Image

ബാര്‍ബര ബുഷിന്‌ കൂട്ടായി കൊച്ചു സാമുവേല്‍

ബിജു ചെറിയാന്‍ Published on 17 March, 2013
ബാര്‍ബര ബുഷിന്‌ കൂട്ടായി കൊച്ചു സാമുവേല്‍
ടെക്‌സസ്‌: വായനയുടെ ലോകത്തേക്ക്‌ കൗതുകവുമായി എത്തിയ കൊച്ചു സാമുവേലിന്‌ കൂട്ടായി ഹൂസ്റ്റണിലെ പ്രശസ്‌തമായ പബ്ലിക്‌ ലൈബ്രറിയില്‍ എത്തിയത്‌ സാക്ഷാല്‍ ബാബര ബുഷ്‌. മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാര്യയും മറ്റൊരു മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രിയ മാതാവുമെന്ന അപൂര്‍വ്വ ബഹുമതിയുള്ള `പ്രഥമ' മുത്തശ്ശി ബാര്‍ബര ബുഷാണ്‌ പ്രത്സാഹനവും അനുമോദനവുമായി എത്തിയ അതിവിശിഷ്‌ടാതിഥി.

ദീര്‍ഘകാലമായി ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയ ഡോ. സി.വി. മാത്യൂസിന്റേയും, തങ്കമ്മയുടേയും ഏഴു പേരക്കുട്ടികളില്‍ ഇളയവനായ സാമുവേല്‍ ജോര്‍ജ്‌ മാത്യു (3 വയസ്‌) `യംഗ്‌ റീഡര്‍ പ്രോഗ്രാമില്‍' ഉള്‍പ്പെട്ടാണ്‌ ബേബി സിറ്ററിനോടും സമപ്രായക്കാരായ ഇതര കുട്ടികളോടുമൊപ്പം ലൈബ്രറിയില്‍ എത്തിയത്‌.

പുസ്‌തകലോകത്ത്‌ ഉത്സാഹത്തോടും പ്രസരിപ്പോടുംകൂടി ചുറുചുറുക്കോടെ നിറഞ്ഞു നിന്ന കുസൃതിയായി സാമുവേല്‍ ബാര്‍ബര മുത്തശ്ശിയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്‌ യാദൃശ്ചികമായി. മിസ്സിസ്‌ ബുഷിന്റെ നാമഥേയത്തില്‍ അറിയപ്പെടുന്ന ഹൂസ്റ്റണ്‍ പബ്ലിക്‌ ലൈബ്രറിയില്‍ സൗഹൃദ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അവര്‍. കറുത്ത പാന്റും വെളുത്ത ടോപ്പും നീല സ്വെറ്ററും ധരിച്ച്‌ പ്രസന്നവദനയായി എത്തിയ ബാര്‍ബര മുത്തശ്ശി കുട്ടികളോട്‌ ഹായ്‌ പറഞ്ഞ്‌ നടന്നുനീങ്ങിയപ്പോള്‍ സാമുവേലിന്റെ വക കമന്റ്‌: `ഹായ്‌, ഐ ലൈക്ക്‌ യുവര്‍ ബ്ലൂ സ്വെറ്റര്‍, യു ലുക്ക്‌ സോ പ്രെറ്റി' (hai, I Like Your Blue Sweater- You Look so Pretty)- മാതാപിതാക്കളേയും, കൂട്ടുകാരേയും, ഇഷ്‌ടമുള്ള കളികളേയും, പുസ്‌തകത്തേയും ഒക്കെ ചോദിച്ചപ്പോള്‍ സാമുവേലിന്‌ ഏറെ ഉത്സാഹമായി. ചേര്‍ത്ത്‌ നിര്‍ത്തി ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌തപ്പോള്‍ പയ്യന്‌ ചെറിയ നാണം. ബേബി സിറ്ററുടെ മൊബൈള്‍ ഫോണില്‍ അസുലഭ ചിത്രം പതിഞ്ഞപ്പോള്‍ `താങ്ക്‌ യു' പറഞ്ഞ്‌ ഓടാനൊരുങ്ങിയ സാമുവേല്‍ `സ്‌മാര്‍ട്ട്‌ ബോയ്‌' എന്നായിരുന്നു ബാര്‍ബരയുടെ കോംപ്ലിമെന്റ്‌. നന്നായി വായിക്കണമെന്നും, ലൈബ്രറിയില്‍ മുടങ്ങാതെ വരണമെന്നുമൊക്കെ ഉപദേശിച്ചാണ്‌ സാമുവേലിനേയും കൂട്ടുകാരേയും `പ്രഥമ' മുത്തശ്ശിയായ ബാര്‍ബര യാത്രയാക്കിയത്‌.

ഐടി പ്രൊഫഷണലായ ഷിബു മാത്യൂസിന്റേയും, മെഡിക്കല്‍ പ്രൊഫഷണലായ ജയയുടേയും മൂന്നു മക്കളില്‍ ഇളയവനായ സാമുവേലിന്റെ വായനയിലും പുസ്‌തകത്തിലുമുള്ള താത്‌പര്യത്തിന്‌ പാരമ്പര്യത്തിന്റെ വേരുകളുമുണ്ട്‌. ഓര്‍ത്തഡോക്‌സ്‌ സഭയുടെ കോട്ടയം സെന്‍ട്രല്‍ ഭദ്രാസനത്തില്‍ സണ്‍ഡേ സ്‌കൂള്‍ ഇന്‍സ്‌പെക്‌ടര്‍, ഹെഡ്‌മാസ്റ്റര്‍, കേരള സ്‌കൂള്‍ പാഠ്യേതര പദ്ധതികളിലെ മുന്‍നിര പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ തിളങ്ങി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗത്തില്‍ നിന്നും രാജിവെച്ച്‌ അമേരിക്കയില്‍ എത്തിയ ഡോ. സി.വി മാത്യു- തങ്കമ്മ ദമ്പതികളും (ഹൂസ്റ്റണ്‍, വിവിധ വിദേശ രാജ്യങ്ങളില്‍ അദ്ധ്യാപകരായി സേവന പാരമ്പര്യമുള്ള മലങ്കര ആര്‍ച്ച്‌ ഡയോസിസിലെ വൈദീകരായ വെരി റവ. വര്‍ക്കി മുണ്ടയ്‌ക്കല്‍ കോര്‍എപ്പിസ്‌കോപ്പ- സൂസന്‍ വര്‍ക്കി ദമ്പതികളും (ന്യൂയോര്‍ക്ക്‌) ആണ്‌ സാമുവേലിന്റെ മുത്തശ്ശനും മുത്തശ്ശിയും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഏരണ്‍ (14), റേച്ചല്‍ (10) എന്നിവര്‍ സഹോദരങ്ങളാണ്‌.

ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്‌).
ബാര്‍ബര ബുഷിന്‌ കൂട്ടായി കൊച്ചു സാമുവേല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക