Image

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-28: സാം നിലമ്പള്ളില്‍)

Published on 08 March, 2015
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-28: സാം നിലമ്പള്ളില്‍)
അദ്ധ്യായം ഇരുപത്തെട്ട്‌.

`വടികൊടുത്ത്‌ അടിമേടിക്കരുത്‌' എന്നത്‌ ഒരുകേരളീയ വചനമാണ്‌. പ്രത്യകിച്ച്‌ ജോലിയൊന്നും ചെയ്യാതെ ഉണ്ടും, ഉറങ്ങിയും, വെടിപൊട്ടിച്ചും കഴിഞ്ഞിരുന്ന മലയാളത്തിലെ നമ്പൂതിരിമാര്‍ കണ്ടുപിടിച്ച്‌ പേറ്റന്റ്‌ എടുത്ത അനേകം വചനങ്ങളില്‍ ഒന്നാണത്‌. ജപ്പാന്‍കാര്‍ പ്രസ്‌തുത വചനം കേട്ടിരിക്കാന്‍ സാധ്യതയൊന്നും കാണുന്നില്ല. കേട്ടിരുന്നെങ്കില്‍ യാതൊരാവശ്യവും ഇല്ലാതെപോയി പേള്‍ഹാര്‍ബര്‍ ആക്രമിക്കത്തില്ലായിരുന്നല്ലോ. ഉറങ്ങിക്കിടന്ന ഫയല്‍വാനെ തോണ്ടിയുണര്‍ത്തി ഇടിമേടിച്ചതുപോലെയായി.

`ഞങ്ങള്‍ക്കിവിടെ സാമ്പത്തികമാന്ദ്യം, തൊഴിലില്ലായ്‌മ തുടങ്ങിയ പലപ്രശ്‌നങ്ങളും പരിഹരിക്കാനുണ്ട്‌. അതിനിടയില്‍ യുദ്ധംചെയ്യാനൊന്നും സമയമില്ല, സഖാവെ.'.എന്നുപറഞ്ഞ്‌ മര്യാദരാമനായി കഴിഞ്ഞിരുന്ന അമേരിക്കയെ കുത്തിപ്പൊക്കി യുദ്ധത്തിലേക്ക്‌ ആനയിക്കുകയാണ്‌ ജപ്പാന്‍ ചെയ്‌തത്‌. യുദ്ധത്തെ എതിര്‍ത്തിരുന്ന ജനങ്ങളും കോണ്‍ഗ്രസ്സും മുന്നണിയിലേക്ക്‌ നീങ്ങാന്‍ റൂസ്‌വെല്‍റ്റിന്‌ പച്ചക്കൊടി കാണിക്കാന്‍ പിന്നെ താമസമുണ്ടായില്ല. അമേരിക്കന്‍ സേന ബ്രിട്ടീഷുകാരോടൊപ്പം ഫ്രാന്‍സില്‍ കാലുകുത്തിപ്പോള്‍ നാസികളുടെ പടയോട്ടം നിലച്ചു. കിഴക്ക്‌ സഖ്യകക്ഷിയായ സോവ്യറ്റ്‌ റഷ്യയും നാസിപട്ടാളത്തെ പിന്നോട്ടടിക്കാന്‍ തുടങ്ങിയിരുന്നു.

പരാജയത്തിന്റെ രുചിയറിഞ്ഞുതുടങ്ങിയ ഹിറ്റ്‌ലര്‍ തന്റെ ദൗത്യം എത്രയുംപെട്ടന്ന പൂര്‍ത്തിയാക്കാന്‍ എസ്സെസ്സ്‌ കമാന്‍ണ്ടര്‍മാരായ ഹിമ്മ്‌ലറേയും ഐക്ക്‌മാനേയും പ്രേരിപ്പിച്ചു. യുദ്ധംകഴിയുമ്പോള്‍ ഒറ്റയഹൂദന്‍പോലും യൂറോപ്പില്‍ അവശേഷിക്കരുത്‌. ഗ്യാസ്സ്‌ചേമ്പറുകള്‍ ഇരുപത്തിനാല്‌ മണിക്കൂറും പ്രവര്‍ത്തിക്കട്ടെ. റഷ്യന്‍ പട്ടാളം പോളണ്ടിലേക്ക്‌ മുന്നേറിക്കൊണ്ടിരിക്കയാണ്‌. അവര്‍ കോണ്‍സന്റ്‌ട്രേഷന്‍ ക്യാമ്പുകളും ഗ്യാസ്‌ ചേമ്പറകളും കണ്ടുപിടിക്കുന്നതിന്‌ മുന്‍പ്‌ ജോലി പൂര്‍ത്തിയാക്കി തെളിവുകള്‍ എല്ലാം നശിപ്പിക്കണം.യഹൂദരുടെ ശവങ്ങള്‍ ആഴമുള്ള കുഴികളില്‍ മൂടണം. മനുഷ്യനെ ജീവനോടെയും അല്ലാതെയും ചുട്ടുകരിച്ച ചാമ്പല്‍ വനങ്ങളില്‍ വിതറണം. തങ്ങള്‍ ചെയ്‌ത `സല്‍കര്‍മങ്ങള്‍' യാതൊരുകാരണവശാലും ലോകം അറിയാന്‍ ഇടയാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

എട്ടുലക്ഷം യഹുദരെയാണ്‌ ട്രെബ്‌ളിങ്കയില്‍ മാത്രം കൊന്നൊടുക്കിയത്‌. മരണത്തെ കാത്തുകിടന്നവര്‍ മുന്നേറുന്ന റഷ്യന്‍സേനയുടെ വെടിയൊച്ചകള്‍ കേട്ടുതുടങ്ങി. ആദ്യമൊന്നും എന്താണ്‌ സം`വിക്കുന്നതെന്ന്‌ സ്റ്റെഫാന്‌ മനസിലായില്ല. നാസികളും അവരുടെ കൂലികളും വളരെ പരി`്രാന്തരാണെന്നുമാത്രം മനസിലാക്കി. വാലിന്‌ തീപിടിച്ചതുപോലെയാണ്‌ എല്ലാവരുടേയും ഓട്ടം. ഇപ്പോള്‍ പതിവുള്ള റോള്‍ക്കോളില്ല, നിയന്ത്രണങ്ങളില്ല, പുതിയ ട്രാന്‍സ്‌പോര്‍ട്ടുകള്‍ വന്നുചേരുന്നില്ല, ജോലിചെയ്യിക്കാന്‍ വെളിയില്‍ കൊണ്ടുപോകുന്നില്ല.

ഉക്രേനിയന്‍ കൂലികളിനിന്ന്‌ മാത്രമേ എന്തെങ്കിലും വിവരങ്ങള്‍
അറിയാന്‍ മാര്‍ഗമുള്ളു. ഇപ്പോള്‍ അവരും ഒന്നും പറയുന്നില്ല. വെടിയൊച്ച ദിവസങ്ങള്‍ കഴിയുംതോറും അടുത്തേക്ക്‌ വരികയാണ്‌. പീരങ്കിവെടിയുടെ ശബ്‌ദവും കേട്ടുകുടങ്ങിയപ്പോള്‍ സ്റ്റെഫാന്‍ പറഞ്ഞു.

`ഇത്‌ യുദ്ധത്തിന്റെ ശബ്‌ദമാണ്‌.'
പക്ഷേ, ആരൊക്കെയാണ്‌ യുദ്ധംചെയ്യുന്നതെന്ന്‌ അവര്‍ക്ക്‌ അറിയില്ല.

`ഒരുഭാഗത്ത്‌ നാസികള്‍തന്നെ ആയിരിക്കണമല്ലോ,' സ്റ്റെഫാന്‍ പറഞ്ഞു.

`ഞാന്‍ പറയാം,' ഒരു സ്‌കൂള്‍ അദ്ധ്യപകനായിരുന്ന പോളണ്ടുകാരന്‍ ലാവി തന്റെ വിജ്ഞാനം പകര്‍ന്നു

`കിഴക്കുനിന്നല്ലേ വെടിയൊച്ച കേള്‍ക്കുന്നത്‌? കിഴക്ക്‌ റഷ്യയാണ്‌. അപ്പോള്‍ റഷ്യന്‍ പട്ടാളം ഇങ്ങെത്തിക്കഴിഞ്ഞു. നാസികള്‍ തോറ്റോടുകയാണ്‌. റഷ്യാക്കാര്‍ ഇങ്ങെത്തിക്കഴിഞ്ഞാല്‍ നമ്മളെല്ലാം മോചിതരാകും.'

അന്ധകാരംനിറഞ്ഞ ഗുഹയില്‍ക്കൂടി യാത്രചെയ്‌തവര്‍ക്ക്‌ വെളിച്ചത്തിന്റെ കവാടം അങ്ങുദൂരെ കണ്ടതുപോലെ തോന്നി. നിരശയുടെ പടുകുഴിയിലേക്ക്‌ പതിച്ചുകൊണ്ടിരുന്ന അവര്‍ക്ക്‌ ഒരു പിടിവള്ളികിട്ടി കിട്ടിയതുപോലെ. എങ്ങനെ തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കണമെന്നറിയാതെ അവര്‍ പരസ്‌പരം ആലിംഗനം ചെയ്‌തു. പക്ഷേ, അവരുടെ സന്തോഷം അധികസമയം നീണ്ടുനിന്നില്ല. നാസികള്‍ പെട്ടന്ന്‌ കര്‍മനിരതരായി. രണ്ടുദിവങ്ങള്‍ക്കുശേഷം അവര്‍വീണ്ടും റോള്‍ക്കോള്‍ വിളിച്ചു.

`എല്ലാവരും അവരവരുടെ സാധനങ്ങളുമായി എത്രയും പെട്ടന്ന്‌ റയില്‍സ്റ്റേഷനിലേക്ക്‌ നീങ്ങുക,' കമാന്‍ഡര്‍ സിഗ്മണ്ട്‌ കല്‍പിച്ചു.

`എങ്ങോട്ടാണ്‌ പോകുന്നത്‌?'

അതിന്‌ മറുപടിയില്ല. ക്യാമ്പ്‌ ഒഴിപ്പിക്കുകയാണെന്ന്‌ മനസിലായി. എന്തൊക്കെയോ ഡൈനമൈറ്റ്‌ വെച്ച്‌ തകര്‍ക്കുന്നുണ്ട്‌, കെട്ടിടങ്ങളാണെന്ന്‌ തോന്നുന്നു. നാസികള്‍ പിന്‍വാങ്ങുകയാണ്‌. റഷ്യന്‍സേന അടുത്തെത്തിക്കഴിഞ്ഞു. വെടിയൊച്ച വളരെ ദൂരത്തുനിന്നല്ല കേള്‍ക്കുന്നത്‌.

വീണ്ടും കാറ്റില്‍കാറിലുള്ള ദുരിതംപിടിച്ച യാത്ര. സാറയേയും മക്കളെയും ഓര്‍ത്ത്‌ സ്റ്റെഫാന്‍ വിഷമിച്ചു. അവര്‍ എവിടെയാണ്‌? ആരോടാണ്‌ ചോദിക്കുന്നത്‌? എല്ലാവരും പോകുന്നുണ്ടെന്ന്‌ ഒരു ഉക്രേനിയന്‍ ഗാര്‍ഡ്‌ പറഞ്ഞു. അത്രയും സമാധാനം. എവിടെയാണ്‌ ചെന്നുചേരുന്നത്‌ അവിടെവച്ച്‌ കാണാമെന്ന്‌ ആശ്വസിച്ചു.

ട്രെയിന്‍ പടിഞ്ഞാറോട്ടാണ്‌ പോകുന്നതെന്ന്‌ സ്റ്റെഫാനും കൂടെയുള്ളവരും കണ്ടു. അങ്ങനെയെങ്കില്‍ ജര്‍മനിയിലേക്ക്‌ തിരികെ കൊണ്ടുപോവുകയായിരിക്കും. തന്റെ വീട്ടില്‍ തിരിച്ചെത്താമല്ലോ എന്നോര്‍ത്ത്‌ അവന്‍ സന്തോഷിച്ചു. സാറയും മക്കളുംകൂടി എത്തുമ്പോള്‍ തങ്ങളുടെ ജീവിതം പുനരാരം`ിക്കും. നാസികള്‍ തോറ്റുകൊണ്ടിരിക്കുകയാണ്‌ എന്നതില്‍ സംശയമില്ല. അവര്‍ പറിച്ചുനട്ടമരം വീണ്ടും തളിര്‍ക്കുകയാണ്‌. അത്‌ വേഗംതന്നെ പുഷ്‌പിക്കും. കാറ്റില്‍കാറിലെ വിഷമതകള്‍ അവര്‍ കാര്യമാക്കിയില്ല.


(തുടരും....)


ഇരുപത്തിയേഴാം ഭാഗം വായിക്കുക
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-28: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക