Image

ദൈവത്തിന് പ്രിയങ്കരനായ ബെയ്‌സില്‍ (ജോസ് പിന്റോ സ്റ്റീഫന്‍)

ജോസ് പിന്റോ സ്റ്റീഫന്‍ Published on 17 February, 2015
ദൈവത്തിന് പ്രിയങ്കരനായ ബെയ്‌സില്‍ (ജോസ് പിന്റോ സ്റ്റീഫന്‍)
എന്റെ കൗമാര പ്രായത്തില്‍ കൊച്ചു വേളിയില്‍ തന്നെയുളള പുതിയ ഭവനത്തിലേക്ക് ഞങ്ങള്‍ താമസം മാറിയ നാള്‍ തൊട്ടാണ് ബെയ്‌സിലുമായി കൂടുതല്‍ അടുത്തിടപെടാന്‍ തുടങ്ങിയത്. എന്റെ വീടിന്റെ മുമ്പിലുളള റോഡിനപ്പുറമുളള വീട്ടിലായിരുന്നു ബെയ്‌സില്‍ അന്തിയുറങ്ങാന്‍ എത്തിയിരുന്നത്.

പകല്‍ സമയങ്ങളില്‍ തൊട്ടടുത്തുളള പ്രദേശങ്ങളായ വെട്ടുകാട്, കണ്ണാന്തുറ എന്നിവിടങ്ങളിലൊക്കെ ചുറ്റിക്കറങ്ങലായിരുന്നു ബെയ്‌സിലിന്റെ മുഖ്യ ജോലി. മനസ്സിനും ശരീരത്തിനും പൂര്‍ണ്ണ വളര്‍ച്ച ലഭിച്ചിട്ടില്ലാത്ത ഒരു മനുഷ്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അവസ്ഥയെ എങ്ങനെ വിവരിക്കണമെന്നറിയില്ല. ഒരു പക്ഷേ, നമ്മുടെ ഭാഷയില്‍ മന്ദബുദ്ധിയെന്നോ, കൂനനെന്നോ വിളിക്കപ്പെടുന്ന ഒരു വ്യക്തിത്വം, മനുഷ്യ ദൃഷ്ടിയില്‍ഹത ഭാഗ്യനെങ്കിലും ദൈവത്തിന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുളള ദൈവത്തിന്റെ ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരാള്‍.

ബെയ്‌സില്‍ എവിടെ ജനിച്ചെന്നോ, ബെയ്‌സിലിന്റെ മാതാപിതാക്കളും സഹോദരങ്ങളും ആരെക്കെയായിരുന്നുവെന്നോ ആര്‍ക്കും വ്യക്തമായി അറിവില്ല. നല്ലൊരു കുടുംബത്തില്‍ ജനിച്ചവനാണെന്നും വീട്ടുകാര്‍ സാമ്പത്തികശേഷി ഉളളവരായിരുന്നുവെന്നുമൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. അത് സത്യമാണോ എന്നറിയാം. കാര്യമെന്തെക്കെയാണെങ്കിലും ഒരു ആകാശപറവയെപ്പോലെ കറങ്ങി തിരിഞ്ഞു ജീവിക്കാനായിരുന്നു ബെയ്‌സിലിന്റെ യോഗം. പറവകളെപ്പോലെ വിതച്ചില്ലെങ്കിലും കൊയ്തില്ലെങ്കിലും അദ്ദേഹത്തെയും ദൈവം സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തു.

കുറെ നാളുകള്‍ക്ക് മുന്‍പ് ബെയ്‌സിലിനെ കുറിച്ചറിയാന്‍ വീണ്ടും താല്‍പര്യമുണ്ടായി നാട്ടില്‍ വിളിച്ചന്വേഷിച്ചപ്പോള്‍ ആര്‍ക്കും അത്ര വ്യക്തതയില്ല. മരിച്ചു വെന്നാണ് തോന്നുതെന്ന് ചിലര്‍ പറഞ്ഞു. മനുഷ്യന്റെ കണക്കു പുസ്തകത്തില്‍ ഇത്തരം വ്യക്തികളുടെ ജനനം, മരണം എന്നിവയൊന്നും രേഖപ്പെടുത്താറില്ലല്ലോ. അങ്ങനെയൊരു വാര്‍ത്ത ലഭിച്ചനാള്‍ തൊട്ട് ബെയ്‌സിലിനെക്കുറിച്ച് എഴുതണമെന്ന് എനിക്ക് വല്ലാത്ത ആഗ്രഹമുണ്ടായി. അതോടൊപ്പം ബെയ്‌സിലിനോടൊപ്പമെടുത്ത ചിത്രങ്ങള്‍ പുറംലോകത്തെ കാണിക്കണമെന്നും.

ഒരു പക്ഷേ, ബെയ്‌സിലിന്റേതായിട്ടുളള അപൂര്‍വ്വ ചിത്രങ്ങളിലൊന്നായിരിക്കാം. എന്റെ കയ്യിലുളള ചിത്രങ്ങള്‍. എന്തായാലും അന്ന് ആ ചിത്രങ്ങള്‍ എടുക്കാന്‍ സാധിച്ചത് വലിയ അനുഗ്രഹമായി ഇന്നെനിക്കനുഭവപ്പെടുന്നു. അതുപോലെ ഈ വരികള്‍ കുറിക്കാന്‍ സാധിക്കുന്നതും അനുഗ്രഹം തന്നെ.

ഷര്‍ട്ടും പാന്റ്‌സുമായിരുന്നു ബെയ്‌സിലിന്റെ വേഷം. ഒരേ ഷര്‍ട്ടും പാന്റ്‌സും തന്നെ ദീര്‍ഘ നാള്‍ ഇട്ടുകുളിക്കുന്നതിന്റെയോ ശുചിത്വമായിരിക്കുന്നതിന്റെയോ പ്രാധാന്യം അറിയാത്തതുകൊണ്ട് അതിനൊന്നും ശ്രദ്ധിക്കാറില്ലായിരുന്നു. എന്നാലും ഇടയ്ക്കിടയ്ക്ക് എന്റെ അയല്‍വാസികളായ ആ വീട്ടുകാര്‍ നിര്‍ബന്ധിച്ച് അദ്ദേഹത്തെ കുളിപ്പിക്കുമായിരുന്നു. അപ്പോള്‍ മാറുന്ന വേഷം അടുത്ത കുളി വരെ ധരിക്കും. ഇതാണ് ജീവിത രീതി.

വഴിനീളെ കിട്ടുന്ന നോട്ടീസുകള്‍ ശേഖരിച്ച് പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിക്കുമായിരുന്നു. അതുപോലെ ആരെങ്കിലും നല്‍കുന്ന ചില്ലറകളും. ഒരു ദുശ്ശീലം മാത്രമേ ബെയ്‌സിലുണ്ടായിരുന്നുളളൂ എന്ന് ഞാന്‍ കരുതുന്നു. പുകവലിയായിരുന്നു അത്. പൈസ കൊടുത്ത് സിഗരറ്റ് വാങ്ങി വലിച്ചതായി അറിവില്ല. ആരെങ്കിലും വലിച്ചിട്ട് എറിഞ്ഞു കളയുന്ന മുറി ബീഡികളും സിഗരറ്റുകളും പെറുക്കിയെടുത്ത് വലിക്കുകയായിരുന്നു ശീലം. ആര് വലിച്ചിട്ട് കളഞ്ഞതാണെന്നോ, അത് ഏത് ബ്രാന്‍ഡാണെന്നോ അദ്ദേഹം ശ്രദ്ധിക്കാറില്ലായിരുന്നു. അതുപോലെ ഏത് സമയത്ത് പുകവലിക്കാമെന്നും അങ്ങനെ നിര്‍ബന്ധവുമില്ലായിരുന്നു കിട്ടുമ്പോള്‍ വലിക്കും അത്രമാത്രം. ആ പ്രദേശങ്ങളില്‍ കഞ്ചാവ് വലിക്കാരോ മറ്റ് മയക്കു മരുന്നുപയോഗക്കാരോ ഇല്ലാതിരുന്നതിനാല്‍ അവയൊന്നും ഉപയോഗിക്കേണ്ട ഗതികേട് അദ്ദേഹത്തിനുണ്ടായില്ല.

അങ്ങനെ നിരന്തരം പുകവലിക്കുകയും അടുക്കും ചിട്ടയുമില്ലാത്ത ജീവിതം നയിച്ചിട്ടും കാര്യമായ അസുഖമൊന്നും ബെയ്‌സിലിനുണ്ടായിരുന്നില്ല. അങ്ങനെയെന്തെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ തന്നെയും ബെയ്‌സിലിനോ മറ്റാര്‍ക്കുമെങ്കിലോ അതിനെപ്പറ്റി യാതൊരു അറിവുമില്ലായിരുന്നു .എന്നിട്ടും പ്രായമെത്തി വയസ്സനായിട്ടായിരുന്നു ബെയ്‌സില്‍ മരിച്ചത്. ഈ ലേഖനം എഴുത്തുന്നതിന് രണ്ട് ദിവസങ്ങള്‍ക്കും മുമ്പ് നാട്ടിലെ സുഹൃത്തുക്കളെ വിളിച്ച് അദ്ദേഹം മരിച്ചു എന്ന കാര്യം ബോധ്യപ്പെട്ടതിനുശേഷമാണ് ഞാനിത് രേഖപ്പെടുത്തുന്നത്.

ബെയ്‌സില്‍ ആരെയെങ്കിലും വെറുത്തിരുന്നോ എന്നെനിക്കറിയില്ല. ബെയ്‌സിലിനെപ്പോലുളള മറ്റു രണ്ടു വ്യക്തികളായിരുന്നു അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുക്കള്‍. എപ്പോഴും നിക്കറിട്ട് നടക്കുന്ന സലീമും രാമചന്ദ്രനും ആയിരുന്നു ആ സുഹൃത്തുക്കള്‍. മതമൈത്രിയുടെ ഉത്തമ ഉദാഹരണം.

ബെയ്‌സില്‍ താമസിച്ചിരുന്ന വീട്ടിലെ അംഗങ്ങള്‍ അദ്ദേഹത്തെയും അവിടത്തെ, അംഗത്തെപ്പോലെ പരിഗണിച്ചിരുന്നു. അതിനവര്‍ക്ക് ദൈവാനുഗ്രഹം ഉണ്ടാകുമെന്നതില്‍ സംശയമില്ല. ആ പ്രദേശത്തുളള മുതിര്‍ന്നവരെ അണ്ണനെന്നും ചേച്ചിയെന്നും ബെയ്‌സില്‍ വിളിക്കുമായിരുന്നു. അതുപോലെ ഇളയവരെ, ആണായാലും പെണ്ണായാലും 'അപ്പി എന്നായിരുന്നു ബെയ്‌സില്‍ വിളിച്ചിരുന്നത്. ബെയ്‌സിലിനെ ചേട്ടനെന്ന് അവര്‍ വിളിക്കുമായിരുന്നു.

അപ്പികളെല്ലാം വളര്‍ന്നു. ബെയ്‌സില്‍ മാത്രം വളര്‍ന്നില്ല. തമാശയാക്കി, ആ പ്രദേശത്തുളള പെണ്‍കുട്ടികളിലൊരാളെക്കൊണ്ട് ബെയ്‌സിലിനെ വിവാഹം കഴിപ്പിക്കുമെന്ന് നാട്ടുകാര്‍ പറയുമായിരുന്നു. അത് വിശ്വസിച്ച ബെയ്‌സില്‍, ആ കുട്ടികളെ സ്‌നേഹാദരവോടെ വീക്ഷിക്കുമായിരുന്നു. അവരെല്ലാം വളരുകയും വിവാഹം കഴിക്കുകയും ചെയ്തു ഓരോ പെണ്‍കുട്ടിയുടെയും വിവാഹം കഴിയുന്ന നാള്‍ തൊട്ട് ബെയ്‌സില്‍ അവരെ ചേച്ചിയെന്നു വിളിക്കാന്‍ തുടങ്ങി. അവരുടെ വരന്മാരെ അണ്ണനെന്നും. ബെയ്‌സിലിന്റെ കല്യാണം മാത്രം നടന്നില്ല.

ബെയ്‌സിലിന് ഇതിലൊന്നും പരാതിയില്ലായിരുന്നു. ഓരോ കുട്ടിയുടെയും കല്യാണം കഴിയുമ്പോള്‍ അടുത്ത കുട്ടിയെയാണ് താന്‍ കല്യാണം കഴിക്കുകയെന്ന് മാറ്റി പറയുമായിരുന്നു എന്നു മാത്രം. ഒരിക്കലും ബെയ്‌സില്‍ നിരാശപ്പെട്ടില്ല. ഇത്തരം മനോഭാവമല്ലേ യഥാര്‍ത്ഥ ദൈവ ഭക്തി ? എന്തു തളര്‍ച്ചയുണ്ടായാലും വീണ്ടും അവസരം തരാന്‍ ദൈവത്തിനു സാധിക്കുമെന്ന ഈ പ്രത്യാശ എന്തു കൊണ്ട് നമുക്കു ലഭിക്കുന്നില്ല. ഒരു വാതില്‍ നമ്മുടെ മുമ്പില്‍ അടയപ്പെടുമ്പോള്‍ മറ്റൊരു വാതില്‍ തുറന്നു തരാന്‍ ദൈവത്തിനു സാധിക്കുമെന്നുളള ആ വിശ്വാസം നമുക്കുണ്ടാകുകയാണെങ്കില്‍, ഏത് പ്രതികൂല സാഹചര്യത്തെയും സമചിത്തതയോടെ നേരിടാന്‍ നമുക്ക് സാധിക്കും.

ബെയ്‌സിലുമായി എനിക്കുണ്ടായ ഒരു അനുഭവം ഇവിടെ പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആ ദിവസങ്ങളിലൊന്നില്‍ എനിക്ക് ഒരു തൊപ്പി സമ്മാനമായി ലഭിച്ചു. അത് ഞാന്‍ തലയില്‍ വച്ചിരിക്കുന്നതു കണ്ടപ്പോള്‍ അത് കിട്ടിയാല്‍ കൊളളാമെന്ന് ബെയ്‌സിലിനാഗ്രഹമുണ്ടായി. അപ്പോള്‍ തന്നെ ആ തൊപ്പി ബെയ്‌സിലിന്റെ തലയില്‍ ഞാന്‍ വച്ചുകൊടുത്തു. അപ്പോള്‍ ബെയ്‌സിലിനുണ്ടായ സന്തോഷം ഇന്നും എനിക്കോര്‍മ്മയുണ്ട് എനിക്കും വലിയ സന്തോഷമുണ്ടായി.

ദിവസങ്ങള്‍ കടന്നുപോയി. ഒരു പെരുമഴ പെയ്യുന്ന ദിവസം. കുട ചൂടിയിട്ടും വസ്ത്രങ്ങള്‍ കുറെയേറെ നനഞ്ഞതിന്റെ സങ്കടത്തില്‍ വീടിനടുത്തെത്തിയ ഞാന്‍ കണ്ടത് മഴയത്ത് പൂര്‍ണ്ണമായി നനഞ്ഞ് നടന്നു നീങ്ങുന്ന ബെയ്‌സിലിനെയാണ് അടുത്തുളള കടത്തിണ്ണയിലേക്ക് ഞാന്‍ കയറി നിന്നു ബെയ്‌സിലും എന്റടുത്തുവന്നു നിന്നു. ഞാന്‍ തന്ന തൊപ്പിയെവിടെ എന്നു ചോദിച്ചപ്പോള്‍ പോക്കറ്റില്‍ നിന്നും ഒരു പൊതിയെടുത്ത് എന്നെ കാണിച്ചു. പ്ലാസ്റ്റിക് കവറിനുളളില്‍ ഭദ്രമായി പൊതിഞ്ഞ് റബര്‍ ബാന്റിട്ട് കെട്ടി സുരക്ഷിതമായി സൂക്ഷിച്ചിരുന്ന തൊപ്പി കണ്ട് ഞാനറിയാതെ ചിരിച്ചു പോയി.

എന്നിട്ടും അതറിയിക്കാതെ ഞാന്‍ ചോദിച്ചു. 'ബെയ്‌സില്‍ എന്തുകൊണ്ടാണ് തലയില്‍ വയ്ക്കാത്തത് ? ''മഴയത്ത് തൊപ്പി തലയില്‍ വച്ചാല്‍ തൊപ്പി നനയും പെട്ടെന്നായിരുന്നു ആ മറുപടി .അതിന് മറുപടിയായി ഒന്നും പറയാന്‍ എനിക്ക് കഴിഞ്ഞില്ല.

മഴയത്ത് തല നനയാതിരിക്കാന്‍ ഉപയോഗിക്കേണ്ട തൊപ്പി നനയുമെന്നതിനാല്‍ അതിനെ പ്ലാസ്റ്റിക് കവറിനുളളില്‍ പൊതിഞ്ഞ് പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചുകൊണ്ട് സ്വയം മഴ നനയാന്‍ തയ്യാറായി. ആ മനോഭാവം തികച്ചും ഒരു ശിശുവിന്റെ നിഷ്‌കളങ്കമായ മനോഭാവമാണ്. അതുകണ്ട് ലോകം കളിയാക്കുമെങ്കിലും ദൈവത്തിന്റെ മുമ്പില്‍ ഏറ്റവും സ്വീകാര്യമായ മനോഭാവമാണത്.

സ്വര്‍ഗ്ഗ രാജ്യം അവരെപ്പോലെ ഉളളവര്‍ക്കുളളതാണ് എന്നരുളി ചെയ്ത യേശുനാഥന് ഏറ്റവും പ്രിയപ്പെട്ടവനായിരിക്കുന്നു. ബെയ്‌സില്‍ എന്നതില്‍ യാതൊരു സംശയവുമില്ല. അങ്ങനെയുളള ഒരാള്‍ക്ക് ഒരു തൊപ്പിയെങ്കിലും നല്‍കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. സ്വര്‍ഗ്ഗ പിതാവിന്റെ മടിത്തട്ടിലിരുന്നുകൊണ്ട് എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ബെയ്‌സിലിനോട് ഞാനപേക്ഷിക്കുന്നു. നമുക്കെല്ലാവര്‍ക്കും വേണ്ടിയും പ്രാര്‍ഥിക്കാന്‍ ആ മഹാത്മാവിനോട് നമുക്കാവശ്യപ്പെടാം.
ദൈവത്തിന് പ്രിയങ്കരനായ ബെയ്‌സില്‍ (ജോസ് പിന്റോ സ്റ്റീഫന്‍)
ദൈവത്തിന് പ്രിയങ്കരനായ ബെയ്‌സില്‍ (ജോസ് പിന്റോ സ്റ്റീഫന്‍)
ദൈവത്തിന് പ്രിയങ്കരനായ ബെയ്‌സില്‍ (ജോസ് പിന്റോ സ്റ്റീഫന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക