കൊച്ചി: എല്ലാമേഖലയിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ശശി തരൂര്‍ എംപി. തരൂര്‍ മികച്ച ഒരു നടനാണെന്ന കാര്യം ആര്‍ക്കും അറിയില്ല. എന്നാല്‍, ട്വിറ്ററില്‍ ശനിയാഴ്ച പോസ്റ്റ് ചെയ്ത വേറിട്ട ചിത്രത്തിലൂടെ താനൊരു അഭിനേതാവ് കൂടിയാണെന്ന് തെളിയിക്കുകയാണ് അദ്ദേഹം.
1974ല്‍ ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ ഷേക്സ്പിയര് സൊസൈറ്റിയുടെ 'ആന്റണി ആന്‍ഡ് ക്ലിയോപാട്ര' നാടകത്തിലെ ദൃശ്യമാണ് പോസ്റ്റിലുള്ളത്. നാടകത്തില്‍ സാക്ഷാല്‍ ആന്റണിയുടെ വേഷത്തിലാണ് തരൂര്‍.
തരൂരിന്റെ നായികയായി ക്ലിയോപാട്രയുടെ വേഷത്തില്‍ അഭിനയിച്ചതാകട്ടെ പില്ക്കാലത്ത് പ്രസിദ്ധ സിനിമ സംവിധായികയായി മാറിയ മീരാ നായരും. നാടക പ്രവര്ത്തകന് ആമിര്‍ റാസാ ഹുസൈന്, രാമു ദാമോദരന്‍, ഗൗതം മുഖോപാധ്യായ, നോവലിസ്റ്റ് അമിതാവ്ഘോഷ് തുടങ്ങിയവരും അന്ന് 'ആന്റണി ആന്ഡ്ക്ലിയോപാട്ര'യില്‍ വേഷമിട്ടിരുന്നു.