ദമ്മാം: നവയുഗം സാംസ്ക്കാരികവേദിയുടെ കലാസാംസ്കാരിക പരിപാടിയായ 'നവയുഗ കലാസന്ധ്യ', 2018 ജൂണ്‍ 29 വെള്ളിയാഴ്ച വൈകുന്നേരം ദമ്മാമില്‍ അരങ്ങേറുമെന്ന് കേന്ദ്രകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പരിപാടി ഉത്ഘാടനം ചെയ്യും.
കഴിഞ്ഞ ഒരു വര്‍ഷമായി നടന്നു വരുന്ന നവയുഗം പത്താം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായാണ് 'നവയുഗ കലാസന്ധ്യ' സംഘടിപ്പിയ്ക്കുന്നത്. പരിപാടിയുടെ ഭാഗമായി നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തില്‍, നവയുഗം നല്കുന്ന സാമൂഹികപ്രവര്‍ത്തനത്തിനുള്ള ഇ.ചന്ദ്രശേഖരന് നായര്‍ സ്മാരക അവാര്‍ഡ് ദാനം, നവയുഗത്തിന്റെ ആദ്യകാലപ്രവര്‍ത്തകരെ ആദരിയ്ക്കല്‍, നവയുഗം മെമ്പര്‍മാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് ദാനം എന്നിവ കാനം രാജേന്ദ്രന് നിര്‍വ്വഹിയ്ക്കും. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രശസ്തരും, പ്രതിഭാധനരുമായ കലാകാരന്മാര് അവതരിപ്പിയ്ക്കുന്ന വിവിധങ്ങളായ സംഗീത, നൃത്ത, ഹാസ്യ, കലാപരിപാടികള്‍ തുടര്‍ന്ന് അരങ്ങേറും.
സൗദി അറേബ്യയിലെ സാഹിത്യ, മാധ്യമ, സാമൂഹ്യജീവകാരുണ്യരംഗത്തെ പ്രശസ്തരായ വ്യക്തിത്വങ്ങളും, വിവിധ പ്രവാസി സംഘടനാ നേതാക്കന്മാരും, കലാസാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന നവയുഗ കലാസന്ധ്യയിലേക്ക്, എല്ലാ പ്രവാസികളെയും, കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, പ്രസിഡന്റ് ബെന്‍സിമോഹന്‍.ജി, ജനറല്‍ സെക്രട്ടറി എം.എ. വാഹിദ് കാര്യറ എന്നിവര്‍ അറിയിച്ചു.