Image

കൂട്ടയോട്ടം ഉജ്ജ്വലമായിരുന്നു, ഭരണമാണ്‌, കെയര്‍ഫുള്‍!

അനില്‍ പെണ്ണുക്കര Published on 26 January, 2015
കൂട്ടയോട്ടം ഉജ്ജ്വലമായിരുന്നു, ഭരണമാണ്‌, കെയര്‍ഫുള്‍!
ജഗതി ശ്രീകുമാര്‍ എന്ന അനുഗ്രഹീത നടന്‍ രോഗബാധിതനായിരുന്നില്ലെങ്കില്‍ നമുക്ക്‌ എത്രയെത്ര കഥാപാത്രങ്ങളെ കഴിഞ്ഞവര്‍ഷങ്ങളില്‍ കാണാമായിരുന്നു. അദ്ദേഹം തകര്‍ത്തഭിനയിച്ച, എന്നാല്‍ മോഹന്‍ലാല്‍ എന്ന നടനെ സൂപ്പര്‍ സ്റ്റാര്‍ ആക്കിയ ഒരു ചിത്രമാണ്‌ ഇരുപതാം നൂറ്റാണ്ട്‌. കള്ളക്കടത്തും, രാഷ്‌ട്രീയവുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. സ്വര്‍ണ്ണബിസ്‌കറ്റ്‌ കടത്തുന്ന അവസരത്തില്‍ ജഗതി ചേട്ടന്‍ പറയുന്ന ഒരു ഡയലോഗുണ്ട്‌. `സ്വര്‍ണ്ണമാണ്‌...കെയര്‍ഫുള്‍'! ഉജ്വലമായിരുന്നു. ഈ രണ്ട്‌ ഡയലോഗുകളും മലയാളി ചില സമയങ്ങളില്‍ ഉപയോഗിക്കാറുണ്ട്‌. വലിയ നായകന്മാര്‍ ചതിക്കുഴികളിലേക്ക്‌ പോകുമ്പോഴും, പോകാനും ഇത്തരം കഥാപാത്രങ്ങള്‍ ചില നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്‌. കഥയുടെ വഴിത്തിരിവും ഇത്തരം കഥാപാത്രങ്ങളിലൂടെയായിരിക്കും.

കേരള രാഷ്‌ട്രീയത്തില്‍ യു.ഡി.എഫ്‌ സര്‍ക്കാരിനെ കേരള ജനതയ്‌ക്ക്‌ മുമ്പിലെങ്കിലും ഒന്ന്‌ രക്ഷിച്ചെടുക്കാന്‍ ഒരു സഹായി ഇല്ലാതെപോയി. സമീപകാല സംഭവങ്ങളെല്ലാം ഇത്തരമൊരു വിഷയത്തിലേക്ക്‌ വിരല്‍ചൂണ്ടുന്നു. തെക്കുനിന്നു വന്നതും ഒറ്റാലില്‍ കിടന്നതും പോയി എന്ന കണക്കായി കാര്യങ്ങള്‍. ഒരുമിച്ച്‌ നിന്നാല്‍ എന്തും നേടാമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂട്ടയോട്ടം ഉദ്‌ഘാടനം ചെയ്‌തപ്പോള്‍ പറഞ്ഞത്‌ ഒരു ആഗ്രഹം മാത്രം. ഒരിക്കലും അത്‌ നടക്കാത്ത ആഗ്രഹം. പിന്നെ കൂട്ടയോട്ടത്തിന്‌ ഈ ആളുകളെല്ലാം ഓടിയത്‌ മുമ്പിലോടിയ സച്ചിന്‍ എന്ന മനുഷ്യനോടുള്ള സ്‌നേഹം കൊണ്ടാണെന്നു പറഞ്ഞാല്‍ മുഖ്യനും സമ്മതിക്കേണ്ടി വരും.

ഒന്നിച്ചു നിന്നാല്‍ എന്തും നേടാമെന്ന ധാരണ മുഖ്യമന്ത്രിക്കുണ്ടായിരുന്നുവെങ്കില്‍ 2011-ല്‍ അധികാരത്തില്‍ കയറിയ ഉമ്മന്‍ചാണ്ടിക്ക്‌ ഇന്നുവരെ കൂടെയുള്ളവരെ ഒപ്പം നിര്‍ത്താന്‍ സാധിക്കാതെ പോയത്‌ എന്താണ്‌? ബാലകൃഷ്‌ണപിള്ള, പി.സി ജോര്‍ജ്‌ തുടങ്ങി എത്രയോ പേര്‍ ഈ ഭരണം തുടങ്ങിയ കാലം മുതല്‍ ആക്ഷേപിക്കുന്നു. ജോപ്പന്‍- സരിത മുതല്‍ ഇപ്പോള്‍ ദാ മാണി വരെ എത്തിനില്‍ക്കുന്ന കഥകളൊന്നും കേരള ജനത മറക്കുമെന്ന്‌ ചാണ്ടിക്ക്‌ തോന്നുന്നുണ്ടോ?

അമ്പത്‌ വര്‍ഷത്തെ രാഷ്‌ട്രീയ പാരമ്പര്യം പറയുന്ന മാണി നാറിനാശകോശമായി. ഇനി അദ്ദേഹം പറയുന്നത്‌ കേരള ജനത വിശ്വസിക്കണമെങ്കില്‍ അല്‌പം ബുദ്ധിമുട്ടും. ലീഗിന്റെ ഗൃഹസദസുകളിലേക്കൊക്കെ ചെന്ന്‌ ഭരിക്കുന്നത്‌ ലീഗാണെന്ന്‌ വീരവാദം മുഴക്കുന്ന ഇബ്രാഹിംകുഞ്ഞിന്റെ വകുപ്പിന്റെ കഥ സ്വന്തം മന്ത്രിസഭയിലെ മുന്‍ മന്ത്രി നിയമസഭയില്‍ വിളിച്ചുകൂവിയത്‌ ഈ ഗോഡ്‌സ്‌ ഓണ്‍ കണ്‍ട്രിയിലാണ്‌. വിദ്യാഭ്യാസ വകുപ്പിലെ അഴിമതിക്കഥകള്‍ പറയാതിരിക്കുന്നതാണ്‌ ഭേദം.

ദേശീയ ഗെയിംസിന്റെ അഴിമതി വരാനിരിക്കുന്നതേയുള്ളൂ. ഭരണം തീരാന്‍ ഒന്നരവര്‍ഷം ബാക്കി നില്‍ക്കെ പലര്‍ക്കും കാശുണ്ടാക്കാന്‍ കിട്ടിയ സ്വര്‍ണ്ണത്താറാവാണ്‌ നാഷണല്‍ ഗെയിംസ്‌. ഗെയിംസിന്റെ പാചകപ്പുര ഇന്ത്യയിലെ വന്‍ ഹോട്ടല്‍ ശൃംഖലയ്‌ക്ക്‌ നല്‍കിയതില്‍ പ്രതിക്ഷേധിച്ച്‌ രുചിയുടെ തമ്പുരാന്‍ പഴയിടം മോഹനന്‍ നമ്പൂതിരി ഇനി മുതല്‍ സ്‌കൂള്‍ കലോത്സവത്തിന്‌ പാചകമൊരുക്കാന്‍ വരില്ലെന്ന്‌ അറിയിച്ചുകഴിഞ്ഞു. ഇങ്ങനെ എത്രയെത്ര കഥകള്‍ ഇനി ഗെയിംസ്‌ കഴിയുന്നതുവരെ കേള്‍ക്കാനിരിക്കുന്നു.

കേരളീയ ജനത ആകെ അങ്കലാപ്പിലാണിപ്പോള്‍. വിലക്കയറ്റം മുതല്‍ നൂറുകൂട്ടം പ്രശ്‌നങ്ങള്‍. ഗള്‍ഫ്‌ മേഖലയിലെ പ്രശ്‌നങ്ങള്‍ തുടങ്ങി ജീവിതംതന്നെ ഇല്ലാതാക്കുന്ന ജീവിതപ്രശ്‌നങ്ങള്‍ക്കിടയില്‍ അവര്‍ ഓടാനും തയാറായത്‌ , ഒന്നിച്ചുചേരാന്‍ അവര്‍ ഇനിയും തയാറാണെന്ന്‌ ഓര്‍മ്മപ്പെടുത്തുകകൂടിയായിരുന്നു. അധികാരത്തില്‍ വന്നപ്പോള്‍ ഉമ്മന്‍ചാണ്ടി കേരളത്തിനു നല്‍കിയ നിരവധി വാഗ്‌ദാനങ്ങള്‍ ഉണ്ട്‌. ഇവയിലെന്തെല്ലാം നടപ്പിലാക്കി എന്നു കൂടി ചാണ്ടിയും സംഘവും ചിന്തിക്കണം. സ്‌മാര്‍ട്ട്‌ സിറ്റി, വിഴിഞ്ഞം തുറമുഖം അങ്ങനെ നിരവധി പ്രശ്‌നങ്ങള്‍. കയ്യിട്ട്‌ വാരുന്നതിനിടയില്‍ കേരളത്തിലെ സാധാരണക്കാരന്‌ വല്ലതും നല്‍കിയോ എന്നുകൂടി ചിന്തിക്കണം. ഇല്ലെങ്കില്‍ ഒന്നരക്കൊല്ലം കഴിയുമ്പോള്‍ വീട്ടിലിരിക്കേണ്ടി വരും. ജാഗ്രതൈ!!!

സാമൂഹ്യപാഠം:

അച്യൂതാനന്ദനും ഉമ്മന്‍ചാണ്ടിയും തമ്മിലെന്താണ്‌ വിത്യാസം?
ഒന്നുകില്‍ പ്രതിക്ഷ നേതാവ്‌, അല്ലെങ്കില്‍ മുഖ്യമന്ത്രി...!
കൂട്ടയോട്ടം ഉജ്ജ്വലമായിരുന്നു, ഭരണമാണ്‌, കെയര്‍ഫുള്‍!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക