മെല്‍ബണ്‍: തിരുവനന്തപുരത്ത് 12, 13 തീയതികളില്‍ നടക്കുന്ന ലോക കേരള സഭയിലേക്കു പ്രത്യേക ക്ഷണിതാവായി ഓസ്ട്രേലിയയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ വൈസ് പ്രസിഡന്റുമായ ജോണ്സണ് മാമാലശേരിയെ തെരഞ്ഞെടുത്തു.
2018 ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിലാണ് സമ്മേളനം നടക്കുന്നത്.
കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യാക്കാരായ കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ. പ്രവാസി മലയാളികള്‍ക്ക് പുറമേ എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരും ഇതില്‍ അംഗങ്ങള്‍ ആയിരിക്കും.
ലോക കേരളത്തിന് നേതൃത്വം കൊടുക്കുക എന്ന കടമ നിര്‍വഹിക്കുകയാണ് സഭ രൂപീകരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്കാരത്തിന്റെ വികസനത്തിനു പ്രവര്‍ത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യം.ലോക കേരളത്തിന്റെ താല്പര്യ വൃത്തത്തില്‍ വരുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പൊതു സമ്മതമായ തീരുമാനങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അനുഭാവ പൂര്‍വമായ നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനും ലോക കേരള സഭ നടപടികള്‍ സ്വീകരിക്കും.
റിപ്പോര്‍ട്ട്: എല്‍ദോ പോള്‍