Image

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-32: സാം നിലമ്പള്ളില്‍)

Published on 04 April, 2015
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-32: സാം നിലമ്പള്ളില്‍)
അദ്ധ്യായം മുപ്പത്തിരണ്ട്‌.

`ആരാണത്‌?' ഇരുട്ടില്‍നിന്നുവന്ന ചോദ്യംകേട്ട്‌ അവര്‍ ഭയന്നുവിറച്ചു. വീഴാന്‍ഭാവിച്ച സെല്‍മയെ ജൊസേക്ക്‌ താങ്ങി. ഈ രാത്രിയില്‍ ഇരുളില്‍ പതുങ്ങിയിരിക്കന്നത്‌ ആരാണ്‌; കള്ളന്മാരോ അതോ നാസികളുടെ ഏജന്റുമാരോ? ആരായാലും അപകടമാണ്‌. ഭാര്യയും കുഞ്ഞുങ്ങളും കൂടെയില്ലായിരുന്നെങ്കില്‍ എതിരിടാമായിരുന്നു. ഒന്നോരണ്ടോപേരെ നേരിടാനുള്ള തന്റേടമൊക്കെ അവനുണ്ട്‌. ഇപ്പോള്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥ. അവന്‍ സെല്‍മയെ വലിച്ചുകൊണ്ട്‌ വേഗം നടന്നു.

`നില്‍ക്കവിടെ.' ഇരുളിലെ ശബ്‌ദം ആജ്ഞാപിച്ചു. അനുസരിച്ചില്ലെങ്കില്‍ വെടിവെയ്‌ക്കുമെന്ന ഭയംകൊണ്ട്‌ അവര്‍നിന്നു. ഇരുളിനെ കീറിമുറിച്ചുകൊണ്ട്‌ ഒരുരൂപം അടുത്തേക്കുവന്നു. കായലിലെ വെള്ളത്തില്‍ പ്രതിഫലിക്കുന്ന നക്ഷത്രങ്ങളുടെ മങ്ങിയവെളിച്ചത്തില്‍ മുഖം വ്യക്തമല്ലെങ്കിലും കറുത്തവസ്‌തങ്ങള്‍ ധരിച്ച ഒരു ഭീമാകാരനാണ്‌ മുമ്പില്‍ നില്‍ക്കുന്നതെന്ന്‌ മനസിലായി.

`നിങ്ങള്‍ എവിടെപോകുന്നു?' കറുത്ത രൂപം ചോദിച്ചു.

എന്തുപറയണമെന്ന്‌ അറിയാതെ ജൊസേക്ക്‌ കുഴങ്ങി. തുറമുഖത്തേക്കെന്ന്‌ പറഞ്ഞാല്‍ ഈരാത്രിയല്‍ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും അവിടെന്തുകാര്യമെന്ന്‌ ചോദിക്കും. റയില്‍ സ്റ്റേഷനിലേക്കെന്ന്‌ പറഞ്ഞാലോ?

`ആരാണ്‌ നിങ്ങള്‍; അറിഞ്ഞിട്ട്‌ എന്തുവേണം?' അങ്ങനെ ചോദിക്കാനാണ്‌ ജൊസേക്കിന്‌ തോന്നിയത്‌.

`യഹൂദരാണല്ലേ; രക്ഷപെടാന്‍ നോക്കുകയാണോ?'

അതിന്‌ അവന്‍ മറുപടി പറഞ്ഞില്ല. സെല്‍മയേം വലിച്ചുകൊണ്ട്‌ അവന്‍ മുന്‍പോട്ട്‌ നടന്നു.

`നിങ്ങള്‍ക്ക്‌ രക്ഷപെടാന്‍ സാധ്യമല്ല.' അയാള്‍ പിന്നില്‍നിന്ന്‌ വിളിച്ചുപറഞ്ഞു. `ജര്‍മന്‍കാര്‍ എല്ലായിടവുമുണ്ട്‌; നിങ്ങള്‍ അപകടത്തിലേക്കാണ്‌ പോകുന്നത്‌.'

അതുകേട്ട്‌ ജൊസേക്ക്‌ നിന്നു. അയാള്‍ അടുത്തേക്ക്‌ വരികയാണ്‌. എന്താണ്‌ അയാളുടെ ഉദ്ദേശം? സംസരത്തിന്റെ രീതികൊണ്ട്‌ ശത്രുവല്ലെന്ന്‌ തോന്നുന്നു. അഭ്യുദയകാംക്ഷിയെപ്പോലാണല്ലോ സംസാരിക്കുന്നത്‌.

`നിങ്ങള്‍ക്ക്‌ എന്തുവേണം?' ജൊസേക്ക്‌ ചോദിച്ചു. `എന്തിനാണ്‌ ഞങ്ങളുടെ പിന്നാലെ വരുന്നത്‌?'

`നിങ്ങള്‍ യഹൂദരാണോ?'

`ആണെങ്കില്‍?'

`ഞാന്‍ സഹായിക്കാം; ഞാനും യഹൂദനാണ്‌.' അയാള്‍ പറഞ്ഞു.

`നിങ്ങള്‍ ഈ രാത്രിയില്‍ ഇവിടെ എന്തെടുക്കുന്നു?'

`ഞാന്‍ ഒളിവില്‍ പാര്‍ക്കുകയാണ്‌, എന്റെ കുടുംബത്തോടൊപ്പം. രാത്രിയില്‍ ആഹാരംതേടി ഇറങ്ങിയതാണ്‌. നിങ്ങള്‍ക്ക്‌ സമ്മതമെങ്കില്‍ എന്നോടൊപ്പം വരാം.'

എന്തുചെയ്യണമെന്ന്‌ അറിയാതെ ജൊസേക്ക്‌ സംശയിച്ചുനിന്നു. ഇയാള്‍ പറയുന്നത്‌ വാസ്‌തവമായിരിക്കുമോ? കൂട്ടിക്കൊണ്ടുപോയി കൊല്ലാനുള്ള പരിപാടിയാണോ? ഇയാളുടെകൂടെ പോയില്ലെങ്കില്‍പിന്നെ വേറെ എങ്ങോട്ടുപോകും? നാസികളുടെ വലയില്‍ ചെന്നകപ്പെടുന്നതിലും ഭേദം ഇയാളുടെകൂടെ പോകുന്നതല്ലേ?

`നിങ്ങള്‍ക്ക്‌ നല്ല സമ്മതമുണ്ടെങ്കില്‍മാത്രം വന്നാല്‍മതി. ഇവിടെക്കിടന്ന്‌ കറങ്ങിയാല്‍ നിങ്ങള്‍ നാസികളുടെ പിടിയില്‍ അകപ്പെടും. നിങ്ങള്‍ക്ക്‌ അവരെ വെട്ടിച്ച്‌ രക്ഷപെടാന്‍ സാധ്യമല്ല.'

`അയാള്‍ പറയുന്നത്‌ സത്യമാണെന്ന്‌ തോന്നുന്നു,' സെല്‍മ പറഞ്ഞു.

അവനും അങ്ങനെയാണ്‌ തോന്നിയത്‌. അവര്‍ അയാളോടൊപ്പം നടന്നു

`എവിടെയാണ്‌ നിങ്ങള്‍ താമസിക്കുന്നത്‌?' അവന്‍ അന്വേഷിച്ചു.

`ഒരു വീട്ടില്‍. യഹൂദര്‍ താമസിച്ചിരുന്ന വീടാണ്‌. അവരെ നാസികള്‍ പിടിച്ചുകൊണ്ടുപോയി. ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്‌. അതുകൊണ്ട്‌ ആരും അന്വേഷിച്ച്‌ അങ്ങോട്ട്‌ വരികയില്ല.'

`ഈ രാത്രിയില്‍ നിങ്ങള്‍ക്ക്‌ ഭക്ഷണം എവിടുകിട്ടും?'

`മോഷ്‌ടിക്കും. അല്ലാതെന്തുചെയ്യാന്‍; എന്റെ മക്കള്‍ ജീവിക്കേണ്ടെ? ഞാന്‍ അധ്വാനിച്ച്‌ ജീവിച്ചവനാണ്‌, ഇപ്പോള്‍ മോഷ്‌ടാവായി. കടകളും വീടുകളും കുത്തിത്തുറന്ന്‌ ആഹാരസാധനങ്ങള്‍ മോഷ്‌ടിക്കും. ആഹാരം മാത്രമേ എടുക്കാറുുളളു. നല്ല ഇരുട്ടുള്ള രാത്രികളില്‍ ഇതുപോലെ ഇറങ്ങും. നിങ്ങളെ ഒരു വള്ളക്കാരന്‍ ഇവിടെ ഇറക്കുന്നത്‌ ഞാന്‍ കണ്ടു. നിങ്ങളുടെ കൈവശം തിന്നാനുള്ളത്‌ വല്ലതും കാണുമെന്ന്‌ വിചാരിച്ചാണ്‌ ഞാന്‍ തടഞ്ഞത്‌. പക്ഷേ, നിങ്ങളെ കണ്ടപ്പോള്‍ രക്ഷപെട്ടോടുന്ന യഹൂദരാണെന്ന്‌ മനസിലായി.'

`എത്ര മക്കളുണ്ട്‌?' സെല്‍മ ചോദിച്ചു.

`ഭാര്യ ഉള്‍പ്പെടെ മൂന്നുപേര്‍.' അയാള്‍ ചിരിച്ചകൂട്ടത്തില്‍ അവരും പങ്കുചേര്‍ന്നു. അയാള്‍ പേരുപറഞ്ഞു, സോളമന്‍.

`എന്നിട്ട്‌ സോളമന്‍ ഇന്നൊന്നും മോഷ്‌ടിച്ചില്ലേ?' .

`സമയം കിട്ടിയില്ലല്ലോ; അതിനുമുന്‍പല്ലേ നിങ്ങളെ കണ്ടത്‌.'

അവര്‍ അയാളുടെ ഒളിസങ്കേതത്തില്‍ എത്തിക്കഴിഞ്ഞിരുന്നു. പിന്നിലെ വാതിലില്‍കൂടി അകത്തുകയറി. വീട്ടിനുള്ളില്‍ വെളിച്ചമില്ല. സംസാരംകേട്ട്‌ അയാളുടെ ഭാര്യ ഉണര്‍ന്നു.

`പേടിക്കേണ്ട, സാറ. ഇത്‌ ഞാനാ.' അയാള്‍ ഭാര്യയെ സമാധാനിപ്പിച്ചു. `നമുക്ക്‌ കുറെ അഥിതികള്‍ വന്നിട്ടുണ്ട്‌.'

അഥിതികള്‍ ആരാണെന്നറിയാന്‍ വെളിച്ചമില്ലല്ലോ.

`ഞങ്ങള്‍ വിളക്ക്‌ കത്തിക്കാറില്ല, തീയും. വെളിച്ചവുംകണ്ട്‌ ആരെങ്കിലും സംശയിച്ചെങ്കിലോ? അതുകൊണ്ട്‌ അഥിതികളെ നാളെരാവിലെ കാണാം. ഇപ്പോള്‍ നിങ്ങള്‍ എവിടെങ്കിലും കിടന്ന്‌ ഉറങ്ങിക്കോളു.' അയാള്‍ വീണ്ടും ആഹാരംതേടിപ്പോയി.

`എന്റെ ഭര്‍ത്താവ്‌ ബുച്ചറായിരുന്നു, ഞങ്ങള്‍ക്ക്‌ ഒരു ബുച്ചര്‍ ഷോപ്പും ഉണ്ടായിരുന്നു. നല്ലരീതിയില്‍ ബിസിനസ്സ്‌ നടന്നുവന്നതാണ്‌. നാസികള്‍ എല്ലാം നശിപ്പിച്ചു.' അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ ഇരുട്ടത്തുകിടന്ന്‌ സാറ പറഞ്ഞു. `എന്റെ ഭര്‍ത്താവ്‌ ഇപ്പോള്‍ മോഷ്‌ടാവായി. അദ്ദേഹം അതുചെയ്‌തില്ലെങ്കില്‍ ഞാനും മക്കളും പട്ടിണികിടന്ന്‌ മരിക്കത്തില്ലേ?'

`നമ്മുടെയെല്ലാം വിധി ഒന്നുതന്നെയാണ്‌.' ജൊസേക്ക്‌ പറഞ്ഞു. `ഞങ്ങള്‍ ജര്‍മനിയില്‍നിന്ന്‌ രക്ഷപെട്ടു വരുന്നവരാണ്‌. നാസികളുടെ പിടിയില്‍പെടാതെ ഇവിടംവരെ എത്തിയെന്ന്‌ പറഞ്ഞാല്‍മതി.'

`ചേച്ചിയുടെ പേര്‌ സാറയെന്നാണല്ലേ?' സെല്‍മ ചോദിച്ചു. `എന്റെ കൂട്ടുകാരിയുടെ പേരും സാറയെന്നായിരുന്നു. അവരെ ഒരുദിവസം നാസികള്‍ പടിച്ചുകൊണ്ടുപോയി. ഇപ്പോള്‍ എവിടെയാണെന്നുപോലും അറിയില്ല.'

ഇരുട്ടില്‍ പരസ്‌പരം കാണാതെ അനുഭവങ്ങള്‍ പറഞ്ഞ്‌ അവര്‍ പരിചയപ്പെട്ടു.


(തുടരും....)


മുപ്പത്തൊന്നാം ഭാഗം വായിക്കുക
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-32: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക