Image

പത്മശ്രീ രാജന്‍ ദേവദാസ് (ഓര്‍മ്മക്കുറിപ്പ് - സിനി പണിക്കര്‍)

സിനി പണിക്കര്‍ Published on 17 February, 2015
പത്മശ്രീ രാജന്‍ ദേവദാസ് (ഓര്‍മ്മക്കുറിപ്പ് - സിനി പണിക്കര്‍)
മരണപ്പെട്ട ഒരാളെപ്പറ്റി എഴുതാനിരിക്കുമ്പോള്‍ പലവിധ ചിന്തകളാണ്. അവയ്ക്കിടയിലൂടെ മരണപ്പെട്ട വ്യക്തിജീവിച്ചിരുന്നപ്പോഴെക്കാളും തെളിമയോടെ ഉള്ളില്‍ കാണാറാകുന്നു. ഒരു ക്രിസ്റ്റല്‍ ക്ലാരിറ്റി ആ വ്യക്തിയെപ്പറ്റി നമുക്ക് സാധ്യമാവുന്നു. ഒരു ലേഖനമെഴുതി പത്മശ്രീ രാജന്‍ ദേവദാസ് എന്നൊരു വ്യക്തി വാഷിംഗ്ടണില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നു വായനക്കാരെ അറിയിക്കണം എന്നുണ്ടായിരുന്നു. എന്തുകൊണ്ടോ നടന്നില്ല. ഇനിയിപ്പോള്‍ മരണത്തിന്റെ വഴിയേ അദ്ദേഹത്തിന്റെ ജീവിതത്തിലേയ്ക്ക് ഒന്നുകൂടി തിരിച്ചുപോകാം.

നിങ്ങള്‍ വായനക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നുണ്ടാവും എന്താണ് രാജന്‍ ദേവദാസിന്റെ പ്രസക്തി എന്ന്. പല പത്രങ്ങളിലും വന്ന വാര്‍ത്ത ഇതാണ്: 'രാജന്‍ ദേവദാസ്, ഫോട്ടോ ജേര്‍ണലിസ്റ്റ്, 93 വയസ്സ്, അമേരിക്കയിലെ മേരിലാന്‍ഡില്‍ റോക്ക് വില്‍ എന്ന സ്ഥലത്ത് നിര്യാതനായി. 1921-ല്‍ തിരുവനന്തപുരത്ത് ജനിച്ച അദ്ദേഹം ഇന്ത്യാ-യുഎസ് ബന്ധങ്ങളുടെ കഴിഞ്ഞ അന്‍പതുവര്‍ഷക്കാലത്തെ വാഷിംഗ്ടണിലെ ചിത്രലേഖകനായിരുന്നു.' വാര്‍ത്തകള്‍ അവിടെ അവസാനിച്ചു. 93 വര്‍ഷം നീണ്ടുനിന്ന അസാധാരണമായ ഒരു ജീവിതയാത്രയ്ക്ക് വളരെ സാധാരണമായി ഏതാനും വരികളുള്ള ഒരു അടിക്കുറിപ്പ്.

ശരിയാണ്. 1950-കളുടെ അവസാനം മുതല്‍ ഈ അടുത്ത കാലം വരെയുള്ള ഇന്ത്യാ-യുഎസ് ബന്ധങ്ങളുടെ വളര്‍ച്ചയും തളര്‍ച്ചയും ആഴവും പരപ്പും അറിയണമെങ്കില്‍ രാജന്‍ ദേവദാസിന്റെ ചിത്രങ്ങളിലൂടെ ഒന്നു സഞ്ചരിച്ചാല്‍ മതി. അദ്ദേഹത്തിന്റെ ക്യാമറകള്‍ നെഹ്രു മുതല്‍ മന്‍മോഹന്‍സിങ്ങ് വരെ, ഐസന്‍ഹോവര്‍ മുതല്‍ ജോര്‍ജ് ബുഷ് വരെയുള്ള രാഷ്ട്രത്തലവന്‍മാരെ പിന്‍തുടര്‍ന്നു. അരനൂറ്റാണ്ടുകാലത്തെ വാഷിംഗ്ടണ്‍ രാഷ്ട്രീയത്തിന്റെ സഞ്ചരിക്കുന്ന എന്‍സൈക്ലോപീഡിയ ആയിരുന്നു രാജന്‍ ദേവദാസ്. ഒന്നാലോചിച്ചു നോക്കൂ. സ്വാതന്ത്ര്യം വിദൂര സ്വപ്‌നമായിരുന്ന ഒരിന്ത്യയില്‍ രാജഭരണത്തിനു കീഴെയുള്ള തിരുവനന്തപുരത്തു ജനിച്ചയാള്‍, ഫ്രീവേള്‍ഡിന്റെ തലപ്പത്ത്് നില്‍ക്കുന്ന അമേരിക്കയുടെ തലസ്ഥാന നഗരിയില്‍ വന്നിറങ്ങുന്ന രാജാക്കന്‍മാരുടെ രാജ്ഞിമാരുടെ, പ്രധാനമന്ത്രിമാരുടെ, ഷെയ്ക്കുമാരുടെ, നയതന്ത്രജ്ഞന്‍മാരുടെയും ലോകോത്തര കലാകാരന്‍മാരുടെയും ചലനങ്ങള്‍ ഒപ്പിയെടുക്കുന്ന ഫോട്ടോഗ്രാഫര്‍ ആവുക! ഒരു 'ജെന്റില്‍ സോള്‍' എന്നു എത്രയോ പ്രമുഖ വ്യക്തികള്‍  വിശേഷിച്ചിട്ടുള്ള രാജന്‍ ദേവദാസിനെപ്പറ്റി ഒരു അംബാസിഡര്‍ ഇങ്ങനെ പറഞ്ഞു: 'വാഷിംഗ്ടണില്‍ ഇന്ത്യന്‍ അംബാസിഡര്‍മാര്‍ വരും പോകും. പക്ഷെ ഇന്ത്യയുടെ എക്കാലത്തെയും അംബാസിഡറാണ് രാജന്‍ ദേവദാസ്' 93-ാം വയസ്സിലും അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്നത് ഇന്ത്യയുടെ പാസ്സ്‌പോര്‍ട്ട് ആയിരുന്നു.  ഏതാണ് രാജന്‍ ദേവദാസ് മനസ്സില്‍ കൊണ്ടുനടന്നിരുന്ന ഇന്ത്യ എന്നറിയാന്‍ നമുക്ക് കുറേക്കൂടി പുറകിലേയ്ക്ക് സഞ്ചരിക്കുകയും വേണം.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ വാഷിംഗ്ടണിലെത്തിയ എനിയ്ക്ക് ചരിത്രപുസ്തകങ്ങളിലൂടെ അറിഞ്ഞിട്ടുള്ള പണ്ഡിറ്റ് മദനമോഹനമാളവ്യയെയും ഡോക്ടര്‍ രാധാ കൃഷ്ണനെയും നേരിട്ടറിയുമായിരുന്ന, അവരുമായി നിത്യസമ്പര്‍ക്കമുണ്ടായിരുന്ന ഒരാളെ ഈ നഗരത്തില്‍ വച്ച് പരിചയപ്പെടുക എന്നത് അതിവിസ്മയകരമായി തോന്നി. ശരിയ്ക്കുള്ള ഗാന്ധിയന്മാര്‍ കേരളത്തില്‍ അന്നേ നാശോന്‍മുഖമായ വംശമായിരുന്നു. പക്ഷേ ഇവിടെ വാഷിംഗ്ടണില്‍ ഒരു ഗാന്ധിയന്‍! നാലണ കൊടുത്ത് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സില്‍ ്അംഗത്വം എടുത്തയാള്‍! ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴും പിന്നീട് അവിടെ ജോലി ചെയ്യുമ്പോഴും പണ്ഡിറ്റ് മാളവ്യയുടെയും ഡോ.രാധാകൃഷ്ണന്റെയും പ്രസംഗങ്ങളും ലേഖനങ്ങളും ടൈപ്പ് ചെയ്്ത് കൊടുത്തിരുന്നയാള്‍! BHU- ല്‍ നടന്ന ഒരു സമ്മേളനത്തില്‍ ഗാന്ധിജിയുടെ തൊട്ടടുത്ത്, അദ്ദേഹത്തെ എഴുന്നേല്‍ക്കുവാന്‍ സഹായിക്കാനുള്ള ഉത്തരവാദിത്വവുമായി വേദിയില്‍ ഒപ്പം ഇരുന്നയാള്‍! രാജന്‍ ദേവദാസിന്റെ അനുഭവങ്ങളിലൂടെ 1940കളിലെ വടക്കേ ഇന്ത്യയിലെ സ്വാതന്ത്ര്യ സമരങ്ങളുടെ, മീറ്റിങ്ങുകളുടെ, പ്രക്ഷോഭണങ്ങളുടെ വിവരണങ്ങള്‍ ലഭിക്കുക എന്നത് അസുലഭങ്ങളായ അവസരങ്ങളായിരുന്നു.

പതിനേഴോ പതിനെട്ടോ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഇന്നത്തെ ഇന്ത്യാ യാത്രകള്‍ക്ക് കുറ്റം പറയുന്നവരാണ് ഞങ്ങള്‍ അമേരിക്കന്‍ പ്രവാസികള്‍. കുറേകൂടി വേഗതയുള്ള വിമാനങ്ങള്‍, കൊച്ചിയിലേയ്‌ക്കോ തിരുവനന്തപുരത്തേയ്‌ക്കോ നേരിട്ടുള്ള വിമാനങ്ങള്‍- ഒക്കെ വേണം ഞങ്ങള്‍ക്ക്. പക്ഷേ 1954 ലെ തണുപ്പുള്ള ഡിസംബറില്‍ 350 ഡോളര്‍ യാത്രാച്ചെലവ് കൊടുത്ത് ചരക്കുകപ്പലില്‍ ഒരു സീറ്റു തരപ്പെടുത്തി ഒരു മാസം യാത്ര ചെയ്ത് ന്യൂയോര്‍ക്കില്‍ എത്തിയതാണ് രാജന്‍ ദേവദാസ്. പഠിക്കുവാനായിട്ട്. ആ കപ്പലിലെ ഒരേ ഒരു ഇന്ത്യന്‍ വംശജന്‍. വിദേശ യാത്രക്കാര്‍ ആദ്യമാദ്യം ദൂരത്ത് നിര്‍ത്തിയ കറുത്ത്്‌മെലിഞ്ഞ രാജന്‍ പതിയെ ത്വക്കിന്റെ നിറത്തിനുമപ്പുറം നില്‍ക്കുന്ന സുഹൃത്തും സഹായിയും ആയി മാറി കപ്പലിലെ ക്യാപ്റ്റനടക്കമുള്ള വിദേശികള്‍ക്ക്.
എണ്‍പതുകള്‍ക്ക് മുമ്പ് അമേരിക്കയിലെത്തിയ കറുത്ത നിറമുള്ള എല്ലാ ഇന്ത്യാക്കാര്‍ക്കും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ വര്‍ണ്ണവിവേചനം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ, എങ്ങിനെയൊക്കെയോ രാജന്‍ ദേവദാസ് പല വെള്ളക്കടമ്പകളും ചാടിക്കടന്നു.(രാജനങ്കിള്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരുന്നതുകൊണ്ടാണ് എന്നാണ്). ആ അനുഗ്രഹത്തിനുമപ്പുറം എപ്പോഴും തെളിഞ്ഞുനില്‍ക്കുന്ന അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ ചിരിയാവാം കാരണം. അല്ലെങ്കില്‍, എളിമയും തനിമയും എടുത്തുകാണിക്കുന്ന സ്വഭാവവും സംഭാഷണങ്ങളുമാവാം. അദ്ദേഹത്തിന്റെ കൂടെ ഇരിക്കുമ്പോള്‍ പലപ്പോഴും തോന്നിയിട്ടുണ്ട് ആ തലമുറയിലെ അനേകം പേരെ അടുത്തറിയുവാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന്. ഞാന്‍ ഉള്‍പ്പെടെയുള്ള പിന്നീടുള്ള തലമുറകള്‍ക്കു കൈമോശം വന്നുപോയ വിനയവും, നൈര്‍മല്യവും, വാക്കുകളും ഭാഷയും സൂക്ഷിച്ചുപയോഗിക്കുന്ന പാടവവും, എല്ലാത്തിനുമുപരി മറ്റൊരു വ്യക്തിയോടുള്ള ആദരവും- പഴയ തലമുറയോടെ ഇതൊക്കെയും നഷ്ടപ്പെട്ടുവല്ലോ.

സ്‌ട്രോക്ക് വന്നതുമൂലം ഒരു നേഴ്‌സിംഗ് ഹോമിലെ മുറിയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തെ സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹമെടുത്ത ചിത്രങ്ങളിലൂടെ സഞ്ചരിയ്ക്കാനായിരുന്നു ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും താത്പര്യം. ഒരു ചിത്രം ഒരായിരം വാക്കുകള്‍ക്ക് സമാനമാവുന്ന കഥ മൗനമായി പറയും. പക്ഷെ, ആ ചിത്രത്തിനു പിന്നിലെ കഥകളോ? അമേരിക്കന്‍ പ്രസിഡന്റ് റെയ്ഗനും കനേഡിയന്‍ പ്രൈം മിനിസ്റ്റര്‍ ട്രൂഡോയും ഇരിക്കുന്ന ചിത്രങ്ങളുടെ ഒരു സീരിസ് തന്നെ കണ്ടപ്പോള്‍ അവയുടെ പിന്നിലെ കഥ ഞാന്‍ ചോദിച്ചു. രണ്ടു രാഷ്ട്രതലവന്‍മാര്‍ ഇരുന്നു സംസാരം  തുടങ്ങുമ്പോള്‍ അവര്‍ തമ്മില്‍ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നിശ്ചിത അകലം. പക്ഷേ, അവര്‍ രണ്ടു മനുഷ്യരായ സംഭാഷണം മുന്നോട്ടുകൊണ്ടു പോകുന്തോറും ബോഡി ലാംഗേജ് അവര്‍ തമ്മിലുള്ള ദൂരം കുറച്ചു കൊണ്ടുവന്നു. അല്‍പ്പം കൂടി ചേര്‍ന്നിരിക്കൂ എന്നു രാജന്‍ ദേവദാസ് പ്രൊട്ടോക്കോള്‍ തെറ്റിച്ച് അഭ്യര്‍ത്ഥിച്ചപ്പോള്‍ 'ലെറ്റ് അസ് മേക്ക് രാജന്‍ ഹാപ്പി' എന്നു പറഞ്ഞ് റെയ്ഗനും ട്രൂഡോയും കുറച്ചു കൂടി അടുപ്പത്തിലായി. (വൈറ്റ് ഹൈസ് പ്രെസ്സ് കോറിലുള്ള ജേര്‍ണലിസ്റ്റുകളും ഫോട്ടോഗ്രാഫര്‍മാരും പ്രസിഡണ്ടിനോട് അങ്ങോട്ട് കയറി സംസാരിക്കാന്‍ അനുവാദമില്ല. പ്രസിഡന്റ് ആദ്യം സംസാരിച്ചാലേ മറുപടി പറയാവൂ എന്നാണ് പ്രോട്ടോക്കോള്‍)

മദര്‍ തെരേസയുടെ കൂപ്പുകൈകളും അയേണ്‍ ലേഡി മാര്‍ഗ്ഗരറ്റ് താച്ചറുടെ ഗാംഭീര്യമാര്‍ന്ന നോട്ടവും. ഇറാനിലെ ഷാ പദവിയിലിരുന്നപ്പോഴും പിന്നീട് പദവി നഷ്ടപ്പെട്ട് ആശ്രയം ചോദിച്ചു വന്നപ്പോഴും. ചെരുപ്പുകളുടെ റാണി ഫിലിപ്പീന്‍സിലെ ഇമെല്‍ഡയും ചെരുപ്പിടാത്ത പൂജാരിയും. ദലൈലാമയും പോപ്പും. രാജന്‍ദേവദാസിന്റെ ശേഖരങ്ങളില്‍ എത്രയെത്ര ചിത്രങ്ങള്‍! എത്രയെത്ര കഥകള്‍!
രാജന്‍ ദേവദാസുമായുള്ള അവസാനത്തേതെന്നറിയാത്ത എന്റെ അവസാന സന്ദര്‍ശനവേളയില്‍ അദ്ദേഹം എനിയ്ക്ക് സോണിയാഗാന്ധി പ്രസിദ്ധീകരിച്ച രാജീവ്ഗാന്ധി എടുത്ത ചിത്രങ്ങളുടെ ബുക്ക് വിവരിച്ചുതന്നു. രാജീവ് ഗാന്ധിയുടെയും ആ കുടുംബത്തിന്റെയും എത്രയോ ചിത്രങ്ങള്‍ എടുത്തിട്ടുള്ള രാജന്‍ ദേവാസിന് സോണിയഗാന്ധി സ്‌നേഹപൂര്‍വ്വം അയച്ചുകൊടുത്ത ബുക്ക്. ആ ചിത്രങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ഞാനടക്കമുള്ള പൊതുജനം അറിയാത്ത ഒരു രാജീവിനെ ഞാന്‍ കണ്ടു. രാജനങ്കിളിന്റെ വിവരണങ്ങള്‍ കൂടിയായപ്പോള്‍- അല്‍പ്പം ഇടറിയ സ്വരത്തില്‍ 'He was a good man' എന്നു അങ്കിള്‍ പറഞ്ഞപ്പോള്‍- ഒരു ബോംബ് സ്‌ഫോടനത്തിന്റെ ഓര്‍മ്മയും വിഷാദവും നേഴ്‌സിംഗ് ഹോമിലെ ആ ചെറിയ മുറിയില്‍ പരക്കുന്നുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ അവസാന സംഭാഷണങ്ങള്‍ പലപ്പോഴും ഇന്ത്യയെക്കുറിച്ചായിരുന്നു. ഏതൊരു യാത്രയുടെയും ഒടുക്കം തുടക്കത്തിലെത്തുന്നതുപോലെ. പി. ഭാസ്കരന്റെ 'ആദിയിലേയ്ക്കു നീ അറിയാതൊഴുകും' എന്ന വരി എന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ട് തിരുവനന്തപുരത്ത് നിന്ന് കല്‍ക്കത്തയും ബനാറസും വഴി വാഷിംഗ്ടണിലെത്തിയ കഥകള്‍ അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. സോഷ്യോളജി പഠിക്കാനെത്തി ഇമോജന്‍ കണ്ണിംഗ്ഹാം എന്ന പ്രസിദ്ധയായ ഫോട്ടോഗ്രാഫര്‍ വഴി വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിയുടെ ഫോട്ടോഗ്രാഫര്‍ ആയി രാജന്‍ ദേവദാസ്. വൈറ്റ്ഹൗസിലെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ ഫോട്ടോഗ്രാഫറും ആയിരുന്നു. ഗാന്ധിജിയുടെ ആരാധകനായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങ് നയിച്ച 1963-ലെ വര്‍ണ്ണവിവേചനത്തിനെതിരെയുള്ള മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പറ്റിയത്് ഗാന്ധിജിയെ എന്നും മനസ്സില്‍ കൊണ്ടു നടന്നിരുന്ന രാജന്‍ ദേവദാസിന് മറക്കാനാവാത്ത അനുഭവമായി. ഇങ്ങനെ എത്രകഥകള്‍, വിവരണങ്ങള്‍!

ചരിത്രപരമായ ലേഖനങ്ങളിലും സ്മാരകങ്ങളിലും അധികം താത്പര്യമില്ലാത്തവരാണ് നമ്മള്‍ ഇന്ത്യക്കാര്‍. വരും തലമുറകള്‍ക്ക് വേണ്ടി അധികമൊന്നും പറഞ്ഞും എഴുതിയും വയ്ക്കാന്‍ മിനക്കെടാത്തവര്‍. ഇന്ത്യാ ഗവണ്‍മെന്റ് രാജന്‍ ദേവദാസിന്റെ ആയിരക്കണക്കിനു ചിത്രങ്ങളും ലേഖനങ്ങളും സമാഹരിച്ച് ഒരു പുസ്തത്തിന് ശ്രമിക്കുന്നുണ്ടെന്നും കേട്ടു. വരും തലമുറയിലെ ഒരാള്‍ക്കുവേണ്ടി മാത്രമാണെങ്കില്‍ കൂടിയും അങ്ങനെയൊരു പുസ്തകം ഉണ്ടാവേണ്ടതാണ്.

പത്മശ്രീ രാജന്‍ ദേവദാസ് (ഓര്‍മ്മക്കുറിപ്പ് - സിനി പണിക്കര്‍)
പത്മശ്രീ രാജന്‍ ദേവദാസ് (ഓര്‍മ്മക്കുറിപ്പ് - സിനി പണിക്കര്‍)
പത്മശ്രീ രാജന്‍ ദേവദാസ് (ഓര്‍മ്മക്കുറിപ്പ് - സിനി പണിക്കര്‍)
പത്മശ്രീ രാജന്‍ ദേവദാസ് (ഓര്‍മ്മക്കുറിപ്പ് - സിനി പണിക്കര്‍)
Join WhatsApp News
kaavya 2015-02-20 20:39:36
Very illuminative article on this great man, whom few Indians living in India, or the Indians at USA knew about. He happens to be a part of our noble history. Thank u for the insight, Sini Panikker.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക