചാബ്, ഡല്‍ഹി, യു.പി, രാജസ്ഥാന്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 25 ലക്ഷം അനുയായികളും. ആശ്രമത്തിന്റെ നിയന്ത്രണം ലഭിച്ച് 24 മണിക്കൂര്‍ പിന്നിട്ടെങ്കിലും അതിനുള്ളിലെ മുറികള്‍ മുഴുവന്‍ തുറന്നു നോക്കാന്‍ പോലും പൊലീസിനു കഴിഞ്ഞിട്ടില്ല. കുറ്റന്‍ ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കള്‍ എന്താണെന്നും വ്യക്തമല്ല. സ്വത്തുവിവരം സംബന്ധിച്ച കൃത്യമായ വിവരം നല്കാന് സംസ്ഥാന ചീഫ്സെക്രട്ടറിയോട് ഹൈകോടതി നിര്‍ദേശിച്ചിട്ടുണ്ട്.