ബര്‍ലിന്‍: സെക്കന്‍ഡ് ഹാന്‍ഡ് അലമാര വാങ്ങിയപ്പോള്‍ അതിനുള്ളില്‍ നിന്നു കിട്ടിയ ഒന്നര ലക്ഷം യൂറോ അഭയാര്‍ഥി യുവാവ് തിരിച്ചേല്‍പ്പിച്ചു മാതൃക കാട്ടി.
മുഹമ്മദ് എന്ന സിറിയക്കാരനാണ് അഭയാര്‍ഥികളുടെ അഭിമാനമുയര്‍ത്തിയത്. മിന്ഡെനിലെ ഫ്ളാറ്റിലേക്കു താമസം മാറിയപ്പോഴാണ് ഇരുപത്തഞ്ചുകാരന് അലമാര വാങ്ങിയത്. ചെന്നു തുറന്നു നോക്കുമ്പോഴാണ് രഹസ്യ അറയില്‍ പണം സൂക്ഷിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
അഞ്ഞൂറ് യൂറോ നോട്ടുകളായിരുന്നു എല്ലാം. കള്ളനോട്ടാണെന്നാണ് ആദ്യം കരുതിയത്. അല്ലെന്നു മനസിലായതോടെ മൈഗ്രേഷന്‍ അധികൃതരെ വിവരമറിയിച്ചു. പിന്നീട് പോലീസാണ് ഉടമയെ കണ്ടെത്തി പണം തിരിച്ചേല്‍പ്പിച്ചത്.
താനൊരു മുസ്ലിമാണെന്നും ഇങ്ങനെ കിട്ടുന്ന പണം സ്വന്തമാക്കി അനുഭവിക്കാന്‍ തന്റെ മതം അനുവദിക്കുന്നില്ലെന്നും മുഹമ്മദ് പറഞ്ഞു.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍