Image

ന്യൂജേഴ്‌സി സംഘടനകളുടെ ഐക്യവേദി ഉണ്ടാക്കാന്‍ തീരുമാനം

Published on 01 March, 2015
ന്യൂജേഴ്‌സി സംഘടനകളുടെ ഐക്യവേദി ഉണ്ടാക്കാന്‍ തീരുമാനം
എഡിസണ്‍, ന്യൂജേഴ്‌സി: ഭിന്നതയും തമ്മിലടിയും തുടര്‍ക്കഥയായ മലയാളി സമൂഹത്തില്‍ ഐക്യത്തിന്റെ ഇത്തിരിവെട്ടം തെളിയിക്കാനുള്ള അലക്‌സ്‌ വിളനിലത്തിന്റെ ഉദ്യമത്തിനു പിന്തുണയുമായി സംഘടനകളും നേതാക്കളുമെത്തി. ന്യൂജേഴ്‌സിയിലെ വിവിധ സംഘടനകളുടെ ഒരു ഐക്യവേദി ഉണ്ടാക്കാനും ടെലിഫോണ്‍ കോണ്‍ഫറന്‍സ്‌ വഴിയും ബ്ലോഗ്‌ വഴിയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പൊതുവായ കാര്യങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാനും യോഗം തീരുമാനത്തിലെത്തി.

എല്ലാ സംഘടനകളേയും ഒരു കുടക്കീഴില്‍ കൊണ്ടുവരികയൊന്നും എളുപ്പമല്ലെന്നും അതിനാല്‍ ഒരു എളിയ ശ്രമമെന്ന നിലയില്‍ ന്യൂജേഴ്‌സി സംഘടനകള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കാവുന്ന കാര്യങ്ങളില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കാനുള്ള എളിയ ശ്രമമാണിതെന്നും അലക്‌സ്‌ വിളനിലം വിശദീകരിച്ചു. പൊതുവായ കാര്യങ്ങളില്‍ ഒന്നിച്ചു നില്‍ക്കുക എന്നതാണ്‌ പ്രധാനം. പല സംഘടനകള്‍ ഉള്ളതല്ല പ്രശ്‌നം. അവ തമ്മില്‍ അനാരോഗ്യകരമായ മത്സരങ്ങള്‍ ഉണ്ടാവുന്നതാണ്‌ കുഴപ്പം. ഫൊക്കാനയും ഫോമയും കണ്‍വന്‍ഷന്‍ രണ്ടു സമയത്ത്‌ നടത്തുന്നത്‌ നല്ല മാതൃകയാണെന്നും അലക്‌സ്‌ ചൂണ്ടിക്കാട്ടി.

എല്ലാ സംഘടനകളുടേയും ഭാരവാഹികള്‍ ഉള്‍പ്പെടുന്ന ഒരു കോര്‍ കമ്മിറ്റി പരസ്‌പരം ബന്ധപ്പെടാനും ആശയവിനിമയത്തിനുമുള്ള വേദിയൊരുക്കുക എന്നതാണ്‌ സങ്കല്‍പമെന്ന്‌ അലക്‌സ്‌ പറഞ്ഞു. സഹകരിക്കാവുന്ന കാര്യങ്ങളില്‍ സഹകരിക്കുകയും, പരിപാടികളിലേക്ക്‌ മറ്റു സംഘടനകളെ ക്ഷണിക്കുകയും ചെയ്‌താല്‍ തന്നെ പരസ്‌പരമുള്ള സംഘര്‍ഷം ഒഴിവാകും. നമ്മുടെ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളും വാര്‍ദ്ധക്യത്തിലേക്ക്‌ നീങ്ങുന്നവര്‍ക്ക്‌ ഉണ്ടാകുന്ന പ്രശ്‌നങ്ങളുമൊക്കെ നാം സംഘടിതമായി നേരിടേണ്ട അടിയന്തര കാര്യങ്ങളാണ്‌.

ഇത്രയധികം സംഘടനകളുടെ ആവശ്യമില്ലെന്നു നാമം പി.ആര്‍.ഒ രാജശ്രീ പിന്റോ പറഞ്ഞു. നമ്മുടെ പ്രവര്‍ത്തനങ്ങളും വാര്‍ത്തകളുമൊക്കെ മലയാളി മാധ്യമങ്ങളില്‍ ഒതുങ്ങിപ്പോകുന്നു. മുഖ്യധാരയില്‍ വരാത്തപ്പോള്‍ അതാരും ശ്രദ്ധിക്കാത്ത സ്ഥിതിവരുന്നു. ഉത്തരേന്ത്യക്കാരെപ്പോലെ നമ്മുടെ കുട്ടികള്‍ക്ക്‌ മുഖ്യധാരയില്‍ എത്താന്‍ കഴിയാത്തത്‌ എന്തുകൊണ്ടാണെന്നതും ചിന്തിക്കേണ്ടതാണ്‌. തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെങ്കിലും നാം മടികാട്ടരുത്‌.

പുതിയ തലമുറയ്‌ക്ക്‌ മാര്‍ഗ്ഗനിര്‍ദേശം നല്‍കാനും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനുമാണ്‌ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി (IANJ) രൂപംകൊണ്ടതെന്ന്‌ ഷോണ്‍ ഡേവി
സ്‌, ജയ്‌സണ്‍ അലക്‌സ്‌, കുര്യാക്കോസ്‌ വര്‍ഗീസ്‌ തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടി. കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയില്‍ ലൈഫ്‌ മെമ്പേഴ്‌സ്‌ ആണ്‌ തങ്ങള്‍ മിക്കവരും. അതിനാല്‍ പിളര്‍പ്പോ മത്സരമോ ഒന്നും തങ്ങളുടെ ലക്ഷ്യമല്ല. നാലായിരം ആഴ്‌ചയാണ്‌ ഒരു മനുഷ്യായുസ്‌ എന്നു ബോധ്യമാകുമ്പോള്‍ കലഹിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന്‌ ബോധ്യമാകുമെന്ന്‌ ജയ്‌സണ്‍ ചൂണ്ടിക്കാട്ടി.

ഹൃദയ ശസ്‌ത്രക്രിയയെ തുടര്‍ന്ന്‌ അലക്‌സ്‌ വിളനിലം അബോധാവസ്ഥയിലായതും പിന്നീട്‌ സുഖംപ്രാപിച്ചു വന്നതും ഇത്തരമൊരു ദൗത്യം സാക്ഷാത്‌കരിക്കാനായിരിക്കുമെന്ന്‌ ഫോമാ നേതാവ്‌ അനിയന്‍ ജോര്‍ജ്‌ ചൂണ്ടിക്കാട്ടി. മതപരമായ ഭിന്നതകളാണ്‌ നമുക്ക്‌ ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്‌. അതിനൊരു പരിഹാരമുണ്ടാകണം. വാഗ്‌ദത്ത ഭൂമിയിലേക്ക്‌ നയിക്കുന്ന മോസസിനോടാണ്‌ അലക്‌സിനെ അനിയന്‍ വിശേഷിപ്പിച്ചത്‌.

കാഞ്ച്‌ പ്രസിഡന്റ്‌ എന്ന നിലയില്‍ പല പ്രശ്‌നങ്ങളും തന്റെ തലയില്‍ വന്നു വീഴുകയായിരുന്നുവെന്ന്‌ ജോ പണിക്കര്‍ പറഞ്ഞു. പല വര്‍ഷങ്ങളായി കാഞ്ച്‌ വലിയ പ്രവര്‍ത്തനങ്ങളൊന്നും നടത്താത്ത ഒരവസ്ഥയുണ്ട്‌. എന്തായാലും ഇപ്പോഴത്തെ പ്രസിഡന്റ്‌ എന്ന നിലയില്‍ ആരോപണത്തിന്റെ കൂരമ്പുകള്‍ തനിക്കെതിരേയുണ്ടാകുന്നതില്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല. പല സംഘടന ഉണ്ടാകുന്നതല്ല പ്രശ്‌നം. എല്ലാം ഒരേ പ്രവര്‍ത്തനം നടത്തുമ്പോഴാണ്‌ ഓരോന്നിന്റേയും പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നത്‌.

ഐക്യത്തിന്റെ ആവശ്യകത യോങ്കേഴ്‌സില്‍ നിന്നുള്ള ഇട്ടന്‍ ജോര്‍ജ്‌ പാടിയേടത്ത്‌ ഊന്നിപ്പറഞ്ഞു. സംഘടനകള്‍ പ്രവര്‍ത്തനമൊന്നും നടത്താത്ത അവസ്ഥ പി.ടി. ചാക്കോ മലേഷ്യ ചോദ്യം ചെയ്‌തു. പ്രസ്‌ ക്ലബ്‌ നാട്ടില്‍ അവാര്‍ഡ്‌ കൊടുക്കുന്നത്‌ എന്തിനെന്നും അദ്ദേഹം ചോദിച്ചു.

ഒറ്റയ്‌ക്ക്‌ വളരുന്ന മരമാണ്‌ തെങ്ങ്‌ എന്നപോലെ ഒറ്റയ്‌ക്ക്‌ നില്‍ക്കാനാഗ്രഹിക്കുന്നവരാണ്‌ മലയാളിയുമെന്ന്‌ ഡോ. ഗോപിനാഥന്‍ നായര്‍ ചൂണ്ടിക്കാട്ടി. ഒരാള്‍ക്ക്‌ മറ്റൊരാളെ അംഗീകരിക്കാന്‍ വിഷമം. അതാണ്‌ പ്രശ്‌നമുണ്ടാക്കുന്നത്‌.

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രോവിന്‍സ്‌ ചെയര്‍മാന്‍ തോമസ്‌ ജേക്കബ്‌ (ലിയോണിയ രാജു),
പ്രസിഡന്റ്‌  തങ്കമണി അരവിന്ദന്‍, സെക്രട്ടറി അനില്‍ പുത്തന്‍ ചിറ, സജി ആന്റണി, ഷീല ശ്രീകുമാര്‍, ജയിംസ്‌ മുക്കാടന്‍, ഡോ. ശ്രീധര്‍ കാവില്‍, മാധ്യമ പ്രവര്‍ത്തകരായ ഫിലിപ്പ്‌ മാരേട്ട്‌, മധു രാജന്‍, ജോര്‍ജ്‌ ജോസഫ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

സംഘടനകള്‍ പിളര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ പങ്കുവഹിക്കുന്നെന്ന പരോക്ഷമായ വിമര്‍ശനവും യോഗത്തിലുണ്ടായി. എന്നാല്‍ ഫൊക്കാന മുതലുള്ള സംഘടനകള്‍ വളര്‍ന്നതില്‍ മാധ്യമങ്ങളുടെ പങ്ക്‌ ഒട്ടും ചെറുതായിരുന്നില്ലെന്നു മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഉള്ള കാര്യം
മാധ്യമങ്ങള്‍  എഴുതിയതുകൊണ്ടല്ല സംഘടനകള്‍ പിളര്‍ന്നത്‌. സ്‌ത്രീകളുടെ വസ്‌ത്രധാരണം കൊണ്ടാണ്‌ അവര്‍ പീഡനത്തിനിരയാകുന്നതെന്ന്‌ പറയുന്നതുപോലെയുള്ള ഒരു ആരോപണമാണത്‌. ഒരാള്‍ക്ക്‌ വേറൊരാളെ അംഗീകരിക്കാനാവാത്ത മലയാളിയുടെ സ്വഭാവം കൊണ്ടാണ്‌ സംഘടനകള്‍ പലപ്പോഴും പിളരുന്നത്‌. അര്‍ഹമായ അംഗീകാരം നിഷേധിക്കുമ്പോഴും പ്രശ്‌നമാകുന്നു.

ജസ്റ്റീസ്‌ ഫോര്‍ ഓള്‍ ചെയര്‍മാന്‍ കൂവള്ളൂര്‍ നടത്തിയ ശ്രദ്ധേയമായ പ്രസംഗത്തില്‍ നിയമ പ്രശ്‌നങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുന്ന മലയാളികളെ തുണയ്‌ക്കേണ്ട കാര്യം ഊന്നിപ്പറഞ്ഞു. കോളജില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ കാണാതാകുന്നു. ഉദാഹരണായി റെനി ജോസിന്റെ തിരോധാനം കൂവള്ളൂര്‍ ചൂണ്ടിക്കാട്ടി. വേണ്ടവിധത്തിലുള്ള അന്വേഷണം നടത്താന്‍ തങ്ങള്‍ എഫ്‌.ബി.ഐയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. അതിനായി ആല്‍ബനിയിലേക്ക്‌
ഏപ്രിലില്‍ മാര്‍ച്ചും നടത്തുന്നു.

ആനന്ദ്‌ ജോണ്‍ മുതല്‍ കേസില്‍ കുടുങ്ങിക്കിടക്കുന്നവരെ ജയിലില്‍ പോയി കാണാനും നിയമസഹായമെത്തിക്കാനും കഴിയുന്നത്ര തങ്ങള്‍ ശ്രമിക്കുന്നു. പരിമിതികള്‍ക്കുള്ളിലാണ്‌ ഇതെല്ലാം ചെയ്യുന്നത്‌. നാം ഒറ്റക്കെട്ടായി നിന്നാല്‍ അധികൃതര്‍ നമ്മുടെ സ്വരം കേള്‍ക്കും- കൂവള്ളൂര്‍ ചൂണ്ടിക്കാട്ടി.

റെജി ജോര്‍ജ്‌, രാജു പള്ളത്ത്‌, ജിബി തോമസ്‌,  എം. അരവിന്ദന്‍, 
തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.
ന്യൂജേഴ്‌സി സംഘടനകളുടെ ഐക്യവേദി ഉണ്ടാക്കാന്‍ തീരുമാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക