ന്യൂജേഴ്സി: ട്രൈസ്റ്റേറ്റ് ഏരിയയിലെ ബിസിനസുകാരുടെ കൂട്ടായ്മയായ കേരളാ
ചേംബര്‍ ഓഫ് കൊമേഴ്സ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ) യുടെ
"ബിസിനസ് നൈറ്റ്' മാര്‍ച്ച് 13-നു ഞായറാഴ്ച വൈകിട്ട് 5 മണി മുതല്‍ 8 മണി വരെ
ന്യൂജേഴ്സിയിലെ എഡിസണ് ഹോട്ടലില്‍ വച്ചു നടക്കും.
രണ്ടുവര്‍ഷം
മുമ്പ് പിറവിയെടുത്ത കെ.സി.സി.എന്‍.എ, ട്രൈസ്റ്റേറ്റ് ഏരിയയിലെ
ബിസിനസുകാരുടെ ഇടയില്‍ വളരെ ആഴത്തില്‍ സ്ഥാനംപിടിച്ചുകഴിഞ്ഞു. വടക്കേ
അമേരിക്കയിലെ പ്രമുഖ ബിസിനസുകാരായ ദിലീപ് വര്‍ഗീസ് ചെയര്‍മാനും, തോമസ്
മൊട്ടയ്ക്കല്‍ പ്രസിഡന്റുമായി തുടക്കംകുറിച്ച കെ.സി.സി.എന്‍.എ
അമേരിക്കയിലും കേരളത്തിലും വെന്നിക്കൊടി പാറിച്ചുകഴിഞ്ഞു.
തോമസ്
മൊട്ടയ്ക്കല്‍, ഡോ. ഗോപിനാഥന് നായര്‍, അലക്സ് ജോണ്‍ എന്നിവരുടെ
നേതൃത്വത്തില്‍ 2014 നവംബറില്‍ സോമര്‍സെറ്റ് 'ഹോയ് സലാ' റെസ്റ്റോറന്റില്‍
ബഹുമാനപ്പെട്ട മുന്‍മന്ത്രിയും എം.പിയുമായ എന്‍.കെ. പ്രേമചന്ദ്രന്
നിലവിളക്ക് കൊളുത്തി പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് ഡിസംബറില്‍ നടന്ന
കെ.സി.സി.എന്‍.എ ബിസിനസ് ബാങ്ക്വറ്റില്‍ ധാത്രി ചെയര്മാന് ഡോ. സജികുമാര്‍
മുഖ്യാതിഥിയായി പങ്കെടുത്തു.
2015 ജൂലൈയില്‍ കൊച്ചിയില്‍
കെ.സി.സി.എന്‍.എയുടെ നേതൃത്വത്തില്‍ അമേരിക്കയിലെ നൂറില്‍പ്പരം
ബിസിനസുകാരടക്കം കേരളത്തിലേയും മിഡില്ഈസ്റ്റിലേയും ഇരുനൂറില്‍പ്പരം
ബിസിനസുകാരെ സംഘടിപ്പിച്ച് ബിസിനസ് സംഗമം നടത്തി കെ.സി.സി.എന്‍.എ ശ്രദ്ധേയ
നേട്ടം കൈവരിച്ചു. കൊച്ചി മുന്‍ മേയര്‍ ടോണി ചിമ്മണി, എന്‍.കെ.
പ്രേമചന്ദ്രന് എം.പി, തോമസ് ചാണ്ടി എം.എല്‍.എ, കൊച്ചൗസേഫ്
ചിറ്റിലപ്പള്ളി, ജോയ് അലൂക്കാസ്, ബീന കണ്ണന്, ഡോ. നജീബ്, അബാദ് ഗ്രൂപ്പ്,
ഒലിവ് തമ്പിച്ചായന്, അനൂപ് മെഡിമിക്സ്, ജോസ് തോമസ്, ചോയ്സ് ഗ്രൂപ്പ്
പൊറിഞ്ചു വലിയത്ത്, ടോമിന് തച്ചങ്കരി ഐ.പി.എസ്. പി. വിജയന് ഐ.പി.എസ്
തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്ത ബിസിനസ് സംഗമം കേരളത്തിലെ
ബിസിനസുകാരുടെ ഇടയില്‍ വേറിട്ട സംഭവമായിരുന്നു. പിന്നീട് ഒട്ടേറെ
ബിസിനസ് നെറ്റ് വര്‍ക്ക് മീറ്റിംഗുകള്‍ സംഘടിപ്പിച്ച കെ.സി.സി.എന്‍.എ
മാര്‍ച്ച് 13-ന് ബിസിനസ് നൈറ്റ് സംഘടിപ്പിക്കുകയാണ്.
ട്രൈസ്റ്റേറ്റ് ഏരിയയിലെ വിവിധ മേഖലകളില്‍ ബിസിനസ്
നടത്തുന്നവര്‍ക്ക് കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന തരത്തിലാണ്
ബിസിനസ് നൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. വൈകുന്നേരം 5 മണി മുതല്‍ 6
മണിവരെ സോഷ്യല്‍ ഗാതറിംഗ്, കോക്ടെയില്‍ ഡ്രിംങ്ക്സോടുകൂടി ആരംഭിക്കുന്ന
നൈറ്റില്‍ കെ.സി.സി.എന്‍.എ പ്രോഗ്രാം, ഡിന്നര്‍, മ്യൂസിക് കണ്‍സേര്‍ട്ട്
തുടങ്ങിയവയോടെ പര്യവസാനിക്കും.
കെ.സി.സി.എന്‍.എ ഭാരവാഹികളായ
തോമസ് മൊട്ടയ്ക്കല്‍ (ചെയര്മാന്), അനിയന് ജോര്‍ജ് (പ്രസിഡന്റ്), ഡോ.
ഗോപിനാഥന് നായര്‍ (സെക്രട്ടറി), അലക്സ് ജോണ്‍ (ട്രഷറര്‍), ദിലീപ്
വര്‍ഗീസ്, അറ്റോര്‍ണി തോമസ് അലന്, മധു രാജന്, രാജ് ദാനിയേല്‍, ജിബി തോമസ്,
ജോണ്‍ വര്‍ഗീസ് എന്നിവരാണ് ബിസിനസ് നൈറ്റിനു നേതൃത്വം നല്‍കുന്നത്.