Image

നൂഡില്‍സിന് പിന്നാലെ പാസ്തയിലും ഈയത്തിന്‍റെ അംശം കൂടുതലാണെന്ന് റിപ്പോർട്ട്

Published on 28 November, 2015
നൂഡില്‍സിന് പിന്നാലെ പാസ്തയിലും ഈയത്തിന്‍റെ അംശം കൂടുതലാണെന്ന് റിപ്പോർട്ട്

മൗ (ഉത്തർപ്രദേശ്): നൂഡില്‍സിന് പിന്നാലെ മറ്റൊരു  മാഗി ഉത്പന്നമായ പാസ്തയിലും ഈയത്തിന്‍റെ അംശം കൂടുതലാണെന്ന് റിപ്പോർട്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് അനുവദനീയമായതിലും കൂടിയ അളവില്‍ ഈയത്തിന്‍റെ അംശം കണ്ടെത്തിയത്.

മൗവിലെ നെസ്ലെ ഉത്പന്ന വിതരണക്കാരായ സ്രിജി ട്രേഡേഴ്‌സില്‍ നിന്ന് ജൂണ്‍ പത്തിന് ശേഖരിച്ച പാസ്ത സാമ്പിളുകളാണ് ലഖ്‌നൗവിലെ നാഷണല്‍ ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ പരിശോധനക്കയച്ചത്. ഈ പരിശോധനയില്‍ സാമ്പിളില്‍ 6 പാര്‍ട്‌സ് പെര്‍ മില്യണ്‍ (പി.പി.എം) ഈയമാണ് കണ്ടെത്തിയത്. 2.5 പി.പി.എമ്മാണ് അനുവദനീയമായ അളവ്.

റിപ്പോർട്ടിനെക്കുറിച്ച് അറിയിക്കുന്ന കത്ത് നെസ്ലെ കമ്പനിയുടെ മോഡിനഗറിലെ വിലാസത്തിലയച്ചിരുന്നുവെങ്കിലും കൈപ്പറ്റാനാളില്ലാതെ തിരിച്ചെത്തിയെന്ന് മൗവിലെ ഫുഡ് ആന്‍ഡ് ഡ്രഗ് ഓഫീസര്‍ അരവിന്ദ് യാദവ് പറഞ്ഞു. കമ്പനി കൈപ്പറ്റാത്ത കത്ത് അദ്ദേഹം മാധ്യമപ്രവർത്തകരെ കാണിച്ചു. ഈ റിപ്പോർട്ട് ഉത്പന്നത്തിന് നിരോധമേർപ്പെടുത്തലിലേക്ക് നയിക്കാമെന്നും അത്തരം നടപടികളെക്കുറിച്ച് ആലോചിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

നെസ്ലെയുടെ മാഗി നൂഡില്‍സില്‍ ഈയത്തിന്‍റെയും മോണോ സോഡിയം ഗ്ലൂട്ടാമേറ്റിന്‍റെയും അളവ് അനുവദനീയമായതിലും കൂടിയ അളവില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ജൂണില്‍ ഇത് രാജ്യവ്യാപകമായി നിരോധിക്കുകയുണ്ടായി. എന്നാല്‍, ഈ മാസം മുതല്‍ ഉത്പന്നം വിപണിയിലെത്തി. ഇതിനുപിന്നാെലയാണ് നെസ്ലെയുടെ മറ്റൊരു ഉത്പന്നത്തിന് ഇതേ പ്രശ്‌നമുണ്ടെന്ന റിപ്പോര്‍ട്ട് വരുന്നത്. എന്നാല്‍, റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്നും കമ്പനിയുെട ഉത്പന്നങ്ങളെല്ലാം സുരക്ഷിതമാണെന്നുമാ‍ണ് നെസ്ലെയുടെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക