Image

സരിത കഴിഞ്ഞപ്പോള്‍ മദ്യം (അനില്‍ പെണ്ണുക്കര )

അനില്‍ പെണ്ണുക്കര Published on 27 March, 2015
സരിത കഴിഞ്ഞപ്പോള്‍ മദ്യം (അനില്‍ പെണ്ണുക്കര )
മലയാളികള്‍ കഴിഞ്ഞ കുറെ നാളുകളായി കേള്‍ക്കുന്ന വാക്കുകളാണ് മദ്യവും സ്ത്രീയും.സരിത കഴിഞ്ഞപ്പോള്‍ മദ്യം ..ഇടയ്ക്കിടയ്ക്ക് സരിതയും വരും.യുദ്ധത്തിന്റെയും സ്ത്രീയുടെയും മദ്യത്തില്‍  തന്നെ മദിരാക്ഷി വന്നത് വെറുതെയല്ല . വാര്‍, വൈന്‍, വുമണ്‍. രാഷ്ട്രങ്ങളേയും സാമ്രാജ്യങ്ങളെയും ചരിത്രത്തെയും മാറ്റിമറിച്ച മൂന്നു വാക്കുകള്‍. യുദ്ധവും മദ്യവും മദിരാക്ഷിയും രാഷ്ട്രീയത്തിലുണ്ടാക്കിയ വഴിത്തിരിവുകള്‍ ഏറെയാണ്. 

ലോകം കിടുകിടാ വിറപ്പിച്ച ചില ഏകാധിപതികളുടെ ചാപല്യങ്ങളില്‍ മദ്യവും മദിരാക്ഷിയും കടന്നു വന്നിട്ടുണ്ട്. സേച്ഛാധിപതിയും ഫാസിസ്റ്റുമായി ലോകം വാണ അഡോള്‍ഫ് ഹിറ്റ്‌ലര്‍ റെനിന്‍ മുള്ളറെന്ന കാമുകിക്ക് മുന്നില്‍ പൂച്ചക്കുട്ടിയായിരുന്നെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. മൂന്നും ഒരേപോലെ എല്ലാവരെയും എല്ലായ്‌പ്പോഴും സ്വാധിനിച്ചുകളയുമെന്ന് വിശ്വസിക്കാനാവില്ല. എങ്കിലും അധികാരത്തിന്റെ പിന്നാമ്പുറങ്ങളില്‍ ഇവയുണ്ടാക്കുന്ന പുകിലുകള്‍ പലപ്പോഴും മാലോകര്‍ക്ക് ചൂടേറിയ വാര്‍ത്തകളാവാറുണ്ട്.  

കഴിഞ്ഞ കുറെ നാളുകളായി കേരളത്തിലെ  സാമൂഹ്യ, രാഷ്ട്രീയ ചര്‍ച്ചകളില്‍ മദ്യം സ്ഥിരപ്രതിഷ്ഠ നേടിയ മദ്യവും ബാര്‍ കോഴയും  ഘട്ടം ഘട്ടമായുള്ള മദ്യ നിരോധനമെന്ന യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പു വാഗ്ദാന വും  ഇത്ര പെട്ടന്ന് ഈ രൂപത്തിലൊക്കെ ആയിത്തീരുമെന്ന് അവര്‍ പോലും നിനച്ചിരുന്നിട്ടുണ്ടാവില്ല. എങ്കിലും ധീരമായ തീരുമാനവുമായി ഉമ്മന്‍ ചാണ്ടി സര്‍ക്കാരും വി.എം സുധീരനുമൊക്കെ മുന്നോട്ടു പോയതോടെ കേരളത്തിലെ മദ്യലോബിക്കുമേല്‍ ചില പ്രഹരങ്ങളൊക്കെ നടത്താനായി.
സര്‍ക്കാരിന്റെ മദ്യ നയത്തെ പ്രത്യക്ഷത്തില്‍ തള്ളിപ്പറയാന്‍ ആര്‍ക്കും വലിയ ധൈര്യമുണ്ടായില്ല. നയം നടപ്പിലാക്കിയതിന് വേഗത കൂടിപ്പോയെന്നും ഇങ്ങനെയായിരുന്നില്ല വേണ്ടിയിരുന്നതെന്നുമൊക്കെ പലരും അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ എല്ലാവരെയും തൃപ്തിപ്പെടുത്തി തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന പച്ചപ്പരമാര്‍ഥം അറിയാത്തവരല്ല വിമര്‍ശകര്‍.  ബാറുകള്‍ പലതും പൂട്ടിയപ്പോള്‍ സര്‍ക്കാരിന്റെ വരുമാനം ഇടിഞ്ഞെന്നും സാമ്പത്തിക പ്രതിസന്ധിയില്‍ പെടുമെന്നും പുകമറയുണ്ടാക്കി നയത്തെ അട്ടിമറിക്കാന്‍ പലരും ശ്രമം നടത്തി. മദ്യനിരോധനം നടപ്പാക്കാന്‍ കാലാകാലങ്ങളായി ധര്‍ണയും സഹന സമരങ്ങളുമായി നടന്നിരുന്ന മദ്യവര്‍ജ്ജന സമിതികളുടെയും സന്നദ്ധ സംഘങ്ങളുടേയും പ്രവര്‍ത്തനഫലമായി മലയാളികളില്‍ ഭൂരിഭാഗം പേര്‍ക്കും മദ്യ വരുമാനത്തെക്കുറിച്ചും അതിന്റെ നഷ്ടങ്ങളെക്കുറിച്ചുമെല്ലാം അത്യാവശ്യം ബോധ്യമുണ്ട്. മേല്‍പ്പറഞ്ഞ മൂന്നു വിഷയങ്ങളിലും തൊടാന്‍ സാമാന്യ ധൈര്യമുള്ളവര്‍ക്കേ പറ്റൂ എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയല്ല.
മദ്യലോബിക്ക് മണികെട്ടാന്‍ കഴിയുകയെന്നത് ചെറിയ കാര്യവുമല്ല. അതിന് ധൈര്യം കാണിച്ച മുഖ്യമന്ത്രിയെ എത്രകണ്ട് പ്രശംസിച്ചാലും മതിയാവില്ല. പക്ഷെ കഴി ഞ്ഞ ദിവസം കോടതി മുതലാളിമാര്‌ക്കൊപ്പം നിന്നത് സര്ക്കാരിന്റെ പിടിപ്പുകെടായിപ്പോയി. ക്ലിഫ് ഹൗസില്‍ ചെന്ന് വീട്ടമ്മമാര്‍ അദ്ദേഹത്തെ പൂച്ചെണ്ടുകള്‍ നല്‍കി അഭിനന്ദിക്കുന്ന ചിത്രം ചെറുതായല്ല നമ്മള്‍ കണ്ടത്.  മദ്യം കോടതി കയറി. ബാറുകള്‍ക്ക് പൂട്ടു വീഴരുതെന്ന് ആഗ്രഹിച്ചവര്‍ക്ക് കോടതി വിധി അല്‍പം ആശ്വാസം നല്‍കുന്നുണ്ട്. എങ്കിലും അത് സ്ഥായിയായ സന്തോഷത്തിന് കുടിയന്മാര്‍ക്ക് വക നല്‍കില്ലെന്ന് പറഞ്ഞിരിക്കവെയാണ് മദ്യത്തിന്റെ മറ്റൊരു വെടിക്കെട്ട് പുറത്തുവന്നത്. അതും വെറും ആരോപണമല്ല. മന്ത്രി കെ.എം മാണിക്കെതിരേ ആരോപണവുമായാണ് മദ്യലോബി രംഗത്തെത്തിയത്. ആരോപണങ്ങളുടെ ന്യായാന്യായങ്ങള്‍ വിശകലനം ചെയ്തും അന്വേഷണം നടത്തിയും പുറത്തുവരട്ടെ. മാണിക്ക് പാലായിലെ വീട്ടിലെത്തി ഒരു കോടി രൂപ കൈക്കൂലി നല്‍കിയെന്ന് ബാര്‍ ഉടമകളുടെ അസോസിയേഷന്‍ നേതാവ് ആരോപണം ഉന്നയിച്ചത് ഇന്നിപ്പോള്‍ പി സി ജോര്ജിന്റെ നാടുകടത്തല്‍ വരെ എത്തി നില്‍ക്കുന്നു. 
കഴിഞ്ഞ അരനൂറ്റാണ്ടു കാലമായി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞാടുന്ന മാണിക്കെതിരേ ആരോപണമുന്നയിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ അതിന്റെ വരും വരായ്കകളെയെക്കെ കൃത്യമായി മനസ്സിലാക്കിയാണ് രംഗത്തു വന്നതെന്നാണ് ഡോ. ബിജു രമേശ് ഇപ്പോഴും പറയുന്നത് .. പൂട്ടിയ ബാറുകളുടെ മുതലാളിമാരെല്ലാം ചേര്‍ന്ന് പ്രതിസന്ധി തരണം ചെയ്യാനുള്ള പദ്ധതികളെക്കുറിച്ച് ആലോചിച്ചത്രെ. ഇതിന്റെ ചെലവിലേക്കായി 15 കോടി പിരിച്ചു. കോടികളൊക്കെ മദ്യ ലോബിക്ക് വലിയ കാര്യമല്ലെന്ന് ആര്‍ക്കുമറിയാം. മാണി അഞ്ചാണ് ആവശ്യപ്പെട്ടതെന്നും പൂട്ടിയ ബാറുകള്‍ തുറക്കാന്‍ സഹായിക്കാമെന്നു പറഞ്ഞാണ് കോഴയാവശ്യപ്പെട്ടതെന്നും വെളിപ്പെടുത്തലുണ്ടായി. തല്‍ക്കാലം രണ്ടു ഘട്ടങ്ങളിലായി ഒരു കോടി നല്‍കിയെന്നും പിന്നീട് കാര്യങ്ങള്‍ കൈവിട്ടു പോയതോടെ മാണി കൈമലര്‍ത്തിയെന്നുമാണ് ബിജു പറയുന്നത്. ആരോപണം വന്ന ഉടന്‍ മാണിക്ക് പിന്തുണയുമായി യു.ഡി.എഫ് ഒന്നടങ്കം രംഗത്തെത്തി.
ഉമ്മന്‍ചാണ്ടി പാലായിലെത്തി മാനിക്കു പിന്തുണ നല്കി.  ആരോപണങ്ങളില്‍ മാണിക്കു കുലുക്കമില്ല. അമ്പതാണ്ട് കേരള രാഷ്ട്രീയത്തെ കലക്കിക്കുടിച്ച അദ്ദേഹത്തെ എങ്ങനെ പുതിയ വിവാദത്തെ നേരിടണമെന്നു പഠിപ്പിക്കാനും ആരും മിനക്കെടേണ്ട. മാണിക്കെതിരേ നെടുങ്കനൊരു ആരോപണം ലഭിച്ചപ്പോള്‍ അത് ആഘോഷിക്കേണ്ട പ്രതിപക്ഷം പേരിന് ചില പ്രസ്താവനകളില്‍ കാര്യമൊതുക്കുന്നതാണ്തുടക്കത്തില്‍  കണ്ടത്. അത് പ്രതിപക്ഷത്തിന്റെ കഴിവുകേടായോ സി.പി.എമ്മിന്റെ പോരായ്മയായോ കരുതാനൊക്കില്ലന്നു ബജറ്റവതരണ ദിവസത്തില്‍ അവര്‍ തെളിയിച്ചു . ഏതായാലും ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിക്കലും അത് മാധ്യമങ്ങളില്‍ ചുടുള്ള ചര്‍ച്ചകളാക്കുന്നതും നമ്മള്‍ മലയാളികള്‍ക്കിടയില്‍ ഒരു ഹോബിപോലെയായിരിക്കുന്നു. ഇന്ന് യു ഡി  എഫിന്റെ  യോഗം കഴിയുന്നതോടെ കാര്യങ്ങള്‍ ഒരു വഴിക്കാക്കും.
ഇതിന്റെ ചൂടും ചൂരുമൊക്കെ ഒടുങ്ങും. ആരോപണമുന്നയിച്ചവര്‍ വാക്കുമാറും.  അതങ്ങനെയല്ല ഇങ്ങനെയാണെന്നൊക്കെയുള്ള വിശദീകരണങ്ങളുമുണ്ടാകും. എന്തായാലും കേരള രാഷ്ട്രീയത്തിലെ ഒരു ഭീഷ്മാചാര്യനെക്കുറിച്ച് ആരോപണം ഉന്നയിക്കപ്പെട്ടിരിക്കയാണ്. അതിനു പിന്നില്‍ വല്ല കള്ളക്കളികളുമുണ്ടോ അതല്ല ആരോപണത്തില്‍ വല്ല കഴമ്പുമുണ്ടോ എന്നൊക്കെ പുറത്തു വരേണ്ടത് അനിവാര്യമാണ്. അസത്യമാണെങ്കില്‍ ഇനിയുമിത്തരം ആരോപണങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്. അതിനു കേരളത്തിന്റെ രാഷ്ട്രീയത്തിന് കഴിയുമോ എന്നതാണ് പ്രശ്‌നം ...
സരിത കഴിഞ്ഞപ്പോള്‍ മദ്യം (അനില്‍ പെണ്ണുക്കര )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക