Image

മോഗ സംഭവം: ഓര്‍ബിറ്റ് കമ്പനിയുടെ ബസ്സുകള്‍ പിന്‍വലിച്ചു

Published on 02 May, 2015
  മോഗ സംഭവം: ഓര്‍ബിറ്റ് കമ്പനിയുടെ ബസ്സുകള്‍ പിന്‍വലിച്ചു


മോഗ: ബസ്സിനുള്ളിലെ ബലാത്സംഗം പഞ്ചാബില്‍ വിവാദമായിരിക്കെ ഉപമുഖ്യമന്ത്രിയും മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ മകനുമായ സുഖ്ബീര്‍ സിങ് ബാദലിന്റെ ഉടമസ്ഥതയിലുള്ള ഓര്‍ബിറ്റ് കമ്പനിയുടെ ബസ്സുകള്‍ റോഡില്‍ നിന്ന് പിന്‍വലിച്ചു. കമ്പനിയിലെ എല്ലാ ജീവനക്കാരെയും ഒരു ബോധവല്‍ക്കരണ ക്യാമ്പിലേക്ക് അയക്കുകയും ചെയ്തു.

വ്യാഴാഴ്ചയാണ് ബലാത്സംഗശ്രമം ചെറുക്കുന്നതിനിടെ ബസ്സില്‍നിന്ന് ചാടിയ ഒന്‍പതാം ക്ലാസുകാരി മരിച്ചത്. ചണ്ഡീഗഢില്‍നിന്ന് 150 കിലോമീറ്റര്‍ അകലെ ഗില്‍ ഗ്രാമത്തില്‍ ഡല്‍ഹി കൂട്ടബലാത്സംഗത്തെ അനുസ്മരിപ്പിക്കുന്ന ദാരുണസംഭവമുണ്ടായത്.

സുഖ്ബീര്‍ സിങ് ബാദലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ജഡം സംസ്‌കരിക്കാന്‍ വീട്ടുകാര്‍ വിസമ്മതിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ നല്‍കിയ ഇരുപത് ലക്ഷം രൂപ കുടുംബം നിരസിക്കുകയും ചെയ്തു. സംഭവത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയും കുടുംബം നിരസിച്ചു.

ബാദലിന്റെ സ്വാധീനം കാരണമാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വൈകിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ബാദലിന്റെ ബസ് കമ്പനി അടച്ചുപൂട്ടണമെന്നും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതിനിടെ സംഭവം നടന്ന് രണ്ടു ദിവസത്തിനുശേഷം ഞെട്ടല്‍ രേഖപ്പെടുത്തി ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദല്‍ രംഗത്തുവന്നു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പു നല്‍കിയ ബാദല്‍ സംഭവത്തെ കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക