Image

തോമസ് ചാണ്ടിക്കറിയില്ലല്ലോ പവാറിന്റെ ദുഃഖങ്ങള്‍!! - അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 22 October, 2014
തോമസ് ചാണ്ടിക്കറിയില്ലല്ലോ പവാറിന്റെ ദുഃഖങ്ങള്‍!! - അനില്‍ പെണ്ണുക്കര
തോമസ് ചാണ്ടിയെ കുട്ടനാട്ടുക്കാര്‍ക്കെല്ലാം വലിയ ഇഷടമാ. കാശു കണ്ട് വളര്‍ന്നവന്‍. വ്യവസായസംരംഭകന്‍. മനുഷ്യസ്‌നേഹി. ജനങ്ങളോടൊപ്പം നില്‍ക്കുന്ന ജനപ്രതിനിധി. പക്ഷേ നില്‍ക്കുന്ന പാര്‍ട്ടി എന്‍.സി.പി. എന്തുചെയ്യാം, കഴിവുള്ളവര്‍ക്കെല്ലാം പറ്റുന്ന അമളിയാണിത്. എന്‍സിപിയുടെ ദേശീയ നേതാവ് പവാര്‍. സാക്ഷാല്‍ ശരത് പവാര്‍. മര്യാദയ്ക്കിരുന്നുവെങ്കില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനുള്ള ഒരു സാധ്യതയുണ്ടായിരുന്നു പവാറിന്. ഇനിയിപ്പോ അത് നടക്കുമെന്ന് തോന്നുന്നില്ല. അതാണ് രാഷ്ട്രീയം.

സംഗതി മഹാരാഷ്ട്രാ രാഷ്ട്രീയം തന്നെ. ഈ ലേഖനം അച്ചടിക്കുമ്പോഴേക്കും മഹാരാഷ്ട്രയില്‍ ബി.ജെ.പി.ക്കൊരു മുഖ്യമന്ത്രി  വരും. സംഭവം അതല്ല, മഹാരാഷ്ട്രയില്‍ എന്‍സിപി പുറത്തുനിന്ന് ബിജെപിക്ക് പിന്തുണ നല്‍കിയാല്‍ കേരളത്തിലെന്തു സംഭവിക്കും എന്നൊക്കെ അന്വേഷിച്ച് പൊടിപൊടിച്ച ചര്‍ച്ചകള്‍ ചാനലുകളില്‍ തലങ്ങും വിലങ്ങും നടക്കുന്നു.

കെ.കരുണാകരനോടൊപ്പം ചേര്‍ന്ന എന്‍സിപി തവിടുപൊടിയായ ശേഷമാണ് എന്‍സിപി കേരളാഘടകം ഇടതുകോട്ടയിലേക്ക് ചെന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ട് എം.എല്‍.എയും കിട്ടി. എ.കെ. ശശീന്ദ്രനും, തോമസ് ചാണ്ടിയും. ഇപ്പോ മഹാരാഷ്ട്രയില്‍ ബി.ജെ.പി.ക്ക് എന്‍സിപി നിരുപാധിക പിന്തുണയും പ്രഖ്യാപിച്ചിരിക്കുന്നു. ഇനിയെങ്ങാനും ഈ പിന്തുണ സ്വീകരിച്ച് ബി.ജെ.പി. മഹാരാഷ്ട്ര ഭരിച്ചാല്‍ കേരളത്തിലെ എന്‍.സി.പി.യെ പുറത്താക്കണമെന്നാണ് സി.പി.ഐ., മറ്റ് ചില ഇടതന്മാരും പറയുന്നത്. എന്‍സിപിയിലെ ഉഴവൂര്‍ വിജയനെപ്പോലെയുള്ള തമാശക്കാര്‍ക്ക് എന്‍സിപിയെ പിളര്‍ത്തി ഇടതന്‍മാരോടൊപ്പം പോകാനാണ് ഇഷ്ടം.
ഇവിടെയാണ് തോമസ് ചാണ്ടിയുടെ രാഷ്ട്രീയ നിലപാടിന്റെ പ്രസക്തി. കേന്ദ്ര നേതൃത്വം ബി.ജെ.പി.യെ പിന്തുണയ്ക്കുന്നതിന് ഇവിടെ കേരളത്തില്‍ എന്താണ് കുഴപ്പം എന്നാണ് തോമസ് ചാണ്ടി ചോദിക്കുന്നത്. തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് പവാറാണ്. പവാര്‍ പറയുന്നത് താന്‍ കേള്‍ക്കും.കേരളത്തില്‍ ഒരു ചുക്കും സംഭവിക്കില്ല എന്നാണ് ചാണ്ടിച്ചായന്‍ പറയുന്നത്. അഥവാ എന്തെങ്കിലും അനിഷ്ടം സംഭവിച്ചാല്‍ താനും ശശീന്ദ്രനും അയോഗ്യരാകുമെന്നും ചാണ്ടി അഭിപ്രായപ്പെടുന്നു. സംഭവം സത്യമാ. എം.എല്‍.എ. സ്ഥാനം പോകും. എന്നാലും ചാണ്ടിച്ചായനറിയാം സ്വതന്ത്രനായി നിന്നാലും കുട്ടനാട്ടിലെ ജനങ്ങള്‍ തന്നെ കൈവിടില്ലാന്ന്. അല്ലെങ്കില്‍ ഇത്രത്തോളം ചങ്കൂറ്റത്തോടെ തന്റെ നിലപാടുകള്‍ പ്രഖ്യാപിക്കുവാന്‍ ചാണ്ടിക്കു കഴിയുമോ.

ശരത്പവാറിന് കേന്ദ്രകമ്മറ്റിക്ക് ചാണ്ടിയും, ശശീന്ദ്രനുമൊക്കെ ഡല്‍ഹിയില്‍ ചെല്ലുമ്പോഴാണ് കേരളത്തില്‍ ഇങ്ങനെയൊരു പാര്‍ട്ടി ഉണ്ടെന്ന് അറിയുന്നതുതന്നെ. തന്നെയുമല്ല യുപിഐയില്‍ ഘടകകക്ഷി ആയി ഇരിക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ കാട്ടിക്കൂട്ടിയ അഴിമതിയൊക്കെ ഇപ്പോള്‍ ബിജെപിക്കാര്‍ എടുത്ത് വിളയാടിയാല്‍ ആകെ പ്രശ്‌നമാകും. 'അപ്പോള്‍ കാണുന്നവനെ അപ്പാ' എന്നു വിളിക്കുന്നതാണ് രാഷ്ട്രീയം. അതുകൊണ്ടാണല്ലോ ശിവസേനയ്ക്ക് മുന്‍പേ ഒരു കളി പവാര്‍ കളിച്ചത്. എന്തായാലും സംഗതി ജോറായി. ഇനിയിപ്പോ പിന്തുണ സ്വീകരിച്ചില്ലെങ്കിലും ശിവസേനയുടെ മുള്ള് ഒടിക്കാന്‍ പവാര്‍ മതിയെന്നും ബിജെപിക്ക് മനസിലായി.

എന്തായാലും എന്‍സിപി കേരളഘടകം പിളരുമോ, ഇല്ലയോ? എന്തെല്ലാം ചര്‍ച്ചകളായിരുന്നു രണ്ട് ദിവസം. അഥവാ ഇനി പിളര്‍ന്നാലോ? എന്തു സംഭവിക്കും. ഒരു ചുക്കും സംഭവിക്കില്ല. പിണറായി വിജയനെപ്പോലും കേരളജനത മറന്നു കഴിഞ്ഞു. പിന്നല്ലേ ഉഴവൂര്‍ വിജയനും പന്ന്യന്‍ രവീന്ദ്രനുമൊക്കെ.

എന്തായാലും മഹാരാഷ്ട്ര ബിജെപി ഭരിക്കും. കൂടെനിന്ന് ശിവസേനയോ, പുറത്തുനിന്ന് എന്‍സിപിയൊ പിന്തുണ നല്‍കും. കേരളത്തില്‍ എന്‍സിപി പിളര്‍ന്നാല്‍ തോമസ് ചാണ്ടി പവാറിനൊപ്പം പോകും. ഒത്താല്‍ ഒരു രാജ്യസഭാ സീറ്റി.. എംഎല്‍എ ആണെങ്കിലും എംപി ആണെങ്കിലും ചാണ്ടിച്ചായനും ഉമ്മന്‍ചാണ്ടിയും ഒരു പോലെ തന്നെ. സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. അതൊരു വലിയ കാര്യമല്ലേ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക