Image

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-15: സാം നിലമ്പള്ളില്‍)

Published on 06 December, 2014
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-15: സാം നിലമ്പള്ളില്‍)
അദ്ധ്യായം പതിനഞ്ച്‌.

അമ്മമാരില്‍നിന്ന്‌ പിടിച്ചുവാങ്ങിയ കുഞ്ഞുങ്ങളേയും വയസുചെന്ന സ്‌ത്രീകളേയും വിജനമായ സ്ഥലത്തുള്ള ഒരുവെയര്‍ഹൗസിലേക്കാണ്‌ കൊണ്ടുപോയത്‌. അവിടെ കാറ്റും വെളിച്ചവും കയറാത്ത ഒരുമുറിയില്‍ അവരെ അടച്ചു. അതിനുശേഷം ആരും അങ്ങോട്ട്‌ തിരിഞ്ഞുനോക്കിയതേയില്ല.

`എന്റെ കുഞ്ഞുങ്ങള്‍ എവിടെയാണെന്ന്‌ അറിയാമോ?' അടുക്കളയില്‍ ജോലിചെയ്യുന്ന ലിയോണിനോട്‌ സാറചോദിച്ചു. അയാള്‍ കൊടുത്ത പാല്‍പ്പൊടി പകുതികലക്കി കുഞ്ഞിന്‌ കൊടുത്തിട്ടാണ്‌ അവള്‍ ജോലിക്കുപോയത്‌. അതിനുശേഷം അവള്‍ തന്റെ മക്കളെ കണ്ടിട്ടില്ല.

അവള്‍ ചോദിച്ചതിന്‌ എന്തുമറുപടി പറയണമെന്നറിയാതെ അയാള്‍ വിഷമിച്ചു. തനിക്കു സംഭവിച്ചിരിക്കുന്ന ദുരന്തംതന്നെയാണ്‌ അവള്‍ക്കും ഉണ്ടായിരിക്കുന്നതെന്ന്‌ അവനറിയാം. പക്ഷേ, എങ്ങനെ അവളോടത്‌ പറയും? കുഞ്ഞുങ്ങളെ ദുഷ്‌ടന്മാര്‍ കൊന്നുകളഞ്ഞെന്ന്‌ അവനറിയാം. നിനക്കിനിയും നിന്റെ മക്കളെ കാണാന്‍ പറ്റുകയില്ല എന്നു പറയണോ? അതോ എന്തെങ്കിലും നുണപറഞ്ഞ്‌ അവളെ സമാധാനിപ്പിക്കണമോ? നാസികള്‍ പിടിച്ചുകൊണ്ടുപോയ തന്റെ സഹോദരിയുടെ മുഖശ്ചായ ഉള്ളതിനാലാണ്‌ അവന്‌ സാറയോട്‌ മാനസികമായ അടുപ്പം തോന്നിയത്‌. അവളെ കാണുമ്പോഴൊക്കെ ലോറയെ അവന്‍ ഓര്‍ക്കും.

`എനിക്കൊന്നും അറിയില്ല, പെങ്ങളെ,' അവസാനം അവന്‍ പറഞ്ഞു. താന്‍ പറഞ്ഞിട്ട്‌ ഹൃദയഭേദകമായ വാര്‍ത്ത അവള്‍ അറിയേണ്ട. തനിക്കത്‌ പറയാന്‍ സാദ്ധ്യമല്ല. മറ്റേതെങ്കിലും വിധത്തില്‍ അവള്‍ അറിയുന്നെങ്കില്‍ അങ്ങനെ ആയിക്കൊള്ളട്ടെ.

അമ്മമാരില്‍നിന്നും പിടിച്ചുകൊണ്ടുപോയ കുഞ്ഞുങ്ങള്‍ക്കും സ്‌ത്രീകള്‍ക്കും എന്തുസംഭവിച്ചുവെന്ന്‌ കാന്റീനില്‍ ആഹാരംകഴിക്കാന്‍വന്ന രണ്ട്‌ യുക്രേനിയന്‍ ഗാര്‍ഡുകളുടെ സംസാരത്തില്‍നിന്നും ലിയോണ്‍ മനസിലാക്കിയിരുന്നു. കുഞ്ഞുങ്ങളേയും സ്‌ത്രീകളേയും ദൂരെയുള്ള ഒരു മുറിയില്‍ പൂട്ടിയിട്ടിട്ടാണ്‌ അവര്‍ പോന്നത്‌. രണ്ടാഴ്‌ച്ചക്ക്‌ ശേഷം എന്തോ ആവശ്യത്തിന്‌ അവിടെ ചെന്നപ്പോളാണ്‌ ദുര്‍ഗന്ധംകൊണ്ട്‌ അങ്ങോട്ട്‌ അടുക്കാന്‍പോലും വയ്യാതായത്‌. ചീഞ്ഞഴുകിയ മൃതദേഹങ്ങളായിരുന്നു മുറിയില്‍നിറയെ. എസ്സെസ്സ്‌ കമാന്‍ഡര്‍ വന്നുനോക്കിയിട്ട്‌ വെയര്‍ഹൗസിന്‌ തീയിട്ടേക്കാന്‍ പറഞ്ഞിട്ട്‌ പോയി.ചെയ്‌ത ക്രൂരതയുടെ തെളിവുകളൊന്നും അവശേഷിക്കാതിരിക്കാന്‍.

ലിയോണിന്റെ മനസ്‌ എന്നേ മരവിച്ചുപോയതാണ്‌. നാസികള്‍ ചെയ്യുന്ന ക്രൂരപ്രവൃത്തികള്‍ കണ്ടാലും, കേട്ടാലും അവനിപ്പോള്‍ വിഷമം തോന്നാറില്ല. പക്ഷേ, സാറയുടെ കുഞ്ഞുങ്ങളുടെ ദുര്‍ഗതിയോര്‍ത്തപ്പോള്‍ അവനറിയാതെ കണ്ണുകള്‍ നനഞ്ഞു. തന്റെ മക്കള്‍ക്കും ലോറയുടെ മക്കള്‍ക്കും ഇതുതന്നെയാണല്ലോ സംഭവിച്ചത്‌.

തൊട്ടടുത്ത വീടുകളാരുന്നെങ്കിലും ലോറയുടേയും അവന്റേയും ഒരു കുടുംബംപോലെയാണ്‌ കഴിഞ്ഞിരുന്നത്‌. അവളുടെ ഭര്‍ത്താവ്‌ മരംവെട്ടുകാരനായിരുന്നു. അയാള്‍ അപകടത്തില്‍ മരിച്ചതിനുശേഷം മൂന്നുകുഞ്ഞുങ്ങളെ പോറ്റാന്‍ അവള്‍ തന്റെ റെസ്റ്റോറന്റില്‍ ജോലിചെയ്‌താണ്‌ ആഹാരത്തിനുള്ള വക കണ്ടെത്തിയത്‌. അവള്‍ ജോലിചെയ്‌തില്ലെങ്കിലും സഹോദരിയേയും മക്കളേയും പോറ്റാന്‍ അവന്‍ തയ്യാറായിരുന്നു. പക്ഷേ, അഭിമാനിയായ അവള്‍ വെറുതെയിരുന്ന്‌ തിന്നാന്‍ തയ്യാറല്ലായിരുന്നു. അവനിപ്പോള്‍ കുടുംബമില്ല, ജീവിതത്തില്‍ ആരുമില്ല. സ്വയം ജീവനൊടുക്കിയാലോയെന്ന്‌ ചിലപ്പോള്‍ ആലോചിക്കും. ഒരുപക്ഷേ, തന്റെ ഭാര്യയും മക്കളും ജീവിച്ചിരിപ്പുണ്ടെങ്കിലോ, യുദ്ധംകഴിയുമ്പോള്‍ അവരെ കണ്ടുമുട്ടാന്‍ സാധിച്ചെങ്കിലോ എന്നചിന്ത ജീവിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നു.

എസ്സെസ്സുകാര്‍ വളരെക്കുറച്ചുപേരേയുള്ളതിനാല്‍ യുക്രേനിയന്‍ ഗാര്‍ഡുകളെയാണ്‌ ക്യാമ്പിന്റെ നടത്തിപ്പ്‌ ഏല്‍പിച്ചിരിക്കുന്നത്‌. ജര്‍മന്‍ നാസികള്‍ക്ക്‌ ഒരു മേല്‍നോട്ടംമാത്രമേയുള്ളു. യുക്രേനിയന്മാര്‍ വെറും വഷളന്മാരാണ്‌. അവരുടെ തലവനാണ്‌ വാള്‍ഡെമര്‍ എന്ന ഭീമാകാരന്‍. കൊമ്പന്‍മീശയും വട്ടക്കണ്ണുകളും ആറടിനീളവുമുള്ള അവനെ പുരുഷന്മാര്‍പോലും ഭീതിയോടെയാണ്‌ നോക്കുന്നത്‌.പുരുഷന്മാരുടെ ക്യാമ്പില്‍ ഒരു എസ്സെസ്സുമായി വഴക്കിട്ടതിനാണ്‌ അവനെ സ്‌ത്രീകളുടെ ക്യാമ്പിലേക്ക്‌ മാറ്റിയത്‌. ഉര്‍വശീശാപം ഉപകാരമായിത്തീര്‍ന്നതായിട്ടാണ്‌ ഇവിടെവന്നപ്പോള്‍ അവന്‌ അനുഭവപ്പെട്ടത്‌. യൗവ്വനയുക്തകളായ ഡസന്‍കണക്കിന്‌ സുന്ദരിപ്പെണ്ണുങ്ങളുടെ ഇടയില്‍ വന്നകപ്പെട്ട കാളക്കൂറ്റനായിട്ടാണ്‌ അവന്‌ തന്നെപ്പറ്റി തോന്നിയത്‌.

ആറു ദിവസത്തെ കഠിനാദ്ധ്വാനത്തിനുശേഷം സ്‌ത്രീകള്‍ക്ക്‌ വിശ്രമിക്കാന്‍ കിട്ടുന്ന ഒരേയൊരു ദിവസമാണ്‌ ഞായറാഴ്‌ച. വെറുംതറയില്‍ കിടന്നാണെങ്കിലും കുറെസമയം ഉറങ്ങാനുള്ള അവസരത്തിനായിട്ട്‌ എല്ലാവരും ഞായറാഴ്‌ചയാകാന്‍ കാത്തിരിക്കും. അവര്‍ ഇപ്പോള്‍ വികാരങ്ങളില്ലാത്ത ജീവികളാണ്‌. മക്കളെ അവരുടെ കൈകളില്‍നിന്ന്‌ ദുഷടന്മാര്‍ പിടിച്ചുവാങ്ങി. അവര്‍ക്ക്‌ നല്ലആഹാരവും കൊടുത്ത്‌ ആയമാരുടെ സംരക്ഷണത്തില്‍ വളര്‍ത്തുന്നുണ്ടെന്ന്‌ ഇവന്മാര്‍ പറഞ്ഞത്‌ വിശ്വസിക്കാനാണ്‌ എല്ലാവര്‍ക്കും താല്‍പര്യം. ദൂരെയെവിടെയോ ആണെങ്കിലും അവര്‍ നല്ലരീതിയില്‍ വളരുന്നുണ്ടെന്ന്‌ വിചാരിക്കുന്നത്‌ ആശ്വാസകരമാണ്‌. പ്രയാസങ്ങള്‍ യുദ്ധംകഴിയുന്നതുവരെ സഹിച്ചാല്‍ മതിയല്ലോ. അതിനുശേഷം കുഞ്ഞുങ്ങളും തങ്ങളുടെ ഭര്‍ത്താക്കന്മാരുമായി വീട്ടില്‍ തിരികെപോകാമല്ലോ.

സാറ തന്റെ ഭര്‍ത്താവിനെപ്പറ്റിയോര്‍ത്തു. മക്കളെയോര്‍ത്ത്‌ വിഷമിക്കുന്നതിനിടയില്‍ സ്റ്റെഫാന്റെകാര്യം അവള്‍ മറന്നുപോകും. അവനിപ്പോള്‍ എവിടെയായിരിക്കും? പഴയ ക്യാമ്പില്‍തന്നെ ആയിരിക്കുമോ? എന്തുജോലിയായിരിക്കും അവനെക്കൊണ്ട്‌ ചെയ്യിക്കുന്നത്‌? ഒരുകഷണം റൊട്ടിയും ടര്‍ണിപ്പ്‌ വെള്ളവും കഴിച്ച്‌ അവനിപ്പോള്‍ ഷീണിച്ചുകാണും. വീട്ടിലായിരുന്നപ്പോള്‍ അവന്‍ ഒരു ആഹാരപ്രിയനായിരുന്നു. കിട്ടുന്ന ശമ്പളംമൊത്തം ആഹാരസാധനങ്ങള്‍ വാങ്ങിക്കാനേ ഉണ്ടായിരുന്നുള്ളു. എന്നും വൈകിട്ട്‌ ജോലികഴിഞ്ഞ്‌ വരുമ്പോള്‍ എന്തെങ്കിലും വാങ്ങിക്കൊണ്ടായിരിക്കും വരുന്നത്‌.

`ഇങ്ങനെ പണം ചിലവഴിക്കാതെ അല്‍പമെങ്കിലും മിച്ചം വെയ്‌ക്ക്‌.' സാറ ഉപദേശിക്കും. `നാളെ എന്തായിരിക്കുമെന്ന്‌ എങ്ങനെയറിയാം?'

`നാളെ ചൊവ്വാഴ്‌ച; അതിന്റെ പിറ്റേന്ന്‌ ബുധനാഴ്‌ച,' അവന്‌ തമാശയാണ്‌.

ജീവിതത്തെ ഗൗരവമായി കാണാന്‍ അവന്‌ അറിയില്ല. എന്നാല്‍ കൂട്ടുകാരന്‍ ജൊസേക്കിനെ കണ്ടുപഠിക്കാന്‍ പറഞ്ഞാല്‍'.

`അവന്റെകൂട്ട്‌ പിശുക്കനാകാനൊന്നും എന്നെ കിട്ടത്തില്ല.' എന്നാണ്‌ മറുപടി.

`നീ എവിടെ പോകുന്നു?' ഒരു പരുക്കന്‍ ശബ്‌ദംകേട്ടിട്ടാണ്‌ സാറ തിരിഞ്ഞുനോക്കിയത്‌. തടിയന്‍ വാള്‍ഡെമര്‍ വട്ടക്കണ്ണുള്‍കൊണ്ട്‌ തുറിച്ചുനോക്കിക്കൊണ്ട്‌ പിന്നില്‍ നില്‍ക്കുന്നു.

`പൈപ്പില്‍നിന്ന്‌ അല്‍പം വെള്ളമെടുക്കാന്‍,' ഭയന്നപോയ അവള്‍ പറഞ്ഞു.

`അതൊക്കെ പിന്നീടാകാം; ഇപ്പോള്‍ നിനക്ക്‌ ഞാന്‍ മറ്റൊരു ജോലിതരാം.സ്റ്റോറില്‍ചെന്ന്‌ അവിടെ ചിതറിക്കിടക്കുന്ന യൂണിഫോം എല്ലാം അടുക്കി ഷെല്‍ഫില്‍ വെയ്‌ക്ക്‌.'

സാറ പോകാന്‍ മടിച്ചുനിന്നു.

`വേഗംപോ,' അയാള്‍ അലറി.

അനുസരിച്ചില്ലെങ്കില്‍ അവന്റെ കയ്യിലിരിക്കുന്ന ചാട്ടവാര്‍ പ്രയോഗിക്കുമെന്ന്‌ അറിയാവുന്നതുകൊണ്ട്‌ അവള്‍ സ്റ്റോറിലേക്ക്‌ നടന്നു. അവിടെ ചെന്നപ്പോള്‍ ഷെല്‍ഫിലിരുന്ന യൂണിഫോമെല്ലാം ആരോ വലിച്ച്‌ താഴെയിട്ടിരിക്കുന്നതുപോലെയാണ്‌ കണ്ടത്‌.

ഓരോന്നായി മടക്കി വീണ്ടും ഷെല്‍ഫില്‍ വെച്ചുകൊണ്ടിരുന്നപ്പോള്‍ പിന്നില്‍ ആരോ നില്‍ക്കുന്നതുപോലെതോന്നി. തിരിഞ്ഞുനോക്കിയപ്പോള്‍ തടിയന്‍ ഉക്രേനിയന്‍ നഗ്നനായി നില്‍ക്കുന്നു. എന്തുചെയ്യണമെന്നറിയാതെ ഒരുനിമിഷം പകച്ചുനിന്നു. അവന്റെ ബലിഷ്‌ടമായ കൈകള്‍ നീണ്ടുവരുന്നത്‌ അവള്‍കണ്ടു. രക്ഷപെടാന്‍ ഒരുപഴുതും കാണുന്നില്ല. സഹായത്തിനായി ഒരുനിമിഷം കരഞ്ഞ അവളുടെവായില്‍ അവന്‍ ഒരുകഷണം തുണികുത്തിക്കയറ്റി. ആജാനബാഹുവായ അവന്റെ ശരീരത്തിനടിയില്‍ അമരുമ്പോള്‍ നിലവിളിക്കാന്‍പോലും സാധിക്കാതെ അവള്‍ കീഴടങ്ങി.

ഒരുവെടിപൊട്ടുന്ന ശബ്‌ദം അവള്‍കേട്ടു. തന്നെ കടിച്ചുകീറുന്ന മൃഗം നിശ്ചലനായതായി അവള്‍ അറിഞ്ഞു. അവന്റെ തലയില്‍നിന്ന്‌ രക്തം അവളുടെ മുഖത്തേക്ക്‌ ഒഴുകിവന്നപ്പോള്‍ അവനാണ്‌ വെടികൊണ്ടതെന്ന്‌ അറിഞ്ഞു. തോക്കുംപിടിച്ച്‌ ലിയോണ്‍ സമീപത്ത്‌ നില്‍ക്കുന്നു.

`എഴുന്നേറ്റ്‌ പൊയ്‌ക്കോ വേഗന്ന്‌,' അവന്‍ പറഞ്ഞു.

ബ്‌ളോക്കിലേക്ക്‌ ഓടുമ്പോള്‍ എസ്സെസ്സുകാരും ഉക്രേനിയന്‍ ഗാര്‍ഡുകളും സ്റ്റോറിലേക്ക്‌ പോകുന്നത്‌ കണ്ടു. ലിയോണിനെ പിന്നീടൊരിക്കലും അവള്‍ കണ്ടിട്ടില്ല.


(തുടരും....)

പതിനാലാം ഭാഗം വായിക്കുക...
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-15: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക