Image

കീഴടക്കുന്ന സ്‌നേഹം (ചെറുകഥ-എം.ടി.ആന്റണി)

Published on 29 April, 2015
കീഴടക്കുന്ന സ്‌നേഹം (ചെറുകഥ-എം.ടി.ആന്റണി)
ശാന്തമ്മ, പതിവ് പോലെ പള്ളിയില്‍ പോയി , തിരിച്ചു വരുമ്പോള്‍, ഡ്രൈവ് വേയിലേക്ക് കയറുന്നതിന് മുമ്പ് വീടിന്റെ വാതില്‍ക്കല്‍ രണ്ടു പോലീസ്‌കാരും വേറെ ഏതോ ഒരു മനുഷ്യനും നില്‍ക്കുന്നതാണ് കണ്ടത്. ശാന്തമ്മ കാര്‍ അല്പം ദൂരെ പാര്‍ക്ക് ചെയ്തു എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കാന്‍ തീരുമാനിച്ചു.

അല്പം നേരം അവര്‍ വാതില്‍ക്കല്‍ കാത്തു നിന്നു. ശാന്തമ്മയുടെ പട്ടി കുരക്കുന്നുണ്ടായിരുന്നു. അവര്‍ മുന്‍വാതിലില്‍ എന്തോ നോട്ടീസ് ഒട്ടിച്ചു സ്ഥലം വിട്ടു.

ശാന്തമ്മ കാര്‍ പാര്‍ക്ക് ചെയ്തു . വാതില്‍ തുറക്കുന്നതിനു മുമ്പ് വാതിലില്‍ നിന്ന് കടലാസ് അടര്‍ത്തിയെടുത്ത് അകത്തു കടന്നു.
അത് ഒരു Foreclosure നോട്ടീസായിരുന്നു. ഇത് തികച്ചും അപ്രതീക്ഷിതമല്ലായിരുന്നു. രണ്ടു പേജ് നിറയെ ബാങ്കിലേക്ക് കൊടുക്കാനുള്ള തുകയുടെ വിവരണമായിരുന്നു.
Mortgage Amount $ 798000.00
Mortgage dues for six months $ 38000.00
Interest $ 6800.00
Tax due to county for two years $ 39000.00
Lawyer fees $ 4000.00
Miscellaneous $ 6800.00
Total $ 892600.00
ഈ സംഖ്യ 4 ആഴ്ചകള്‍ക്കുള്ളില്‍ അടച്ചു തീര്‍ത്തില്ലെങ്കില്‍, ബാങ്ക് ഖേദപൂര്‍വ്വം അറിയിക്കുന്നു, ഇറങ്ങിപ്പോവേണ്ടി വരും.
ശാന്തമ്മ ഒരു കപ്പ് കാപ്പിയുണ്ടാക്കി. പട്ടിയോട് എന്തോ സംസാരിച്ചു.
Foreclosure notice, അതിലെ വന്‍തുകകള്‍ , ഇതൊന്നും ശാന്തമ്മയെ അലട്ടിയില്ല. സെല്‍ഫോണില്‍ വിളിച്ചു ഭര്‍ത്താവിനെ അറിയിക്കണമോ ? വേണ്ട, അതായിരുന്നു ശാന്തമ്മയുടെ തീരുമാനം.
ഇനി ശാന്തമ്മയുടെ വീടിന്റെ പശ്ചാത്തലം കേള്‍ക്കണോ ? ശാന്തമ്മ ഒരു PA (Physicdian's Assistant) ആയി ജോലി നോക്കുന്ന സുന്ദരിയായൊരു ചെറുപ്പക്കാരിയാണ്. പള്ളിയിലൊക്കെ പോകുന്ന ഒരു ക്രിസ്ത്യന്‍ യുവതി. ഈ കൃസ്ത്യാനി പെണ്ണ് ഒരിക്കല്‍ ചികിത്സക്ക് വന്ന ഒരു ചെറുപ്പക്കാരനുമായി അനുരാഗമായി. മധു, കണ്ടാല്‍ കൊള്ളാം, സംസാരിച്ച് ആരെയും മയക്കാനുള്ള കഴിവ് വേറെ. ശാന്തമ്മ കമഴ്ന്നു വീണു എന്നു പറയാം. മധുവിന്റെ ജാതി ചോദിച്ചില്ല. മതം ചോദിച്ചില്ല. പഠിപ്പുണ്ടോ, ജോലിയുണ്ടോ , ഇതൊന്നും ചോദിച്ചില്ല. ശാന്തമ്മ ബോധമുണര്‍ന്നപ്പോള്‍ മധുവിന്റെ മടിയിലിരിക്കുന്നു. മധു തുരുതുരാ ഉമ്മം വെയ്ക്കുന്നു. മധു അധികം താമസിയാതെ ശാന്തമ്മയുടെ വണ്‍ ബെഡ്‌റൂം അപാര്‍ട്ട്‌മെന്റിലേക്ക് താമസം മാറി.
അഞ്ചോ ആറോ മാസങ്ങള്‍ പെട്ടെന്നു കടന്നു പോയി. അപ്പോഴും മധുവിനെപ്പറ്റി കൂടുതലൊന്നും ശാന്തമ്മക്ക് അറിയാന്‍ പാടില്ലായിരുന്നു.
ഒരു ദിവസം, ഉമ്മവെക്കുന്നതിനിടയില്‍ ഒറു ഇന്റര്‍വെല്‍ സമയം കിട്ടിയപ്പോള്‍ മധു ചോദിച്ചു.

കണ്‍മണീ ശാന്തമ്മേ, ഞാനൊരു മോനോന്‍ പയ്യനാണെന്നു അറിയാമോ?
മി. മധുമേനോന്‍, എന്നെ പേടിപ്പിക്കാന്‍ ശ്രമിക്കുകയാണോ ? മേനോനെങ്കില്‍ മോനോന്‍. ഇതൊന്നും ശാന്തമ്മക്ക് ഒരു പ്രശ്‌നമല്ല.”
മധുവിന് ശാന്തമ്മയോടു കൂടുതല്‍ സ്‌നേഹം തോന്നി. എന്തൊരു നെഞ്ഞൂക്ക്.
അനുരാഗ നദി ഒഴുകിക്കൊണ്ടേയിരുന്നു. വിവാഹത്തിന് മുമ്പ് മധുവിധു സംഭവിക്കാമോ? ആരും ഒരു ചോദ്യവും ചോദിച്ചില്ല.
ഒരിക്കല്‍ സിനിമ കാണാന്‍ പോയി. ചെറിയ തോതില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ :
“മി.മധുമേനോന്‍, എനിക്ക് കല്ല്യാണം കഴിക്കണം, അധികം വൈകാന്‍ പറ്റില്ല.”
മധുമേനോന്‍ പെട്ടെന്നു മറുപടി പറഞ്ഞു.
ശാന്തമ്മേ, തിയതിയും സമയവും പറഞ്ഞോളൂ, എവിടെ വെച്ചാണ് ഞാന്‍ മിന്ന്‌കെട്ടാന്‍ പോകുന്നത് എന്നും പറഞ്ഞോളൂ. ഈ പ്രണയദാസന്‍ തയ്യാര്‍.” ശാന്തമ്മ നിശ്ശബ്ദത പാലിച്ചു.
മധു കുറെ നേരം ശാന്തമ്മയെ സൂക്ഷിച്ചു നോക്കിയിരുന്നു. എന്തോ, ആലോചിക്കുകയായിരുന്നു.
ഒടുവില്‍ വളരെ ശാന്തനായി ശാന്തമ്മയോടു പറഞ്ഞു.
തെറ്റിദ്ധരിക്കരുത് നീയൊരു മണ്ടിപ്പെണ്ണാണ്. മഹാമണ്ടി.
കാരണം കേള്‍ക്കണോ? നിനക്ക് എന്നെപ്പറ്റി എന്റെ കുടുംബത്തപ്പറ്റി ഒന്നും അറിയില്ല. നീ ഒരൊറ്റ ചോദ്യം പോലും എന്നോടു ചോദിച്ചിട്ടില്ല.”
ശാന്തമ്മ കുറേനേരം മിണ്ടാതിരിക്കുന്നു. പിന്നീട്:
മധു, എനിക്ക് മധുവിനെ വളരെ ഇഷ്ടമായി. ഞാനൊരു ചോദ്യവും ചോദിക്കാന്‍ പോകുന്നില്ല. എനിക്ക് ഒരുത്തരങ്ങളും കേള്‍ക്കണ്ട”
“ ശാന്തമ്മ, എന്തോ, സത്യം പറയട്ടെ, ശാന്തമ്മയുടെ സംസാരം കേട്ടു എന്റെ ദേഹമാകെ കോരിത്തരിക്കുകയാണ്. എന്നോട് ഒരാളും ഇങ്ങിനെ സംസാരിച്ചിട്ടില്ല.”

പിന്നെ കുറേ ആഴ്ചകള്‍ കടന്നുപോയി, ശാന്തമ്മ കല്ല്യാണകാര്യമൊന്നും സംസാരിച്ചില്ല.
എന്താ ശാന്തമ്മ, കല്ല്യാണകാര്യമൊക്കെ മറന്നുവോ?”
ശാന്തമ്മ മിണ്ടിയില്ല.
ശാന്തമ്മെ , ഞാനിക്കാര്യത്തേക്കുറിച്ച് ധാരാളം ആലോചിച്ചു. ഉടനെ വേണമോ, നമ്മള്‍ തമ്മില്‍ അന്യോന്യം കുറേകൂടി അറിഞ്ഞ് പരിചയമായിട്ടു പോരെ എന്നൊക്കെ തോന്നുന്നുണ്ട്.
ശാന്തമ്മ എന്തു പറയുന്നു ?
ശാന്തമ്മ നിശ്ശബ്ദമായി എല്ലാം കേട്ടു.
മധു പറഞ്ഞു.
ശാന്തമ്മ എന്റെ അടുത്ത് തൊട്ടടുത്ത് ഇരിക്കൂ. എനിക്കൊരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്.
ശാന്തമ്മ മധുവിന്റെ തൊട്ടടുത്ത് സോഫയില്‍ ഇരുന്നു.
തെറ്റിദ്ധരിക്കരുത്, ഒരു വണ്‍ ബെഡ്‌റൂം അപ്പാര്‍ട്‌മെന്റില്‍ ജീവിച്ച് കല്യാണം കഴിക്കുന്നത് ശരയല്ല, നമ്മള്‍ അത് ചെയ്യരുത്. എന്തു പറയുന്നു?”
ശാന്തമ്മ നിശ്ശബ്ദയായി എല്ലാം കേട്ടു.
മി.മധുമേനോന്‍, ഞാനൊരു കാര്യം ചോദിക്കട്ടെ. തമാശയല്ല, ആദ്യമായിട്ടാണോ മധുമേനോന്‍ ഒരു സ്ത്രീയെ കാണുന്നത്?
മധു പൊട്ടിച്ചിരിച്ചു, നിര്‍താത്തെ ചിരിച്ചു.
ഞാനെന്താണ് ഇങ്ങിനെ നിര്‍ത്താതെ ചിരിക്കുന്നതെന്നറിയാമോ?
അവസാനം, ഇത്രനാള്‍ കാത്തിരുന്ന്, ഇപ്പോള്‍ ശാന്തമ്മക്ക് നര്‍മ്മബോധമുണ്ടെന്ന് മനസ്സിലായി. അമ്പടി കേമി കൃസ്ത്യാനിപ്പെണ്ണേ, ഞാനൊരു വമ്പന്‍ സത്യം പറയട്ടെ.

ശാന്തമ്മയെപ്പോലെ, ഇത്രയും വടിവൊത്ത ഒരു ഉരുപ്പടി, ഒരു സദ്ഗുണപതി, ഇ ത്രയും സ്‌നേഹിക്കാന്‍ പറ്റിയ ഒരാള്‍ ആദ്യമായിട്ടാണ് ഞാന്‍ കാണുന്നത്, കണ്ടുമുട്ടുന്നത്.
ശാന്തമ്മക്ക് വിശ്വസിക്കാന്‍ പറ്റിയില്ല. എന്നെപ്പറ്റി തന്നെയാണോ മി. മധുമേനോന്‍ ഇതൊക്കെ പറയുന്നത്
മധു, വീട് വാങ്ങണം എന്ന സംശയം നല്ലതാണ്. പക്ഷെ,….
ശാന്തയെ, എന്താണ് പക്ഷെ എന്നു പറഞ്ഞു നിര്‍ത്തിയത് എന്നെനിക്കറിയാം. ശാന്തമ്മ എന്നെ വിശ്വസിക്കുക. അക്കാര്യം ഞാനേറ്റു.
ശാന്തമ്മേ, ഒരു കാര്യം പറയാനുണ്ട്. എന്റെ പിതാവ് എന്നോടു പറഞ്ഞ കാര്യം. ഒരു ഭാര്യയെ സ്വതന്ത്രമായി പുലര്‍ത്താന്‍ കഴിയില്ലെങ്കില്‍ നീ കല്യാണം കഴിക്കരുത്. ഇതാണ് എന്റെ പിതാവ് എന്നോട് പറഞ്ഞിട്ടുള്ളത്.
ശാന്തമ്മെ, വീടിന്റെ കാര്യം രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളിള്‍ ശരിയാക്കും. അതു കഴിഞ്ഞ് ശാന്തമ്മക്ക് സമ്മതമാണെങ്കില്‍ കല്ല്യാണവും.
ശാന്തമ്മ എല്ലാം കേട്ടു. ഒരക്ഷരം മിണ്ടിയില്ല.
ഇതൊരു കഴമ്പില്ലാത്ത ഭള്ള് പറച്ചിലാണല്ലോ , അല്ല, നിശ്ചയമായും അല്ല. കാരണം മുഴുവനും വ്യക്തമല്ല, ശാന്തമ്മക്ക് മധുവില്‍ അതിരറ്റ വിശ്വാസമുണ്ടായിരുന്നു.
രണ്ടോ മൂന്നോ മാസങ്ങള്‍ കൂടി കഴിഞ്ഞു. ജീവിതം വളരെ ശാന്തമായി മുന്നോട്ടു പോയി. ഇടക്കിടെ ശാന്തമ്മയും മധുവും കൂടി പുറത്തുപോയി ഭക്ഷണം കഴിക്കും. മധുവിന് തായ് ഭക്ഷണം, നല്ല എരുവുള്ള ഭക്ഷണം വേണം. മധുവിന് അടുക്കളയില്‍ കടന്ന് അല്പം പാചകപരീക്ഷണം നടത്തുന്നതിനാല്‍ താല്പര്യമുണ്ടായിരുന്നു. ഈ ജീവിതശൈലിയുമായി ഒത്തുപോകുന്നതില്‍ ശാന്തമ്മക്ക് ഒരു വിഷമവുമുണ്ടായിരുന്നില്ല. മധു സ്‌നേഹപൂര്‍വ്വം നുള്ളി, പിച്ചി, വീണ്ടും നുള്ളി.

ശാന്തമ്മേ, പറയൂ. ഇപ്പോള്‍ ശാന്തമ്മ വണ്‍ ബെഡ് റൂം അപാര്‍ട്ട്‌മെന്റില്‍ ആണോ?
ശാന്തമ്മ കരയാന്‍ തുടങ്ങി
മധു ക്ഷമാപൂര്‍വ്വം ഒന്നും പറയാതെ ഒതുങ്ങി നിന്നു.
പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍, മഴ തോര്‍ന്നു. അല്പം സമനില വന്നു.

ശാന്തമ്മേ, നമുക്ക് നല്ലൊരു റസ്റ്റോറന്റില്‍ പോയി ഭക്ഷണം കഴിക്കാം. അവിടെ നല്ല ആസ്‌ട്രേലിയന്‍ ലാംപ്, ബ്രോയില്‍ ചെയ്തു കിട്ടുന്ന സ്ഥലമാണ്. ശാന്തമ്മ ഇന്ന് എനിക്ക് വേണ്ടി വൈന്‍ കഴിക്കണം.
ശാന്തമ്മ അപ്പോഴും സംശയക്കുഴപ്പത്തിലായിരുന്നു.
റസ്റ്റോറന്റില്‍ ചെന്നു, മധു ഭക്ഷണം ഓര്‍ഡര്‍ ചെയ്തു, തണുത്ത SYMI Wine ഓര്‍ഡര്‍ ചെയ്തു, അവര്‍ അധികം സംസാരിച്ചില്ല.
അന്നാണ് ശാന്തമ്മ ആദ്യമായി ആസ്‌ട്രേലിയന്‍ ലാംപ് കഴിക്കുന്നത്. ശാന്തമ്മക്ക് വളരെ ഇഷ്ടപ്പെട്ടു.
അന്നു രാത്രി കിടക്കാന്‍ തയ്യാറായപ്പോള്‍, ശാന്തമ്മ പിന്നെയും വികാരാധീനയായി പൊട്ടിക്കരയാന്‍ തുടങ്ങി.
മധു, ശാന്തമ്മയുടെ തല നെഞ്ചിലേക്ക് ചേര്‍ത്തി വെച്ചു ചെവിയില്‍ വളരെ മൃദുലഭാഷയില്‍ പറഞ്ഞു. ശാന്തമ്മേ, ഈ ലോകത്തില്‍ ഒരു കേവല സത്യമേയുള്ളൂ , Absolute Truth, Mr. Madhu Menon.
ശാന്തമ്മ എന്ന മരമണ്ടിപ്പെണ്ണിനെ സീമാതീതമായി സ്‌നേഹിക്കുന്നു എന്നതാണ് ആ പരമസത്യം.
ശാന്തമ്മക്ക് കരയണോ, കരഞ്ഞോളൂ, എന്റെ നെഞ്ചില്‍ കിടന്നു കരഞ്ഞോളൂ.
പിന്നീട്, കാരണം വ്യക്തമല്ല, മധു വിശദീകരണം തന്നില്ല, ശാന്തമ്മ ചോദിച്ചതുമില്ല. മധു രണ്ടു മൂന്നു ദിവസത്തേക്ക് വീട്ടില്‍ വന്നില്ല. എല്ലാ ദിവസവും ശാന്തമ്മയെ ടെലിഫോണില്‍ വിളിച്ചു. സ്‌നേഹം പറയുമായിരുന്നു.
അവസാനം, മധു വന്നപ്പോള്‍, പതിവിലധികം പ്രസരിപ്പിലായിരുന്നു.
ശാന്തമ്മെ, നാളെ ഒരു ദിവസത്തേക്ക് ലീവെടുക്കാന്‍ പറ്റുമോ? പ്രധാനപ്പെട്ടൊരു കാര്യം ചെയ്യാനുണ്ട്. മി.മധുമേനോന്‍ ശാന്തമ്മക്ക് ഒരു വീടു വാങ്ങാന്‍ പോകുന്നു. നമ്മള്‍ കണ്ട വീട്. ബാങ്കില്‍ പോയി കടലാസുകള്‍, രേഖകള്‍ ഒപ്പിടണം.

പിറ്റേ ദിവസം 10 മണിക്ക് രണ്ടു പേരും ബാങ്കിലെത്തി. ബാങ്ക് മാനേജര്‍ മി.ഏബ്രഹാം കൊസിന്‍സ്‌കി മധു മേനോനോട് വളരെ പരിചയമുള്ള മട്ടിലാണ് പെരുമാറിയത്. മധു ശാന്തമ്മയെ പരിചയപ്പെടുത്തി. ഡോ.ശാന്തമ്മ എന്നാണ് പരിചയപ്പെടുത്തിയത്.
പത്തോ പന്ത്രണ്ടോ കടലാസ്സുകളില്‍ പലേടത്തും ഒന്നിലധികം സ്ഥലത്ത് രണ്ടു പേരും ഒപ്പിട്ടു. ഇതൊക്കെ ശാന്തമ്മക്ക് പുതിയൊരനുഭവമായിരുന്നു.
എല്ലാ ഫോര്‍മാലിറ്റീസും കഴിഞ്ഞപ്പോള്‍ മി.കൊസിന്‍സ്‌കി മധുവിനേയും ശാന്തമ്മയേയും അഭിനന്ദിച്ചു. അതിനുശേഷം : Madhu, now it is a bit early. However, I want to take you both for lunch. It is my treat. You cannot refuse. It is OK, if I request you both to meet me at 12.30 at our favorite French restaurant ? I am sure your wife will love it”

ആ ഭക്ഷണം മധുവിന് വളരെ ഇഷ്ടമായി. അല്പം ചുറ്റിക്കറങ്ങി മധുവും ശാന്തമ്മയും കൃത്യസമയത്ത് റെസ്റ്റോറന്റിലെത്തി. മധു കൊസിന്‍സ്‌കിയെ Abe എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. ഉന്നത നിലവാരത്തിലുള്ള ഒരു റെസ്റ്റോറന്റായിരുന്നു, ഭക്ഷണവും വളരെ കേമമായിരുന്നു. ശാന്തമ്മ മിക്ക സമയവും നിശ്ശബ്ദയായിരുന്നു. പക്ഷെ, മി.കൊസിന്‍സ്‌കിയും മധുവും തമ്മില്‍ പ്രത്യേക അടുപ്പമുള്ളതായി ശാന്തമ്മയ്ക്ക് തോന്നി.
റെസ്റ്റോറന്റില്‍ നിന്നിറങ്ങി മധു, ശാന്തമ്മയെ വളരെ നല്ലൊരു ഫര്‍ണീച്ചര്‍ സ്റ്റോറിലേക്കാണ് കൊണ്ടുപോയത്. ശാന്തമ്മ അത്തരം ഒരു ഫര്‍ണിച്ചേഴ്‌സ് ആണ് വേണ്ടത്?
ശാന്തമ്മ ഒന്നും പറഞ്ഞില്ല.
മധു ശാന്തമ്മയോട് സ്‌നേഹത്തോടെ പറഞ്ഞു.
ശാന്തമ്മെ, ഈ സോഫയിലിരിക്കൂ. നമുക്ക് ധാരാളം സമയമുണ്ട്.
ശാന്തമ്മ ഒരപരിചിത ലോകത്തിലായിരുന്നു. മധു പറഞ്ഞതനുസരിച്ച് ശാന്തമ്മ ആ ഫര്‍ണീച്ചര്‍ കടയില്‍ വിസ്തരിച്ചു നടന്നു കണ്ടു. എന്തിനാണ് മധു ഇതൊക്കെ ചെയ്യുന്നത് എന്നുള്ളതിനെക്കുറിച്ച് ഇതിനകം ശാന്തമ്മക്ക് ഒരു ധാരണയുണ്ടായിരുന്നു.

ശാന്തമ്മെ, ഏതെങ്കിലും ഫര്‍ണീച്ചര്‍ ഇഷ്ടപ്പെട്ടുവോ?
ശാന്തമ്മ മറുപടി പറയുന്നതിനുമുമ്പ് മധു ക്ഷമാപണപൂര്‍വ്വം ഒരു കാര്യം പറഞ്ഞു.
ശാന്തമ്മെ, ഞാന്‍ കൂടുതല്‍ സംസാരിക്കുന്ന കൂട്ടത്തിലാണ്. ഞാന്‍ ശാന്തമ്മയോട് കൂടുതല്‍ സ്വാതന്ത്ര്യമെടുത്തു സംസാരിക്കുന്നു , അഥവാ പെരുമാറുന്നു എന്നു തോന്നുന്നുണ്ടോ?
ശാന്തമ്മ സ്‌നേഹപൂര്‍വ്വം നിശ്ശബ്ദത പാലിച്ചു.

ശാന്തമ്മെ, എനിക്ക് ഫര്‍ണിച്ചറിനെക്കുറിച്ച് ഒരു ചുക്കും അറിയില്ല. ഇക്കാര്യത്തില്‍ ഞാന്‍ ശാന്തമ്മയെ ബുദ്ധിമുട്ടിപ്പിക്കണ്ട എന്നു തീരുമാനിച്ചു. എന്നോട് ക്ഷമിക്കണം. ഈ കടയുടെ ഉടമസ്ഥന്‍ മി.കൊസിന്‍സ്‌കിയുടെ സുഹൃത്താണ്. ഞാന്‍ പരിചയപ്പെടുത്താം. അദ്ദേഹം പറഞ്ഞതനുസരിച്ച് ഞാന്‍ ഒരു പ്രൊഫഷണല്‍ ഇന്റീരിയര്‍ ഡിസൈനറിന്റെ സഹായം തേടിയിരിക്കുകയാണ്. വീട്ടിലെ ഫര്‍ണിഷിങ്ങ് , വിന്‍ഡോ കര്‍ടെയിന്‍സ് തുടങ്ങി എല്ലാം അവര്‍ ചെയ്യും. ശാന്തമ്മ എന്തു പറയുന്നു?”
“മി.മധുമേനോന്‍, ഞാന്‍ വളരെ ശ്രമിച്ചു കരയാതിരിക്കാന്‍ ബുദ്ധിമുട്ടുകയാണ്”
ശാന്തമ്മേ, I am sorry, നമുക്ക് വീട്ടിലേക്ക് പോകാം. അന്നു രാത്രി ശാന്തമ്മ പരിപൂര്‍ണ്ണ നിശ്ശബ്ദത പാലിച്ചു. ശാന്തമ്മക്ക് പലതും പറയാനുണ്ടായിരുന്നു. പല ചോദ്യങ്ങളും ചോദിക്കാനുണ്ടായിരുന്നു. Alice In Wonderland വായിച്ചതോര്‍മ്മയുണ്ട്. പെട്ടെന്ന് വളരെ അവിചാരിതമായി വളരെ അവിശ്വസനീയമായി ശാന്തമ്മ ആലിസായി മാറിയിരിക്കുന്നു.
മധുവിന്, ആ നിമിഷം, അതിന്റെ വൈകാരികത പൂര്‍ണ്ണതയില്‍ മനസ്സിലായി. മധു ഒരക്ഷരം പറയാതെ ഉറങ്ങാന്‍ ശ്രമിച്ചു. പക്ഷെ, മധുവിന്റെ മനസ്സില്‍ ഏതോ ഒരു മൂലയില്‍ ഒരു കുസൃതി ചെറുക്കന്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു.
കൃസ്ത്യാനിപ്പെണ്ണിന് മേനോന്‍ പയ്യനെ ഉമ്മ വെക്കാന്‍ തോന്നുന്നുണ്ടോ?
വെള്ളിയാഴ്ച, രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ മധു ആ പഴയകാര്യം വീണ്ടും ചര്‍ച്ചാവിഷയമാക്കി.
ശാന്തമ്മെ, വീട് രണ്ടാഴ്ചക്കുള്ളില്‍ തയ്യാറാകും. ശാന്തമ്മെ, എന്റെ പൊന്നേ, കല്ല്യാണക്കാര്യം എന്താ നീ ഉപേക്ഷിച്ചുവോ? ഞാന്‍ വേറെ വല്ലവരേയും അന്വേഷിച്ചു പോകണമോ?
മി. മധുമേനോന്‍, Sometime you are too smart, Please give me a break. ഇതിനൊക്കെ കാരണങ്ങളുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ നിശ്ചയമായും ഗ്രീന്‍ സിഗ്നല്‍ കിട്ടും. അതുവരെ കാത്തിരിക്കാന്‍ പറ്റുമോ?”
“Shantamma my dear, No problem.”
ശാന്തമ്മ പറഞ്ഞ പോലെ , കൃത്യം രണ്ടാഴ്ചക്കുള്ളില്‍ വിവാഹകാര്യത്തെക്കുറിച്ച് ശാന്തമ്മ മധുവിന്റെ കോടതിയില്‍ പ്രമേയവതരിപ്പിച്ചു.

മി.മധുമേനോന്‍, ദയവായി ഞാന്‍ പറയുന്നത്. ക്ഷമാപൂര്‍വ്വം കേള്‍ക്കണം. മധുവിനറിയാം, ഞാനധികം സംസാരിക്കാറില്ല. ഇപ്പോള്‍ എനിക്ക് സംസാരിക്കാതെ വയ്യ. ഞാന്‍ എന്റെ മാതാപിതാക്കളുമായി സംസാരിച്ചു. വിശദമായി എഴുതി അറിയിച്ചു. എനിക്ക് എന്റെ മാതാപിതാക്കന്മാരെ ഒട്ടും വേദനിപ്പിക്കാന്‍ പറ്റില്ല. ഞാന്‍ ഏക മകളാണ്. വീണ്ടും വീണ്ടും നിര്‍ബന്ധിച്ച് അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ അവര്‍ നമ്മുടെ വിവാഹത്തിന് സന്തോഷപൂര്‍വ്വം സമ്മതവും അനുഗ്രഹവും തന്നിരിക്കുന്നു. മി. മധുമേനോന്‍, എന്തു പറയുന്നു?”
“ശാന്തമ്മ, കഥ ഇതുവരെ ഗംഭീരമായിരിക്കുന്നു. ശേഷം കേള്‍ക്കട്ടെ”
മി.മധുമേനോന്‍, ഞാനൊരു ഡീല്‍ ഉണ്ടാക്കിയിട്ടുണ്ട്. തല്ക്കാലം നമുക്ക് ഒരു സിവില്‍ അഥവാ രജീസ്റ്റര്‍ വിവാഹം നടത്താം”
മധു ചാടിയെണീറ്റു. ശാന്തമ്മയെ എടുത്തു പൊക്കി, തുരുതുരാ ഉമ്മം വെച്ചു.
ശാന്തമ്മെ, യൂ ആര്‍ എ ജീനിയസ്, ഇറ്റ് ഈസ് എ ഡീല്‍.
അന്നു രാത്രി മധു, ശാന്തമ്മെയ പതിവിലധികം സ്‌നേഹപ്രകടമായിരുന്നു. മധു, ഒരിക്കലും വികാരഭരിതനായി, നിയന്ത്രണം ലംഘിച്ചു സംസാരിക്കാറില്ല.
ശാന്തമ്മെ, എനിക്ക് പലതും പറയാനുണ്ട്. ശാന്തമ്മക്ക് എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ?
ശാന്തമ്മ പരിപൂര്‍ണ്ണ നിശ്ശബ്ദത പാലിച്ചു.

ചോദിച്ചാലും ചോദിച്ചില്ലെങ്കിലും ഞാനും പലതും തുറന്നു പറയാനുദ്ദേശിക്കുന്നുണ്ട്. ശാന്തമ്മ എന്നെ തെറ്റിദ്ധരിക്കരുത്. ഞാന്‍ മാതാപിതാക്കന്മാരുമായി വളരെ നാളുകളായി ഒരു ബന്ധവും പുലര്‍ത്തിയിട്ടില്ല കുറ്റം എന്റേതാണ്. അതൊക്കെ പിന്നീട് വിശദീകരിക്കാം. ദയവായി എനിക്ക് കുറച്ചു സമയം തരുക.
അടുത്ത രണ്ടാഴ്ചക്കുള്ളില്‍ നമ്മുടെ വിവാഹം നടക്കും. ശാന്തമ്മക്ക് ഹണിമൂണ്‍ വേണോ? അതൊ, അല്പം കഴിഞ്ഞിട്ടായാല്‍ മതിയൊ? വിവാഹം കഴിഞ്ഞിട്ട് നമ്മള്‍ നമ്മുടെ വീട്ടിലേക്ക് പോകാനാണ് പരിപാടി. ശാന്തമ്മക്ക് വിരോധമെന്തെങ്കിലുമുണ്ടോ?
ശാന്തമ്മ പതിവുപോലം നിശ്ശബ്ദത പാലിച്ചു.
മധുവിന്റെ പ്രധാന തുരുപ്പ് ശീട്ട്, ആരോടും കീഴടങ്ങാത്ത വാചാലയായിരുന്നു. ആ അസാമാന്യ വാചാലതയാണ് ശാന്തമ്മയെ കീഴടക്കിയത്. ആ വാചാലതയ്ക്ക് മുമ്പില്‍ ശാന്തമ്മ നിശ്ശബ്ദത പാലിച്ചു.
പക്ഷെ, വിവാഹം എന്നൊരു കടമ്പ, നിര്‍ണ്ണായകമായ ഒരു തീരുമാനം, അവിടെയത്തിയപ്പോള്‍ മധു മനസ്സില്ലാമനസ്സോടെ ചിന്താമൂകനായി.
അടുത്ത വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ മധു പറഞ്ഞു.

ശാന്തമ്മ, എനിക്ക് വേണ്ടത്ര മുന്നറിയിപ്പ് തരാന്‍ പറ്റിയില്ല. അടുത്ത ചൊവ്വാഴ്ച നമ്മുടെ വിവാഹം നടത്താനുള്ള എല്ലാ ഏര്‍പ്പാടുകളും ചെയ്തിട്ടുണ്ട്. ആര്‍ഭാടങ്ങള്‍ ഒന്നും ഇല്ലാതെ”
ശാന്തമ്മ മധുവിന്റെ രണ്ടു കൈകളും അവളുടെ അടഞ്ഞ കണ്ണുകളില്‍ വച്ചമര്‍ത്തി.

മി.മധുമേനോന്‍, ഞാന്‍ എന്തിനാണ് മധുവിനെ മി.മധുമേനോന്‍ എന്നു വിളിക്കുന്നത ്? ഈ മരമണ്ടിപ്പെണ്ണിന്റെ ഒരു പ്രത്യേക തരത്തിലുള്ള സ്‌നേഹപ്രകടനമാണ്. ചുരുക്കം ദിവസങ്ങള്‍ക്കുള്ളില്‍ നാം വിവാഹിതരാകാന്‍ പോകുന്നു. അത് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഞാനൊരു കാര്യം, വളരെ പ്രധാനപ്പെട്ട കാര്യം പറയട്ടെ. എന്റെ വിശ്വാസപ്രകാരമാണ് ഞാന്‍ പറയാന്‍ പോകുന്നത്. എന്റെ പിതാവ് എന്നെ ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിസിന്‍ലേക്കാണ് പഠിക്കാനയച്ചത്. എന്റെ മാതാപിതാക്കന്മാര്‍ ഒരിക്കലും എന്നെ ശിക്ഷിച്ചിട്ടില്ല. അതിനൊരവസരം ഞാനവര്‍ക്ക് കൊടുത്തിട്ടില്ല. എന്റെ അപ്പന്‍ കൂടെക്കൂടെ ആവര്‍ത്തിക്കാറുള്ള ഒരു പല്ലവിയുണ്ട്. മോളെ, നിന്നെ ആരും ഒരിക്കലും വേദനിപ്പിക്കില്ല. എല്ലാവരും എല്ലായ്‌പ്പോഴും നിന്നെ സ്‌നേഹിക്കും.
ശാന്തമ്മ കണ്ണുനീര്‍ നിയന്ത്രിക്കാന്‍ ഒരു വിഫല ശ്രമം നടത്തി.
മധു എല്ലാം കേട്ടു. ശാന്തമ്മ പറഞ്ഞു കഴിഞ്ഞോ?
ശാന്തമ്മ വികാരാക്രമണം നിയന്ത്രിച്ചു പറഞ്ഞു.
മി.മധുമേനോന്‍, എന്റെ ഹൃദയത്തിന്റെ ഏറ്റവും മടിത്തട്ടില്‍ താണ് പറഞ്ഞ ഒരു മനുഷ്യന്‍, നിന്നെ ജീവകാലം മുഴുവന്‍ സ്‌നേഹിക്കാനുള്ളതാണ് ഞാന്‍. അതാണ് മി.മധുമേനോന്‍.
മി.മധുമേനോന്‍, സ്‌നേഹം എന്നെ കീഴടക്കിയിരിക്കുന്നു.
മധു അമ്പരന്നുപോയി.
ഇതുവരെ അര്‍ത്ഥപൂര്‍ണ്ണമായതൊക്കെ പാലിച്ചിരുന്ന മരമണ്ടിപ്പെണ്ണ് ശാന്തമ്മ വാചാലതയില്‍ മധുവിനേയും കടത്തിവെട്ടിയിരിക്കുന്നു.
ഇപ്പോള്‍ മധുവിന്റെ അവസരമാണ്.
മധു പരിപൂര്‍ണ്ണ നിശ്ശബ്ദത പാലിച്ചു.
തിങ്കളാഴ്ച രാത്രി അല്പം വൈകിയിട്ടാണ് മധു വന്നത് കൈയില്‍ രണ്ടു പാക്കറ്റുകളുണ്ടായിരുന്നു.
ശാന്തമ്മ അല്പം ആശയക്കുഴപ്പത്തിലായി. റാപ്പിംഗ് പേപ്പര്‍ കേടു വരുത്താതെ, പാക്കറ്റ് തുറന്നു. രണ്ടു കാഞ്ചീപുരം പട്ടുസാരികള്‍.
ഒന്നു സുവര്‍ണ്ണ നിറം
അടുത്തത് ഇളം നീലനിറം
ശാന്തമ്മ എന്തെങ്കിലും പറയുന്നതിനു മുമ്പ് ഞാനൊന്നു പറഞ്ഞോട്ടെ.
തികച്ചും അവിചാരിതമായി മനം കുളിര്‍പ്പിക്കുന്ന ഈ കല്യാണസമ്മാനം കണ്ടിട്ട്, ശാന്തമ്മ നിലയില്ലാ വെള്ളത്തിലായിരുന്നു.
ശാന്തമ്മ ഞാനിതെങ്ങിനെ പറയും എന്നറിയില്ല. എനിക്ക് കാഞ്ചീപൂരം പട്ടിനോട് വലിയ ഭ്രമമാണ്. എന്റെ ഭാര്യ, എന്റെ കാമുകി എന്നും, പ്രത്യേകിച്ച് കല്ല്യാണം കഴിക്കുന്ന അന്ന്, സ്വര്‍ണ്ണത്തിന്റെ നിറമുള്ള മഞ്ഞപ്പട്ടില്‍ പൊതിയണമെന്നാണ് എന്റെ ആഗ്രഹം, നിര്‍ബ്ബന്ധം.”
ദയവായി അടുത്ത പാക്കറ്റ് തുറക്കുക.
ശാന്തമ്മയുടെ കൈ വിറക്കുന്നുണ്ടായിരുന്നു പാക്കറ്റ് തുറന്നപ്പോള്‍….
അതിമനോഹരമായ താലിമാല പ്രത്യേകം പറയേണ്ടതില്ല, പഴയ സ്റ്റൈലിലുള്ള ഒരു താലിയും.
ശാന്തമ്മയുടെ നിയന്ത്രണത്തിന്റെ അരക്കെട്ട് പൊട്ടി.
മി.മധുമേനോന്‍, എനിക്ക് പൊട്ടിക്കരായതിരിക്കാന്‍ വയ്യ.”
ചൊവ്വാഴ്ച കാലത്ത് 11 മണിസമയമായിക്കാണും. മധുവും ശാന്തമ്മയും സിറ്റി ഹാളില്‍ എത്തി. വിറ്റ്‌നസ് ആയിട്ട് എബ്രഹാം കോസിന്‍സ്‌കി ആയിരുന്നു. മഞ്ഞപ്പട്ടില്‍ പൊതിഞ്ഞ ശാന്തമ്മയെ കണ്ടപ്പോള്‍ കൊസിന്‍സ്‌കി പറഞ്ഞു.
“My good heavens, Dr.Shantamma, You look ravishing”
പത്തു മിനിറ്റിനകം വിവാഹ ചടങ്ങുകള്‍ കഴിഞ്ഞു. മധു പറഞ്ഞതുപോലെ യാതൊരാര്‍ഭാടവുമില്ലാതെ. കൊസിന്‍സ്‌കിയുടെ കാറില്‍ അവര്‍ 12 മണിക്ക് മുമ്പ് പുത്തന്‍ വീട്ടിലെത്തി.
വാതില്‍ തുറക്കാന്‍ ഒരാളുണ്ടായിരുന്നു.
മധു ശാന്തമ്മയെ തടഞ്ഞു. എന്നിട്ട് :
ശാന്തമ്മെ, മി.മധുമേനോന്‍ ഒരു മഹാ തറവാട്ടുകാരനാണ്. ഭാര്യയെ എടുത്ത് തോളില്‍ വെച്ച് വീട്ടില്‍ കയറണമെന്നാണ് തറവാട്ടുമുറ”
ഇത്തവണ ശാന്തമ്മ കരഞ്ഞില്ല വിടര്‍ന്നു വികസിച്ച മന്ദഹാസം.
മധു കോട്ടൂരി, ശാന്തമ്മയെ എടുത്തുപൊക്കി, ശാന്തമ്മയോട് ചോദിച്ചു”
ഇപ്പോള്‍ ബെഡ്‌റൂമില്‍ പോകണമോ?
ശാന്തമ്മ പൊട്ടിച്ചിരിക്കുകയായിരുന്നു.
ബാങ്ക് മാനേജര്‍ കൊസിന്‍സ്‌കി ഇതൊക്കെ കണ്ട് സന്തോഷിക്കുകയായിരുന്നു.
പിന്നീട് വിഭവസമൃദ്ധമായ ഒരു വെജിറ്റേറിയന്‍ ലഞ്ച്.
മധു കൊസിന്‍സ്‌കിയോടു ക്ഷമ ചോദിച്ചു
“Abe, I hope you do not mind a vegetarian lunch?”
ഈ വിവാഹവും വീടുമാറ്റവുമൊക്കെ കഴിഞ്ഞിട്ടു പതിനേഴു മാസങ്ങളായി. അപ്പോഴാണ് ശാന്തമ്മ Foreclosure notice കാണുന്നത്.

ശാന്തമ്മക്ക് മധുവില്‍ പരിപൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് ബാങ്കില്‍ നിന്ന് വന്ന കടലാസ് ശാന്തമ്മയെ ഒരു വിധത്തിലും അലട്ടിയില്ല.
എങ്കിലും ചില ചിന്തകള്‍ ശാന്തമ്മയുടെ മനസ്സില്‍ കൂടി കടന്നു പോയി. എന്താണ് മധുവിന്റെ ജോലി? നല്ല വരുമാനമുളള തരത്തിലുള്ള ജോലിയാണ് എന്നറിയേണ്ടതല്ലേ? ശാന്തമ്മയുടെ വരുമാനം എന്താണെന്ന് മധു ഒരിക്കലും തിരക്കിയിട്ടില്ല. ശാന്തമ്മയോട് ഒരിക്കലും പണം ചോദിച്ചിട്ടില്ല. മധുവും ശാന്തമ്മയും കൂടി വാങ്ങിയ വീടിന്റെ വിലയെന്താണെന്ന് ശാന്തമ്മക്കറിയില്ല, അന്വേഷിച്ചിട്ടില്ല.

ശാന്തമ്മ Foreclosure notice നാലോ അഞ്ചോ പേജുകള്‍ വരും, വായിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ആ ശ്രമം ഉപേക്ഷിച്ചു.
സമയം കളയാന്‍ വേണ്ടി ടെലിവിഷന്‍ തുറന്നു. തുറന്നപ്പോള്‍ സ്‌പോര്‍ട്‌സ് ചാനല്‍ ആണ്. ലാസ് വേഗാസിലെ സീസേഴ്‌സ് പാലസ്സില്‍ പോക്കര്‍ കളിക്കുന്ന രംഗമാണ് കണ്ടത്. പെട്ടെന്ന് My good Heavens, ആരാണ് തലപ്പത്തിരുന്ന് Poker കളിക്കുന്നത് . ശാന്തമ്മക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ പറ്റാതായി. Mr.Madhu Menon സുഖസ്ഥൈര്യത്തോടുകൂടി പോക്കര്‍ കളിക്കുന്നു. ശാന്തമ്മ വീണ്ടും വീണ്ടും നോക്കി. Mr.Madhu Menon!

ശാന്തമ്മക്ക് പോക്കര്‍ കളിയെപ്പറ്റി വലിയ ധാരണയൊന്നുമില്ല. എങ്കിലും മധുവിന്റെ ധാരാളം ചിപ്‌സ് പല നിറങ്ങളില്‍ കൂമ്പാരം കൂടിയിട്ടുണ്ട്. മധുവിന്റെ പിറകില്‍ ആരാധകന്മാര്‍ ധാരാളമുണ്ട്. മധു ജയിച്ചു, കൂടുതല്‍ ചിപ്‌സ് വാരി കൂട്ടുന്നതു കണ്ടു. അടുത്ത കളിയില്‍ വലിയൊരു തുകക്ക് വേണ്ടിയാണ് കളി എന്നു ശാന്തമ്മയ്ക്ക് മനസ്സിലായി.

കൃത്യം പറഞ്ഞാല്‍ 3,760,000 (മൂന്നു മില്യന്‍ എഴുനൂറ്റി അറുപതിനായിരം ഡോളര്‍). മധു ഒരു കൂസലുമില്ലാതെ കളിക്കുന്നു. കാര്‍ഡുകള്‍ വിതരണം ചെയ്തപ്പോള്‍ പറഞ്ഞാല്‍ വിശ്വസിക്കാന്‍ വിഷമം, മധുവിന് മൂന്ന് ACE കളാണ് കിട്ടിയത്. മറ്റു മത്സരക്കാര്‍ പിന്മാറി. പോക്കര്‍ കളിയെപ്പറ്റി പറഞ്ഞു കേട്ടിട്ടുള്ള ഏകദേശ അറിവേ ശാന്തമ്മക്കുള്ളൂ. ശാന്തമ്മക്ക് മനസ്സിലായത് ശരിയാണെങ്കില്‍ മധുവിന് മൂന്നേ മുക്കാല്‍ മില്യന്‍ ഡോളര്‍ കിട്ടിയെന്നാണര്‍ത്ഥം.

മധുവിനെ സെല്‍ഫോണില്‍ വിളിക്കണമോ? വിളിച്ച് അഭിനന്ദിക്കണമോ?
അവസാനം ശാന്തമ്മ തീരുമാനിച്ചു. പതിവുപോലെ മൗനം പാലിക്കല്‍.
അരമണിക്കൂറിനകം മധു വിളിച്ചു. വളരെ സ്‌നേഹത്തിന്‍ കുശലം പറഞ്ഞു. പിറ്റേന്ന് കാലത്ത്, ഉച്ചക്ക് മുമ്പ് വീട്ടില്‍ വരും, രാത്രികാണാം. ഇതായിരുന്നു സന്ദേശം. ശാന്തമ്മ Foreclosure notice നെപ്പറ്റിയും സംസാരിച്ചില്ല.
അടുത്ത ദിവസം ശാന്തമ്മ ആസ്പത്രിയില്‍ നിന്ന് ജോലി കഴിഞ്ഞ് വന്നപ്പോള്‍ മധു വീട്ടിലുണ്ടായിരുന്നു. പതിവുപോലെ, വളരെ സ്‌നേഹത്തിലുള്ള പെരുമാറ്റം.

ഊണു കഴിഞ്ഞപ്പോള്‍ മധു പറഞ്ഞു. Abe പറഞ്ഞു അവര്‍ Foreclosure notice അയച്ചിട്ടുണ്ട്. ശാന്തമ്മെ, ഒന്നുകൊണ്ടും പരിഭ്രമിക്കണ്ട. ഞാന്‍ ആ കടമൊക്കെ അടച്ച് തീര്‍ത്ത് വീട് നമ്മുടെ സ്വന്തമാക്കാന്‍ പോവുകയാണ്.
ശാന്തമ്മ ഒന്നും പറഞ്ഞില്ല.
മധു പറഞ്ഞതുപോലെ മധുവും ശാന്തമ്മയും കൂടി ബാങ്കില്‍ പോയി കൊടുക്കാനുള്ളതൊക്കെയും കൊടുത്തു തീര്‍ത്തു.
രണ്ടു ദിവസം മധു ഒരുത്തിയിലും പോയില്ല. വളരെ ആലോചനാനിമഗ്നനായിരുന്നു. ഒരു ദിവസം ശാന്തമ്മ ആസ്പത്രിയില്‍ നിന്നു തിരിച്ചുവന്നപ്പോള്‍ ശാന്തമ്മെ, നമുക്ക് പുറത്തുപോയി ഭക്ഷണം കഴിക്കാം. വിരോധമുണ്ടോ? ശാന്തമ്മ സമ്മതം മൂളി.

ഒരു കപ്പ് ചായയുണ്ടാക്കി കഴിക്കിന്നതുവരെ കാത്തു നില്‍ക്കാമോ ?
എന്റെ പൊന്നേ, ഞാനെത്ര നേരം വെണമെങ്കിലും കാത്തിരിക്കാം.
റെസ്റ്റോറന്റില്‍ ചെന്നപ്പോള്‍ ഒരു പ്രൈവറ്റ് റൂം വേണമെന്നു മധു പറഞ്ഞു. ഭക്ഷണം ഓര്‍ഡര്‍ ചെയ്തതിനുശേശം മധു വളരെ സാവകാശത്തില്‍ പറഞ്ഞു.

ശാന്തമ്മെ, ഞാന്‍ ഇന്ന് ശാന്തമ്മയോട് എന്റെ ആദ്യ കഥ പറയുവാന്‍ പോവുകയാണ്. എല്ലാം ആറു ശതമാനം ശരി. ശാന്തമ്മ എന്നെപ്പറ്റി ഒന്നുമറിയാതെ, ഒന്നും ചോദിക്കാതെ എന്നെ വിവാഹം ചെയ്യുവാന്‍ സമ്മതിച്ചു. അതൊരു സാഹസമായിരുന്നു. ഞാനതില്‍ എന്നും നന്ദിയുള്ളവനാണ്.

ശാന്തമ്മെ, ആദ്യം എന്റെ പഠിപ്പു കാര്യം പറയട്ടെ.
ഞാന്‍ പത്താംക്ലാസില്‍ വെച്ച് സ്‌കൂള്‍ വിട്ടവനാണ്. അതിന്റെ കാരണങ്ങളൊന്നും പറയുന്നില്ല.പിന്നീട്, എന്റെ പ്രധാന ജോലി, സ്ഥിരം ജോലി ശീട്ടുകളിയായിരുന്നു, 28,56, Rummy, Bridge, Poker തുടങ്ങി ഞാന്‍ സ്‌പെഷലൈസ് ചെയ്യാത്ത കളികളില്ല. ശീട്ടുകളിയില്‍ ഞാന്‍ വിദഗ്ദനായിരുന്നു. ഞാന്‍ ഒരു പെന്തകോസ്റ്റല്‍ പുരോഹിതന്റെ സഹായത്തില്‍ ഗ്രീന്‍ കാര്‍ഡ് കിട്ടി ഇവിടെ വന്നു. ആ വിശദവിവരങ്ങളൊന്നും ഞാന്‍ പറയുന്നില്ല.
അമേരിക്കയില്‍ വന്നതിനുശേഷമാണ് ഞാന്‍ പോക്കര്‍ കളിയില്‍ വിദഗ്ദ്ധനായത്.

ശാന്തമ്മെ, ഞാനീ കാര്യങ്ങള്‍ നേരത്തേ, വളരെ നേരത്തേ പറയേണ്ടതായിരുന്നു. ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്റെ ജീവതത്തില്‍ വലിയൊരു വഴിത്തിരിവുണ്ടാകുന്നത് ഞാന്‍ വളരെ അവിചാരിതമായി മി. എബ്രഹാം കൊസിന്‍സ്‌കിയെ കണ്ടു മുട്ടുമ്പോഴാണ്. അറ്റ്‌ലാന്റിക് സിറ്റിയിലെ ട്രംബ് കസിനോയില്‍ വെച്ചാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. അദ്ദേഹത്തിന് പോക്കര്‍ കളിയില്‍ വളരെ ഭ്രമമാണ്. പക്ഷെ, പലപ്പോഴും സാരമായി പണം നഷ്ടപ്പെട്ടു. ഞാനദ്ദേഹത്തെ പിന്നിലിരുന്ന് ഉപദേശിച്ചു സഹായിച്ചു. അദ്ദേഹം നഷ്ടമൊക്കെ നികത്തി.

Abe is a gentleman. ഒരു ദിവസം അദ്ദേഹം എന്നെ ആത്മാര്‍ത്ഥമായി സഹായിച്ചു. ഏതോ Hedge Fund മുതലാളി ഗത്യന്തരമില്ലാതെ ഉപേക്ഷിച്ച 4 മില്യന്‍ ഡോളറിന്റെ വീട് അദ്ദേഹം എനിക്ക് 2 മില്യന് തന്നു. ആ വിട്ടീലാണ് നാമിപ്പോള്‍ ജീവിക്കുന്നത്. ശാന്തമ്മെ, ഞാന്‍ വീണ്ടും മാപ്പു ചോദിക്കുന്നു.

All India Institute Of Medicine – ല്‍ പഠിച്ച പെണ്ണിന് ഒരു പോക്കര്‍ ഹസ്ബന്റ് ! എന്താണ് നല്ല കമ്മന്‍സ് ഉണ്ടോ?
എത്രയും പ്രിയപ്പെട്ട ശാന്തമ്മെ, ഇതിന് സാഹിത്യഭാഷയില്‍ വാചാലയമായ നിശ്ശബ്ദത എന്നാണ് പറയുക. ഞാന്‍ സംസാരം നിര്‍ത്തുന്നതിനുമുമ്പ് ശാന്തമ്മയുടെ പിതാവ് പറഞ്ഞില്ലെ, ഒരാളും ശാന്തമ്മയെ വേദനിപ്പിക്കില്ല എന്ന്, എല്ലാവരും ശാന്തമ്മയെ സ്‌നേഹിക്കുമെന്ന്.
എന്റെ കണ്ണിലേക്കു നോക്കൂ.
സൂക്ഷിച്ചു നോക്കൂ.
ഞാനാണ് ആ ആള്‍……
കീഴടക്കുന്ന സ്‌നേഹം (ചെറുകഥ-എം.ടി.ആന്റണി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക