മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ ഇടവക മദ്ധ്യസ്ഥയായ വി.അല്ഫോന്സമ്മയുടെ തിരുന്നാള്‍ ഫെബ്രുവരി 11ന് ഞായറാഴ്ച ആഘോഷിക്കുന്നു. തിരുന്നാളിന് ഒരുക്കമായുള്ള നൊവേന ഇടവകയുടെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ ഫെബ്രുവരി മൂന്ന് മുതല്‍ ആരംഭിച്ചു.
ക്യാമ്പല്ഫീല്ഡിലെ സോമെര്‍സെറ്റ് റോഡിലുള്ള കാല്‍ദീയന്‍ ദേവാലയത്തിലാണ് തിരുന്നാള്‍ ദിവസമായ ഫെബ്രുവരി 11ന് തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. വൈകീട്ട് മൂന്നിന് കത്തീഡ്രല്‍ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ കൊടിയേറ്റം നിര്‍വഹിക്കുന്നതോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ പ്രത്യേകം അലങ്കരിച്ച പീഠങ്ങളില്‍ പ്രതിഷ്ഠിക്കും. കഴുന്നും മുടിയും എഴുന്നള്ളിക്കാനും അടിമ വയ്ക്കാനുമുള്ള സൗകര്യവും ഉണ്ടായിരിക്കും. 4.30ന് നടക്കുന്ന ആഘോഷപൂര്‍വ്വകമായ തിരുന്നാള്‍ æകുര്‍ബാനയ്ക്ക് മെല്‍ബണ്‍ സീറോ മലബാര്‍ രൂപത അദ്ധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സിലറും കത്തിഡ്രല്‍ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.
55 പ്രസുദേന്തിമാരാണ് ഈ വര്‍ഷത്തെ തിരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത്. തിരുന്നാള്‍ മനോഹരമാക്കുവാന്‍ കത്തീഡ്രല്‍ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, കൈക്കാരന്മാരായ ബേബിച്ചന് എബ്രഹാം, ജോബി മാത്യു, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, പ്രസുദേന്തിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു. സഹനത്തിന്റെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പാതയിലൂടെ സ്വജീവിതത്തെ സമര്‍പ്പിച്ച് നമുക്കെന്നും മാതൃകയായി തീര്‍ന്ന വിശുദ്ധ അല്ഫോന്സമ്മയുടെ മദ്ധ്യസ്ഥയിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ തിരുന്നാള്‍ ആഘോഷത്തിലേക്ക് ജാതി മത ഭേദമെന്യെ ഏവരെയും ക്ഷണിക്കുന്നതായി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍