Image

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: കോല്‍ക്കത്ത-ഡല്‍ഹി, നോര്‍ത്ത് ഈസ്റ്റ് -ഗോവ മത്സരങ്ങള്‍ സമനിലയില്‍

Published on 19 October, 2014
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: കോല്‍ക്കത്ത-ഡല്‍ഹി,  നോര്‍ത്ത് ഈസ്റ്റ് -ഗോവ മത്സരങ്ങള്‍ സമനിലയില്‍

കോല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഞായറാഴ്ച നടന്ന രണ്ടു മത്സരങ്ങളും സമനിലയില്‍ അവസാനിച്ചു. കോല്‍ക്കത്തയില്‍ നടന്ന അത്‌ലറ്റിക്കോ ഡി കോല്‍ക്കത്ത-ഡല്‍ഹി ഡൈനാമോസ് മത്സരം വിരസമായ സമനിലയില്‍ പിരിഞ്ഞു. മത്സരത്തില്‍ ഇരുടീമുകളും ഒരോ ഗോള്‍ വീതം നേടി. 

മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. ഇരുടീമുകളും ഗോളിനായി ആഞ്ഞു പരിശ്രമിച്ചുവെങ്കിലും ലക്ഷ്യം കണ്ടില്ല. രാണ്ടാം പകുതിയില്‍ സ്‌പെയിന്‍ മധ്യനിര താരം ജോഫ്രെ മാറ്റുവിന്റെ കാലുകളിലൂടെ കോല്‍ക്കത്തയാണ് ആദ്യം വലക്കുലുക്കിയത്. ഫിക്രുവിനെ ഡല്‍ഹി താരം റേയ്‌മേക്കേഴ്‌സ് ഫൗള്‍ ചെയ്തതിലൂടെ ലഭിച്ച പെനാല്‍റ്റിയാണ് മാറ്റു ലക്ഷ്യത്തില്‍ എത്തിച്ചത്. 

പിന്നീട് ഉണര്‍ന്നു കളിച്ച ഡല്‍ഹി 74-ാം മിനിറ്റില്‍ പാവേല്‍ ഏലിയാസിന്റെ ഗോളിലൂടെ സമനില പിടിച്ചു. പിന്നീട് ടീമുകള്‍ ഗോളിനായി പരിശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. മത്സരത്തിന്റെ 87-ാം മിനിറ്റില്‍ ഡെല്‍ പിയറോയെ ഫൗള്‍ ചെയ്ത രാകേഷ് മാഹിസ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി.


ഗോഹട്ടിയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും എഫ്‌സി ഗോവയും തമ്മിലുള്ള മത്സരവും സമനിലയില്‍ കുരുങ്ങി. മത്സരത്തിന്റെ മുഴുവന്‍ സമയം അവസാനിച്ചപ്പോള്‍ ഇരുടീമുകളും ഒരു ഗോള്‍ വീതമാണ് നേടിയത്. 

ആദ്യ പകുതിയിലാണ് ടീമുകള്‍ ഗോള്‍ നേടിയത്. മത്സരത്തിന്റെ 17-ാം മിനിറ്റില്‍ ഫ്രഞ്ച് താരം ഗ്രിഗോറിയിലൂടെ എഫ്‌സി ഗോവയാണ് ആദ്യം ഗോള്‍ നേടിയത്. പിന്നീട് 36-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോക്കെ വലയില്‍ എത്തിച്ചതോടെ നോര്‍ത്ത് ഈസ്റ്റ് സമനില ഗോള്‍ നേടി. പിന്നീട് ഇരുടീമുകളും ഗോളിനായി പൊരുതിയെങ്കിലും ഫലം കണ്ടില്ല. 

മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ നോര്‍ത്ത് ഈസ്റ്റ് നാല് പോയിന്റുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. രണ്ടും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ എഫ്‌സി ഗോവ ഒരു പോയിന്റുമായി ആറാം സ്ഥാനത്താണ്. തിങ്കളാഴ്ച നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിനെ നേരിടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക