Image

ഈണങ്ങള്‍ ഇതള്‍ വിരിച്ച പാതകളില്‍ ജെറി അമദേവ്‌

Published on 21 March, 2015
ഈണങ്ങള്‍ ഇതള്‍ വിരിച്ച പാതകളില്‍ ജെറി അമദേവ്‌
സംഗീതത്തില്‍ ബിരുദപഠനത്തിന് സ്‌കോളര്‍ഷിപ്പുമായി 1969-ല്‍ ജറി അമല്‍ദേവ് ലൂസിയാനയിലെ സേവ്യര്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തുമ്പോള്‍ അമേരിക്കയില്‍ ഇന്ത്യക്കാര്‍ കുറവ്. മലയാളികള്‍ അതിലും കുറവ്. രണ്ടുവര്‍ഷം കഴിഞ്ഞ് ന്യൂയോര്‍ക്കിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിന് എത്തിയപ്പോള്‍ ന്യൂയോര്‍ക്കില്‍ വിരലിലെണ്ണാവുന്ന മലയാളികള്‍.

മാസ്റ്റേഴ്‌സ് എടുത്തശേഷം സിറ്റി യൂണിവേഴ്‌സിറ്റി അധ്യാപകനായി കഴിയുമ്പോള്‍ ഇടയ്ക്ക് റോക്ക്‌ലാന്റ് കൗണ്ടി സന്ദര്‍ശിക്കും. അവിടെ സൈക്യാട്രി സെന്ററിലെ ഡോക്ടര്‍മാരായിരുന്ന ഉത്തരേന്ത്യക്കാരായിരുന്നു അന്നു പ്രധാന സുഹദ്‌വലയം. മെയ് അവസാനം റോക്ക്‌ലാന്റില്‍ സംഗീതപരിപാടിയുമായി എത്തുന്ന അമല്‍ ദേവ് റോക്ക്‌ലാന്റില്‍ അപരിചിതനല്ലെന്നര്‍ത്ഥം.

പതിനഞ്ചു വയസുമുതല്‍ പത്തുവര്‍ഷം കേരളത്തിനു പുറത്ത് കഴിഞ്ഞതിനാല്‍ കേരള ഭക്ഷണം വേണമെന്നു നിര്‍ബന്ധമില്ലായിരുന്നു. അക്കാലത്ത് യൂണിവേഴ്‌സിറ്റിയിലും മറ്റും ദീപാവലിയാണ് ആഘോഷിക്കാറ്. ഓണാഘോഷം പിന്നീടാണ് വരുന്നത്.

ഹിന്ദി സിനിമയിലെ സംഗീത സംവിധാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോഴാണ് അമേരിക്കയില്‍ വന്നത്. പത്തുവര്‍ഷം ഇവിടെ കഴിഞ്ഞെങ്കിലും ഗ്രീന്‍കാര്‍ഡ് നേടി ഇവിടെ തുടരുന്നതിനെപ്പറ്റി ആലോചിച്ചില്ല.

കോളജിില്‍ സാമ്പത്തിക പ്രശ്‌നം വന്ന് ഡിപ്പാര്‍ട്ട്‌മെന്റ് പൂട്ടിയപ്പോള്‍ നാട്ടിലേക്ക് മടങ്ങിയാലെന്തായി ന്തായി എന്നു തോന്നി. അതിനു ഒരു കാരണവും കൂടിയുണ്ട്. വെസ്റ്റേണ്‍ മ്യൂസിക് എന്നു പറഞ്ഞ് നാട്ടില്‍ പഠിപ്പിക്കുന്നതും പാടുന്നതുമൊക്കെ ഒരുതരം വികലാനുകരണങ്ങളാണ്. ഇവിടെ ആധികാരികമായി മാസ്റ്റേഴ്‌സ് ഡിഗ്രി എടുത്തതിനാല്‍ ആ രംഗത്ത് സംഭാവനകളര്‍പ്പിക്കാമെന്നു തോന്നി.

ബോംബെയിലേക്ക് തന്നെ മടങ്ങാനായിരുന്നു പ്ലാന്‍. കൊച്ചിയിലെ വീട്ടിലെത്തിയപ്പോള്‍ നവോദയ അപ്പച്ചന്റെ കൂടെ ജോലി ചെയ്തിരുന്ന ബന്ധു മുഖേന അദ്ദേഹത്തെ പോയി കണ്ടു. അമേരിക്കയില്‍ പഠിച്ചു പാസായി വന്നതു വലിയ മികവായി അപ്പച്ചന്‍ എടുത്തു. അന്ന് ജിജോ, സിബി മലയില്‍ എന്നിവരൊക്കെ വിദ്യാര്‍ത്ഥികളായിരുന്നു.

അങ്ങനെ മഞ്ഞില്‍ വരിഞ്ഞ പൂക്കളുടെ സംഗീത സംവിധായകനായി. ബിച്ചു തിരുമല എഴുതിയ ഹൃദയഹാരിയായ വരികള്‍ക്ക് കേരളത്തിന്റെ തലമുറകളിലൂടെ മനംകവര്‍ന്ന ഈണം പകര്‍ന്ന് അമല്‍ദേവ് എന്ന മലയാളി സംഗീത സംവിധായകന്‍ ജനിച്ചു. തുടര്‍ന്ന് മാമാട്ടിക്കുട്ടിയമ്മ, സന്മനസുള്ളവര്‍ക്ക് സമാധാനം തുടങ്ങി ഒരുപിടി സിനിമകളിലെ ഹിറ്റ് ഗാനങ്ങള്‍ അമല്‍ദേവിന്റെ തന്ത്രികളിലൂടെ ഈണംകണ്ടു.

അതൊരുകാലം. അവസാന ചിത്രം 1995-ല്‍ സ്‌നേഹതീരം ആയിരുന്നു. അതിനുശേഷം ആരും വിളിച്ചിട്ടുമില്ല. അവസരം ചോദിച്ച് ആരുടെ അടുത്തു പോയിട്ടുമില്ല. തകൃതവും വികൃതവുമൊക്കെ ഇല്ലാതെ ഒരു രംഗത്തും വിജയിക്കാനാവില്ലെന്നദ്ദേഹം അനുഭവത്തില്‍ നിന്നു പറയുന്നു. പുതുതായി ആരും വരാതിരിക്കാന്‍ നോക്കുകയും, വരുന്നവരെ ചവുട്ടി താഴ്ത്തുകയുമൊക്കെ ചെയ്യുന്നവര്‍ക്കേ രക്ഷയുള്ളൂ. അതിനൊന്നും തനിക്ക് കഴിവില്ല.

പക്ഷെ പാട്ടിന് സിനിമയില്‍ വലിയ പ്രസക്തിയുണ്ടെന്നദ്ദേഹം പറയുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ പാട്ടുകളാണ് ആദ്യം ഹിറ്റാകുന്നത്. പിന്നീട്.സിനിമയും. പാശ്ചാത്യ സിനിമകളില്‍ പാട്ട് ഇല്ല. പശ്ചാത്തല സംഗീതമുണ്ട്.പാട്ടു കൂടിയുണ്ടെങ്കില്‍ സിനിമ കൂടുതല്‍ ആസ്വാദ്യമാകുന്നു.

ഇന്നത്തെ ന്യൂജനറേഷന്‍ സിനിമകളില്‍ സംഗീതത്തിനോ തിരക്കഥയ്‌ക്കോ ഒന്നും ഒരു പ്രധാന്യവുമില്ല. ഒരു കാര്യം ചെയ്യുന്നതിനു മുമ്പ് അത് പഠിക്കണമെന്നോ, അതില്‍ വൈദഗ്ധ്യം നേടണമെന്നോ \ിര്‍ബന്ധമില്ല. എല്ലാ രംഗത്തും ഇതു തന്നെ സ്ഥിതി. അറിവും പരിചയവും, പരിജ്ഞാനവുമില്ലാത്തവരുടെ നാടായി ഇന്ത്യ. എം.എല്‍.എ ആയാലും മന്ത്രി ആയാലും ഓഫീസറായാലും കാര്യങ്ങള്‍ അറിയില്ല. വ്യക്തമായ പഠനമോ, വൈദഗ്ധ്യം നേടാനുള്ള ശ്രമമോ ഇല്ല. യോഗ്യരായ ആളുകള്‍ ഒരു രംഗത്തും ഇല്ല എന്നാതാണ് നമ്മുടെ ശാപം. എന്തിന് മര്യാദയ്ക്ക് വാഹനം ഓടിക്കാന്‍ വരെ ഡ്രൈവര്‍മാര്‍ക്ക് അറിയില്ല.

കേരളത്തില്‍ മടങ്ങിയെത്തിയപ്പോള്‍ ആദ്യമൊക്കെ ശ്വാസം മുട്ടലായിരുന്നു. ഇപ്പോഴും അതു തീര്‍ന്നുവെന്ന് പറയാനാവില്ല. എങ്കിലും തിരിച്ചുപോന്നതില്‍ ഖേദമൊന്നുമില്ല. ഒരുവസരത്തില്‍ അമേരിക്കയിലേക്ക് മടങ്ങിയാലോ എന്നാലോചിച്ചതുമാണ്. പിന്നെ വേണ്ടെന്നു വെച്ചു. ഏഴു വര്‍ഷം മുമ്പ് ഭാര്യ മരിച്ചു. ഒരു മകള്‍ ന്യൂസിലാന്റിലും, ഒരാള്‍ ഹോങ്കോംഗിലും, ഒരാള്‍ ചൈനയിലും ജോലിചെയ്യുന്നു.

പുതിയ സിനിമക്കാര്‍ക്ക് വിവരമില്ലെന്ന് അമല്‍ദേവ് തുറന്നടിച്ചു. തിരക്കഥയില്ല. എന്തു ചെയ്യണമെന്നറിയില്ല. എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. നൂറെണ്ണം ഇറങ്ങുമ്പോള്‍ മൂന്നോ നാലോ നല്ലതായെങ്കിലായി. സിനികള്‍ക്കാണെങ്കിലോ ഒരര്‍ത്ഥവുമില്ല. മൂല്യങ്ങളോ സന്ദേശങ്ങളോ ഒന്നുമില്ല. കുറെ ദൃശ്യാവിഷ്‌കാരം സിനിമയാകുമെന്നാണ് ധാരണ. അഗ്നിപുത്രി പോലുള്ള സന്ദേശങ്ങളുള്ള സിനിമകളുടെ പ്രസക്തി ഇപ്പോഴാണ് അറിയുന്നത്. ഒരു സിനിമയുടെ പേരാണ് 'ആട്'. ബാലിശവും സംസ്‌കാരശൂന്യവുമാണ് മിക്ക സിനിമകളും. എങ്കിലും കനത്ത പബ്ലിസിറ്റിയിലൂടെ അവ രക്ഷപെടുന്നു.

കേരളം സാക്ഷരതയുള്ള (ലിറ്ററേറ്റ്) സംസ്ഥാനമാണെന്നു പറയാം. പക്ഷെ. വിദ്യാഭ്യാസമുള്ളവരുടെ (എഡ്യൂക്കേറ്റഡ്) സംസ്ഥാനമാണെന്നു പറയാന്‍ പറ്റില്ല. മലയാളികളുടെ ചെയ്തി വിദ്യാഭ്യാസമുള്ളവര്‍ക്ക് ചേര്‍ന്നതല്ല. മര്യാദകളോ, പെരുമാറ്റ രീതികളോ മലയാളികള്‍ക്ക് അറിയില്ല. അറിയാവുന്നവര്‍ പാലിക്കുകയുമില്ല.

വരികള്‍ക്ക് അര്‍ത്ഥമില്ലെങ്കില്‍ പാട്ട് എത്ര കര്‍ണ്ണാനന്ദകരമായാലും അതു നിലനില്‍ക്കില്ല. റഫീഖ് അഹ്മദും, വയലാര്‍ ശരത് ചന്ദ്രനുമൊക്കെ നല്ല ഗാന രചയിതാക്കളാണ്. 'ഇഷ്ടമല്ലെടാ...' എന്ന കുറെ വാക്ക് ചേര്‍ത്തു പാടിയാല്‍ അതു സംഗീതമാവില്ല. അതു നിലനില്‍ക്കുകയുമില്ല. ഈണം പെട്ടെന്ന് ആകര്‍ഷിക്കുന്നു. അര്‍ത്ഥം അതിനെ നിലനിര്‍ത്തുന്നു. സംഗീതവും സാഹിത്യവും ഒന്നിച്ചുനില്ക്കണം. 'മിഴിയോരം...' എന്ന പാട്ട് മൂളിനോക്കുക.

ഈണം പകര്‍ന്ന എല്ലാ ഗാനങ്ങളും തനിക്ക് ഒരുപോലെ തന്നെ. ഹിന്ദി പാട്ടിന്റെ ആരാധകനാണ് താന്‍. ഗായകരില്‍ യേശുദാസും, ചിത്രയും തന്നെ.

ആദ്യകാല അമേരിക്കന്‍ മലയാളി എങ്കിലും ഇവിടെ നിന്നു പോയശേഷം 2000-ല്‍ ചിക്കാഗോ രൂപതയുടെ ഉദ്ഘാടന വേളയില്‍ ആണ് പിന്നെ വരുന്നത്. അതിനുശേഷം ഇപ്പോഴും.
അറിയപ്പെടുന്ന സംഗീത സംവിധായകനാണെങ്കിലും അതനുസരിച്ച് പണമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. അഥവാ അതിനൊക്കെ പ്രത്യേക കഴിവൊക്കെ വേണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

റോക്ക്‌ലാന്റ് സെന്റ് മേരീസ് സീറോ മലബാര്‍ വികാരിയും സംഗീതജ്ഞനുമായ ഫാ. തദേവൂസ് അരവിന്ദത്ത് പാട്ട് എഴുതിയ തുടക്കകാലം മുതല്‍ ബന്ധപ്പെടുന്നു. അദ്ദേഹത്തിന്റെ ചില ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിട്ടുമുണ്ട്.

ജീവിത വിജയത്തിനു യന്ത്രവും തന്ത്രവും വേണം. യന്ത്രം മാത്രം ഉണ്ടായാല്‍ പോര എന്നതാണ് തന്റെ അനുഭവം പഠിപ്പിക്കുന്നത്. അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയതായും തോന്നുന്നില്ല. ഇന്നിപ്പോള്‍ ഗാനരംഗത്തും സിനിമാ രംഗത്തുമൊക്കെ കോപ്പിയടി സുലഭം.
അമേരിക്കന്‍ പര്യടനം താന്‍ ആകാംക്ഷാപുര്‍വം കാത്തിരിക്കുകയാണെന്നദ്ധേഹം പറഞ്ഞു. ഒരു മാസം ഇവിടെ ഉണ്ടാകും കൂറെപ്പേരെ സംഗീതംപഠിപ്പിക്കാന്‍ അവസരം ഉണ്ടാവും.
ഈണങ്ങള്‍ ഇതള്‍ വിരിച്ച പാതകളില്‍ ജെറി അമദേവ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക