Image

എന്തിനു മൂന്നാം ചുംബന സമരം?

Published on 12 December, 2014
എന്തിനു മൂന്നാം ചുംബന സമരം?
ഫാസിസത്തിനെതിരെ സമരചുംബനം;
ചെയ്യുക, ഫാസിസം അനുശാസിക്കുന്ന അരുതായ്മകളെ

13 ഡിസംബര്‍ 2014 ഉച്ചയ്ക്ക് 1 മണി
കൈരളി ശ്രീ നിള തിയേറ്റര്‍ കോമ്പ്‌ലെക്‌സില്‍, IFFK (തിരുവനന്തപുരം)

എന്തിനു മൂന്നാം ചുംബന സമരം?
എന്തുകൊണ്ടെന്നാല്‍ ഫാസിസം പെരുമ്പറ കൊട്ടി സംഹാര ഭാവത്തോടെ കടന്നു വരികയാണ്. ജനാധിപത്യത്തിന്റെ സര്‍വ മുഖം മൂടിയും അഴിച്ചു വെച്ച്അടിസ്ഥാനമനുഷ്യാവകാശങ്ങള്‍ക്ക് വിലയിട്ടു കൊണ്ട് അത് നമ്മുടെ ഉമ്മറത്തെത്തിക്കഴിഞ്ഞു. സ്‌നേഹമാണ് ഫാസിസത്തിന്റെ ശത്രു. അത് കൊണ്ടാണ് സ്‌നേഹത്തിന്റെആവിഷ്‌കാരം ഫാസിസ്റ്റ് ശക്തികളെ വിറളി പിടിപ്പിക്കുന്നത്.

ഡൌണ് ടൌണ് സംഭവം കേരളത്തിന്റെ സദാചാര പോലീസിങ്ങിന്റെ ചരിത്രത്തിലെ ആദ്യത്തേതല്ല. അവസാനത്തേതുമാകാന്‍ വഴിയില്ല. പക്ഷെ വര്‍ത്തമാനകാലരാഷ്ട്രീയസാഹചര്യത്തില്‍ ഡൌണ് ടൌണ് രസ്‌റ്റൊരണ്ടിനു നേരെ നടന്ന ആക്രമണം അത് വരെ നടന്നിട്ടുള്ള മോറല്‍ പോലീസിംഗ് സംഭവങ്ങളില്‍ നിന്നും സവിശേഷമായി തന്നെകാണേണ്ടതുണ്ടെന്നുള്ള തിരിച്ചറിവാണ് ഒന്നാം ചുംബന സമരത്തിലേക്ക് നയിച്ചത്.

കേരളത്തില്‍ ടെലിവിഷന്‍ ചര്‍ച്ചകളിലൂടെ മാത്രം സാന്നിധ്യമറിയിച്ചു കൊണ്ടിരുന്ന യുവ മോര്‍ച്ച എന്ന സംഘടന അവരുടെ വര്‍ഗീയ പരീക്ഷണ ശാലകളായ സംസ്ഥാനങ്ങളില്‍മാത്രം പ്രയോഗിച്ചിരുന്ന പ്രാകൃതമായ സാംസ്‌കാരിക പോലീസിംഗ് കേരളത്തിലേക്ക് കൊണ്ട് വന്നത് ഇന്ത്യയിലെ രാഷ്ട്രീയ മാറ്റം നല്‍കിയ ഊര്‍ജത്തില്‍ നിന്നാണ് എന്നതില്‍സംശയമില്ല. ബാലറ്റ് പെട്ടിയിലൂടെ നമ്മള്‍ കടത്തി വിട്ടത് ഫാസിസത്തെയാണ് എന്ന എല്ലാ ഭയാശങ്കകളെയും അടി വരയിട്ടു ശരി വെക്കുന്നു സമീപകാല സംഭവങ്ങള്‍.ഭരണകൂടത്തിന്റെ പോലീസ് മത യാഥാസ്ഥിതിക ശക്തികളോട് ചേര്‍ന്ന് സമരക്കാരെ മര്‍ദ്ദിച്ചൊതുക്കാന്‍ ശ്രമിക്കുന്നത് വരാനിരിക്കുന്ന ഇരുണ്ട കാലത്തിന്റെ സൂചനയാണ്.

ആദ്യം സംഘു പരിവാറിനോട് ചേര്ന്നു ആക്രമാസക്തമായി ചുംബനസമരത്തെ നേരിട്ട മുസ്ലിം മത സംഘടനകളും ഇസ്ലാമിസ്‌ററ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും സമരം പടരുന്നത് കണ്ടുപിന്നോട്ടടിച്ചിരിക്കുന്നു എന്നത് ശ്ലാഘനീയമാണ്. സംഘടനാ തലത്തില് അവര് കായികമായി സമരത്തെ നേരിടാന് നേരിട്ടോ അല്ലാതെയോ ഇറങ്ങുന്നുമില്ല. ചുംബന സമരം എന്നആശയത്തെ ജനാധിപത്യപരമായി എതിര്‍ക്കാനുള്ള അവരുടെ അവകാശത്തെ സര്‍വാത്മനാ ഞങ്ങള്‍ അംഗീകരിക്കുന്നു. എന്നാല് ഇതല്ല ഹനുമാന് സേനയെന്ന പേരിലിറങ്ങിയഹിന്ദുത്വക്കാരുടെ കാര്യം.

ഒരു സമരമെന്ന നിലയില്‍ ചുംബന സമരത്തെ തള്ളിക്കളയുന്ന ഇടതുപക്ഷ സംഘടനകളോട് ഞങ്ങള്‍ സ്‌നേഹത്തോടെ വിയോജിക്കുന്നു. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും സ്വതന്ത്രമായുംനിര്‍ഭയമായും വിയോജിക്കാന്‍ കൂടിയുള്ള അവകാശത്തിനു വേണ്ടിയാണ് ഈ സമരം എന്ന് ഞങ്ങള്‍ സ്‌നേഹത്തോടെ,വിനയത്തോടെ ഓര്‍മപ്പെടുത്തുന്നു.

ആണിനും പെണ്ണിനും ഭരണ ഘടന ഉറപ്പു നല്‍കുന്ന മൌലികാവകാശങ്ങള്‍ സംരക്ഷിക്കാനായുള്ള പോരാട്ടമാണ് ഇത്. നിര്‍ഭയമായി വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം, ബലാല്‍സംഗ ഭീതിയില്ലാതെ സ്ത്രീകള്‍ക്ക് ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരം.
സ്‌നേഹമാണ്, സ്‌നേഹം തന്നെയാണ് ഏറ്റവും മൂര്‍ച്ചയേറിയ സമരായുധം. അത് കൊണ്ട് സുഹൃത്തുക്കളെ,മൂന്നാം ചുംബന സമരത്തിന് സമയമായി.
ഫാസിസം നിങ്ങളില്‍ നിന്നും എന്താണോ തട്ടി പ്പറിക്കാന്‍ ശ്രമിക്കുന്നത് അത് തന്നെയാണ് നിങ്ങളുടെ ആയുധം. അത് കൊണ്ട് വരാനിരിക്കുന്ന ഇരുണ്ട കാലത്തെ നമുക്ക് സ്‌നേഹചുംബനങ്ങള്‍ കൊണ്ട് നേരിടാം. എല്ലാവര്‍ക്കും സ്വാഗതം.

ഐക്യപ്പെട്ടുകൊണ്ട്: സാറ ജോസഫ്, സക്കറിയ, കവിത കൃഷ്ണന്‍, എന്‍ എസ്സ് മാധവന്‍, കെ സച്ചിദാനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഈ പി ഉണ്ണി, എം എന്‍കാരശ്ശേരി, സിവിക് ചന്ദ്രന്‍, ബ്രിന്ദ ബോസ്, ജയന്‍ ചെറിയാന്‍, സീ ആര്‍ നീലകണ്ഠന്‍, സജിത മടത്തില്‍, സാംകുട്ടി പട്ടംകരി, കെ. ആര്‍. മീര.

സംഘാടകര്‍: ജെ ദേവിക, ഷാഹിന കെ കെ, അശ്വതി സേനന്‍, ഹരീഷ് വാസുദേവന്‍, അനില തറയത്ത് വര്‍ഗീസ്സ്.
എന്തിനു മൂന്നാം ചുംബന സമരം?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക