Image

ആരാണ് ഒരു ഇടവേള ആഗ്രഹിക്കാത്തത്, മുഖ്യമന്ത്രി പോയത് സ്വന്തം ചെലവില്‍ : എം.വി.ഗോവിന്ദൻ

Published on 08 May, 2024
ആരാണ് ഒരു ഇടവേള ആഗ്രഹിക്കാത്തത്, മുഖ്യമന്ത്രി പോയത് സ്വന്തം ചെലവില്‍ : എം.വി.ഗോവിന്ദൻ

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും വിദേശയാത്രയെ ചൊല്ലി വിവാദം മുറുകിയതോടെ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സ്വന്തം ചെലവിലാണ് യാത്ര പോയതെന്നും മുഖ്യമന്ത്രിയുടെ ചുമതല ലോകത്ത് എവിടെയിരുന്നും നിര്‍വഹിക്കാമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി എല്ലാ അനുമതിയും വാങ്ങിയാണ് പോയതെന്നും ആരാണ് അങ്ങനെ ഒരു ഇടവേള ആഗ്രഹിക്കാത്തതെന്നും ഗോവിന്ദൻ ചോദിച്ചു. 

സ്പോണ്‍സര്‍ഷിപ്പ് ആരോപണത്തോട് രോഷത്തോടെ പ്രതികരിച്ച എം.വി.ഗോവിന്ദന്‍. യാത്ര സ്പോണ്‍സര്‍ ചെയ്തതാണോയെന്ന ചോദ്യം തന്നെ ശുദ്ധ അസംബന്ധമാണെന്നും പറഞ്ഞു. സ്വന്തം പണം ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ യാത്ര. ലോകത്തെവിടെ ഇരുന്നും മുഖ്യമന്ത്രിയുടെ ചുമതല നിര്‍വഹിക്കാവുന്നതുകൊണ്ടാണ് ചുമതല കൈമാറാത്തത്. മറ്റു സംസ്ഥാനങ്ങളില്‍ പോകാനായി സിപിഎം തയാറാക്കിയ താരപ്രചാരകരുടെ പട്ടികയില്‍ മുഖ്യമന്ത്രി ഇല്ലാത്തതുകൊണ്ടാണ് തിരഞ്ഞടുപ്പുകാലം മുഖ്യമന്ത്രി വിനോദയാത്ര കാലമാക്കിയതെന്നും വിശദീകരിച്ചു.

മുഖ്യമന്ത്രി എന്ന നിലയിൽ കേന്ദ്ര സർക്കാരിന്‍റെയും പാർട്ടി അംഗമെന്ന നിലയിൽ പാർട്ടിയുടെയും അനുമതി വാങ്ങിയാണ് വിദേശത്ത് പോയത്. സ്വകാര്യ സന്ദർശനത്തിനാണ് പോയത്. യാത്ര പുതിയ കാര്യമാക്കി ചർച്ച ചെയ്യുന്നത് രാഷ്ട്രീയ വിരോധവും കമ്യൂണിസ്റ്റ് ഇടതുപക്ഷ വിരുദ്ധതയുമാണ്. പെരുമാറ്റചട്ടം നിലനിൽക്കെ നയപരമായ ഒരു കാര്യവും ചെയ്യാനില്ല. തിരക്കിനിടയിൽ കിട്ടിയ അവസരം ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ്. വേട്ടയാടാൻ വേണ്ടി മാത്രം മുഖ്യമന്ത്രിയുടെ വിദേശയാത്രയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക