Image

ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ (കവിത: തൊടുപുഴ കെ. ശങ്കര്‍)

Published on 22 February, 2015
ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ (കവിത: തൊടുപുഴ കെ. ശങ്കര്‍)
ആപത്തിലുതകുന്നൊരാളെയല്ലയോ, ചൊല്ലൂ,
ആത്മാര്‍ത്ഥസുഹൃത്തെന്നു നാമെല്ലാം കരുതുന്നു!
സ്‌നേഹിതനാണെന്നോതുമെത്രപേരുണ്ടെന്നാലും
വേണ്ടനേരത്തിലാരും കാണില്ലതല്ലോ സത്യം!

പണവും പ്രതാപവും കൂടെയുണ്ടെന്നാലല്ലോ
കാണ്മൂനാം മിത്രങ്ങളെയേതുനേരവും ചുറ്റും!
രണ്ടും ദൗര്‍ഭാഗ്യത്താല്‍ ഗ്ലാനി സംഭവിക്കിലോ
കണ്ടിടില്ലൊരുത്തരേം, പണ്ടേപ്പോലരുകിലേ!

പണം മേടിപ്പൂ ചിലര്‍ തിരിച്ചേകാമെന്നോതി
പണയംവച്ചും നമ്മേളേകിടാമൊരു പക്ഷെ!
`മടക്കിത്തരാം വൈകാ'തോതിടാമവരേലും
മടുക്കും ചോദിച്ചതിന്‍വഴികാത്തിരുന്നു നാം!

കാലത്തിന്‍ ഗതിയല്‌പം മോശമാകുകില്‍ ചിലര്‍
കാലുവാരുന്നു പെരും നഷ്‌ടവും വരുത്തുന്നു!
വൈകിത്താനറിയുന്നു വഞ്ചിതരായി നമ്മള്‍
വൈരവും നിരാശയും മിച്ചമാകുന്നു തമ്മില്‍!

നിസ്വാര്‍ത്ഥസ്‌നേഹം സദാ നല്‍കുവോര്‍നിസ്സംശയം
നിശ്ചയം ഹൃത്തിന്‍ ഹൃസ്വചിന്തയില്ലാത്തോരല്ലോ!
ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ തന്‍ ക്ലേശം ഗണിക്കാതെ
ആപത്തിലുതകുവാന്‍ സന്നദ്ധരാകുന്നവര്‍!

പണവും പരസ്‌പരധാരണയില്ലാല്ലയ്‌മയും
പണിയുന്നറിയാതെ ബന്ധങ്ങള്‍ തകര്‍ക്കുവാന്‍!
രണ്ടിലും പെടാതെന്നുമാത്മാര്‍ത്ഥ സ്‌നേഹം നല്‍കില്‍
കണ്ടിടാമതിന്‍ ഗുണം ജീവനിലുടനീളം!
ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ (കവിത: തൊടുപുഴ കെ. ശങ്കര്‍)
Join WhatsApp News
Sudhir Panikkaveetil 2015-02-22 09:55:53
കുറെ സത്യങ്ങൾ പകര്ത്തി കവി ഒരു തത്വം പറയുന്നു
. പണവും പരസ്പര ധാരണയില്ലയ്മയും പണിയുന്നരിയാതെ ബന്ധങ്ങൾ തകര്ക്കുവാൻ.ഗഹനമായ സത്യ ങ്ങൾ  ലളിതമായി
പ്രതിപാദിക്കുന്ന ഒരു
 പദ്യം



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക