Image

ഇറങ്ങിപ്പോകാന്‍ ലക്ഷണമൊക്കാത്ത വീടുകള്‍(കഥ: ജോണ്‍മാത്യു)

ജോണ്‍മാത്യു Published on 27 October, 2014
 ഇറങ്ങിപ്പോകാന്‍ ലക്ഷണമൊക്കാത്ത വീടുകള്‍(കഥ: ജോണ്‍മാത്യു)
ഒരു ദുരന്തം പ്രതീക്ഷിച്ചതായിരുന്നു. അതെന്നാണ് സംഭവിക്കുന്നതെന്ന് മാത്രമേ സംശയം ഉണ്ടായിരുന്നുള്ളൂ. ഈ കഥയുടെ ഒത്തനടുവില്‍ ജാനറ്റ് ജാക്‌സന്‍ വന്നുചേര്‍ന്നത് ആകസ്മികവും!
നൂറ്റാണ്ടുകളായി ഞങ്ങളുടെ കുടുംബത്തിലും അതിലുമുപരി എന്നിലും നിലനിന്ന വിശ്വാസങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്ന് പ്രഖ്യാപിക്കാനുള്ള ഒരവസരംകൂടി.
തുടര്‍ച്ചയായ അന്വേഷണത്തിന്റെ അവസാനം എങ്ങനെയോ ജാനറ്റ് ജാക്‌സന്‍ എന്റെ മുന്നില്‍ വന്നുപെടുന്നു. അല്ലെങ്കില്‍ ഞാന്‍ ജാനറ്റിന്റെ മുന്നില്‍ ചെന്നെത്തുന്നു. ഇവിടെ അന്വേഷണം എന്ന വാക്കിന് അര്‍ത്ഥം ഏറെയാണ്. ലോകം മുഴുവന്‍ അന്യോന്യം തെരയുന്നതുപോലെ, ഞങ്ങളും!
തത്വശാസ്ത്രപരമായ അന്വേഷണമൊന്നുമായിരുന്നില്ല, ഞാന്‍ മറ്റൊരു വീട്ടിലേക്ക് മാറിയപ്പോള്‍ എന്റെ പഴയ വീട്ടില്‍ താമസിക്കാന്‍ ആരെങ്കിലും വേണം. അങ്ങനെ വാടകക്കാരിയായി എത്തിയതാണ് ജാനറ്റ്.
ആ നീണ്ട തെരച്ചില്‍ക്കാലത്തിന്റെ കഥ, ഒരു വീടിന് വിലയില്ലെന്ന് ഞാനറിയുന്നത് അപ്പോഴാണ്. അത് വാടകക്ക് എടുക്കാന്‍ ആളില്ലപോലും.
പത്രങ്ങളില്‍ പരസ്യം കൊടുത്തിട്ട് ആരെങ്കിലും വിളിച്ചൊന്ന് അന്വേഷിക്കാന്‍ കാത്തിരുന്നു.
രാജ്യത്തെ സാമ്പത്തികരംഗം ആകപ്പാടെ തകര്‍ന്നിരിക്കുന്നു. ഇനിയും വല്ലപ്പോഴും ഒരു അന്വേഷണം വന്നാലോ വാടകത്തുക അറിഞ്ഞാലുടന്‍ ഒരു ക്ലിക്ക് ശബ്ദത്തോടെ ഫോണ്‍ താഴെ വെക്കുകയായി.
ജനത്തിന് ജോലിയില്‍ സ്ഥാനക്കയറ്റം കിട്ടാഞ്ഞത്, ഓഹരി വിപണിയില്‍ നഷ്ടം വന്നത്, ജീവിതം  മൊത്തത്തില്‍ നന്നായി തോന്നാത്ത എല്ലാം എന്നെ ബാധിച്ചിരിക്കുന്ന ഏതോ ദുര്‍വിധിയെന്ന് ഞാന്‍ ഉറച്ച് വിശ്വാസിക്കാന്‍ തുടങ്ങി. മറ്റ് എന്തെല്ലാമുണ്ടെങ്കിലും ജനതക്കു മുഴുവന്‍ ഗുഡ് ഫീലിംഗ് വേണമത്രേ. അതിന് എന്റെ ഉടമയിലുള്ള പലതിനോടും ബന്ധമുണ്ടെന്നും, പിന്നെ വീട് കാണാതെതന്നെ ലക്ഷണം വായിച്ചെടുക്കാന്‍ ചിലര്‍ക്കുള്ള അത്ഭുതസിദ്ധിയും!
അതേ, ലക്ഷണമൊക്കാത്ത വീട് ആയതുകൊണ്ടുതന്നെയായിരിക്കാം വാടകക്കാര്‍ക്ക് താല്പര്യമില്ലാത്തത്!
വീടിന്റെ മുന്നിലെ റോഡ് ഉള്ളിലേക്ക് വളഞ്ഞിരിക്കണമെന്ന് ചൈനാക്കാരന്‍ സുഹൃത്ത്. വഴിയേ വെറുതേ പോകുന്ന പണം ചുമ്മാതങ്ങ് കേറിവരാന്‍ അതാണ് മാര്‍ഗ്ഗമത്രേ. തെക്കുപടിഞ്ഞാറോട്ടുള്ള ദര്‍ശനം പന്തിയല്ലെന്ന് ഗണകന്‍. ദിക്കറിയാത്ത സ്ഥലമെന്ന് വാനശാസ്ത്രജ്ഞന്‍. പിന്നെ സന്ദര്‍ശനത്തിനു വന്നൊരാള്‍ക്ക് വീടിന്റെ മുന്നിലെ നാരകം അശുഭംപോലും, അയാള്‍ മുഴുമിപ്പിച്ചില്ല ''നായ് പെറ്റിടവും നാരകം നിന്നിടവും...'' എന്റെ മുഖത്ത് പേശികള്‍ മുറുകുന്നതു കണ്ടിട്ടായിരിക്കണം ചൂടുപിടിച്ച കേരളരാഷ്ട്രീയത്തിലേക്ക് അയാള്‍ വിഷയം വഴുതിമാറ്റിയത്.
ഞാനെത്ര വേഗമാണ് പ്രഭു ആയത്. ആരാണവോ ഈ ലാന്‍ഡ് ലോര്‍ഡ് പ്രയോഗം കണ്ടുപിടിച്ചത്. അത് ഇന്ത്യാക്കാരുടെ ഭൂമിയും ഇംഗ്ലീഷുകാരുടെ ലോര്‍ഡും ഒപ്പം പ്രഭുഭക്തിയും ചേര്‍ന്നതായിരിക്കണം.
ബോധമില്ലാത്ത ഇന്നത്തെ ജനം ഇതെങ്ങനെ മനസ്സിലാക്കാന്‍.
വീടു വാടകക്ക് എടുക്കാന്‍ വന്നവരോട് ഒരു ലോര്‍ഡിന്റെ ഗമയില്‍ത്തന്നെ ഞാനിടപെട്ടു. എന്റെ പരുക്കന്‍ സ്വഭാവവും കൂടിയായിരിക്കണം വാടകക്കാരും ഞാനുമായി ഒരു മുന്നാള്‍ സ്വഭാവം സൃഷ്ടിച്ചത്.
അന്വേഷണവുമായി വരുന്നവരിലധികവും പെണ്ണുങ്ങള്‍ത്തന്നെ. ഞാന്‍ ചോദിക്കും.
'കുട്ടികള്‍.....?'
ഏഴ്... എട്ട്... എന്നിങ്ങനെ ഉത്തരം.
കാശുമുടക്കി പെയ്ന്റടിച്ചുവെച്ചിരിക്കുന്ന വീട്ടില്‍ എട്ടുപിള്ളാരെയും ഒരു തള്ളേംകൂടി താമസിപ്പിച്ചാലത്തെ ഗതികേട് എനിക്കല്ലേ അറിയൂ.
പിള്ളാരെ അടക്കിനിര്‍ത്താന്‍ കഴിയുന്ന ആരെങ്കിലുമുണ്ടോന്നറിയാന്‍ മടിച്ചുമടിച്ച് ഞാന്‍ ചോദിക്കും.
'ഹസ്ബാന്‍ഡ്...?'
'നോ, ഹി കംസ് ആന്‍ഡ് സ്റ്റേയ്‌സ് ഫോറേ വൈല്‍, ദെന്‍ ലീവ്‌സ്'
ഞാന്‍ മനസില്‍ കണക്കുകൂട്ടി...
ഏഴ്... എഴ്... എട്ട്... എട്ട്... ഒന്‍പത്,
ഒന്‍പത്... പത്ത്... പത്ത്... എന്നിങ്ങനെ.
ഒരു കുടിയിറക്കുപോലും അസാദ്ധ്യം. നിയമമല്ല, നമ്മുടെ അമ്പതുകളിലെ കമ്മ്യൂണിസ്റ്റ് സ്വാധീനം എന്റെ തലയില്‍ എങ്ങനെയോ കേറിക്കൂടി!
ഞാന്‍ കാത്തിരുന്നു...
അങ്ങനെയൊരു കാത്തിരിപ്പിനും ഒരറുതി. എന്റെ പിന്നാലെ എപ്പോഴും കൂടുന്ന ഗൃഹപിഴ തന്നെയാണ് എല്ലാം തികഞ്ഞതെന്ന് കരുതാവുന്ന മറ്റൊരു വീട് വാങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത്. അതുകൊണ്ടാണല്ലോ ഞാന്‍ ഭൂപ്രഭുവായതും.
ഒരിക്കല്‍ സംഭവിച്ച തെറ്റ് ആവര്‍ത്തിക്കാന്‍ പാടില്ല. പിന്നെയും ഓര്‍ക്കും ഇനിയും വാങ്ങുന്ന വീടെങ്കിലും കൃത്യം കിഴക്കോട്ട് ദര്‍ശനമായിരിക്കണം, കിഴക്കോട്ട് ചരിഞ്ഞതായിരിക്കണം ഭൂമിയുടെ കിടപ്പ്.
പക്ഷേ, ഇഷ്ടപ്പെട്ടത് കൊത്തിയെടുക്കാനുള്ള സ്വാതന്ത്ര്യം എന്നേ അടിയറവുവെച്ചിരുന്നു.
കുറ്റിക്കാടുകള്‍ വെട്ടിത്തെളിച്ച് റോഡുവെട്ടി വേലികെട്ടി 'ഏഞ്ചല്‍ ഫാള്‍സ്' എന്നും മറ്റും സുന്ദരമായ പേരുംകൊടുത്ത് അത് സബ്ഡിവിഷനാക്കുന്നു. സൂര്യനുദിക്കുമ്പോഴേ ഇവിടെ കിഴക്ക് എവിടെയാണെന്ന് അറിയൂ. കമഴ്ത്തിവെച്ച തെളിഞ്ഞ ആകാശം എല്ലായിടത്തും ഒരുപോലെ. ഉയര്‍ന്ന മരങ്ങളില്ല, ഭൂമിക്ക് ഏറ്റിറക്കങ്ങളില്ല, നേരെകിടക്കുന്ന വഴി.
ഏജന്റ് ലേഡി പറഞ്ഞു:
'ഇവിടൊരൊറ്റ ലക്ഷണമേയുള്ളൂ. സൂര്യന്‍ നേരെ മുഖത്തടിക്കാതിരിക്കുക. പിന്നെ കാറ്റ് വരുന്ന ദിശ അപ്പഴപ്പോള്‍ ടീവിയില്‍ പറയും...'
കച്ചവടക്കണ്ണോടെ അവര്‍ കൂട്ടിച്ചേര്‍ത്തു.
'നടക്കാന്‍ പുല്‍ത്തകിടിയുണ്ട്, വിശ്രമിക്കാന്‍ പൂന്തോട്ടമുണ്ട്, നോക്കിയിരിക്കാന്‍ മീന്‍കുളവുമുണ്ട്.
ഗേറ്റ് തുറക്കണമെങ്കില്‍ നമ്പര്‍ ഞെക്കണം... സുരക്ഷിതം...'
എല്ലാം തികഞ്ഞ ഒരു സാങ്കേതിക വീട്,
പക്ഷേ...
ഒരു പുതിയ വീട് വാങ്ങാന്‍ ആലോചിക്കുമ്പോഴെല്ലാം പഴയ തറവാട്ടുവീടാണ് ഓര്‍മ്മയിലെത്തിയിരുന്നത്.
അത് അങ്ങനെയേ വരാന്‍ തരമുള്ളൂ. തറവാടുവീടിന്റെ ആയുസ് ആര്‍ക്കുമറിയില്ല. പഴക്കമേറുന്തോറും സമൂഹത്തിലെ മാന്യസ്ഥാനത്തിനും ഉറപ്പധികമാകുമല്ലോ. ഉമയമ്മറാണിയുടെ കാലത്തും ഈ വീടുണ്ടായിരുന്നു എന്നാണ് ചെറുപ്പത്തില്‍ ഞാന്‍ വിശ്വസിച്ചിരുന്നത്. അങ്ങനെയുള്ള ഉറച്ച വിശ്വാസം നിലനിര്‍ത്തുന്നത് കുലീനത വര്‍ദ്ധിപ്പിക്കുമെന്നും കാരണവന്മാര്‍ക്കറിയാമായിരുന്നു. പ്രായമുള്ളവരുടെ അവകാശവാദങ്ങള്‍ നിഷേധിക്കാന്‍ കഴിയുമായിരുന്നില്ലല്ലോ.
ഞങ്ങളുടെ ആ വീടിന്റെ പ്രത്യേകത അത് ലക്ഷണമൊക്കാത്തതായിരുന്നു എന്നാണ്. കാരണവന്മാര്‍ ചോദിക്കും എല്ലാം തെകഞ്ഞതെന്താണുള്ളത്?
ദൈവമോ...?
ഈ ന്യൂനതകളുടെയും പിന്നിലൊരു കഥയുണ്ട്.
അറയും നിരയും നിലവറയും തട്ടിന്‍പുറവുമുള്ള വീട് കാട്ടില്‍നിന്ന് കൊണ്ടുവന്ന അദ്രവവമായ മരം സമൃദ്ധവുമായി ഉപയോഗിച്ചുതന്നെ പണിതതായിരുന്നു.
ആധുനികമനുഷ്യന്‍ അതു കണ്ടാല്‍ അത്ഭുതംകൂറി നിന്നുപോകും.
പക്ഷേ,
ഓരോ മുഴം നീളത്തില്‍ കൊമ്പുപോലെ അവിടവിടെ എഴുന്നുനില്ക്കുന്ന തടിയുടെ അധികപ്പറ്റുകള്‍ മുറിച്ചുകളയാന്‍ തച്ചന്‍ മറന്നുവത്രേ.
പരസ്യമായിപ്പറയുന്നത് അങ്ങനെ.
രഹസ്യമായ കാരണം അന്നത്തെ തച്ചന്റെ സ്വര്‍ണ്ണമോതിരക്കഥയും. രണ്ടുമൂന്നു വര്‍ഷംകൊണ്ട് മനോഹരമായ വീടു നിര്‍മ്മിച്ച വാസ്തുശില്പിക്ക് ഒരു സ്വര്‍ണ്ണമോതിരം സമ്മാനിച്ചില്ലത്രേ. ഈ വികലത കാരണവന്മാര്‍ക്കെല്ലാം അറിയാം. തലമുറകളായി ജനത്തിന്റെയെല്ലാം മനസ്സിലുണ്ട്.
സ്വര്‍ണ്ണമോതിരം, അത് തച്ചന്റെ അവകാശമാണ്, അതുകൊണ്ട്:
''ആ അവകാശം കിട്ടിക്കഴിയുമ്പോള്‍ ഞങ്ങള്‍ അതങ്ങ് മുറിക്കും, മറ്റാരുമല്ല ഞങ്ങള്‍...''
അങ്ങനെയായിരുന്നു നാട്ടുനടപ്പ്, ഒരു വീടിന്റെ പ്രധാന ശില്പി തച്ചന്‍ തന്നെ. സ്ഥാനം കാണുന്നു, തടിയുടെ അളവുകള്‍ കണക്കുകൂട്ടുക മാത്രമല്ല, കല്പണിക്കാരെയും നിയന്ത്രിച്ചുകൊണ്ടിരുന്നത് തച്ചന്‍തന്നെ. അങ്ങനെയുള്ള ശില്പിയാണ് പണിപൂര്‍ത്തിയായിക്കഴിയുമ്പോള്‍ ഒരു പാരിതോഷികം പ്രതീക്ഷിക്കുക. അതിന് വിഘ്‌നം വരുത്തിയാലോ?
അന്നത്തെ കാരണവരും പിടിവാശിക്കാരനായിരുന്നു. തച്ചനുമായി സ്വരചേര്‍ച്ചയില്ലാതായി.
അത് മുന്നൂറു വര്‍ഷം പഴകിയ കഥ. ഐതീഹം!
പക്ഷേ,
എന്നും ആ വീട്ടില്‍ വളരുന്ന ചെറുപ്പക്കാര്‍ക്ക് ആവേശമായിരുന്നു വീടിനൊരു മോചനം കൊടുക്കാന്‍!
ഒന്നിനു പിന്നാലെയൊന്നായി വന്ന കാരണവര്‍ തലമുറകളെല്ലാം നൂറ്റാണ്ടുകളായി ഒരേ ശബ്ദത്തില്‍ പറഞ്ഞു:
''വേണ്ട മോനേ, അങ്ങനെയൊരു മോചനം വേണ്ട...''
ചെറുപ്പക്കാര്‍ക്ക് പ്രായമേറിയപ്പോള്‍ കാരണവശബ്ദം അവര്‍ക്കും കിട്ടി. അവര്‍ക്കും മനസ്സിലായി ആ വീടിന് പരിഷ്‌ക്കാരങ്ങളൊന്നും ആവശ്യമില്ലെന്ന്.
കാലങ്ങളുടെ കുത്തൊഴുക്കില്‍ ദിനങ്ങള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍...
പുരോഗമനവാദിയായ ഒരു ചെറുപ്പക്കാരന്‍ തറവാട്ടില്‍നിന്ന് ശീമക്കുപോയി. അവന്‍ മടങ്ങിവന്നത് കൈനിറയെ കാശുമായി. ഓലമേഞ്ഞിരുന്ന വീട് ഓടിട്ടു, പുതിയ ചായമടിച്ചു.
അവസാനമായി കരുതിക്കൊണ്ടുവന്ന ആ വളഞ്ഞ വാള് പുറത്തെടുത്തു. എന്നിട്ടു പ്രഖ്യാപിച്ചു.
ഒരു വിപ്ലവകാരിയുടെ ആവേശത്തില്‍, വെളിച്ചപ്പാടിന്റെ ശബ്ദത്തില്‍.
തറവാട്ട് വീടിന്റെ അധികപ്പറ്റായ 'കൊമ്പുകള്‍' മുറിക്കുന്നുപോലും.
ആ അത്ഭുതകാഴ്ചകാണാന്‍ ജനം തടിച്ചുകൂടി.
നാട്ടുകാര്‍ തടിച്ചുകൂടി.
എല്ലാവര്‍ക്കുമറിയാം ശാസ്ത്രവിരുദ്ധമായി അതു മുറിച്ചാല്‍ മരിച്ചുപോയ തച്ചന്മാരുടെ ആത്മാക്കള്‍ പ്രത്യക്ഷപ്പെടും. കാരണവന്മാരും. പിന്നീട് പൊരിഞ്ഞ യുദ്ധം. ഏതു ശീമവാളാണെങ്കിലും അത് ഒടിയും, അല്ലെങ്കില്‍ ഉണങ്ങിയ തടിയില്‍നിന്നും രക്തം ഇരച്ചുചാടും.
അന്നത്തെ കാരണവര്‍ പേടിച്ചരണ്ടുകൊണ്ട് പറഞ്ഞു.
വേണ്ട മോനേ, വേണ്ട. ഈ വീടിന്റെ ഐശ്വര്യം പൂര്‍ണ്ണമാകാത്തതാണെങ്കിലും ഉള്ളത് കളഞ്ഞുകുളിക്കരുത്.
'ഈ ദുരിതങ്ങളാണ് ഐശ്വര്യം...'
ഒരു വയോവൃദ്ധന്‍ മുന്നോട്ടുവന്ന് ശീമക്കാരനോടു പറഞ്ഞു.
അബദ്ധമൊന്നും കാണിക്കരുത്. ഒരു സ്വര്‍ണ്ണമോതിരമങ്ങ് കൊട്. പഴയ നീലകണ്ഠനാശാരിയുടെ കൂട്ടരിപ്പോഴുമുണ്ട്.
''പറ്റില്ല...'' ശീമക്കാരന്‍
വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അയാളും പൊക്കവും വണ്ണവുംവെച്ച് കാരണവരായി.
കാലങ്ങള്‍ക്കുശേഷം,
ഞാന്‍ സ്വന്തമായി വീട് വാങ്ങി, കഴിഞ്ഞ കഥകള്‍ ഓര്‍ത്തുകൊണ്ട്...
ആ വീടിന് പുതുമ നഷ്ടപ്പെട്ടപ്പോള്‍ രണ്ടാമതൊന്നും കൂടി വാങ്ങി. കാരണം എന്റെ ഒപ്പം കൂടിയിട്ടുണ്ടെന്ന് കരുതുന്ന ലക്ഷണപ്പിഴതന്നെ.
'ലക്ഷണമില്ലായ്മയാണെന്റെ ലക്ഷണമെന്ന്' കുഞ്ഞുണ്ണിയാശാന്‍ ശൈലിയില്‍ കാരണവന്മാര്‍ എത്രവട്ടം പാടിയാലും അത് അംഗീകരിച്ചുകൊടുക്കാന്‍ ഞാന്‍ തയ്യാറായില്ല.
അവര്‍ക്ക് ഒന്നിനോടും പടപൊരുതേണ്ടതില്ലായിരുന്നു. കൃഷിപ്പിഴ എന്ന ദുരിതം, അവിടെവരെ മാത്രമേ അവരുടെ കണ്ണുകള്‍ എത്തിയിരുന്നുള്ളൂ. ഇനിയും രോഗം മരണം തുടങ്ങിയവ എല്ലായിടത്തും സംഭവ്യവും.
എന്നാല്‍ ഞാന്‍ ജീവിക്കുന്ന കാലം വികലമാണ്, അതുപോലെ ഇന്നത്തെ ലോകവും. സമയമാണ് പണം. ഭാഗ്യദേവതയുടെ പ്രത്യക്ഷത എല്ലായിടത്തും ഒരുപോലെയല്ല.
അതൊന്ന് കേറിവരണമെങ്കില്‍ ഒരു ചെതോം മറ്റുമുള്ള ഇടം വേണം.
പുതിയ വീട് സ്വപ്നത്തില്‍ ഉദിച്ചുയര്‍ന്നു.
മെക്‌സിക്കയില്‍നിന്നുവന്ന കരാറുതച്ചന്മാര്‍ എത്തി.
എന്റെ സ്വപ്നസാക്ഷാത്ക്കാരത്തിന് കങ്കാണിമാര്‍ അവരെ കൂട്ടമായി കൊണ്ടുവന്നു
നിമിഷനേരം കൊണ്ട് വീടുതല്ലിക്കൂട്ടുന്നത് ഞാന്‍ നോക്കിനിന്നു.
ഏതോ മരവ്യവസായശാലയില്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരം യന്ത്രം അളന്നുമുറിച്ച് മരക്കഷണങ്ങള്‍ക്ക് ആണിയടിക്കുക മാത്രമായിരുന്നു അവരുടെ ജോലി. അവരുടെ മനസ്സില്‍ കണക്കുകള്‍ ഉണ്ടായിരുന്നില്ല. വീടിന്റെ രൂപം ഉണ്ടായിരുന്നില്ല. ദര്‍ശനം ഉണ്ടായിരുന്നില്ല.
ആകാശത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകയറുന്നതിനുമുന്‍പ്, സന്ധ്യമയങ്ങുന്നതിനുമുന്‍പ് അന്നത്തേക്ക് നിശ്ചയിച്ചുറച്ച ജോലി തീര്‍ക്കണമെന്നു മാത്രം.
അവരുടെ സ്വപ്നം തങ്ങള്‍ നിര്‍മ്മിച്ച സൗധം അല്ലായിരുന്നു. നാളെയും ആവര്‍ത്തിക്കുന്ന തൊഴില്‍!
നിര്‍ദ്ദേശങ്ങള്‍കൊടുക്കാന്‍ എനിക്ക് അധികാരവും അവകാശവും ഇല്ല. പക്ഷേ, അതൊക്കെ ഞാന്‍ അഭിനയിക്കും. വീടുപണിത് അവസാനം ബാങ്കില്‍നിന്ന് പണം കടമെടുത്ത് കൊടുത്തെങ്കിലേ വീട് എന്റേതാകൂ. ഇനിയും അവസാനം മുതലും പലിശയും കൊടുത്തുതീര്‍ത്തെങ്കിലേ കറതീര്‍ന്ന ആധാരം കയ്യില്‍ക്കിട്ടൂ.
അപ്പോഴും,
എന്റെ മനസ്സില്‍ എന്നും തറവാട്ടുവീടുതന്നെ. ഏതോ കാലത്ത് ആ തറവാട്ടുവീട് എന്നില്‍ സൃഷ്ടിച്ച തരംഗങ്ങള്‍ത്തന്നെ.
കിഴക്കോട്ട് ദര്‍ശനമായിരിക്കണം. അതാണ് ഐശ്വര്യം. പറ്റില്ലെങ്കിലോ, പിന്നെ വടക്കോട്ടാണ് സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമെന്നാണ് കച്ചവടക്കണ്ണുള്ളവര്‍. ഇനിയും കിടക്കുമ്പോള്‍ തല എങ്ങോട്ടായിരിക്കണം. വെടക്കുതലപോലും വടക്കോട്ടില്ലെന്നാണല്ലേ പ്രമാണം. തെക്കോട്ടും പടിഞ്ഞാറോട്ടും മരിച്ചവരുടെ അവകാശമാണ്. അപ്പോള്‍ ചൈനാക്കാരന്‍ സുഹൃത്തു പറഞ്ഞത് ഓര്‍ത്തു. കിഴക്ക് അശുഭംപോലും.
ഒരുറപ്പുമില്ലാത്തതാണ് സാമ്പത്തികശാസ്ത്രം. എപ്പോഴാണ് വില തകരുന്നതെന്നും കുറയുന്നതെന്നും അറിയില്ല. വിപണിയെന്നാല്‍ ഊഹക്കച്ചവടം. ചില നഗരങ്ങളില്‍ അത് കുത്തനെ ഉയരുന്നു, ചിലപ്പോള്‍ ഒറ്റനില്പ്പ്. ഈര്‍പ്പം കെട്ടിനല്ക്കുന്ന നഗരങ്ങളിലെ സൂര്യനെ ആറുമാസം തണുത്തുവിറച്ചിരിക്കുന്ന 'മഞ്ഞുകിളികള്‍'ക്കുപോലും വേണ്ട.
പുതിയ വീട് എത്ര വേഗമാണ് തല്ലിക്കൂട്ടിയത്, നിര്‍മ്മിച്ചത്, പണിതതല്ല, തല്ലിക്കൂട്ടുകതന്നെയാണ് ചെയ്തത്, അക്ഷരാര്‍ത്ഥത്തില്‍.
കണക്കില്ലാതെ ദ്രവ്യം വന്നുവീഴാന്‍ പാകത്തില്‍ കേറിവരുന്നതിന്റെ ഇടതുവശത്ത് അലക്ഷ്യമായി, ഒരു അലങ്കാരംപോലെ തുറന്ന ഭരണി വെച്ചിരുന്നു. ആ വിശ്വാസത്തിന്റെ പൂര്‍ത്തീകരണമായിട്ടായിരിക്കണം എന്റെ സ്വപ്നം നിറവേറാന്‍ പാകത്തില്‍ പഴയ വീട്ടിലേക്ക് വാടകക്കാരെ കിട്ടിയത്.
പ്രഭുത്വവും അങ്ങനെ ചുമ്മാ കളയാനുള്ളതല്ലല്ലോ.
ഭാഗ്യം വരുന്നത് പൊടുന്നനെയാണ്.
ഒരു ഫോണ്‍കാള്‍.
'ഞാന്‍ ജാനറ്റ് ജാക്‌സന്‍. നിങ്ങളുടെ വാടകക്ക് കൊടുക്കാനുള്ള വീട് പുറമേനിന്ന് എനിക്കിഷ്ടപ്പെട്ടു...' ഒരു സ്ത്രീശബ്ദം.
അടുത്ത ദിവസം അവര്‍ വീടു കാണാനെത്തി.
മദ്ധ്യപ്രായം പിന്നിട്ടുകൊണ്ടിരിക്കുന്ന ഒരു മാന്യ! സ്വതവേ വെളുത്തനിറമുള്ള അവരുടെ മുഖത്ത് വിളര്‍ച്ച പിടിച്ചതുപോലെ.
കുഴിഞ്ഞിറങ്ങിയ കണ്ണുകള്‍.
പഴയ സൗന്ദര്യമെല്ലാം നിമിഷംതോറും ഇറ്റിറ്റ് വാര്‍ന്നുപോകുകയാണോ.
അവര്‍ക്ക് ഒരു ചോദ്യവും ഇല്ലായിരുന്നു.
ഉടമ്പടി പത്രങ്ങളെല്ലാം, അവസരംപോലെ പേരും വിവരങ്ങളും മാത്രം എഴുതത്തക്കവണ്ണം എന്റെ പക്കലുണ്ടായിരുന്നു.
ഞാന്‍ തൊട്ടു കാണച്ചിടത്തെല്ലാം അവര്‍ ധൃതിപിടിച്ച് ഒപ്പിട്ടു.
ജാനറ്റ് എന്ന് വ്യക്തമായി എഴുതി.
വാടകത്തുകയും ഒരു മാസത്തെ ഡിപ്പോസിറ്റും രണ്ടു കവറുകളിലായിത്തന്നത് ഞാന്‍ ശ്രദ്ധിച്ചു.
പറഞ്ഞൊത്തതില്‍ ഇരുപത്തിയഞ്ച് കൂടുതലുണ്ട്.
അതു വേണ്ടായിരുന്നു.
വേണം, ഒരു സന്തോഷം.
എന്റെയൊപ്പം മറ്റുരണ്ടുപേരുംകൂടിയുണ്ട്.
അത് നേരത്തെ പറഞ്ഞിട്ടില്ലായിരുന്നു.
പെട്ടെന്ന് ഞാന്‍ മനസ്സില്‍ കണക്കുകൂട്ടി ബോയ് ഫ്രണ്ട്, മക്കള്‍
അല്ല ഇനിയും 'ഗേള്‍ഗേള്‍ഫണ്ട്'. ഗേള്‍ഫ്രണ്ട് കൂട്ടുകാരിയല്ല.
ചോദ്യഭാവത്തിലുള്ള എന്റെ മുഖം കണ്ടിട്ടായിരിക്കണം അവര്‍ പറഞ്ഞു.
പേടിക്കേണ്ട, ഒരു പട്ടിയും ഒരു പൂച്ചയും.
അവര്‍ തുടര്‍ന്നു,
'ഞാന്‍ അതുങ്ങളെ മക്കളെപ്പോലെ കരുതുന്നു.'
ഓരോ മാസത്തിന്റെ തുടക്കത്തിലും വാടക വാങ്ങാന്‍ ഞാന്‍ ചെല്ലും. ജാനറ്റ് അന്ന് കൃത്യമായി എട്ടു കടലാസുകൂടുകള്‍ കൊണ്ടുവന്നു. ആ പ്രത്യേക തീയതിയെഴുതിയത് തെരഞ്ഞുപിടിച്ചുതന്നു. എന്നിട്ട് അവര്‍ സ്വയം പറഞ്ഞു.
'ഇനിയും ഏഴെണ്ണംകൂടിയുണ്ട്...'
അത് തുടര്‍ന്നുകൊണ്ടേയിരുന്നു.
'ഇവിടെ വന്നതില്‍പ്പിന്നെ എന്റെ മക്കള്‍ സ്വപ്നം കാണുകയാണ്. അത് ദുഃസ്വപ്നമാണെന്ന് എനിക്കറിയാം. അവ ഉറക്കത്തില്‍ ഞെട്ടിയുണരുന്നു. എന്തോ കണ്ട് പേടിക്കുന്നതുപോലെ...'
കണ്ട് പേടിക്കുന്നതുപോലെ...
എന്നിട്ട് എന്റെ നേരെ ഒരു ചോദ്യം.
'നിങ്ങള്‍ക്കങ്ങനെ തോന്നിയിട്ടുണ്ടോ, നിങ്ങള്‍ ഇവിടെ കുറേക്കാലം ജീവിച്ചതല്ലേ...'
'ഇല്ല, കാരണം, എനിക്ക് കൂട്ടിന് വളര്‍ത്തുമൃഗങ്ങള്‍ ഇല്ലായിരുന്നു.'
'വളര്‍ത്തുമൃഗങ്ങളെന്ന് പറയരുത്...' ജാനറ്റ് തുടര്‍ന്നു. 'എന്നാലും രാത്രികാലത്ത് പുറത്തുള്ള ജീവികള്‍ അപശബ്ദങ്ങള്‍ ഉണ്ടാക്കുമായിരുന്നോ?
ഉത്തരം മുട്ടി. എവിടെയാണ് പക്ഷികള്‍ ഭയാനകമായ കൂകുവിളികള്‍ നടത്താത്തത്. കേട്ടിട്ടുണ്ട്. കൂമന്റെ മൂങ്ങലുകള്‍ ദുര്‍ദേവതകളുടെ സാന്നിദ്ധ്യമായി കരുതിയിട്ടുണ്ട്. ജാനറ്റിനോട് യോജിച്ചേ തീരൂ.
അപ്പോള്‍,
അത്ചഫാലിയ ചതുപ്പുതടാകതീരത്തെ ഭൂതബാധിത കൊട്ടാരങ്ങളില്‍ ഒന്നില്‍ ഭയാനകത കാണാന്‍  ഒരു രാത്രി തങ്ങിയ കഥ ഞാനോര്‍ത്തു.
കൊട്ടാരത്തിനു മുന്നില്‍ ശാഖാപശാഖകളായി പടര്‍ന്നു നില്ക്കുന്ന ഓക്ക് മരം. പ്രായം നൂറുനൂറു വര്‍ഷങ്ങളെന്നാണ് കണക്കുകൂട്ടല്‍.
ഇലകള്‍ക്കിടയില്‍ക്കൂടി പൂര്‍ണ്ണചന്ദ്രന്‍. മറുകരകാണാന്‍കഴിയാത്ത ആഴം കുറഞ്ഞ തടാകത്തില്‍ മൂടല്‍മഞ്ഞിന്റെ മറവില്‍ ഭൂതത്താന്മാരെപ്പോലെ സൈപ്രസ്മരങ്ങള്‍, അര്‍ദ്ധരാത്രിയില്‍,
പശ്ചാത്യകല്യാണവസ്ത്രമണിഞ്ഞ, വെള്ളവസ്ത്രമണിഞ്ഞ വധു, അന്നത്തെ ആ വേഷത്തില്‍ത്തന്നെ പ്രത്യക്ഷപ്പെടുംപോലും.
കഥയിങ്ങനെ:
അവളുടെ വിവാഹപൂര്‍വ്വരാത്രിയിലെ ആഹ്ലാദത്തിമിര്‍പ്പിനിടയിലാണ് എവിടെനിന്നോ പ്രതീക്ഷിക്കാത്ത സമയത്തുവന്ന മുന്‍കാമുകന്‍ അവളെ കൊലപ്പെടുത്തിയത്.
ശരത്ക്കാലത്തില്‍ പൂര്‍ണ്ണചന്ദ്രനുള്ള രാവുകളില്‍ അന്നത്തെ വിവാഹവേഷത്തില്‍ത്തന്നെ കൊട്ടാരത്തില്‍ പ്രത്യക്ഷപ്പെടുംപോലും. സുമുഖരായ യുവാക്കളവിടെയുണ്ടെങ്കില്‍ പ്രതികാരത്തിനായി.
എന്റെ വിവരണം കേട്ട് ജാനറ്റ് പൊട്ടിച്ചിരിച്ചു, ദുഃഖങ്ങള്‍ മറന്ന്,
അവര്‍ തുടര്‍ന്നു:
''അത് എന്റെ കഥതന്നെ. ഒരു ദുരന്തത്തിന്റെ നാളുകളിലേക്കുള്ള നീളം കുറഞ്ഞുകൊണ്ടേയിരിക്കുന്നു. ഞാനും ഒരിക്കല്‍... വിക്‌ടോറിയന്‍ ഗൗണില്‍, അതേ വെള്ളക്കുപ്പായവുമിട്ട് കണ്ണുകളില്‍ സ്വപ്നവുമായി.
'വേണ്ട, മറന്നേക്കൂ...'
എനിക്കുവേണ്ടി കരുതിയിരുന്ന ആ മാസത്തെ കവര്‍ കൈമാറി.
ആവര്‍ത്തനം...
''ഇനിയുമില്ല' ജാനറ്റിന്റെ വാക്കുകളില്‍ സംശയമില്ലായിരുന്നു.
നിയമപരമായി അങ്ങനെയല്ലല്ലോ. ഒരു തമാശ കേട്ടതിന്റെ ലാഘവത്തോടെ, എന്നാല്‍ യുക്തിപൂര്‍വ്വം ചിന്തിക്കാന്‍ ഞാന്‍ ശ്രമിച്ചു.
അധികം ദിവസങ്ങള്‍ കഴിഞ്ഞില്ല...
ജാനറ്റിന്റെ ബന്ധുക്കളില്‍ ആരോ ഫോണില്‍ പറഞ്ഞു
'ജാനറ്റിന്' എല്ലാം അറിയാമായിരുന്നു. ഇല്ല ഹോസ്പിറ്റലില്‍ ഒന്നും പോകേണ്ടതായി വന്നില്ല.
മക്കള്‍ രണ്ടുപേരും അസ്വസ്ഥരായിരുന്നു. സ്വന്തം പോലെ ഒരു വീടുകൊടുത്തതിന് നന്ദി, ഇറങ്ങിപ്പോകാനെങ്കിലും ഒരു വീട്...'
ഞാന്‍ മനസ്സിലോര്‍ത്തു
ഇറങ്ങിപ്പോകാനെങ്കിലും ഒരു വീട്.
ഞാന്‍ വാങ്ങിയ ആദ്യവീട്ടിലെ ഒരു മരണം കഴിഞ്ഞ് അത് ഭദ്രമായി പൂട്ടിയിട്ട് ഞാന്‍ എന്റെ പുതിയ വീട്ടിലേക്ക് കാറോടിച്ചു.
തറവാട്ടു വീടിന്റെ ലക്ഷണപ്പിഴകള്‍ എന്റെ പിന്നാലെ കൂട്ടിയിട്ടുണ്ടോ?
ദുഃശകുനങ്ങളുടെ പഴുതുകള്‍ അടച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ വീണ്ടും ചിന്തിച്ചു അതോ ഇനിയും പാകപ്പിഴകള്‍ എന്നില്‍ത്തന്നെയാണോ.
അതേ, അതങ്ങനെയേ വരാന്‍ തരമുള്ളൂ.
പാവം തച്ചന്മാര്‍, കാരണവന്മാര്‍, ഇനിയും പാവം അത്ചഫാലിയ, മൂടല്‍മഞ്ഞ്, പാവം പൂര്‍ണ്ണചന്ദ്രന്‍.
തുടര്‍ന്ന് കൊല്ലപ്പെട്ടുവെന്ന് പറയപ്പെടുന്ന വധുവിനെ ചുറ്റിപ്പറ്റിയുള്ള കെട്ടുകഥകളും.
പാവം ജാനറ്റ്.
-0-

 ഇറങ്ങിപ്പോകാന്‍ ലക്ഷണമൊക്കാത്ത വീടുകള്‍(കഥ: ജോണ്‍മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക