Image

പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു

Published on 12 January, 2017
പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു
  കുവൈത്ത്: കുവൈത്തിലെ പത്തനംതിട്ട ജില്ലാ നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ സാമൂഹ്യജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഹോപ്പ് സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട അന്‍പത് സ്‌കൂളുകളില്‍ നിന്നായി നാമ നിര്‍ദേശം ചെയ്യപ്പെട്ട സാമൂഹ്യപരമായും സമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്നവരും എന്നാല്‍ പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ചവരുമായ നൂറ് കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു. 

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ നേട്ടം കൈവരിച്ച അനന്ദു വിജയന്‍, വിജയ് ബിനോയ്, തായ്‌ലന്‍ഡ് ലോക ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ അഖില അനില്‍, സംസ്ഥാന സര്‍ഗോത്സവത്തില്‍ തിളങ്ങിയ സഫല്‍ദാസ്, സിദ്ധാര്‍ഥ്, പ്രവര്‍ത്തിപരിചയമേളയില്‍ എ ഗ്രേഡ് നേടിയ അനഘ ജയന്‍, അജോ റെജി, അന്‍സന്‍ ഉമ്മന്‍ എന്നിവര്‍ക്ക് പ്രത്യേക ഉപഹാരങ്ങള്‍ നല്‍കി അഭിനന്ദിച്ചു. അട്ടത്തോട് ഗവണ്‍മെന്റ് െരടെബല്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കുമായി അടുത്ത അധ്യയന വര്‍ഷത്തേയ്ക്ക് പഠനോപകരണങ്ങള്‍ വാങ്ങുന്നതിനുള്ള തുകയ്ക്കുള്ള ചെക്കും സ്‌കൂള്‍ പ്രതിനിധികള്‍ക്ക് കൈമാറി.

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിര്‍വഹിച്ചു. പാഠ്യേതര വിഷയങ്ങളില്‍ നേട്ടം കൈവരിച്ചവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് അടൂര്‍ പ്രകാശ് എംഎല്‍എയും നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് കെ. ജയകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പത്തനംതിട്ട നഗരസഭാധ്യക്ഷ രജനി പ്രദീപ്, ഗാന്ധി യൂണിവേഴ്‌സിറ്റി പരീക്ഷാ കണ്‍ട്രോളര്‍ ഡോ. തോമസ് ജോണ്‍, പത്തനംതിട്ട റവന്യൂ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉഷാ ദിവാകരന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അനില്‍കുമാര്‍, മുന്‍ നഗരസഭാ അധ്യക്ഷന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, ജനറല്‍ സെക്രട്ടറി ബെന്നി ജോര്‍ജ്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഏബ്രഹാം ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഹോപ്പ് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ജിതിന്‍ ജോസ്, ജനറല്‍ കണ്‍വീനര്‍ പി.ടി. ശാമുവല്‍കുട്ടി, ഏരിയ കോ ഓര്‍ഡിനേറ്റര്‍ ബിജു വര്‍ഗീസ്, പത്തനംതിട്ട കോ ഓര്‍ഡിനേറ്റര്‍മാരായ പോള്‍ മോന്‍, ഗീത ജയകുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക