Image

വിവാദങ്ങളുടെ കൊടുംചുഴിയില്‍ കേരളം (ലേഖനം: ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌)

Published on 01 March, 2015
വിവാദങ്ങളുടെ കൊടുംചുഴിയില്‍ കേരളം (ലേഖനം: ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌)
സി.പി.എം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ടുള്ള വി.എസിന്റെ നടപടികളും, മദര്‍ തെരേസയ്‌ക്കെതിരായുള്ള ആര്‍.എസ്‌.എസ്‌ നേതാവിന്റെ പ്രസ്‌താവനകളുമൊക്കെ മാസങ്ങളായി കേരളത്തില്‍ കത്തിനിന്ന ബാര്‍ കോഴ വിവാദത്തിന്‌ ഒരല്‍പം ഇടവേള നല്‍കിയിരിക്കുകയാണ്‌. വരാനിരിക്കുന്ന പ്രതിപക്ഷ സമര പരമ്പരകള്‍ക്കും നിയമസഭാ ബജറ്റവതരണത്തിനും മുമ്പുള്ള ഒരു തയാറെടുപ്പിനെന്നോണം.

എല്‍.ഡി.എഫിലെ വിഴുപ്പലക്കലും, പടല പിണക്കങ്ങളും മൂലം അധികാര കസേരയിലേക്ക്‌ കഷ്‌ടിച്ച്‌ കയറിപ്പറ്റിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും യു.ഡി.എഫിനും തുടക്കംമുതലേ വിവിദങ്ങളും അഴിമതികളും കൂടപ്പിറപ്പാണ്‌. സോളാര്‍ കേസിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്‌ കേന്ദ്രീരിച്ചുള്ള വിവാദങ്ങള്‍ക്ക്‌ സ്വതന്ത്ര അന്വേഷണം നടത്താന്‍ പോലും തയാറാകാത്ത സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കിയ കേസാണ്‌ മദ്യനിരോധനവും ബാര്‍കോഴ വിവാദവും. ഉമ്മന്‍ചാണ്ടി- സുധീരന്‍ വടംവലിയില്‍ വിഡ്‌ഢികളായത്‌ സാക്ഷാല്‍ കേരളീയര്‍. ലോകത്ത്‌ ഒരിടത്തും ഇന്നുവരെ വിജയകരമായി നടപ്പാക്കിയിട്ടില്ലാത്ത സമ്പൂര്‍ണ്ണ മദ്യനിരോധനം കൊണ്ട്‌ മലയാളിയുടെ `കുടി' അവസാനിപ്പിക്കുവാന്‍ ഒരുങ്ങുന്ന `ഖദര്‍' നേതാക്കന്മാരും സമ്പന്നരും, വന്‍കിട ക്ലബുകളിലും മറ്റും ഒത്തുകൂടി ആവോളം മദ്യം നുകരമ്പോള്‍ പകലന്തിയോളം പണിയെടുത്ത്‌ തളരുന്ന പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും വ്യാജമദ്യം തന്നെ ശരണമെന്നാണ്‌ യു.ഡി.എഫ്‌ നിലപാട്‌. ഏതായാലും പലര്‍ക്കും കോടികള്‍ കൊയ്യാന്‍ കളമൊരുക്കി ഈ മദ്യനിരോധന പ്രഹസനം. ശബ്‌ദരേഖയുടെ തെളിവുകള്‍ നിരത്തി ബിജു രമേശും സ്വന്തം പടക്കളത്തില്‍ നിന്ന്‌ പി.സി ജോര്‍ജും ചുരുക്കം ചില യു.ഡി.എഫ്‌ നേതാക്കളും ഇടയ്‌ക്കിടയ്‌ക്ക്‌ വെടി പൊട്ടിച്ചുകൊണ്ട്‌ വിഷയം സജീവമാക്കിക്കൊണ്ടിരിക്കുന്നു. ബജറ്റ്‌ അവതരിപ്പിക്കുവാന്‍ അനുവദിക്കില്ലെന്ന്‌ വെല്ലുവിളി ഉയര്‍ത്തി പ്രതിപക്ഷവും കച്ചമുറുക്കുമ്പോള്‍ 50 കൊല്ലത്തെ `പൊതുജനസേവന പാരമ്പര്യം' അവകാശപ്പെടുന്ന സാക്ഷാല്‍ മാണി പതറിപ്പോയി എന്നതാണ്‌ സത്യം. പ്രഹസനമായ അന്വേഷണ സംഘത്തിനു മുന്നില്‍ ഒറിജിനല്‍ നല്‍കില്ലെന്നും കേന്ദ്ര ഏജന്‍സിക്കു മാത്രമേ കൈമാറൂ എന്നു പറഞ്ഞുകൊണ്ട്‌ ഒരുമുഴം മുമ്പേ എറിഞ്ഞിരിക്കുന്ന ബിജു രമേശ്‌ തന്നെയാണ്‌ ഏറ്റവും നല്ല രാഷ്‌ട്രീയകളിക്കാരന്‍.

സമ്പൂര്‍ണ്ണ മദ്യനിരോധനത്തിന്‌ പൂര്‍ണ്ണ പിന്തണ നല്‍കിക്കൊണ്ട്‌ പ്രസ്‌താവന നടത്തുവാന്‍ മുന്നിട്ടുനിന്ന വിവിധ ക്രൈസ്‌തവ നേതാക്കന്മാര്‍ക്ക്‌ മാണിക്കെതിരെ വന്ന ആരോപണങ്ങള്‍ രസിച്ചമട്ടില്ല. ആരോപണം വ്യാജമാണെന്നും, കുറ്റം തെളിയാതെ കുറ്റക്കാരനെന്നാരോപിക്കുന്നത്‌ തെറ്റാണെന്നുമൊക്കെയുള്ള മൃദു സമീപനം കൈക്കൊണ്ടുകൊണ്ട്‌ കത്തോലിക്കാ, മാര്‍ത്തോമാ, ഓര്‍ത്തഡോക്‌സ്‌ മേലദ്ധ്യക്ഷന്മാര്‍ മാണി കുഞ്ഞാടിനെ വെള്ളപൂശാന്‍ ശ്രമിക്കുന്നത്‌ അപഹാസ്യമാണ്‌. ജാതി മത ചിന്തകള്‍ക്കതീതമായി കുറ്റം ചെയ്‌തവര്‍ ആരായാലും രാജ്യത്ത്‌ നിലവിലുള്ള അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തി കുറ്റം തെളിയിക്കുകയും, തെറ്റുകാര്‍ക്ക്‌ പരമാവധി ശിക്ഷകള്‍ നല്‍കുകയും ചെയ്യട്ടെ എന്ന സമീപനം സ്വീകരിക്കുകയാണ്‌ മത നേതാക്കന്മാര്‍ ചെയ്യേണ്ടത്‌. കലാകാലങ്ങളായി തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ രാഷ്‌ട്രീയ വിലപേശലുകള്‍ നടത്തുകയും തിരുവചനങ്ങള്‍ ഉദ്‌ഘോഷിക്കേണ്ട വിശുദ്ധമായ ദേവാലയങ്ങളില്‍ തങ്ങള്‍ക്കിഷ്‌ടപ്പെട്ടവരെ വിജയിപ്പിക്കുവാന്‍ ഇടയലേഖനങ്ങള്‍ വായിച്ച്‌ ആഹ്വാനം നടത്തുന്ന പരിപാടി ഇനിയെങ്കിലും ക്രൈസ്‌തവ നേതൃത്വം അവസാനിപ്പിക്കണം.

ഇടതു വലതു കൂട്ടുകെട്ടുകള്‍ മാറിമാറി ഭരിച്ചിട്ടും കടക്കെണിയില്‍ നിന്ന്‌ കടക്കെണിയിലേക്ക്‌ ദിനംപ്രതി കൂപ്പുകുത്തുന്ന കേരളത്തെ രക്ഷിക്കാന്‍ ആംആദ്‌മി പോലൊരു പാര്‍ട്ടിയും കേജരിവാളിനെപ്പോലെ വിദ്യാഭ്യാസവും, അഴിമതി വിരുദ്ധ ഗാന്ധിയന്‍ കാഴ്‌ചപ്പാടുമുള്ള ഒരു ഉത്തമ നേതാവ്‌ വരേണ്ടകാലം അതിക്രമിച്ചുകഴിഞ്ഞു. ഈ സ്വപ്‌നം സാക്ഷാത്‌കരിക്കുവാന്‍ നമുക്ക്‌ കാത്തിരിക്കാം, പ്രക്ഷയോടെ....
വിവാദങ്ങളുടെ കൊടുംചുഴിയില്‍ കേരളം (ലേഖനം: ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക