Image

ഇനിയൊരു ജന്മം കൂടി -സണ്ണി മാമ്പിള്ളി

സണ്ണി മാമ്പിള്ളി Published on 27 October, 2014
ഇനിയൊരു ജന്മം കൂടി -സണ്ണി മാമ്പിള്ളി
ന്യൂജേഴ്‌സി: വയലാര്‍ രാമവര്‍മ്മ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയിട്ട് ഒക്‌ടോബര്‍ 27ന് 39 വര്‍ഷം തികയുന്നു. സംഗീതസാന്ദ്രവും ആശയസമ്പുഷ്ടവുമായ അനേകം കവിതകളും ഗാനങ്ങളും കൊണ്ട് കൈരളിയെ ധന്യമാക്കിയ വയലാര്‍ 'രാത്രി പകലിനോടെന്നപോലെ' യാത്ര ചോദിച്ച് ഈ ധരണിയില്‍ നിന്നും മണ്‍ മറഞ്ഞുപോയെങ്കിലും കാലത്തിന്റെ കടല്‍തീരത്ത് തിരകള്‍ക്ക് മായ്ക്കാനാവാത്തവിധം വയലാറിന്റെ നാമമിന്നും തെളിഞ്ഞുനില്‍ക്കുന്നു. തിളങ്ങിനില്‍ക്കുന്നു.
ശബ്ദസൗകുമാര്യത്തോടൊപ്പം ആശയസൗന്ദര്യവും തുളുമ്പി നില്‍ക്കുന്ന വയലാറിന്റെ കവിതകളും ഗാനങ്ങളും അനശ്വരമായതിന് കാരണം. താന്‍ ജിവിച്ചിരുന്ന കാലഘട്ടത്തിലെ സാധാരണ ജനങ്ങളുടെ വികാര വിചാരങ്ങള്‍ അവയില്‍ ഉള്‍ക്കൊള്ളിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നതുതന്നെ.
ആദര്‍ശസ്‌നേഹം വയലാര്‍ കവിതകളില്‍ തെളിഞ്ഞുനില്‍ക്കുന്ന ഭാവമാണ് അതുകൊണ്ടു തന്നെയാണ് സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും” എന്നദ്ദേഹം പാടിയത്.

അടിച്ചമര്‍ത്തപ്പെട്ട വര്‍ഗ്ഗത്തിന്റെ വക്താവാകുമ്പോള്‍ മാത്രമേ ഏതു കവിക്കും കാലഘട്ടത്തിന്റെ പ്രതിനിധിയാകുവാന്‍ കഴിയൂ എന്നദ്ദേഹം വിശ്വസിച്ചു. പുന്നപ്ര വയലാര്‍ വിപ്ലവമായിരുന്നു വയലാറിന്റെ ആദര്‍ശസ്‌നേഹത്തെ ജ്വലിപ്പിച്ചത്.
“മരിച്ചിട്ടില്ല ഞങ്ങ-
ളിന്നോളമൊരു നാളും.
മരിക്കില്ലൊടുങ്ങാത്ത
സൃഷ്ടിശക്തികള്‍ ഞങ്ങള്‍”
താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ യുവതലമുറയുടെ വേദനകളും വ്യഥകളും വയലാറിന്റെ കവിതകളില്‍ കണ്ടെത്താന്‍ കഴിയും.
ഇന്ത്യയിലെങ്ങും തൊഴില്‍മേടകളുടെ
ഇരുമ്പുഗേറ്റുകളടയുന്നു
ഗൂര്‍ഖകള്‍ കാവലിരിക്കും കമ്പനി-
ഗോപുരവാതിലുകള്‍
നെറ്റിയിലെഴുതിതൂക്കുന്നു
നോ വേക്കന്‍സി
ഇന്ത്യയിലെവിടെ പോയാലും
നോ വേക്കന്‍സി” (ഉദ്യോഗപര്‍വ്വം)
അന്ധവിശ്വാസത്തിന്റേയും അനാചാരത്തിന്റെയും അടിത്തറയില്‍ പടുത്തുയര്‍ത്തിയ ജനങ്ങളെ വയലാര്‍ ശരിക്കും വിമര്‍ശിച്ചിട്ടുണ്ട്.
മയക്കുമരുന്നിന്റെ ലഹരിയില്‍
മന്ത്രവാദ ലഹരിയില്‍
മതങ്ങള്‍ നിര്‍മ്മിക്കുവാനുള്ള ത്വരയില്‍
മാനവസ്‌നേഹം മറന്നവരേ
കാപാലികരെ ഭണ്ഡാരപ്പുരയിലെ
കാപാലികരേ
നിങ്ങളോ ഞങ്ങളോ നിരീശ്വരന്മാര്‍” (ഭാരതക്ഷേത്രം)
സാമൂഹ്യവ്യവസ്ഥിതിയുടെ ദുരവസ്ഥയെപ്പറ്റി വയലാറെഴുതി
“പാതിവിടരും മുമ്പേ പൂവുകള്‍ വാടിക്കൊഴിയുകയാണിവിടം
വാരിധികാണും മുമ്പേ നദികള്‍
വറ്റിവരളുകയാണിവിടം” എന്നും വയലാര്‍ വിലപിച്ചെങ്കിലും ശുഭപ്രതീക്ഷ കൈവിടാതെ അദ്ദേഹം തുടര്‍ന്ന് പാടുന്നു.
“ഞങ്ങളില്‍ ജീവിക്കുന്നു
ഞങ്ങള്‍ തന്‍ മുത്തച്ഛന്‍മാര്‍
ഞങ്ങളില്‍ തുടരുന്നു
നാളെയുംമറ്റന്നാളും”
മുഷിഞ്ഞുനാറുന്ന സാമൂഹ്യവ്യവസ്ഥിതിയുടെ ദുരവസ്ഥയില്‍ നിന്ന് നിരന്തര കര്‍മ്മശേഷിയും പരിവര്‍ത്തനത്തിന്റെ പുതിയൊരുയുഗം പടുത്തുയര്‍ത്താനുള്ള അടങ്ങാത്ത അഭിവാഞ്ചയുമായിരുന്നു വയലാറില്‍ നിറഞ്ഞു കവിഞ്ഞിരുന്നത്.
കടലിലെ ഓളവും, കരളിലെ മോഹവും അടങ്ങുകില്ലെന്നാലപിച്ച വയലാര്‍ വസുന്ധരേ വസുന്ധരേ മതിയാകുംവരെ ഇവിടെ ജീവിച്ച്
മരിച്ചവരുണ്ടോ എന്നന്വേഷിക്കുന്നു.
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം.
ഇന്ദ്രധനുസ്സില്‍ തൂവല്‍കൊഴിയും തീരം
ഈ മനോഹരതീരത്തുതരുമോ-
ഇനിയൊരുജന്മം കൂടി
എനിക്കിനിയൊരുജന്മം കൂടി എന്നു ചോദിക്കുന്ന വയലാറിനോട് മലയാളി മനസ്സുകളില്‍ മനോജ്ഞമായൊരു മറുപടിയുണ്ട്. മരിച്ചവര്‍ക്കല്ലേ പുനര്‍ജന്മമൊള്ളൂ. വയലാര്‍ മരിച്ചിട്ടില്ല. അനശ്വരതയാണ് തന്റെ കവിതകളിലൂടെയും ഗാനങ്ങളിലൂടെയും മലയാളി മനസ്സുകളില്‍ വയലാറിന്നും വസിക്കുന്നു. ചിരം ജീവിയായ്. അനശ്വരനായ്.


ഇനിയൊരു ജന്മം കൂടി -സണ്ണി മാമ്പിള്ളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക