ലണ്ടന്‍: ലണ്ടന്‍ ബോറോ ഓഫ് ന്യൂഹാമില്‍ മാനോര്‍ പാര്‍ക്കിലുള്ള ശ്രീ മുരുകന് ക്ഷേത്രത്തില്‍ മാര്‍ച്ച് 11ന് (ശനി) ആറ്റുകാല്‍ പൊങ്കാല ആഘോഷിക്കുന്നു. ലണ്ടനില്‍ നടക്കുന്ന പത്താമത് പൊങ്കാല ആഘോഷമെന്ന നിലയ്ക്ക് ഏറ്റവും വിപുലവും ഭക്തിസാന്ദ്രവുമായി നടത്തുവാനാണ് സംഘാടക സമിതി പരിപാടിയിട്ടിരിക്കുന്നത്. പൊങ്കാല സമര്‍പ്പണത്തിനു ലണ്ടനില്‍ വേദി ഒരുക്കി ആരംഭം കുറിച്ച ലണ്ടന്‍ ബോറോ ഓഫ് ന്യൂഹാം മുന്‍ സിവിക് അംബാസഡറും പ്രമുഖ പ്രവാസി സാഹിത്യകാരിയുമായ ഡോ. ഓമന ഗംഗാധരനാണ് കഴിഞ്ഞ പത്തു വര്‍ഷമായി ആഘോഷത്തിനു നേതൃത്വം നല്കി വരുന്നത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് (ബോണ്‍) എന്ന വനിതാ സംഘടനയാണ് ആഘോഷത്തിന് ആതിഥേയത്വം വഹിക്കുന്നത്.
ന്ധസ്ത്രീകളുടെ ശബരിമല’ എന്നറിയപ്പെടുന്ന ആറ്റുകാല്‍ പൊങ്കാല ലോകത്ത് ഏറ്റവും അധികം സ്ത്രീകള്‍ പങ്കെടുക്കുന്ന ആഘോഷം എന്ന നിലയ്ക്ക് ഗിന്നസ് ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം പിടിച്ചിട്ടുണ്ട്. 2017 ല്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമായി ആയിരത്തോളം ദേവീ ഭക്തര്‍ കണ്ണകി ദേവിക്ക് പൊങ്കാലയിടുവാന്‍ ഒത്തു കൂടും എന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
അരി, ശര്‍ക്കര, നെയ്യ് , മുന്തിരി, തേങ്ങ തുടങ്ങിയ നിവേദ്യങ്ങള്‍ പാത്രത്തില്‍ വേവിച്ചു കണ്ണകി ദേവിയുടെ പ്രീതിക്കായി സമര്‍പ്പിക്കുകയാണ് പൊങ്കലയാഘോഷത്തിലെ ആചരണം. സുരക്ഷാ നിയമം മാനിച്ചു വ്യക്തിഗത പൊങ്കാല ഇടുന്നതിനു പകരം നേര്‍ച്ച ദ്രവ്യങ്ങള്‍ ഒറ്റപാത്രത്തില്‍ ആക്കി തന്ത്രി അടുപ്പിനു തീ പകര്‍ത്തും. ആറ്റുകാല്‍ ഭഗവതി ഷേത്രത്തില്‍ കുംഭ മാസത്തില്‍ നടത്തിവരുന്ന ദശദിന ആഘോഷത്തിന്റെ ഒന്‍പതാം ദിവസമായ പൂരം നക്ഷത്ര നാളിലാണ് പൊങ്കാല പതിവായി ഇടുന്നത്. അന്നേ ദിവസം തന്നെയാണ് ലണ്ടനിലെ ശ്രീ മുരുകന് ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പിക്കുന്നതും.വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും.
പൊങ്കലായിടുവാന്‍ ആഗ്രഹിക്കുന്നവര്‍ നിവേദ്യങ്ങളുമായി നേരത്തെ തന്നെ എത്തിച്ചേരണമെന്ന് ഡോ. ഓമന അറിയിച്ചു.
വിവരങ്ങള്‍ക്ക്: 07766822360.
റിപ്പോര്‍ട്ട്: അപ്പച്ചന് കണ്ണഞ്ചിറ