Image

മലാല നടന്നുതുടങ്ങി

Published on 22 October, 2012
മലാല നടന്നുതുടങ്ങി
ലണ്ടന്‍: ലണ്ടനിലെ ബര്‍മിങ്ഹാം ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ കഴിയുന്ന മലാല യൂസുഫ്‌സായിയുടെ നില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍.  പാക്കിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികളുടെ വധശ്രമത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട കൗമാരക്കാരിയാണ് മലാല.

കഴിഞ്ഞ ദിവസം മലാല എഴുന്നേറ്റു നിന്നു, മുറിയിലൂടെ അല്പം നടക്കുകയും ചെയ്തു. നഴ്‌സുമാരുടെ സഹായത്തോടെയാണ് മലാല എഴുന്നേറ്റ് നിന്നത്. ശ്വസനത്തിനായി ട്യൂബ് ഘടിപ്പിച്ചിട്ടുള്ളതിനാല്‍ സംസാരിക്കാന്‍ സാധിക്കില്ല. എന്നാല്‍ എഴുതി ആശയവിനിമയം നടത്താന്‍ സാധിക്കുന്നുണ്ട്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് മലാല എഴുത്തിലൂടെ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. മലാല പ്രസന്നവതിയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം നിഷേധിക്കുന്ന നടപടിക്കെതിരേ ശബ്ദമുയര്‍ത്തിയതിനാണ് താലിബാന്‍ ഭീകരര്‍ മലാലയ്ക്കും രണ്ടു സഹപാഠികള്‍ക്കും നേരെ വെടിയുതിര്‍ത്തത്. ഗുരുതരാവസ്ഥയില്‍ റാവല്‍പ്പിണ്ടി സൈനിക ആശുപത്രിയില്‍ ചികിത്‌സയിലായിരുന്ന മലാലയെ വിദഗ്ധ ചികിത്‌സയ്ക്കായി യുഎഇ രാജകുടുംബം വിട്ടുനല്‍കിയ പ്രത്യേക എയര്‍ ആംബുലന്‍സിലാണ് ബ്രിട്ടനില്‍ എത്തിച്ചത്.

സ്‌കൂളില്‍ നിന്ന് മടങ്ങുമ്പോഴാണ് പാക്കിസ്ഥാനിലെ സ്വാത്തില്‍ വച്ച്, മലാലയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. സ്വാത് താഴ് വരയിലെ മിംഘോര സ്വദേശിനിയാണു മലാല. മതേതര കാഴ്ചപ്പാടുള്ള മലാല താലിബാന്‍ ഭീതിയില്‍ കഴിയുന്ന നാട്ടുകാരെക്കുറിച്ച് ഗുല്‍മഗായി എന്ന പേരില്‍ എഴുതിയ ഡയറിക്കുറിപ്പുകള്‍ ശ്രദ്ധേയമായിരുന്നു. സമാധാനത്തിനുള്ള പുരസ്‌കാരം നല്‍കി പാക്കിസ്ഥാന്‍ മലാലയെ ആദരിച്ചിരുന്നു. ഭീകരന്മാരുടെ ഈ വധശ്രമം ലോകമെമ്പാടും വന്‍ പ്രതിഷേധത്തിന് ഇടയാക്കി. 

മലാല നടന്നുതുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക