Image

ഷിക്കാഗോയില്‍ മീനയുടെ പുതുവത്സരാഘോഷം വര്‍ണ്ണാഭമായി

ജോയിച്ചന്‍ പുതുക്കുളം Published on 24 January, 2015
ഷിക്കാഗോയില്‍ മീനയുടെ പുതുവത്സരാഘോഷം വര്‍ണ്ണാഭമായി
ഷിക്കാഗോ: മലയാളി എന്‍ജിനീയേഴ്‌സ്‌ അസോസിയേഷന്‍ ഇന്‍ നോര്‍ത്ത്‌ അമേരിക്കയുടെ (മീന) 2015-ലെ പ്രവര്‍ത്തനങ്ങളുടെ തുടക്കംകുറിച്ചുകൊണ്ട്‌ ജനുവരി 17-ന്‌ ശനിയാഴ്‌ച ലംബാര്‍ഡ്‌ കോമ്മണ്‍സില്‍ വെച്ച്‌ പുതുവത്സരാഘോഷങ്ങള്‍ അതിഗംഭീരമായി നടത്തപ്പെട്ടു.

തദവസരത്തില്‍ ശ്രീ. കെ.എസ്‌. ആന്റണി സാര്‍ ചൊല്ലിക്കൊടുത്ത സത്യവാങ്‌മൂലം ഏറ്റുചൊല്ലി മീനയുടെ 2015- 16 വര്‍ഷക്കാലയളവിലെ പുതിയ സാരഥികള്‍ ചുമതല ഏറ്റെടുത്തു. പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ 1961-ല്‍ കടല്‍മാര്‍ഗ്ഗം അമേരിക്കയില്‍ ഉപരിപഠനത്തിനെത്തിയ കെ.എസ്‌. ആന്റണി സാര്‍ മീനയുടെ ഏറ്റവും മുതിര്‍ന്ന അംഗമാണ്‌. വൈസ്‌ പ്രസിഡന്റ്‌ റ്റോണി ജോണ്‍ പരിപാടികളുടെ അവതാരകനായിരുന്നു.

സോഷ്യല്‍ അവറോടെ തുടങ്ങിയ യോഗത്തില്‍ പ്രാര്‍ത്ഥനയ്‌ക്കുശേഷം പ്രിയ ജോസ്‌ (2014 വൈസ്‌ പ്രസിഡന്റ്‌) സ്വാഗതം ആശംസിക്കുകയും നാരായണന്‍ നായര്‍ അധ്യക്ഷതവഹിക്കുകയും ചെയ്‌തു. ഏറെ സ്‌തുത്യര്‍ഹമായ സേവനത്തിനുശേഷം അധ്യക്ഷ സ്ഥാനത്തുനിന്നും വിരമിക്കുന്ന നാരായണന്‍ നായര്‍ കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തെ മീനയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും തന്റെ കാലയളവില്‍ പ്രസ്ഥാനം കൈവരിച്ച നേട്ടങ്ങളെപ്പറ്റി വിവരിക്കുകയും ചെയ്‌തു. അമേരിക്കയില്‍ പ്രത്യേകിച്ച്‌ ഷിക്കാഗോയുടെ പ്രാന്തപ്രദേശങ്ങളില്‍ വസിക്കുന്ന മലയാളി എന്‍ജിനീയേഴ്‌സിന്റെ ആത്മാര്‍ത്ഥമായ സഹകരണവും കൈത്താങ്ങും ആണ്‌ മീനയുടെ മുതല്‍ക്കൂട്ട്‌.

സാങ്കേതിക മേഖലയില്‍ ലോകത്തിനു നൂതനമായ കണ്ടുപിടുത്തങ്ങളും, പ്രാവര്‍ത്തിക സംഭാവനകളും നല്‍കിയ പ്രഗത്ഭരായ അമേരിക്കന്‍ മലയാളി എന്‍ജിനീയര്‍മാരെ പുരസ്‌കാരം നല്‍കി ആദരിക്കുകയും, പ്രോത്സാഹനം നല്‍കുന്നതും തുടങ്ങി, കേരളത്തിലെ നിര്‍ധനരായ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ധനസഹായം നല്‍കി സഹായിക്കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ മീന നേതൃത്വം നല്‍കുന്നത്‌ അഭിമാനാര്‍ഹമായ വസ്‌തുതയാണ്‌. സെക്രട്ടറി ഏബ്രഹാം ജോസഫും, ട്രഷറര്‍ ബോബി ജേക്കബും ചേര്‍ന്ന്‌ രണ്ടുവര്‍ഷത്തെ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.

മുന്‍ പ്രസിഡന്റ്‌ സ്റ്റെബി തോട്ടം മീനയുടെ 2015- 16 വര്‍ഷത്തെ ഭാരവാഹികളെ സ്വാഗതം ചെയ്യുകയും സദസിന്‌ പരിചയപ്പെടുത്തുകയും ചെയ്‌തു. അധികാരമേറ്റെടുക്കുന്ന പുതിയ പ്രസിഡന്റ്‌ ഏബ്രഹാം ജോസഫ്‌ (ആബുജി) തന്നെ ഏല്‍പിച്ചിരിക്കുന്ന ദൗത്യം വിശ്വസ്‌തതയോടും ഏറ്റവും ഉത്തമമായ കാര്യക്ഷമതയോടുംകൂടി നിര്‍വഹിക്കുവാന്‍ ഓരോ അംഗത്തിന്റേയും ആത്മാര്‍ത്ഥ സഹകരണവും പിന്തുണയും തുടര്‍ന്നും ലഭിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുകയുണ്ടായി. പബ്ലിക്‌ റിലേഷന്‍സ്‌ ഭാരവാഹിത്വം ഏറ്റെടുത്ത സാബു തോമസ്‌ റ്റോസ്റ്റ്‌ ചെയ്യുകയും, പുതിയ ഭാരവാഹികള്‍ക്ക്‌ മീനയുടെ എല്ലാവിധ സഹകരണവും വാഗ്‌ദാനം ചെയ്‌ത്‌ പ്രസ്ഥാനത്തെ പുതിയ തലത്തിലേക്ക്‌ നയിക്കുവാന്‍ തക്കവണ്ണം അതിനെ ശക്തിപ്പെടുത്തട്ടെ എന്ന്‌ ആശംസിക്കുകയും ചെയ്‌തു.

തുടര്‍ന്ന്‌ അരങ്ങേറിയ കലാപരിപാടികള്‍ എക്കാലവും സ്‌മൃതിപഥത്തില്‍ തങ്ങിനില്‍ക്കാന്‍ തക്കവണ്ണം പുതുമയേറിയതും മനോഹരവുമായിരുന്നു. സിനില്‍ ഫിലിപ്പ്‌, ചിന്നു തോട്ടം, സിയോണ തരകന്‍, അനു നായര്‍, ജയിംസ്‌ മണിമല, വൈശാലി നായര്‍, സൂരജ്‌ ജോസഫ്‌, സാബു തോമസ്‌ എന്നിവര്‍ അവതരിപ്പിച്ച ദൃശ്യ-സംഗീത വിരുന്ന്‌ ആഘോഷത്തിന്‌ കൊഴുപ്പേകി.

പുതുവത്സര വരവേല്‍പ്‌ ആതിഥേയര്‍ക്ക്‌ സൗജന്യമായി പങ്കെടുക്കുവാന്‍ തക്കവണ്ണം ക്രമീകരിച്ചു എന്നുള്ളത്‌ ഈ ആഘോഷത്തിന്റെ ഒരു പ്രത്യേകതയായിരുന്നു. കേരളത്തനിമയില്‍ ഓരോരുത്തരും പാകംചെയ്‌തുകൊണ്ടുവന്ന ഭക്ഷണം ആസ്വാദ്യകരവും രുചികരവുമായ ഒരു സായാഹ്നം ഏവരും നന്നായി ആസ്വദിച്ചു. മീന ഒരു പ്രൊഫഷണല്‍ പ്രസ്ഥാനം ആണെങ്കിലും ഇത്തരത്തിലുള്ള വേദികളില്‍ കുടുംബമായിതന്നെ സംബന്ധിക്കുന്നതിനു പ്രോത്സാഹിപ്പിക്കുന്നതുമൂലം ഓരോ വ്യക്തികളുടേയും വളര്‍ച്ചയ്‌ക്കും ഉന്നമനത്തിനും സമൂഹവും കുടുംബവും നല്‍കുന്ന അടിസ്ഥാനം വിലപ്പെട്ടതാണെന്നു മനസിലാക്കാം.

കഴിവുറ്റ വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന പുതിയ ഭാരവാഹികളുടെ നേതൃത്വത്തില്‍ 2015- 16 കാലയളവില്‍ മീനയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലുള്ള മലയാളി സമൂഹത്തിന്‌ സമര്‍ത്ഥരും പ്രഗത്ഭരുമായ എന്‍ജിനീയര്‍മാര്‍ പ്രായഭേദമെന്യേ തങ്ങളുടെ കഴിവും പ്രാപ്‌തിയും ബുദ്ധിവൈഭവവും ലഭ്യമാക്കാനുള്ള വേദികള്‍ ഒരുക്കും.

നാരായണന്‍ നായര്‍, പ്രിയ ജോസ്‌, ബോബി ജേക്കബ്‌, നൈനാന്‍ ജേക്കബ്‌, സ്റ്റെബി തോട്ടം, ജോസപ്‌ പതിയില്‍, ലൂക്ക്‌ തച്ചേട്ട്‌, അജിത്‌ ചന്ദ്രന്‍, ജയിംസ്‌ മണിമല, റെജി തരകന്‍, വിനോദ്‌ നീലകണ്‌ഠന്‍, നിതീഷ്‌ തരകന്‍, ജേക്കബ്‌ ജോര്‍ജ്‌ (ജയന്‍), ഏബ്രഹാം ജോസഫ്‌ (രാജു) എന്നിവര്‍ അടങ്ങിയ ബോര്‍ഡും, കോശി വൈദ്യന്‍ (മെന്റര്‍), സാബു തോമസ്‌ (പി.ആര്‍.ഒ), ജോസ്‌ തോമസ്‌ (ട്രഷറര്‍), റ്റോണി ജോണ്‍ (വൈസ്‌ പ്രസിഡന്റ്‌), ഫിലിപ്പ്‌ മാത്യു (സെക്രട്ടറി), ഏബ്രഹാം ജോസഫ്‌ (ആബുജി)- പ്രസിഡന്റ്‌ എന്നിവര്‍ അടങ്ങിയ എക്‌സിക്യൂട്ടീവ്‌ ബോഡിയും ആയിരിക്കും മീനയുടെ ഭാരവാഹികള്‍.

സാബു തോമസ്‌ (പബ്ലിസിറ്റി കണ്‍വീനര്‍) അറിയിച്ചതാണിത്‌.
ഷിക്കാഗോയില്‍ മീനയുടെ പുതുവത്സരാഘോഷം വര്‍ണ്ണാഭമായി
ഷിക്കാഗോയില്‍ മീനയുടെ പുതുവത്സരാഘോഷം വര്‍ണ്ണാഭമായി
ഷിക്കാഗോയില്‍ മീനയുടെ പുതുവത്സരാഘോഷം വര്‍ണ്ണാഭമായി
ഷിക്കാഗോയില്‍ മീനയുടെ പുതുവത്സരാഘോഷം വര്‍ണ്ണാഭമായി
ഷിക്കാഗോയില്‍ മീനയുടെ പുതുവത്സരാഘോഷം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക