Image

ശബ്ദത്തെ പ്രണയിച്ചവൾ (കഥ:സുധീർ പണിക്കവീട്ടിൽ)

Published on 07 May, 2024
ശബ്ദത്തെ പ്രണയിച്ചവൾ (കഥ:സുധീർ പണിക്കവീട്ടിൽ)

വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചുമണി.  ഫോൺ ശബ്‌ദിച്ചു. പ്രൈവറ്റ് കോളാണ്. എടുക്കണമോ എന്ന് ശങ്കിച്ചു. അതിനിടയിൽ ഫോൺ നിന്നു. ഇങ്ങനെ കുറെ ദിവസം ഫോൺ ശബ്‌ദിച്ചുകൊണ്ടിരുന്നു. വീണ്ടും വെള്ളിയാഴ്ച അഞ്ചുമണിക്ക് മണി മുഴങ്ങി. എന്തായാലും എടുക്കുക തന്നെ. ഫോൺ അറ്റൻഡ് ചെയ്തപ്പോൾ ഒരു സ്ത്രീ ശബ്ദം. 
"എനിക്ക് നിങ്ങളെ ഇഷ്ടമാണ്" 
അതുകേട്ട് എനിക്ക് ചിരിയാണ് വന്നത്. ഞാൻ  പറഞ്ഞു യൗവ്വനാരംഭത്തിൽ, അതിനുശേഷം മധ്യവയസ്സിൽ പോലും സുലഭമായി കേട്ടുകൊണ്ടിരിക്കുന്ന   ഈ മധുരവാചകത്തിനു ഇപ്പോൾ വലിയ കിക്ക് ഒന്നുമില്ല.
അതൊക്കെ നിങ്ങളുടെ വ്യാഖ്യാനങ്ങൾ, പക്ഷെ എനിക്ക് നിങ്ങളെ  ഇഷ്ടമാണ്. വളരെ ഇഷ്ടമാണ്. 
ഒരു പെണ്ണ് ഇഷ്ടമാണ്, വളരെ ഇഷ്ടമാണെന്നൊക്കെ പറയുമ്പോൾ അവളെ വിഷമിപ്പിക്കരുതല്ലോ എന്ന് കരുതി ഞാൻ പറഞ്ഞു. "സന്തോഷം"  അപ്പോൾ വയ്ക്കട്ടെ. 
അവൾ ഇടയിൽ കയറി പറഞ്ഞു "ഫോൺ വച്ചുകളയല്ലേ .എനിക്ക് ഒത്തിരി കാര്യങ്ങൾ പറയാനുണ്ട്. ഒരു പെണ്ണ് ഇഷ്ടമാണെന്നൊക്കെ പറഞ്ഞിട്ട് അവളെപ്പറ്റി ചോദിക്കാതെ എങ്ങനെ ഫോൺ വയ്ക്കാൻ കഴിയും. ഞാൻ ആരാണെന്നെങ്കിലും  ചോദിച്ചൂടെ.".
അങ്ങനെ ചോദിച്ച് ഒരു സമ്പർക്കം ഉണ്ടാക്കാനുള്ള മൂഡ് ഒന്നുമില്ല.
സംസാരിക്കുമ്പോൾ മൂഡ് വന്നുകൊള്ളും നിങ്ങൾ ഫോൺ കട്ട് ചെയ്യാതിരുന്നാൽ മതി.
നിങ്ങൾ ഹിന്ദിയിലാണ് സംസാരിക്കുന്നത്. നിങ്ങളുടെ മാതൃഭാഷ മലയാളമല്ലെന്നു മനസ്സിലാക്കുന്നു. ഞാൻ ഇംഗളീഷിലും. അങ്ങനെ രണ്ടു ഭാഷയിലുള്ള വർത്തമാനത്തിനു വാലും മൂടും ഒന്നുമുണ്ടാകില്ല. വളരെ വർഷമായി ഞാൻ ഹിന്ദിയിൽ സംസാരിച്ചിട്ട്.
അറിയാവുന്ന ഹിന്ദിയിൽ സംസാരിച്ചാൽ മതി. ഞാനതിനു മറുപടി പറയുമ്പോൾ നിങ്ങൾക്ക് എന്നെ മനസ്സിലാകും.
എന്നാലും നിങ്ങൾ ആരാണെന്നു പറഞ്ഞുകൂടെ. ആ സമയം ചായയുമായി വന്ന  ഭാര്യ ആംഗ്യഭാഷയിൽ ആരാണെന്നു ചോദിച്ചു. ആരാണെന്നറിഞ്ഞുകൂടാ എന്ന് പറഞ്ഞപ്പോൾ അവൾക്ക് വിശ്വാസമായില്ല. അറിയാത്ത ആളിനോടാണോ ഇത്രനേരം സംസാരിക്കുന്നത് എന്ന് ചോദിച്ചു അവൾക്ക് ദ്വേഷ്യം വരാൻ തുടങ്ങി. എന്റെ ഭാര്യ ചോദിക്കുന്നു ആരാണ് ഫോണിലെന്നു. നിങ്ങൾ വേഗം പറയു ആരാണെന്നു.അവൾ ഉടനെ "ബദ് മാഷ്" എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു.  ഫോൺ കട്ട് ചെയ്തു അല്ലെ എന്ന് ചോദ്യഭാവത്തോടെ ഭാര്യ. പിന്നെ അവൾ പറഞ്ഞു ഏതെങ്കിലും പീസ് ആയിരിക്കും അല്ലെങ്കിൽ പൂർവകാല സൗഹൃദങ്ങൾ. അവൾ വീണ്ടും വിളിക്കും. ഞാൻ തടസ്സമാകുന്നില്ലെന്നു പറഞ്ഞു അവൾ തിരിഞ്ഞു നടന്നു. 
ഭാര്യമാരായാൽ ഇങ്ങനെ വേണമെന്ന് ആശ്വസിക്കുമ്പോൾ ചെവിയിൽ ബദ് മാഷ് എന്ന വാക്ക് വീണ്ടും മുഴങ്ങി.ഒപ്പം വർഷങ്ങൾക്ക് മുമ്പത്തെ ഒരു തോരാത്ത മഴയും മോട്ടോർ സൈക്കിളും.മോട്ടോർസൈക്കിളിൽ ഇരിക്കുന്ന യുവതി യുവാക്കൾ നനഞ്ഞുകുതിർന്നിട്ടുണ്ട്. മഴപെയ്തു പുഴപോലെയായ വടക്കേ ഇന്ത്യയിലെ റോഡിൽ കൂടെ മഴ ഗൗനിക്കാതെ ഒരു വിധം വേഗത്തിൽ പായുന്ന മോട്ടോർ സൈക്കിൾ ഒരു കുഴിയിൽ വീഴുന്നു. ഷോക്ക് അബ്സോർബർ നല്ലതായതുകൊണ്ടു രണ്ടാളും ഒന്നു പൊങ്ങി താഴ്ന്നു. പെൺകുട്ടിയുടെ മാർവിടങ്ങൾ അയാളുടെ പുറകിൽ ശക്തിയോടെ ഇടിക്കുന്നു. പക്ഷെ പെൺകുട്ടി അവനെ ബദ്മാഷ് (ചതിയൻ, തെമ്മാടി എന്നൊക്കെ അർഥം പറയാം)എന്ന് വിളിച്ചു. അയാൾ അപ്പോൾ അവൾക്കറിയാത്ത ഒരു മലയാളം പാട്ട്  അപ്പോഴത്തെ സാഹചര്യത്തിനൊപ്പം അൽപ്പം മാറ്റിക്കൊണ്ട് പരിഭാഷ ചെയ്തു കൊടുത്തു. നിറഞ്ഞമാറിലെ ആദ്യ സംഘർഷം. യാത്രക്കിടയിൽ ഇങ്ങനെ സംഘർഷങ്ങൾ ഉണ്ടാകുന്നത് രസകരമായിരിക്കും. അവൾ വീണ്ടും ബദ് മാഷ് എന്ന് പറഞ്ഞു. മാഷ് എന്ന് പറഞ്ഞാൽ മതി. ഞങ്ങളുടെ നാട്ടിലൊക്കെ അങ്ങനെയാണ് പറയുക അതവൾക്ക്ക് മനസ്സിലായില്ല. അവൾ ചോദിച്ചുമില്ല. എന്നെ ചുറ്റിപിടിച്ചിരുന്ന കൈകളിലേ കുപ്പിവളകൾ ചിലത് പൊട്ടിപ്പോയിരുന്നു.. അവൾ പറഞ്ഞു “വണ്ടി നിർത്തെടാ”. “ഈ മഴയത്തോ” “മഴയത്തല്ല” ആ റെസ്റ്റോറന്റിന്റെ മുന്നിൽ. നമുക്ക് എസ്പ്രേസ്സോ കോഫി കുടിക്കാം.  കോഫി ഷോപ്പിലേക്ക് നടക്കുമ്പോഴും അവൾ ബദ്മാഷ് എന്ന് വിളിച്ചു. അപ്പോൾ ഇതവൾ തന്നെ. ജാതിമതാചാരങ്ങളും ദേശഭാഷാ പരിധികളും പ്രതിബന്ധമാകാതിരുന്നെങ്കിൽ എന്റെ പ്രിയതമ ആകേണ്ടിയിരുന്നവൾ
കഴിഞ്ഞുപോയ യൗവനക്കാലം ഒന്നുകൂടി വിരുന്നുവരുമ്പോൾ എന്ത്  ആഹ്ളാദമാണുണ്ടാകുക. ഓർമ്മകൾ പൂത്തുമ്പികളെപോലെ പറന്നുവന്നു വട്ടമിട്ടു. മാനേജ്‌മന്റ് ട്രെയിനിയായി നിയമിക്കപ്പെട്ട ഒരു ഇരുപത്തിരണ്ടുകാരൻ. കോളേജ് കാമ്പസും അവിടത്തെ സുന്ദരിമാരെയും മറക്കാൻ കഴിയാതെ വീർപ്പുമുട്ടുന്ന ഒരു കാമുകൻ. അയാളുടെ ബോസ് ഉടനെ റിട്ടയർ ആകാൻ പോകുന്ന നല്ല മനുഷ്യൻ. പക്ഷെ അയാളുടെ സെക്രട്ടറി മുപ്പതുകളുടെ ഒടുവിൽ മുട്ടി നിൽക്കുന്ന ഒരു മംഗളൂരുകാരി സിൽവിയ ഡിക്കോസ്റ്റ. അവർ പുറകിലൂടെ വന്നു മാർവിടങ്ങൾ തോളിലമർത്തി ഇന്ന് എന്തെങ്കിലും കവിത എഴുതിയോ എന്ന് ചോദിക്കും. ഡാ എന്റെ സെന്റ് (പെർഫ്യൂം) നിനക്ക് ഇഷ്ടമാണോ എന്നൊക്കെ ചോദിച്ച് ശ്രുങ്കരിക്കും. സുന്ദരിയാണ് അതുകൊണ്ടു അവരുടെ ചേഷ്ടകൾ അരോചകമല്ലായിരുന്നു. ബോസ്സിന്റെ കൽപ്പനകൾ അവരായിരിക്കും അറിയിക്കുക. അന്നവർ ഒരു കടലാസ്സും കയ്യിൽ പിടിച്ച അതേൽപ്പിച്ചിട്ട് പറഞ്ഞു പർച്ചേസ് സെക്ഷനിലേക്ക് വിളിച്ച് ഈ വിവരങ്ങൾ കൊടുക്കുക. അവിടേക്ക് വിളിച്ചപ്പോൾ ഒരു സ്ത്രീശബ്ദം. അവർ വളരെ സൗഹൃദത്തോടെ എല്ലാം കേട്ട് മനസ്സിലാക്കി. അതു സിൽവിയയെ അറിയിച്ചു. അവർ ചോദിച്ചു നീ ആർക്കാണ് വിവരങ്ങൾ കൈമാറിയത്. അത് ചോദിച്ചില്ല. സിൽവിയ താക്കീത് ചെയ്തു ഇനി ശ്രദ്ധിക്കണം. സംസാരിക്കുമ്പോൾ ആരോടാണ് എന്താണ് എല്ലാ വിവരങ്ങളും അറിഞ്ഞിരിക്കണം.
അപ്പോൾ മണി രാവിലെ പതിനൊന്നു. ക്യാന്റീനിൽ പോയി ഒരു ചായ കുടിക്കാമെന്ന് തീരുമാനിച്ച് അവിടെ ചെന്നപ്പോൾ മാലതി ചേച്ചി എന്തോ കുസൃതി മനസ്സിൽ ആലോചിക്കുന്നപോലെ ചിരിക്കുന്നു. കുറച്ചുനേരം എന്നെ ഇമവെട്ടാതെ നോക്കി നിന്നതിനുശേഷം "നീ ഇനി നെറ്റിയിലെ കുറിയും കയ്യിലെ ചരടുമൊക്കെ ഉപേക്ഷിച്ച് ഖുർആൻ വായിക്കാൻ തുടങ്ങിക്കോ" . ചായയുമായി ഞങ്ങൾ ഒരു മേശക്കരികിൽ ഇരുന്നു. ചേച്ചിയോട് ചോദിച്ചു. എന്താപ്പോ ഒരു മതമാറ്റസംസാരം. ഞാനെന്തിന് ഖുർആൻ വായിക്കുന്നു. അതോ ഞങ്ങളുടെ സെക്ഷനിലെ ഒരു മുസ്‌ലിം പെണ്ണിന് നിന്നോട് പ്രേമം. പ്രേമം എന്ന് പറഞ്ഞാൽ ശരിയാകില്ല. നിന്റെ ബീവിയാകാൻ മോഹം. അത് കേട്ടപ്പോൾ ചിരിയടക്കാൻ കഴിഞ്ഞില്ല. പരസ്പരം കാണുക പോലും ചെയ്യാത്ത ഒരു പരിചയവുമില്ലാത്ത എന്നെ അവർ എന്തിനു നിക്കാഹ് കഴിക്കണം. 
ഡാ ഞാൻ കാന്റീനിലേക്ക് ഇറങ്ങാൻ നേരാത്തതാണ് അവൾ എന്റെ മേശക്കരികിലേക്ക് ഓടി വന്നു കിതച്ചുകൊണ്ട് പറഞ്ഞത്. കുറച്ചുമുമ്പ് അവളെ ഒരാൾ ഫോണിൽ വിളിച്ചു.  അയാളുടെ ശബ്ധത്തിനു ഒരു മാസ്മരികത ഉണ്ടായിരുന്നു. പറയുന്ന വാക്കുകൾ തേൻ ചോരുന്നപോലെ. ആരാണെന്നു ചോദിച്ചപ്പോൾ അവൾക്കറിയില്ല. സിൽവീടെ അസിസ്റ്റന്റ് ആണെന്ന് പറഞ്ഞു. അപ്പോൾ എനിക്ക് ആളിനെ പിടികിട്ടി. അവൾ അതീവ പ്രസരിപ്പോടെ പറഞ്ഞു. അവന്റെ മുഖം കുരങ്ങനെപോലെ ഇരുന്നാലും ഞാൻ അവനെ കെട്ടും. അവൾ ആവേശം കൊണ്ട് എരിപൊരി കൊള്ളുകയായിരുന്നു.
അവളെ കുറ്റം പറയാൻ പറ്റില്ല. എനിക്കും നിന്റെ ശബ്ദം ഫോണിലൂടെ കേട്ടിരിക്കാൻ ഇഷ്ടമാണ്. നീ എന്റെ കൂടെ  എന്റെ സെക്ഷനിലേക്ക് വരൂ അവിടെ  അവളെ കണ്ടിട്ട് പൊയ്ക്കോ. അവൾ ബോഹ്റ സമുദായത്തിലെ പെണ്ണാണ്. അച്ഛൻ കോടീശ്വരനാണ്. നീ അവളെ കെട്ടി സുഖമായി ജീവിച്ചോ?  പ്രതിശ്രുതവധുവിനെ കാണാൻ പോകുന്നപോലെ ഹൃദയം പെരുമ്പറ കൊട്ടി. ചേച്ചിയുടെ സീറ്റിൽ നിന്ന് അവളെ നോക്കി കണ്ടു. പെട്ടെന്ന് തോന്നി അവളോട് സംസാരിക്കണമെന്ന്. അവളുടെ അടുത്ത് ചെന്ന് ഞാനാണ് ആ ശബ്ദത്തിന്റെ ഉടമ.. എന്റെ മുഖം കുരങ്ങനെക്കാൾ ഭേദമാണെന്നു വിശ്വസിക്കുന്നു. എന്നെ നിഖാഹ് കഴിക്കണമെന്ന തീരുമാനത്തിൽ മാറ്റമുണ്ടോ? അവൾക്ക് അതിശയമായി. അവൾ അനിയന്ത്രിതമായ സന്തോഷത്തോടെ അവിശ്വസനീയതയോടെ എന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു, പിന്നെ പൊട്ടി പൊട്ടി ചിരിച്ചു.. ഇല്ല നിന്നെ കണ്ടപ്പോൾ എന്റെ തീരുമാനം മുറുകി. ഇന്ന് വൈകുന്നേരം നമ്മൾ കോഫി ഹൗസിൽ മീറ്റ് ചെയ്യുന്നു. സുറുമ എഴുതിയ മിഴികൾ തെളിഞ്ഞു. കൺപീലികൾ പിടഞ്ഞു. തിരിച്ചു നടന്ന എന്നെ നോക്കി അവൾ വാക്കുകളില്ലാത്ത ഭാഷയിൽ എന്തോ മന്ത്രിച്ചുകൊണ്ടിരുന്നു.  
ഞങ്ങൾ നനഞ്ഞു കുളിച്ചാണ് കോഫി ഹൗസിലേക്ക് കയറിചെന്നത്. കർചീഫ് കൊണ്ട് കഴിയാവുന്ന വിധത്തിൽ തോർത്തി. അവളുടെ മുടിയിൽ നിന്നും മഴയിൽ നനഞ്ഞ ഷാംപുവിന്റെ കൊതിപ്പിച്ച് വശം കെടുത്തുന്ന മണം. അതങ്ങനെ ആസ്വദിക്കുമ്പോൾ അവൾ "ഉം" എന്ന ഒരു ചോദ്യം. ഞങ്ങളുടെ നാട്ടിൻപുറത്തെ പെൺകുട്ടികൾ തലയിൽ തേക്കുന്നത് എള്ളെണ്ണയാണ്.  സമൃദ്ധമായ അവരുടെ കാർകൂന്തലിൽ കാമുകന്മാർ മുല്ലപ്പൂക്കൾ.ചൂടിക്കാറുണ്ട്  അവരുടെ ചുണ്ടിൽ അപ്പോൾ നിറയുന്ന ഒരു ഗാനം ഓർത്തുപോകയാണ്. " എള്ളെണ്ണ  മണംവീശും എന്നുടെ മുടിക്കെട്ടിൽ മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരാ..".
അങ്ങനെ മോട്ടോർ സൈക്കിൾ യാത്രയിലൂടെ കോഫീ ഹൌസ് സന്ദർശനത്തിലൂടെ സൗഹൃദം ദൃഢമായപ്പോൾ അവൾ ചോദിച്ചു. ഡാ നിനക്ക് എന്നെ നിക്കാഹ് ചെയ്തൂടെ. ഞാൻ നിന്നെക്കാൾ ആറു വയസ്സിനു മൂപ്പുണ്ടെന്നു പറയുന്നത് രേഖകളിലല്ലേ. എന്നെ നോക്ക് നമ്മൾ എത്ര യോജിപ്പാണ്.ഇത്രയും പരസ്പരം ചേർച്ചയുള്ള നമ്മെ അല്ലാഹു ഒന്നിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെ കണ്ടുമുട്ടിച്ചത്. പക്ഷെ ജാതി, ദേശം, ഭാഷ, ആചാരങ്ങൾ അങ്ങനെ നൂറുകൂട്ടം ദുർഭൂതങ്ങൾ ചുറ്റിലും നൃത്തം വച്ച്. അവൾ ഭയന്നില്ല പക്ഷെ ഞാൻ ഭയന്ന് പിന്മാറി. ഭാഗ്യവശാൽ ഉടനെ വിദേശത്തേക്ക് പോകാൻ സന്ദർഭം ഒരുങ്ങി.  അവളെ വിട്ടുപോന്നു. പിന്നെ വിവരങ്ങൾ ഒന്നുമറിഞ്ഞില്ല ഓർമ്മകൾ ഉണ്ടായിരുന്നെങ്കിലും.
ഇപ്പോൾ അവളുടെ വിളിക്കായി മനസ്സ് മോഹിക്കുന്നു. എന്നെ നിരാശപ്പെടുത്താതെ അടുത്ത വെള്ളിയാഴ്ച അഞ്ചുമണിക്ക് അവൾ വിളിച്ചു. സുബൈദ     എന്ന് ഉറക്കെ വിളിച്ചപ്പോൾ  അവൾ സന്തോഷവതിയായി. നീ എന്നെ ഓർക്കുന്നല്ലോ എന്ന് അതീവ സന്തോഷത്തോടെ പറഞ്ഞു.  ഓ എൻ വി യുടെ ഗാനം പാടാതെ വയ്യെന്നായി. പേരൊന്നു മാറ്റി ഞാൻ പാടി സുബൈദ "നിൽപ്പു  നീ ജനിമൃതികൾക്കകലെ, കല്പനതൻ കണി മലരേ, കണി മലരേ സുബൈദാ.. നിൽപ്പു  നീ  നിത്യതതൻ നിറക്കതിരെ”,. ഹിന്ദിയിൽ അതിന്റെ അർഥം പറഞ്ഞുകൊടുത്തു. അവൾക്കതിശയമായി ഇപ്പോഴും കാൽപ്പനികതയുടെ പ്രണയവയലുകളിൽ സ്വപനങ്ങൾ കൊയ്യാൻ നീ നടക്കുന്നല്ലോ. അന്നത്തെപോലെ ഇപ്പോഴും ഒരു ദിവസം ഒരു കവിത എന്ന കണക്കിന് എഴുതാറുണ്ടോ? നീ പറയു വിശേഷങ്ങൾ എന്ന് പറഞ്ഞപ്പോൾ അവൾ വിഷാദമൂകയായി. ഒരു വിതുമ്പൽ. ഒരു പക്ഷെ അന്നത്തെ പ്രണയവും അത് പൂവണിയാത്ത ദുഖവുമായിരിക്കും എന്ന് കരുതി ചോദിച്ചു.ഇപ്പോൾ കാലമെത്ര കഴിഞ്ഞു എന്തിനു വിലപിക്കണം. അപ്പോഴാണവൾ ആ സത്യം അറിയിക്കുന്നത്. അവളുടെ  ഭർത്താവ് ഇയ്യിടെ മരിച്ചുപോയി. വളരെ വലിയ ഒരു വ്യാപാരസ്ഥാപനത്തിന്റെ ഉടമയായിരുന്നു..അമേരിക്കയിൽ വളരെ വിജയകരമായി ജീവിതം തുടർന്നു, പക്ഷെ പടച്ചോൻ എന്റെ പ്രിയപ്പെട്ടവനുള്ള മയ്യത്ത് കട്ടിൽ  അയച്ചു. അദ്ദേഹത്തെ കൊണ്ടുപോയി. മക്കൾ യു കെ യിലും ആസ്ട്രേലിയയിലെ വിജയകരമായി ജീവിതം തുടരുന്നു. ഞാൻ മാത്രം വിരഹിണിയായി ഈ കൊട്ടാരസദൃശമായ വീട്ടിൽ.
എന്റെ ഏകാന്തതയിൽ ഒരു വെള്ളിവെളിച്ചമായി നിന്നെക്കുറിച്ചുള്ള ഓർമ്മകൾ പരന്നു,  നീ എവിടെ എന്ന് എനിക്ക് ഒരു രൂപവുമല്ലായിരുന്നു. അങ്ങനെയാണ് വാട്സാപ്പ് ഗ്രൂപ്പിലുള്ള ഒരു കൂട്ടുകാരി നിന്റെ നമ്പർ തന്നത്. എനിക്ക് നിന്നോട് ദിവസവും സംസാരിക്കണം. നിന്റെ ശബ്ദമാധുരിയിൽ അലിഞ്ഞു എന്റെ ദുഖങ്ങൾക്ക് അവധി കൊടുക്കണം ഞാൻ എന്നും വിളിക്കും. പൊന്നു സുബൈദ ഞാൻ വിവാഹിതനും ഭാര്യ കൂടെയുള്ളവനും ആണെന്നറിയില്ലേ. നമ്മൾ പഴയ കമിതാക്കൾ പ്രതിദിനം സംസാരിക്കുനന്ത് സദാചാരത്തിനു് എതിരല്ലേ.  സുബൈദ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു. നമ്മൾ ഇപ്പോൾ മോട്ടോർ സൈക്കിളിൽ കറങ്ങുന്ന ചെറുപ്പക്കാരല്ലല്ലോ.  ഫോണിൽ കൂടെ സംസാരിക്കുന്നതു കൊണ്ട് സമയമല്ലാതെ ഒന്നും നഷ്ടപെടുന്നില്ലാലോ. നിനക്ക് കുടുംബകലഹം ഉണ്ടാകുമെന്ന ഭയമുണ്ടെങ്കിൽ വേണ്ട എന്റെ ഒരാഗ്രഹം പറഞ്ഞുവെന്നു മാത്രം. അവൾ ഫോൺ വച്ചു. അബലയായ ഒരു സ്ത്രീ അവളുടെ ഏകാന്തതക്ക് കണ്ട പരിഹാരമാണ് ഇഷ്ടപ്പെട്ട ആളുമായി സമ്പർക്കവും സംഭാഷണവും. സമൂഹം ഒരിക്കലും അത് അനുവദിക്കുകയില്ലെന്നു അവർക്കറിയാഞ്ഞിട്ടല്ല. ധനികയും സ്വാതന്ത്രയുമായ ഒരു സ്ത്രീയുടെ തീരുമാനമാണത്. അതിനെ മാനസിക ദൗർബല്യമെന്നോ മാനസിക രോഗമെന്നോ ജനം വിലയിരുത്താം. മരണം വരുന്നത് എന്നാണെന്നു നിശ്ചയമില്ലാത്ത നമ്മൾ നമുക്ക് ലഭിക്കുന്ന നിമിഷങ്ങളെ സമുദായത്തിനും സമുദായം സൃഷ്ടിച്ച നിയമങ്ങൾക്കും വേണ്ടി ബലി കഴിക്കേണ്ടതില്ല. എനിക്കവരുടെ നിർദേശം സ്വീകാര്യമായിരുന്നു. പക്ഷെ പരിമിതികൾ എന്നെയും ചിന്തിപ്പിച്ചു.
അങ്ങനെ വിഷാദം പൂണ്ടിരിക്കുമ്പോൾ ഭാര്യ വന്നു ചോദിച്ചു. ഇയ്യിടെ സോഷ്യൽ മാധ്യമങ്ങളിൽ നിറയുന്ന വാർത്തകൾ പോലെ  ആരുടെയെങ്കിലും   കൂടെ ഒളിച്ചോടാൻ ചിന്തിക്കുന്നോ. ആഗ്രഹമുണ്ട് പക്ഷെ അവൾക്ക് താൽപ്പര്യമില്ല. അവൾക്ക് എന്റെ ശബ്ദം കേട്ടാൽ മാത്രം മതിയെന്ന്. അപ്പോൾ ഭാര്യയുടെ കമന്റ് ആ സ്ത്രീക്ക് വട്ടായിരിക്കും. പക്ഷെ ഞാൻ അടുത്ത വെള്ളിയാഴ്ച അഞ്ചുമണിക്ക് വേണ്ടി കാത്തിരുന്നു.
ശുഭം

Join WhatsApp News
Chinchu Thomas 2024-05-07 15:14:05
Sudhir sir, this story made me cry. എന്റെ മുഖം കുരങ്ങിനെക്കാൾ ഭേതമെന്നു വിശ്വസിക്കുന്നു. എന്നെ നിക്കാഹ് കഴിക്കണമെന്ന തീരുമാനത്തിൽ മാറ്റമുണ്ടോ? This courage is everything 😍
ഫിലിപ്പ് കല്ലട 2024-05-07 16:19:23
പ്രണയിനിയുടെ ഫോണ്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്ന നായകസു ഹൃത്തെ താങ്കള്‍ ഭാഗ്യ വാ നാണ്.മനോഹര ആഖ്യാനം.നന്ദി.
Abdul 2024-05-07 22:39:00
Whether nostalgic or romantic, writing like this kind of loveable memories keep you young.
വേണുനമ്പ്യാർ 2024-05-08 03:54:18
പ്രമേയം പൈങ്കിളിയാണെങ്കിലും ആവിഷ്കാര രീതി നൂതനവും ന്യൂനത തീണ്ടാത്തതുമാണ്. രസച്ചരടു മുറിയാതെ കഥ ഒറ്റയിരിപ്പിന് വായിച്ചു തീർക്കാൻ പറ്റും.
കോരസൺ 2024-05-08 21:59:50
അസ്വസ്ഥമായ ഫോൺ വിളികൾ, പ്രണയത്തിനു ഇങ്ങനെയും ഒരു മുഖം, വട്ടുപിടിക്കാതെ സുഖമുള്ള വായനക്ക്.
Jayan varghese 2024-05-08 22:38:26
പക്ഷികൾക്കാകഷത്തിൻ സ്വതന്ത്ര്യം, അതിന്നെന്റെ ഇഛയിൽ തളിർക്കുന്ന സത്യമായ് വിരിഞ്ഞെങ്കിൽ ! ജയൻ വർഗീസ്.
Girish Nair 2024-05-09 03:16:49
പ്രതീകാത്മകമായ ഒരു ജീവിവര്‍ഗ്ഗമുണ്ടെങ്കില്‍ അത് മനുഷ്യന്‍ മാത്രമാണ്. എന്തെന്നാല്‍ അവനു മാത്രമേ ഭൗതികമായ പലതിലും അതിന്റെ ആത്മീയമായ മറുഭാഗത്തെ സന്നിവേശിപ്പിക്കാന്‍ സാധിക്കു. അതുകൊണ്ടാണ് 'I love you' എന്ന ഒരു ശബ്ദം നാവിൽ നിന്നും വരുമ്പോള്‍ അത് അന്തരീക്ഷത്തില്‍ ഉണ്ടാക്കുന്നത് വെറും ഒരു തരംഗം മാത്രമല്ലാതിരിക്കുന്നത്. അത് ഫോൺ കോളിലൂടെ തന്റെ പ്രണയിനിയുടെ കണ്ണുകളില്‍ മിഴിവും നല്‍കുന്നു.
Sudhir Panikkaveetil 2024-05-10 00:00:38
വായിക്കുകയും പ്രതികരിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവർക്ക് നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക