Image

തദ്ദേശ തെരഞ്ഞെടുപ്പ്: എല്‍.ഡി.എഫിന്റെ പ്രകടനപത്രികകള്‍ 10ഓടെ

Published on 05 October, 2015
 തദ്ദേശ തെരഞ്ഞെടുപ്പ്: എല്‍.ഡി.എഫിന്റെ പ്രകടനപത്രികകള്‍ 10ഓടെ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള എല്‍.ഡി.എഫ് പ്രകടനപത്രിക ഈമാസം 10ഓടെ പുറത്തിറക്കും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഗതിനിര്‍ണയിക്കുന്നതാവും തദ്ദേശ തെരഞ്ഞെടുപ്പ് എന്നതിനാല്‍ വികസന വിഷയങ്ങള്‍ക്കൊപ്പം രാഷ്ട്രീയ പ്രശ്‌നങ്ങളും ഉന്നയിക്കാനാണ് എല്‍.ഡി.എഫ് ഒരുങ്ങുന്നത്. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊണ്ടുള്ള മുന്നണിയുടെ പൊതുപ്രസ്താവന 15ാം തീയതിയോടെ പുറപ്പെടുവിക്കാനാണ് ലക്ഷ്യമിടുന്നത്.
സീറ്റ് ചര്‍ച്ചയില്‍ കാര്യമായ തര്‍ക്കങ്ങളൊന്നും ഉയര്‍ന്നുവരാത്തതിനാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ അന്തിമ ഘട്ടത്തിലേക്ക് ജില്ലാ നേതൃത്വങ്ങള്‍ എത്തിക്കഴിഞ്ഞു. ആര്‍.എസ്.പി മുന്നണി വിട്ടതോടെ അധികംവന്ന സീറ്റ് എല്‍.ഡി.എഫിനോട് സഹകരിക്കുന്ന ചെറുകക്ഷികള്‍ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ആര്‍.എസ്.പി സീറ്റുകളുള്ളത്. ഇതോടെ കേരള കോണ്‍ഗ്രസ് (പിള്ള), സെക്കുലര്‍ കേരള കോണ്‍ഗ്രസ്, ജെ.എസ്.എസ്, സി.എം.പി, ഐ.എന്‍.എല്‍, സി.പി.ഐ (എം.എല്‍), കാര്‍ത്തികേയന്‍, ബാബുദിവാകരന്‍ ആര്‍.എസ്.പി വിഭാഗങ്ങള്‍, കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് എന്നീ പാര്‍ട്ടികളെക്കൂടി ഉള്‍ക്കൊണ്ടുവേണം സീറ്റ് വിഭജനം നടത്താനെന്ന നിര്‍ദേശം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. അതേസമയം, ഈ പട്ടികയില്‍ ഫോര്‍വേഡ് ബ്‌ളോക് ഉള്‍പ്പെട്ടിട്ടില്ല.
വികസന പ്രശ്‌നം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിര്‍മാര്‍ജനം എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രകടനപത്രിക തയാറാക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക