Image

ഗോവിന്ദ് പദ്മസൂര്യ നായകനാകുന്നു; ജയസൂര്യ വീണ്ടും ഗായകനാകുന്നു (ആശ പണിക്കര്‍)

ആശ പണിക്കര്‍ Published on 21 January, 2015
ഗോവിന്ദ് പദ്മസൂര്യ നായകനാകുന്നു; ജയസൂര്യ വീണ്ടും ഗായകനാകുന്നു (ആശ പണിക്കര്‍)
 പ്രേക്ഷകര്‍ക്ക് ചിരപരിചിതനായ ഗോവിന്ദ് പദ്മസൂര്യ രണ്ടു സംവിധായകര്‍ ഒരുമിച്ച് അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ നായകനാകുന്നു. മുപ്പത്തിരണ്ടാം അധ്യായം, ഇരുപത്തിമൂന്നാം വാക്യം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ഗോവിന്ദ്. 

സിനിമയില്‍ തനിക്കു ലഭിക്കുന്ന വേഷം ഏതായാലും അത് അഭിനയിച്ചു ഫലിപ്പിക്കാന്‍ മടിയില്ലാത്ത വ്യക്തിയാണ് ഗോവിന്ദ്. കഴിഞ്ഞ കുറേ മാസങ്ങളായി നിരവധി തിരക്കഥാകൃത്തുക്കള്‍ കഥയുമായി ഗോവിന്ദിനെ സമീപിച്ചിരുന്നു. എന്നാല്‍ ശക്തമായ നായകവേഷം കാത്തിരുന്ന ഗോവിന്ദ് അവയെല്ലാം സ്‌നേഹപൂര്‍വം നിരസിക്കുകയായിരുന്നു.  ചിത്രം വിജയിച്ചാലും ഇല്ലെങ്കിലും നല്ല സിനിമകളുടെ ഭാഗമാകാനാണ് ഗോവിന്ദിന്റെ ശ്രമം. സ്വകാര്യ ടെലിവിഷന്‍ ചാനലിലൂടെ ശ്രദ്ധേയമായ പരിപാടിയിലെ അവതാരകന്റെ റോളില്‍ ഗോവിന്ദ് തിളങ്ങിയതോടെ നിരവധി ആരാധകരാണ് ഈ ചെറുപ്പക്കാരനുള്ളത്. അതുകൊണ്ട് സിനിമ തിരഞ്ഞെടുക്കുമ്പോള്‍ വളരെ ശക്തമായ കഥയും കഥാപാത്രവുമാണെങ്കില്‍ മാത്രമേ അതിന്റെ ഭാഗമാവുകയുള്ളൂഎന്നാണ് ഗോവിന്ദ് പറയുന്നത്. 

മുപ്പത്തിരണ്ടാം അധ്യായം ഇരുപത്തി മൂന്നാം വാക്യം എന്ന ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ ഗോവിന്ദ് അതില്‍ അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തികച്ചും സസ്‌പെന്‍സ് ത്രില്ലറായ സിനിമയില്‍ രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് ഗോവിന്ദ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ആദ്യപകുതി വളരെ റൊമാന്റിക് മൂഡിലുളളതാണ്. രണ്ടാം പകുതിയില്‍ അത് സസ്‌പെന്‍സിലേക്ക് നീങ്ങുകയാണ്. മിയ ജോര്‍ജാണ് ചിത്രത്തിലെ നായിക. 

ലാല്‍, പി.ബാലചന്ദ്രന്‍, ശശി കലിംഗ, സുനില്‍ സുഗത എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ജനുവരി 26ന് എറണാകുളത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. വിനില്‍ വാസു സംവിധാനം ചെയ്യുന്ന ഹലോ അജ്‌നബി എന്ന ബോളിവുഡ് ചിത്രത്തിലും ഗോവിന്ദ് അഭിനയിക്കും.

                                 ജയസൂര്യ വീണ്ടും ഗായകനാകുന്നു
അഭിനയിക്കാന്‍ മാത്രമല്ല നല്ല അസലായി പാടാനും കഴിവുള്ള നടനാണ് താനെന്ന് പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയിലൂടെ തെളിയിച്ച വ്യക്തിയാണ് ജയസൂര്യ. മിഥുന്‍ മോഹന്‍ സംവിധാനം ചെയ്യുന്ന ആട് ഒരു ഭീകരജീവി എന്ന സിനിമക്കു വേണ്ടിയാണ് ജയസൂര്യ വീണ്ടും ഗായകനാകുന്നത്. 

ചിങ്കാരി ആട് എന്ന പ്രൊമോ സോങ്ങാണ് താരം ആലപിക്കുന്നത്. ഡോ.മനു മഞ്ജിത് എഴുതിയ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഗാനം ശരിക്കും ഒരു ഫാസ്റ്റ് നമ്പറാണ്. ഇതില്‍ ജയസൂര്യക്കൊപ്പം അഷദ്, ഹര്‍ഷ എന്നീ കുട്ടികളും പാടുന്നുണ്ട്. കുട്ടികള്‍ക്ക് വേഗം ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലാണ് പാട്ടിന്റെ രചന നിര്‍വഹിച്ചിട്ടുളളത്. ഗാനത്തിനൊപ്പം ആനിമേറ്റ് ചെയ്ത വിഷ്വല്‍സാകും ചിത്രത്തില്‍ കാണിക്കുക.

                 'ഹൗ ഓള്‍ഡ് ആര്‍ യു' തെലുങ്കിലും ജ്യോതിക തന്നെ നായിക
 മലയാള സിനിമയില്‍ മഞ്ജുവാര്യര്‍ക്ക് ശക്തമായ തിരിച്ചുവരവിന് കളമൊരുക്കിയ  'ഹൗ ഓള്‍ഡ് ആര്‍ യു'വിന്റെ തെലുങ്കു പതിപ്പില്‍ ജ്യോതിക നായികയാകും. ഇതിന്റെ തമിഴ് പതിപ്പിലും ജ്യോതിക തന്നെയാണ് നായിക. ഈ ചിത്രത്തിലൂടെ തിളക്കമാര്‍ന്ന ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് ജ്യോതികയും. 

തമിഴില്‍  'ഹൗ ഓള്‍ഡ് ആര്‍ യു'വിന്റെ ചിത്രീകരണം മുക്കാലും പൂര്‍ത്തിയായിട്ടുണ്ട്. റഹ്മാനാണ് ഇതിലെ നായകന്‍.  കന്നഡ പതിപ്പിന്റെ ഷൂട്ടിംഗ് ഈ മാസം ആരംഭിക്കും. ഇതോടൊപ്പം  'ഹൗ ഓള്‍ഡ് ആര്‍ യു' ഹിന്ദിയിലും കന്നഡയിലും റീമേക്ക് ചെയ്യാനും പദ്ധതിയുണ്ട്. ചിത്രത്തിന്റെ എല്ലാ പതിപ്പുകളും നിര്‍മിക്കുന്നത് ജ്യോതികയുടെ ഭര്‍ത്താവും തമിഴ് നടനുമായ സൂര്യയാണെന്നാണ് സിനിമാവൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജ്യോതിക തന്നെയാണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും അവര്‍ കന്നഡയിലും ഹിന്ദിയിലും അഭിനയിച്ചേക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും അറിയുന്നത്.

                                   കഥ പറയുന്ന നോട്ട്
പണമല്ല, മനസമാധാനമാണ് വലുതെന്ന് പലരും പറയുന്നത് നാം കേട്ടിട്ടുണ്ട്. എന്നാല്‍ കുറച്ചെങ്കിലും മനസമാധാനത്തോടെ ജീവിക്കണമെങ്കില്‍ പണം അത്യാവശ്യമാണ് എന്നതാണ് സത്യം. സമൂഹത്തില്‍ ആര്‍ക്കും പണമില്ലാതെ ജീവിക്കാനാകില്ല. ദിനംപ്രതി നമ്മുടെ കൈകളിലൂടെ എത്ര രൂപയാണ് കടന്നു പോകുന്നത്. ഈ നോട്ടുകള്‍ക്ക് സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അതിന് എത്രയധികം കഥകള്‍ പറയാന്‍ കഴിഞ്ഞേനെ. തീര്‍ത്തും വ്യത്യസ്തരായ കുറേ മനഷ്യരുടെ കൈകളിലൂടെ സഞ്ചാരം നടത്തേണ്ടി വന്ന ഒരു ആയിരം രൂപ നോട്ടിന്റെ കാഴ്ചപ്പാടിലൂടെ ചിത്രീകരിക്കുന്ന സിനിമയാണ് 1000 - ഒരു നോട്ട് പറഞ്ഞ കഥ. 
നവാഗതനായ എ.ആര്‍.സി നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഓട്ടിസം ബാധിച്ച ഇരുപത്തിയാറുകാരനായ നായകനെ അവതരിപ്പിക്കുന്നത് പ്രശസ്ത തമിഴ് നടന്‍ ഭരതാണ്. ജിക്കുമോന്‍ എന്നാണ് ഭരത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരിക്കല്‍ ജിക്കു മോന്റെ കൈയില്‍ നിന്നും ആയിരത്തിന്റെ ഒരു നോട്ട് നഷ്ടപ്പെടുന്നു. തനിക്ക് ഇഷ്ടപ്പെട്ടതൊന്നും വിട്ടുകളയാന്‍ കഴിയാത്ത ജിക്കുമോന്‍ നഷ്ടപ്പെട്ടുപോയ ആയിരത്തിന്റെ നോട്ട് തിരികെ വേണമെന്ന് വാശി പിടിക്കുന്നു. പക്ഷേ രാമചന്ദ്രന്‍, അരവിന്ദ്, റീന, കൈമള്‍ തുടങ്ങിയ വ്യത്യസ്തരായ ആളുകളിലൂടെ ആ നോട്ട് അതിന്റെ യാത്ര തുടരുകയായിരുന്നു. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് നോട്ട് യാത്ര തുടരുമ്പോള്‍ നേരിടേണ്ടി വരുന്ന നിരവധി അനുഭവങ്ങളാണ് കഥയുടെ ഇതിവൃത്തം. 
വ്യത്യസ്തമായ ഒരു കോമഡി ത്രില്ലറായിട്ടാണ് '1000 - ഒരു നോട്ട് പറഞ്ഞ കഥ'യുടെ ചിത്രീകരണം. ഈ സിനിമയില്‍ വനിതാ കമ്മീഷന്‍ അംഗം ജെ. പ്രമീളാദേവിയും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുകേഷ്, സിയോണ്‍, മക്മല്‍ സല്‍മാന്‍, ഗണേഷ് കുമാര്‍, വെട്ടുകിളി പ്രകാശ്, ഷമ്മി തിലകന്‍, സന്തോഷ് കീഴാറ്റൂര്‍, രാകേന്ദു, ലിമ ബാബു, നിഷി ഗോവിന്ദ്, അഞ്ജു അരവിന്ദ്, കലാരഞ്ജിനി  എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജീവ് ആലുങ്കലാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. രാജേഷ് മോഹനാണ് സംഗീത സംവിധാനം. ഇന്‍ ഫിലിം മുവീ മേക്കേഴ്‌സിന്റെ ബാനറില്‍ നിഷി ഗോവിന്ദാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

                  നവാഗതനായ സിജു.എസ് ബാവയുടെ ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു
 നവാഗതനായ സിജു.എസ് ബാവ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'നാളെ' എന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു. ഫഹദ് ഫാസിലാണ് നായകന്‍.  
മാളവിക മോഹന്‍, ദര്‍ശന എ എന്ന പുതുമുഖവും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ മുകേഷ്, കെ.പി.എ.സി ലളിത, ശ്രീനാഥ് ഭാസി എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ദര്‍ശന രാജേന്ദ്രന്‍, അലന്‍സിയര്‍, ഓസോ എന്നിവരാണ് മറ്റ് താരങ്ങള്‍. എറണാകുളം, ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ് കമ്പനിയുടെ സഹകരണത്തോടെ ഡയറക്ടര്‍ കട്ട്‌സ് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. വിനോദ് വിജയന്‍, കെ.മോഹന്‍ എന്നിവരാണ് നിര്‍മാതാക്കള്‍. അജയിന്റേതാണ് ക്യാമറ. റെക്‌സ് വിജയനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കലാസംവിധാനം പ്രദീപ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജയകൃഷ്ണന്‍, മേക്കപ്പ് രതീഷ് അമ്പാടി, എഡിറ്റര്‍ വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍.

                        ഫഹദിനെ നായകനാക്കി വിനീത് കുമാറിന്റെ സിനിമ

യുവനടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന 'അയാള്‍ ഞാനല്ല' എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു. ഹിറ്റ് മേക്കര്‍ രഞ്ജിത്തിന്റെ തിരക്കഥയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. മൃദുല മുരളി, രഞ്ജി പണിക്കര്‍, ടി.ജി  രവി, ശ്രീകുമാര്‍, ജോജു, ചെമ്പന്‍ വിനോദ് എന്നിവരാണ് മറ്റ് താരങ്ങള്‍. 

ഗോവിന്ദ് പദ്മസൂര്യ നായകനാകുന്നു; ജയസൂര്യ വീണ്ടും ഗായകനാകുന്നു (ആശ പണിക്കര്‍)
ഗോവിന്ദ് പദ്മസൂര്യ നായകനാകുന്നു; ജയസൂര്യ വീണ്ടും ഗായകനാകുന്നു (ആശ പണിക്കര്‍)
Govind
ഗോവിന്ദ് പദ്മസൂര്യ നായകനാകുന്നു; ജയസൂര്യ വീണ്ടും ഗായകനാകുന്നു (ആശ പണിക്കര്‍)
ഗോവിന്ദ് പദ്മസൂര്യ നായകനാകുന്നു; ജയസൂര്യ വീണ്ടും ഗായകനാകുന്നു (ആശ പണിക്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക