Image

'അക്ഷരം' അവസാനിക്കുകയാണോ? -ജോണ്‍മാത്യു

ജോണ്‍മാത്യു Published on 18 October, 2014
'അക്ഷരം' അവസാനിക്കുകയാണോ? -ജോണ്‍മാത്യു
ഇന്ന് ദൃശ്യമാധ്യമങ്ങളിലുണ്ടായിരിക്കുന്ന സാങ്കേതികമുന്നേറ്റം ദിനപ്പത്രങ്ങളുടെ നിലനില്പിനെത്തന്നെ ചോദ്യം ചെയ്യുന്നു. അമേരിക്കയിലെ പല പത്രങ്ങളും അടച്ചുപൂട്ടി. മലയാളത്തിലെ അച്ചടിമാധ്യമങ്ങളെയും ഇത് ബാധിച്ചിരിക്കുന്നു. ഇത്രയും കാലം നാം ദിവ്യമെന്ന് കണക്കാക്കിയിരുന്ന അക്ഷരത്തിന്റെയും അല്ലെങ്കില്‍ സാഹിത്യത്തിന്റെ തന്നെയും ഭാവി എന്ത്?
ഹൂസ്റ്റനിലെ കേരളറൈറ്റേഴ്‌സ് ഫോറത്തിന്റെ രജതജൂബിലിയുടെ ഭാഗമായിരുന്നു എഴുത്ത്, ആധുനികത, മറ്റ് പ്രസ്ഥാനങ്ങള്‍, തുടര്‍ന്ന് മാധ്യമസാങ്കേതികതയുടെ സ്വാധീനം എന്നീ വിഷയങ്ങളുടെ ചര്‍ച്ച.
മലയാളികള്‍ക്കറിയാം ഒരു കാലത്ത് ദിനപ്പത്രം കയ്യില്‍ക്കിട്ടാനുള്ള കാത്തിരിപ്പിന്റെ ദൈര്‍ഘ്യം. ഇന്ന് ലോകവാര്‍ത്ത മുഴുവന്‍ നമ്മുടെ വിരല്‍ത്തുമ്പിലാണ്. അങ്ങനെയുള്ള വായനപോലും ദൃശ്യസാങ്കേതികതയുടെ മുന്നില്‍ ആവശ്യമില്ലാതായിക്കൊണ്ടിരിക്കുന്നുവോ? ക്യാമറാക്കണ്ണുകൊണ്ട് ഒപ്പിയെടുക്കുന്ന ചിത്രങ്ങളാണ് ഇവിടെ പ്രതി!
തെരക്കുനിറഞ്ഞ ജീവിതത്തില്‍ വലിയ കൃതികള്‍ വായിക്കാന്‍ നേരമില്ലെന്ന് പറയുന്നതില്‍ കഴമ്പുണ്ടെന്ന ഒറ്റനോട്ടത്തില്‍ വിശ്വസിച്ചുപോകാം, മലയാളത്തില്‍ പദ്യരൂപത്തിലുണ്ടായിരുന്ന മഹാകാവ്യങ്ങളുടെ നാളുകള്‍ കഴിഞ്ഞിരിക്കാം. എന്റെ മേശപ്പുറത്ത് നോബേല്‍സമ്മാനം നേടിയ ടര്‍ക്കീഷ് സാഹിത്യകാരനായ ഓര്‍ഹന്‍ പാമുകിന്റെ 'മഞ്ഞ്' എന്ന നോവലുണ്ട്. ഉറുമ്പരിക്കുന്ന അക്ഷരത്തില്‍ അഞ്ഞൂറു പേജിലുള്ള മലയാള പരിഭാഷ! ഇനിയും പറയാന്‍ കഴിയുമോ 'മഹാകാവ്യ'ങ്ങളുടെ കാലം കഴിഞ്ഞെന്ന്? പത്ര വായനക്കാര്‍ എന്നും ഏറെയായിരുന്നു, അവര്‍ വായന അവസാനിപ്പിച്ച് ദൃശ്യമാധ്യമങ്ങളിലേക്ക് തിരിഞ്ഞു. ഇതിനൊപ്പമാണ് സോഷ്യല്‍ മീഡിയകളില്‍ക്കൂടി പ്രചരിക്കപ്പെടുന്ന ആശയങ്ങളും കാട്ടുതീ പോലെ പടര്‍ന്നുപിടിക്കുന്നത്. പക്ഷേ, സാഹിത്യകൃതികള്‍ വായിക്കുന്ന ന്യൂനപക്ഷത്തിന് ഇതൊന്നും ബാധകമേയല്ലതന്നെ!
സാഹിത്യപ്രസ്ഥാനങ്ങള്‍ രൂപംമാറി എഴുത്തിനും വായനക്കും അക്ഷരങ്ങള്‍ക്കും വിനയാകുമെന്ന വാദവും അംഗീകരിക്കാന്‍ കഴിയുകയില്ല. പ്രസ്ഥാനങ്ങള്‍ക്കുള്ള ഒരു പശ്ചാത്തലം കേരളത്തില്‍ ഇല്ലായിരുന്നത് നേര്. മലയാളസാഹിത്യത്തില്‍ വിളംബരംചെയ്യപ്പെട്ട ആധുനികതപോലും രാഷ്ട്രീയപ്രേരിതമായ പുരോഗമന സാഹിത്യത്തിന്റെ തുടര്‍ച്ചതന്നെയായിരുന്നു. നാല്പതുകളിലെയും അമ്പതുകളിലെയും ജന്മിത്വത്തിലെ നിസ്സഹായതയില്‍നിന്ന് അവിടവിടെ തൊഴില്‍നേടിത്തുടങ്ങിയപ്പോഴുള്ള അസംതൃപ്തിയെയാണ് മലയാളികള്‍ ആധുനികതയെന്ന് വിളിച്ചത്. ആധുനികത വളര്‍ന്ന് ഉത്തരാധുനികതയായി മാറിയെന്നാണ് ചുരുക്കംപേരെങ്കിലും ധരിച്ചുവെച്ചിരിക്കുന്നത്. ആധുനികതപോലുമില്ലാതിരുന്ന ലോകത്തില്‍ എവിടെ ഉത്തരാധുനികത?
കലാരംഗത്തും സാഹിത്യത്തിലും അതാത് കാലത്തുണ്ടാകുന്ന പ്രസ്ഥാനങ്ങള്‍ വളര്‍ന്നാല്‍ അത് അക്ഷരങ്ങളെ കൊല്ലുകയില്ല. ഈ പ്രസ്ഥാനങ്ങള്‍ ദര്‍ശനങ്ങളായി, പ്രശ്‌നങ്ങളുടെ നിര്‍വചനങ്ങളായി ചരിത്രത്തിന്റെ ഭാഗമായി നിലനില്ക്കും.
എന്നാല്‍, മനുഷ്യന്റെ യാത്രകളും മാറിത്താമസങ്ങളും മലയാളത്തിലും മറ്റു ഭാഷകളിലും ചെലുത്തുന്ന സ്വാധീനം ഇപ്പോള്‍ത്തന്നെ കണ്ടുതുടങ്ങിയിരിക്കുന്നു. ചില അക്ഷരങ്ങള്‍ പ്രസക്തമല്ലാതാവും, പുതിയ പ്രയോഗങ്ങള്‍ പഠിക്കേണ്ടതായി വരും.
ഇനിയും മനുഷ്യജീവിതത്തെ ആകമാനം ബാധിക്കുന്ന സാങ്കേതിക വളര്‍ച്ച അവസാനമായി എന്താണ് തരുന്നതെന്ന് ഊഹിക്കാന്‍പോലും കഴിയുകയില്ല. ആരുകണ്ടു 'മൗന'ഭാഷയുള്ള ഒരു ലോകം, 'ആദി'യിലേക്ക് ഒരു മടങ്ങിപ്പോക്ക് സംഭവിച്ചുകൂടാ എന്നില്ലല്ലോ. എന്നാല്‍, ഇന്ന് വായനയെ കൊല്ലുന്നത് തൊഴില്‍രംഗത്തെ പ്രത്യേകാഭ്യാസവും അതിനോടുചേര്‍ന്ന പിരിമുറുക്കങ്ങളുമാണ്. ഇവിടെ അക്ഷരം സാങ്കേതികതയുടെ കരടിപ്പിടിയിലാണ്, അതുകൊണ്ടുതന്നെ ആ 'അക്ഷരം' നമുക്ക് അന്യമായിത്തീരുന്നു, ബോധപൂര്‍വ്വമല്ലാതെ!
ഇന്ന് അക്ഷരം 'എഴുതുന്നവര്‍' എത്രപേരുണ്ട്? പേനയെടുക്കുന്നത് ഒരു ചെക്ക് ഒപ്പിടാന്‍ മാത്രമായിരിക്കും! വിരലുകള്‍ക്ക് അക്ഷരം വഴങ്ങാതായിരിക്കുന്നു. 'അക്ഷരം' എഴുതാനുള്ളതല്ല, വായിക്കാന്‍ മതിയത്രേ! അതേ, അക്ഷരത്തിന്റെ പ്രയോജനം ഇപ്പോള്‍ത്തന്നെ അമ്പതുശതമാനമായി കുറഞ്ഞു. ഇതു പ്രതീക്ഷിച്ചതായിരുന്നാ?
എല്ലാവരും ആവശ്യപ്പെടുന്ന ജീവിതനിലവാരവളര്‍ച്ചയോടും സാമ്പതതിക വികസനത്തോടുമൊപ്പമുണ്ടായിരുന്നത്, എന്നുമുണ്ടായിരിക്കുമെന്ന് തീര്‍ച്ചയുണ്ടായിരുന്നത്, നഷ്ടപ്പെടുമ്പോള്‍ അത് അറിയുന്നില്ലെന്ന് നടിക്കാനേ കഴിയൂ. 'അക്ഷരം' എന്നാല്‍ നശിക്കാത്തതാണ്, ദിവ്യമാണ് എന്നെല്ലാമുള്ള അടിയുറച്ച വിശ്വാസമാണുണ്ടായിരുന്നത്. അറിയാതെതന്നെ ആ അക്ഷരം നമ്മുടെ പക്കല്‍നിന്ന് വഴുതിപ്പോകുകയാണോ? ആനയുടെ രൂപമായി 'ആ' എഴുതിയ കാലമുണ്ടായിരുന്നു, ഇനിയും അങ്ങനെ എഴുതേണ്ട, പകരം വായിച്ചാല്‍മതി, കീബോര്‍ഡില്‍ കുത്തിയാല്‍മതി! ഇവിടെ ചോദിക്കാന്‍ തോന്നുന്നു പഠനംകൊണ്ട് എന്താണ് പ്രയോജനം? അതായത് വിദ്യാഭ്യാസം, ഇതില്‍ അഭ്യാസം മാത്രം പോരെ?
സാങ്കേതിക' ജീവിതത്തിന്റെ വിവിധരംഗങ്ങളില്‍ അതിക്രമിച്ചുകടന്ന് പരമ്പരാഗതമായുണ്ടായിരുന്ന പലതിനെയും നശിപ്പിക്കുന്നു. അതിനോടൊപ്പംതന്നെ ചര്‍ച്ചകൊടുക്കേണ്ടുന്ന മറ്റൊരു വിഷയമാണ് നവമുതലാളിത്തം. ഇതിന് പകരം വെക്കാന്‍ മറ്റൊന്നില്ലെന്നും മനുഷ്യനെ സ്വതന്ത്രനാക്കുന്നത് ഈ ഫ്രീജീവിതശൈലിയാണെന്നും മറ്റും വാദിച്ചേക്കാം. പക്ഷേ, വ്യക്തിപരമായി നേടിയെടുക്കുന്ന സമ്പത്തും അതിന്റെ പിന്നിലുള്ള മത്സരവും മനസ്സിന്റെ സംക്ഷോഭവും അധികംപേര്‍ക്കും തങ്ങളുടെ പ്രഫഷണല്‍രംഗത്തിനപ്പുറമുള്ള വായനയെ അസാദ്ധ്യമാക്കിത്തീര്‍ക്കുന്നു.
ഇത്രയുമൊക്കെയാണെങ്കിലും ദിവസങ്ങളും മാസങ്ങളും അല്ല വര്‍ഷങ്ങള്‍ത്തന്നെയെടുത്ത് രൂപപ്പെടുത്തുന്ന സാഹിത്യസൃഷ്ടിയും നൈമഷീകമായ മാധ്യമവാര്‍ത്തയും തമ്മില്‍ താരതമ്യപ്പെടുത്തരുത്. വായന, അത് എന്നും ഒരു ന്യൂനപക്ഷത്തിനുമാത്രം വിധിച്ചിട്ടുള്ളതാണ്. ബഹുഭൂരിപക്ഷവും വാര്‍ത്താചിത്രങ്ങള്‍ കാണുന്നതുകൊണ്ട് വായനക്ക് ക്ഷീണം സംഭവിച്ചുവെന്നും പറയാന്‍ വരട്ടെ. തങ്ങള്‍ക്ക് പ്രിയപ്പെട്ട 'അക്ഷരം' കാത്തുസൂക്ഷിക്കുന്ന കുറച്ചുപേരെങ്കിലും എന്നുമുണ്ടായിരിക്കുമെന്ന പ്രതീക്ഷ എന്തായാലും ഇപ്പോള്‍ വച്ചുപുലര്‍ത്താം.





'അക്ഷരം' അവസാനിക്കുകയാണോ? -ജോണ്‍മാത്യു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക