Image

എം.ജി.ഒ.സി.എസ്‌.എം-ന്റെ നേതൃത്വത്തില്‍ വണ്‍ കോണ്‍ഫറന്‍സ്‌ 29ന്‌

ജോര്‍ജ്‌ തുമ്പയില്‍ Published on 22 November, 2014
എം.ജി.ഒ.സി.എസ്‌.എം-ന്റെ നേതൃത്വത്തില്‍ വണ്‍ കോണ്‍ഫറന്‍സ്‌ 29ന്‌
ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന എം.ജി.ഒ.സി.എസ്‌.എം നവംബര്‍ 29 ശനിയാഴ്‌ച നാലാമത്‌ വാര്‍ഷിക വണ്‍ കോണ്‍ഫറന്‍സിന്‌ ആതിഥ്യമരുളുന്നു. നോര്‍ത്ത്‌ ഈസ്റ്റ്‌ ഏഷ്യയിലെ ഓറിയന്റല്‍, ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സ്‌ സഭകളിലെ യുവജനങ്ങളെ ഉദ്ദേശിച്ചാണ്‌ ഈ കോണ്‍ഫറന്‍സ്‌ നടത്തുന്നത്‌. ന്യൂജേഴ്‌സി, റോസ്‌ലന്‍ഡ്‌ സെയ്‌ന്റ്‌ നിക്കോളാസ്‌, കോണ്‍സ്റ്റന്റൈന്‍ ആന്‍ഡ്‌ ഹെലന്‍ ഗ്രീക്ക്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ (80 Laurel ave, Rose land New Jersey 07068) ശനിയാഴ്‌ച രാവിലെ 9 മുതല്‍ വൈകുന്നേരം നാലുമണി വരെ നടക്കുന്ന കോണ്‍ഫറന്‍സില്‍ സഖറിയ മാര്‍ നിക്കോളാവോസ്‌ മെത്രാപ്പൊലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. അന്ത്യോഖ്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ മെത്രാപ്പൊലീത്താ ജോണ്‍ അബ്‌ദള്ളാ കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷകനായിരിക്കും.

തിന്മയെ ഭയക്കാതിരിക്കുക (സങ്കീര്‍ത്തനങ്ങള്‍ 23:4) എന്നതാണ്‌ കോണ്‍ഫറന്‍സിന്റെ പ്രധാന ചര്‍ച്ചാവിഷയം. ലോകമെങ്ങും ക്രൈസ്‌തവര്‍ അനുഭവിക്കുന്ന പീഡനകഥകള്‍ കോണ്‍ഫറന്‍സ്‌ ചര്‍ച്ച ചെയ്യും. പഴയകാലത്തെയും ആധുനിക കാലത്തെയും രക്തസാക്ഷികളെക്കുറിച്ച്‌ യുവജനങ്ങള്‍ക്ക്‌ കോണ്‍ഫറന്‍സില്‍ അവബോധം നല്‍കും.

ഓര്‍ത്തഡോക്‌സ്‌ വിശ്വാസം മുറുകെപ്പിടിക്കാനും പിന്തുടരാനും യുവജനതയെ പ്രോത്സാഹിപ്പിക്കുക, വൈദിക സമൂഹവും യുവനേതൃനിരയുമായി ഊഷ്‌മള ബന്ധം ഉറപ്പിക്കുക എന്നിവ കോണ്‍ഫറന്‍സ്‌ ലക്ഷ്യമിടുന്നു. ഓര്‍ത്തഡോക്‌സ്‌ വിശ്വാസം ഇത്രയേറെ ആളുകള്‍ പങ്കിടുന്നത്‌ അനുഭവിച്ചറിയുന്നത്‌ സഭയുടെ പാരമ്പര്യത്തെകുറിച്ച്‌ യുവസമൂഹത്തിനിടയില്‍ മതിപ്പു വളര്‍ത്തുമെന്ന്‌ പ്രതീക്ഷയുമുണ്ട്‌.
സഹോദരസഭയായ കോപ്‌ടിക്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിലെ ഡേവിഡ്‌ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിലാണ്‌ ഇതുവരെ വണ്‍ കോണ്‍ഫറന്‍സുകള്‍ നടന്നുവന്നത്‌. അഞ്ചുവര്‍ഷം മുമ്പ്‌ ന്യൂജേഴ്‌സി ബെല്‍വില്ലിലുള്ള കോപ്‌റ്റിക്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ നടന്ന യൂത്ത്‌ ബൈബിള്‍ സ്റ്റഡി പ്രോഗ്രാം നയിക്കാന്‍ വിജയ്‌ തോമസ്‌ ശെമ്മാശന്‍ ക്ഷണിക്കപ്പെട്ടതാണ്‌ വണ്‍ കോണ്‍ഫറന്‍സ്‌ എന്ന ചിന്തയ്‌ക്ക്‌ തുടക്കമിട്ടത്‌. കോപ്‌റ്റിക്‌, ഇന്ത്യന്‍ സഭകളില്‍ നിന്നും നൂറിലേറെ യുവാക്കള്‍ പങ്കെടുത്ത ബൈബിള്‍ സ്റ്റഡി പ്രോഗ്രാമിന്റെ വിജയം കണ്ട്‌ വിജയ്‌ ശെമ്മാശനും കോപ്‌റ്റിക്‌ ഓര്‍ത്തഡോക്‌സ്‌ സഭയിലെ ഡോ. ജോണ്‍ മാലേകും ചേര്‍ന്നാണ്‌ ഇപ്പോഴത്തെ വിപുലമായ കോണ്‍ഫറന്‍സ്‌ പ്ലാന്‍ ചെയ്‌ത്‌ നടപ്പാക്കിയത്‌.

ഫാ. വിജയ്‌ തോമസിനും ഡോ. ജോണ്‍ മാലേകിനുമൊപ്പം എം.ജി.ഒ.സി.എസ്‌.എം വൈസ്‌ പ്രസിഡന്റ്‌ ഫാ. വി.എം ഷിബു, എം.ജി.ഒ.സി.എസ്‌.എം ഭദ്രാസന സെക്രട്ടറി മനോജ്‌ വര്‍ഗീസ്‌ എന്നിവരും കോണ്‍ഫറന്‍സ്‌ കോ ഓര്‍ഡിനേറ്റ്‌ ചെയ്യും.

www.oneorthodox.org ല്‍ 15 ഡോളര്‍ നല്‍കി രജിസ്‌ട്രേഷന്‍ നടത്താം. പങ്കെടുക്കുന്നവര്‍ നേരത്തേ തന്നെ ഓണ്‍ലൈന്‍ ആയി രജിസ്‌ട്രേഷന്‍ നടത്തണമെന്ന്‌ മാര്‍ നിക്കോളോവോസ്‌ ഒരു കല്‍പനയിലൂടെ ആഹ്വാനം ചെയ്‌തു. സമ്മേളനസ്ഥലത്ത്‌ രജിസ്‌ട്രേഷന്‌ 20 ഡോളര്‍ നല്‍കണം. എല്ലാ പ്രായക്കാര്‍ക്കും കോണ്‍ഫറന്‍സില്‍ സംബന്ധിക്കാമെങ്കിലും 13 മുതല്‍ 28 വയസ്‌ വരെ പ്രായമുള്ള യുവ സമൂഹത്തെയാണ്‌ പ്രധാനമായും കോണ്‍ഫറന്‍സ്‌ ലക്ഷ്യം വയ്‌ക്കുന്നത്‌. എല്ലാ ഇടവകകളിലെയും വൈദികരുടെയും ഡീക്കന്‍മാരുടെയും എം.ജി.ഒ.സി.എസ്‌.എം അംഗങ്ങളുടെയും പ്രാര്‍ഥനാ പൂര്‍ണമായ സഹകരണവും സാന്നിധ്യവും കോണ്‍ഫറന്‍സിലുണ്ടാവണമെന്ന്‌ മാര്‍ നിക്കോളോവോസ്‌ മെത്രാപ്പൊലീത്തയും എം.ജി.ഒ.സി.എസ്‌.എം നേതൃത്വവും അറിയിച്ചു.

വിവരങ്ങള്‍ക്ക്‌: ഫാ. വിജയ്‌ തോമസ്‌: (732) 766-3121, ഫാ. വി എം ഷിബു: (312) 927 7045, മനോജ്‌ വര്‍ഗീസ ്‌ : (240) 506 6694
എം.ജി.ഒ.സി.എസ്‌.എം-ന്റെ നേതൃത്വത്തില്‍ വണ്‍ കോണ്‍ഫറന്‍സ്‌ 29ന്‌
എം.ജി.ഒ.സി.എസ്‌.എം-ന്റെ നേതൃത്വത്തില്‍ വണ്‍ കോണ്‍ഫറന്‍സ്‌ 29ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക