Image

വിലയിടിയുന്ന ദേശീയ പുരസ്‌ക്കാരങ്ങള്‍

Published on 24 January, 2015
വിലയിടിയുന്ന ദേശീയ പുരസ്‌ക്കാരങ്ങള്‍
എല്ലാ രാജ്യങ്ങളും ബഹുമതികള്‍ നല്‍കി തങ്ങളുടെ പൗരന്‍മാരെ ആദരിക്കാറുണ്ട്.ജീവിതത്തിന്റെ വിവിധമേഖലകളില്‍ അവര്‍ അര്‍പ്പിക്കുന്ന സുത്യര്‍ഹവും വൈശിഷ്യവുമായ സേവനങ്ങളും മാതൃകയുമാണ്. ഇത്തരം ബഹുമതികള്‍ക്കുള്ള ആധാരം.സൈനിക ബഹുമതികള്‍  മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയും ഇത്തരം പത്ത് പുരസ്‌കാരങ്ങള്‍ കാലങ്ങളായി നല്‍കിവരുന്നു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യ പ്രഖ്യാപിക്കുന്ന ഈ ബഹുമതികള്‍ക്ക് സ്വദേശികളും വിദേശികളും ഏറെ വിലകല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യ നല്‍കുന്ന ദേശീയ പുരസ്‌കാരങ്ങളുടെ യശസിന് ഇടിവ് സംഭവിച്ചിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൊതുജന ദൃഷ്ടിയില്‍ അനര്‍ഹരായ പലരും  ബഹുമതി പട്ടികയില്‍ കടന്നു കൂടിയിട്ടുണ്ടെന്നതാണ് ഈ സംശയത്തിനിടയാക്കിയിരിക്കുന്നത്.

ഭാരതം അന്തര്‍ദ്ദേശീയതലത്തില്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതി ഗാന്ധി പീസ് പ്രൈസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. രാഷ്ട്രപിതാവായ ഗാന്ധിജിയുടെ 125-ാം ജന്മദിനത്തോടനുബന്ധിച്ച് 1995-ലാണ് ഈ ബഹുമതി ഏര്‍പ്പെടുത്തിയത്. ഒരു കോടി രൂപ സമ്മാനത്തുകയുള്ള ഗാന്ധി പീസ് പ്രൈസ് ആദ്യം നല്‍കിയത് താന്‍സിയന്‍ പ്രസിഡന്റ് ജൂലിയസ് നെരേര (Julius Nyerere)യ്ക്കാണ്. നെല്‍സണ്‍ മണ്ടേല, ബിഷപ്പ് ഡസ്മണ്ട് ടുട്ടു ഉള്‍പ്പടെ 13 പേര്‍ ഇതേവരെ ഗാന്ധി പീസ് പ്രൈസിന് അര്‍ഹരായിട്ടുണ്ട്.

ദേശീയതലത്തില്‍ നല്‍കുന്ന പരമോന്നത സിവിലിയന്‍ ബഹുമതിയാണ് ഭാരത് രത്‌ന. 1954-ല്‍ ഏര്‍പ്പെടുത്തിയ ഈ പുരസ്‌ക്കാരത്തിന് ഇന്നോളം 41 പേര്‍ അര്‍ഹരായിട്ടുണ്ട്. ആദ്യം ഈ ബഹുമതിയ്ക്ക് അര്‍ഹനായത് ഡോ. എസ്. രാധാകൃഷ്ണനാണ്. പിന്നീട് ഇദ്ദേഹം ഇന്ത്യന്‍ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. സി. രാജഗോപാലാചാരി, ഡോ. സി.വി. രാമന്‍  (1954), ജവഹര്‍ലാല്‍ നെഹ്‌റു (1955), ഡോ. രാജേന്ദ്രപ്രസാദ് (1962), ഇന്ദിരാഗാന്ധി (1971), കെ. കാമരാജ് (1976), മദര്‍ തെരേസ (1980), ഡോ. അംബ്‌ദേകര്‍ (1990), രാജീവ്ഗാന്ധി (1991 മരണാനന്തരം), സുഭാഷ് ചന്ദ്രബോസ് (1992 മരണാനന്തരം), ഡോ. എ.പി.ജെ. അബ്ദുള്‍ കലാം (1997) തുടങ്ങിയവര്‍ ഭാരത് രത്‌ന ബഹുമതി നേടിയിട്ടുണ്ട്. 1987-ല്‍ ഇന്ത്യന്‍ പൗരനല്ലാത്ത ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാനും ഭാരത് രത്‌ന സമ്മാനിച്ചു. 2001 ല്‍ ലതാ മങ്കേഷ്‌കര്‍, ഉസ്താദ് ബിസ്മില്ലാഖാന്‍, 2008 ല്‍ ഭീംസെന്‍ ജോഷി 2014 ല്‍ ക്രിക്കറ്റ് താരം സച്ചിന്‍ എന്നിവര്‍ക്കാണ് സമ്മാനിച്ചത്.

പത്മ ബഹുമതികള്‍ പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ എന്നീ ക്രമത്തിലാണ് നല്‍കിവരുന്നത്. 1954-ല്‍ സ്ഥാപിച്ച ബഹുമതികളാണിവ. ഇന്ത്യയിലെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് പത്മവിഭൂഷണ്‍.  ഇന്ത്യയിലെ മൂന്നാമത്തെ ബഹുമതിയായി പത്മഭൂഷനേയും നാലാമത്തെ ബഹുമതിയായി പത്മശ്രീയേയും പരിഗണിക്കുന്നു. രാജ്യത്തിനു നല്‍കുന്ന മാതൃകയും സേവനങ്ങളും മുന്‍നിര്‍ത്തിയാണ് ഈ ബഹുമതിയ്ക്ക് പരിഗണിയ്ക്കുന്നത്. ഇവ ആര്‍ക്കെല്ലാം നല്‍കണമെന്ന് തീരുമാനമെടുക്കുന്നത് കേന്ദ്ര അഭ്യന്തരമന്ത്രാലയമാണ്. കൂടാതെ രാഷ്ട്രപതിയ്ക്കും അവാര്‍ഡിനു ശുപാര്‍ശ ചെയ്യാം. 1977 മുതല്‍ 1980 വരെ ഈ ബഹുമതി കൊടുക്കുന്നത് നിര്‍ത്തിവച്ചിരുന്നു. സാഹിത്യരംഗത്ത് ജ്ഞാനപീഠം, കലാരംഗത്ത് സംഗീത-നാടക അക്കാദമി അവാര്‍ഡ്, സിനിമാരംഗത്ത് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, കായികരംഗത്ത് രാജീവ്ഗാന്ധി ഖേല്‍ രത്‌ന, അര്‍ജുന അവാര്‍ഡ്, കായികരംഗത്തെ പരിശീലനത്തിനു ദ്രോണാചാര്യ എന്നീ ബഹുമതികളും സമ്മാനിക്കുന്നു. ഇതു കൂടാതെ ദേശീയ തലത്തില്‍ ദേശീയ സിനിമാ അവാര്‍ഡുകള്‍ എല്ലാ വര്‍ഷവും നല്‍കിവരുന്നുണ്ട്. സിനിമയിലെ എല്ലാ മേഖലകളെയും തരംതിരിച്ചാണ് ദേശീയ സിനിമാ അവാര്‍ഡില്‍ ആദരിച്ചു വരുന്നത്.  

ഇത്തരം ബഹുമതികള്‍ കരസ്ഥമാക്കുന്നവര്‍ വരും തലമുറകള്‍ക്ക് മാതൃകയാവേണ്ടതാണ്. അതുപോലെ തന്നെ രാജ്യാഭിമാനവും രാജ്യസ്‌നേഹവും നിയമങ്ങള്‍ അനുസരിക്കുന്നവരുമായിരിക്കണം. നിര്‍ഭാഗ്യകരമെന്നു പറയട്ടെ പത്മ പുരസ്‌ക്കാരങ്ങള്‍ നേടുന്ന സിനിമാ-കായികരംഗത്തുള്‍പ്പെടെയുള്ള തൊണ്ണുറുശതമാനം ആളുകളും മാതൃകകളേ ആകുന്നില്ല എന്നതാണ് ദുഃഖകരമായ സത്യം. രണ്ടായിരത്തില്‍ പത്മശ്രീ നേടിയ എ.ആര്‍. റഹ്മാന്റെ വീട്ടില്‍ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. കുടുംബബന്ധങ്ങള്‍ക്ക് പവിത്രത കല്‍പ്പിക്കുന്ന സംസ്‌ക്കാരമാണ് ഭാരതത്തിനുള്ളത്. അപ്പോള്‍ അമീര്‍ഖാന്റെ മാതൃക എങ്ങനെ പിന്തുടരാനാവും. സൗജന്യമായി ലഭിച്ച കാറിന് നികുതി അടയ്ക്കാതെ നാട്ടിലെത്തിക്കാന്‍ ശ്രമിച്ച ക്രിക്കറ്റ് താരം സച്ചിനെ നമുക്ക് മാതൃകയാക്കാമോ? ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശകതത്വങ്ങളിലൊന്നായ മദ്യനിരോധനത്തെ പ്രോത്സാഹിപ്പക്കുന്നതിനു പകരം മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിച്ച് മദ്യപാനത്തിന് പ്രോത്സാഹനം നല്‍കുന്ന മോഹന്‍ലാലിനെയോ അതോ ദേശീയപതാക ബനിയനായി ധരിച്ച സാനിയ മിര്‍സയോ ആണോ മാതൃകയാക്കേണ്ടത്?  പരസ്യങ്ങളിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന അമിതാഭ് ബച്ചന്‍, ഹേമമാലിനി, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, സൗരവ് ഗാംഗുലി തുടങ്ങിയവരെയൊക്കെ എങ്ങനെ മാതൃകകളാണെന്ന് പറയാന്‍ പറ്റും. 

പത്മശ്രീ ലഭിച്ച ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിനെ വിലയിരുത്തുമ്പോള്‍ ബഹുമതി നല്‍കിയത് ബഹുമതിയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പറയേണ്ടിവരും. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും പലതവണ വിലക്കുകള്‍ നേരിട്ട ഹര്‍ഭജന്‍സിംഗിനു പത്മശ്രീ ബഹുമതി നല്‍കിയത് പുരസ്‌ക്കാരത്തിന്റെ മാറ്റ് കുറച്ചിരിക്കുകയാണ്. സിനിമാതാരങ്ങളായ ഐശ്വര്യാ റായ്, അക്ഷയ്കുമാര്‍ തുടങ്ങിയവര്‍ക്ക് പത്മശ്രീ നല്‍കിയത് ന്യായീകരിക്കാനാവുകയില്ല. 
മുന്‍കാലത്ത് എയര്‍ടെല്‍ ഉടമ സുനില്‍ ഭാരതി മിത്തല്‍, പെപ്‌സി മേധാവി ഇന്ദ്രനൂയി തുടങ്ങിയവര്‍ക്ക് പത്മഭൂഷണ്‍ ബഹുമതി പ്രഖ്യാപിച്ചതില്‍ അപാകതയുണ്ട്. പത്മ പുരസ്‌ക്കാരങ്ങള്‍ പരിഗണിക്കുന്നത് കേന്ദ്ര അഭ്യന്തരമന്ത്രാലയമാണ്. ഈ മന്ത്രാലത്തിന്റെ  മുന്‍ സെക്രട്ടറി എന്‍.എന്‍. വോറ, മുന്‍ ക്യാബിനറ്റ് സെക്രട്ടറി നരേഷ് ചന്ദ്ര എന്നിവര്‍ക്ക് പത്മവിഭൂഷണ്‍ നല്‍കിയതിനും ന്യായീകരണമില്ല. 

മുന്‍കാലങ്ങളില്‍ പത്മ പുരസ്‌ക്കാരങ്ങള്‍ നേടിയവരുടെ പ്രവര്‍ത്തനങ്ങള്‍കൂടി വിലയിരുത്തുന്നത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സഹായകമാകും. സിനിമാ - കായിക മേഖലകളില്‍ നിരവധി ബഹുമതികള്‍ നിലവിലിരിക്കെ പ്രസ്തുത മേഖലയിലെമാത്രം മികവിന്റെ അടിസ്ഥാനത്തില്‍ പത്മ അവാര്‍ഡുകള്‍ പരിഗണിക്കുന്നത് ഒഴിവാക്കുന്നത് സര്‍ക്കാര്‍ അടിയന്തിരമായി ആലോചിക്കണം. ഇതോടൊപ്പം ജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുക്കുകയും പത്മ പുരസ്‌ക്കാരങ്ങളുടെ രഹസ്യസ്വഭാവം എടുത്തുകളയുകയും വേണം. അല്ലെങ്കില്‍ വനം കൊള്ളയ്ക്ക് മരണാനന്തര ബഹുമതിയായി വീരപ്പനും ദാവൂദ് ഇബ്രാഹിമിനും ഒക്കെ പത്മ പുരസ്‌ക്കാരങ്ങള്‍ നല്‍കാന്‍ ആഭ്യന്തരമന്ത്രാലയം ശുപാര്‍ശ ചെയ്താല്‍ പോലും അതിശയിക്കേണ്ട.

എബി ജെ. ജോസ്,
ചെയര്‍മാന്‍, മഹാത്മഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍, 
കിഴതടിയൂര്‍ പി.ഒ., 
പാലാ - 686 574
ഫോണ്‍ - 9447702117

  .
Join WhatsApp News
A.C.George 2015-01-24 08:47:50

You are right Mr. A.B.J. Jose

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക