Image

രാമായണമാസത്തിലൂടെ-1- രാമായണത്തിനുപകരം രാമായണം മാത്രം

അനില്‍ പെണ്ണുക്കര Published on 22 July, 2014
രാമായണമാസത്തിലൂടെ-1- രാമായണത്തിനുപകരം രാമായണം മാത്രം
സര്‍വ്വ ഐശ്വര്യത്തിനും, പൂര്‍വ്വജന്മപാപങ്ങള്‍ ഇല്ലാതാക്കുവാനും രാമ എന്ന രണ്ടക്ഷരം ജപിച്ചാല്‍ മതി എന്ന് എന്റെ അമ്മൂമ്മ ചെറുപ്പത്തില്‍ പറഞ്ഞുതരുമായിരുന്നു. ഒരു തവണ രാമ എന്ന് ജപിക്കുന്നതിന് സഹസ്രനാമ ജപത്തിന്റെ ഫലമാണ് ചെയ്യുക. ഒരു മണിക്കൂര്‍ കൊണ്ട് പന്തീരായിരത്തിലധികം നാമം ജപിക്കാം. അങ്ങനെ പതിമൂന്നു കോടി തവണ ചെയ്യുമ്പോള്‍ സാക്ഷാല്‍ ശ്രീരാമ ഭഗവാന്‍ ദര്‍ശനം നല്‍കും.

കര്‍ക്കിടകം തുടങ്ങി എങ്ങും രാമനാമ ജപത്തിന്റേയും, നിത്യപ്രാര്‍ത്ഥനയുടേയും ഒലികള്‍. ബാലി നിഗ്രഹത്തിന് ശേഷം സീതാന്വേഷണത്തിന് അനുകൂല കാലാവസ്ഥ ഉണ്ടായതുവരെ ഗുഹയില്‍ തപസ്സു ചെയ്ത കാലമാണ് രാമായണ മാസമായി ആചരിക്കുന്ന കര്‍ക്കിടമാസം. മനുഷ്യമൃഗ രാക്ഷസ, പക്ഷി, വൃക്ഷ ഇത്യാദി സര്‍വ്വ വിഭാഗത്തേയും കോര്‍ത്തിണക്കി രചിച്ച കഥയാണ് രാമായണം. എല്ലാവര്‍ണ്ണത്തിനും പ്രാധാന്യം കൊടുത്തു കൊണ്ട് എഴുതിയകഥ.

സൃഷ്ടിയുടെ ശ്രേയസ്സിന് സൃഷ്ടികര്‍ത്താവ് കാണിച്ച മാര്‍ഗ്ഗം ധര്‍മ്മം. അത് പൂര്‍ണ്ണായും ജീവിച്ചുകാണിച്ച പ്രപഞ്ചം കാത്ത മര്യാദ പുരുഷേത്തമനായ ശ്രീരാമചന്ദ്രന്റെ കഥ.
പുത്രധര്‍മ്മം, പതീധര്‍മ്മം, രാജധര്‍മ്മം, സഹോദരധര്‍മ്മം, മിത്രധര്‍മ്മം എന്നു വേണ്ട ധര്‍മ്മാവസ്ഥകളില്‍ ഒന്നിനോടുപോലും വിമുഖത കാട്ടിയില്ല രാമന്‍.

'അവനി പുത്രിയോളം ഭാഗ്യമുണ്ടായി
ട്ടുവനിയിലൊരു പെണ്ണില്ലെന്നിങ്ങനെ
സകലലോകര്‍ പുകഴ്ത്തുന്നതുമിന്നു
വിപരീതമായ് വന്നു'

 എന്ന് സീത വിലപിക്കുന്നതായി കവി പാടിയിട്ടുണ്ട്. ഇത് രാമനെ സംബന്ധിച്ചിടത്തോളം വളരെ സത്യവുമാണ്. സീതാപരിത്യാഗത്തിനു ശേഷം ദേഹത്യാഗം വരെ വിരഹദുഃഖത്തില്‍ വെന്തുനീറുകയായിരുന്നു രാമന്‍. തന്റെ ഏകപത്‌നിവ്രതത്തിന്റെ ശക്തികൂടി ലോകത്തിന് കാട്ടിക്കൊടുത്തു രാമന്‍.

യുഗവും ഭരണവും മാറിയേക്കാം രാമായണത്തിന് മാറ്റമില്ല. രാമന് പകരം രാമനും രാമായണത്തിനു പകരം രാമായണവും മാത്രം. ഉത്തമ പുത്രന്‍, ഉത്തമപതി, ഉത്തമമിത്രം, ഉത്തമരാജന്‍ എല്ലാം എങ്ങനെ ആയിരിക്കണമെന്ന് സ്വന്തം ജീവിതത്തിലൂടെ കാട്ടിയ മാതൃകാപുരുഷനാണ് ശ്രീരാമചന്ദ്രന്‍.
രാമായണമാസത്തിലൂടെ-1- രാമായണത്തിനുപകരം രാമായണം മാത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക