Image

ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക നാല്‍പ്പതാം വാര്‍ഷികാഘോഷ സമാപനം നവം.28ന്

ജീമോന്‍ റാന്നി Published on 19 November, 2014
ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക നാല്‍പ്പതാം വാര്‍ഷികാഘോഷ സമാപനം നവം.28ന്
ഹൂസ്റ്റണ്‍: കഴിഞ്ഞ മെയ് മാസം മുതല്‍ നീണ്ടുനിന്ന ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയുടെ നാല്‍പതാം വാര്‍ഷികാഘോഷങ്ങളുടെ സമാപനം ഗ്രാന്റ് ഫിനാലെ വിപുലമായ പരിപാടികളോടെ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

നവംബര്‍ 28ന് വെള്ളിയാഴ്ച വൈകുന്നേരം 4.30 മണിയ്ക്ക് ട്രിനിറ്റി ദേവാലയത്തില്‍ ഘോഷയാത്രയോടുകൂടി സമാപന പരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി നടത്തപ്പെടുന്ന ഘോഷയാത്രയക്ക് ഭദ്രാസന എപ്പിസ്‌ക്കോപ്പാ അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌ക്കോപ്പാ, വൈദികര്‍, സാംസ്‌ക്കാരിക പ്രമുഖര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ഘോഷയാത്രയ്ക്ക് മുന്നോടിയായി ട്രിനിറ്റി ഹരിതവല്‍ക്കരണത്തിന്റെ ഭാഗമായി ദേവാലയ പരിസരത്ത് 40 വൃക്ഷങ്ങള്‍ നട്ടുപിടിപ്പിയ്ക്കും. മാതൃകാപരമായ ഈ പരിപാടിയ്ക്ക് ഇടവകയിലെ ഏറ്റവും മുതിര്‍ന്ന 40 അംഗങ്ങള്‍ നേതൃത്വം നല്‍കും.

തുടര്‍ന്ന് ദേവാലയത്തില്‍ വികാരി റവ.കൊച്ചു കോശി ഏബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന പൊതുസമ്മേളനത്തില്‍ നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌ക്കോപ്പാ, മലങ്കര ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ്, മെത്രാപ്പോലീത്താ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പി.ഹാരിഷ്, ഹൂസ്റ്റണിലെ സാമുദായിക സാംസ്‌ക്കാരിക നേതാക്കള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിയ്ക്കും.

ഗ്രാന്റ് ഫിനാലെയുടെ രണ്ടാംഘട്ടമായി ആറരയ്ക്ക് കലാപരിപാടികള്‍ ആരംഭിയ്ക്കും. ട്രിനിറ്റിയിലെ കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കുന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ ഫിനാലെയ്ക്ക് മാറ്റുകൂട്ടും.

സമാപനത്തോടനുബന്ധിച്ച് സുവനീറും പ്രസിദ്ധീകരിയ്ക്കുന്നുണ്ട്. നാല്പതാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നിരവധി പരിപാടികളും ജീവകാരുണ്യ പദ്ധതികളുമാണ് ആവിഷ്‌ക്കരിച്ചു നടപ്പാക്കി വരുന്നത്. ഹൂസ്റ്റണിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ലോക്കല്‍ മിഷന്‍ നേതൃത്വം നല്‍കുന്നു.

ഇന്ത്യയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 40 പേര്‍ക്ക് വൈദ്യസഹായം, വിവാഹധനസഹായം, വിദ്യാഭ്യാസ സഹായം, ഭവനനിര്‍മ്മാണ സഹായം എന്നിവ നല്‍കുന്നതിന് ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.  എബ്രോഡ്(abroad mission) മിഷന്റെ നേതൃത്വത്തില്‍  നടത്തുന്ന ഈ പദ്ധതികള്‍ക്കൊപ്പം ഇന്ത്യയിലെ ഒരു ഗ്രാമം ദത്തെടുത്ത് സമഗ്രവികസനത്തിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു വരുന്നു.

ഈ വര്‍ഷം നടത്തിയ പരിപാടികളില്‍ മെഗാ ബൈബിള്‍ ക്വിസ് വ്യത്യസ്തത പുലര്‍ത്തി. കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ ഇടവകയ്ക്ക് നേതൃത്വം നല്‍കിയ ഇമ്മാനുവേല്‍ ട്രിനിറ്റി ഇടവകാംഗങ്ങളെ പൊന്നാട നല്‍കി ആദരിച്ചു. ആദ്യകാല അംഗങ്ങളെയും ആദരിച്ചു.

വികാരി റവ. കൊച്ചുകോശി ഏബ്രഹാം, വൈസ് പ്രസിഡന്റ് ജനറല്‍ കോര്‍ഡിനേറ്ററുമായി ജോജി ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. സമാപന ചടങ്ങിലേക്ക് ഹൂസ്റ്റണിലെ എല്ലാ മലയാളി സുഹൃത്തുക്കളുടെയും സാന്നിദ്ധ്യ സഹകരണം പ്രതീക്ഷിയ്ക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി


ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക നാല്‍പ്പതാം വാര്‍ഷികാഘോഷ സമാപനം നവം.28ന്
Trinity Mar Thoma Church LOGO.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക