ഫീനിക്സ്: ഫീനിക്സ് ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തിലെ
തിരുകുടുംബത്തിന്റെ തിരുനാള്‍ ജനുവരി 8,9,10 തീയതികളിലായി
ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. തിരുനാള്‍ ദിവസങ്ങളില്‍ കത്തോലിക്കാ സഭയിലെ
വിവിധ റീത്തുകളിലുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടത് ഈവര്‍ഷത്തെ
തിരുനാള്‍ തിരുകര്‍മ്മങ്ങളിലെ സവിശേഷതയാര്‍ന്ന ഒരു ആത്മീയാനുഭവമായി.
എട്ടാംതീയതി വെള്ളിയാഴ്ച ഫാ. ബിജു എടയിലക്കാട്ടിന്റെ
കാര്‍മികത്വത്തില്‍ മലങ്കര റീത്തില്‍ ആഘോഷമായ വി. കുര്‍ബാന
അര്‍പ്പിക്കപ്പെട്ടു. പോര്‍ട്ട് ലാന്റ് കാത്തലിക് യൂണിവേഴ്സിറ്റിയിലെ ഫാ.
ജോ പോള്‍ സി.എസ്.സി തിരുനാള്‍ സന്ദേശം നല്കി. വി. കുര്‍ബാനയ്ക്കുശേഷം നടന്ന
ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ഫാ. മാത്യു മുഞ്ഞനാട്ടാണ് നേതൃത്വം
നല്‍കിയത്.
ഒമ്പതാം തീയതി ശനിയാഴ്ച ഫീനിക്സ് രൂപതയുടെ സഹായ മെത്രാന്
അഭിവന്ദ്യ പിതാവ് മാര്‍ എഡ്വാര്‍ഡോ നവാരസ് ലത്തീന്‍ റീത്തില്‍ ആഘോഷമായ
ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്കി. ക്രൈസ്തവര്‍ മാതൃകയാക്കേണ്ടത്
നസ്രത്തിലെ തിരുകുടുംബത്തെയാണെന്ന് ബിഷപ്പ് പറഞ്ഞു. പൂര്‍ണ്ണ ദൈവം പൂര്‍ണ്ണ
മനുഷ്യനായി ഭൂമിയില്‍ പിറന്ന ക്രിസ്തു ഭൗമീക നിയമങ്ങള്‍ക്ക് കീഴ്പെട്ടും
മാതാപിതാക്കള്‍ക്ക് വിധേയമായും ജീവിച്ചുവെന്നത് ക്രൈസ്തവ
വിശ്വാസികള്‍ക്ക് ജീവിതപാഠമാകേണ്ടതാണെന്നും പിതാവ് സൂചിപ്പിച്ചു.
പ്രധാന തിരുനാള്‍ ദിനമായ പത്താം തീയതി ഞായറാഴ്ച അര്‍പ്പിക്കപ്പെട്ട
ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കും മറ്റു തിരുകര്‍മ്മങ്ങള്‍ക്കും
മുഖ്യകാര്‍മികത്വം വഹിച്ചത് ഫാ. സിജോ സെബാസ്റ്റ്യന്‍ വി.സി ആണ്. ഫാ. ജോര്‍ജ്
എട്ടുപറയില്‍ തിരുനാള്‍ സന്ദേശം നല്കി. വേദനകളും സഹനങ്ങളും നിറഞ്ഞ ജീവിതം
സന്തോഷമില്ലാത്ത അവസ്ഥയായി എപ്പോഴും ചിത്രീകരിക്കേണ്ടതില്ലെന്ന് അച്ചന്
പറഞ്ഞു. ഏറെ ദുഖദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു യൗസേപ്പിതാവിന്റേയും
മറിയത്തിന്റേതും. എന്നാല്‍ പ്രതിസന്ധികളെ ക്രിസ്തുകേന്ദ്രീകൃതമായി
നേരിട്ടതുകൊണ്ട് നസ്രിയയിലെ കുടുംബം ഒരു തിരുകുടുംബമായതെന്ന് അച്ചന്
തുടര്‍ന്ന് പറഞ്ഞു. ജീവിതത്തിലെ പ്രതിസന്ധികളെല്ലാം ദൈവോന്മുഖമായി
നേരിട്ടാല്‍ നമ്മുടെ കുടുംബങ്ങളും തിരുകുടുംബമായി രൂപാന്തരം
പ്രാപിക്കുമെന്നും അച്ചന് കൂട്ടിച്ചേര്‍ത്തു.
ചെണ്ടമേളത്തിന്റെ
അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആഘോഷമായ
തിരുനാള്‍ പ്രദക്ഷിണം, അമ്പ് എഴുന്നെള്ളിപ്പ്, നേര്‍ച്ചവിളമ്പ് എന്നിവ
പരമ്പരാഗത ഭാരതീയ കത്തോലിക്കാ പാരമ്പര്യത്തിലെ ഭക്താനുഷ്ഠാനങ്ങളുടെ
പ്രവാസിലോകത്തെ പുനരാവിഷ്കരണമായി.
തിരുനാള്‍ ദിനങ്ങളില്‍
വിവിധ വാര്ഡുകാരുടെ നേതൃത്വത്തില്‍ പള്ളി മൈതാനത്ത് പ്രവര്‍ത്തിച്ച കേരളീയ
വിഭവങ്ങള്‍ വില്‍ക്കുന്ന തട്ടുകടകള്‍, ഭക്തജനങ്ങളുടെ നേതൃത്വത്തില്‍
റിലീജിയസ് സ്റ്റോറുകള്‍ എന്നിവ മലയാളി മനസ്സില്‍ കേരളീയ
പെരുന്നാളാഘോഷത്തിന്റെ ഗൃഹാതുരത്വമുണര്‍ത്തുന്നതായി.
തിരുനാള്‍ നടത്തിപ്പിനായി എല്ലാ സഹായ-സഹകരണങ്ങളും നല്കിയ
പ്രസുദേന്തി ടോം ജോസഫിനും, കുടുംബത്തിനും വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍
പ്രത്യേകം നന്ദി പറഞ്ഞു. അടുത്തവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്ന
അനീഷ് ജേക്കബിനും കുടുംബത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു.
തിരുനാള്‍ നടത്തിപ്പിന്റെ വിജയത്തിനായി മേല്‍നോട്ടം വഹിച്ച
ട്രസ്റ്റിമാരായ മനോജ് ജോണ്‍, ജയ്സണ്‍ വര്‍ഗീസ്, പ്രസാദ് ഫിലിപ്പ് എന്നിവരേയും
വിവിധ കമ്മിറ്റി ഭാരവാഹികളേയും വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍
അഭിനന്ദിച്ചു. മാത്യു ജോസ് അറിയിച്ചതാണിത്.