Image

ചന്ദനം മണക്കുന്ന മറയൂര്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി: 40 ജോര്‍ജ്‌ തുമ്പയില്‍)

Published on 18 October, 2014
ചന്ദനം മണക്കുന്ന മറയൂര്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി: 40 ജോര്‍ജ്‌ തുമ്പയില്‍)
കാലം മാറി, ഋതുക്കളും.. അമേരിക്കയില്‍ നിന്ന്‌ മൂന്നാഴ്‌ചത്തേക്ക്‌ നാട്ടില്‍ വന്ന സമയത്താണ്‌ ഉഡുമല്‍പേട്ടയില്‍ താമസിക്കുന്ന അമ്മയുടെ അനിയത്തിയുടെ വീട്ടിലക്കൊരു രണ്ടു ദിന സന്ദര്‍ശം എന്ന പദ്ധതി തയ്യാറാക്കിയത്‌. ഇതിനു മുന്‍പ്‌ പോയ ഒരു പ്രാവശ്യം തൃശൂര്‍ വഴി കാടും മേടും ചുറ്റിയാണ്‌ ഉഡുമല്‍പേട്ടയിലെത്തിയത്‌. പിന്നെയൊരു തവണ കുമളിയിലെ മറ്റൊരു കൊച്ചമ്മയുടെ വീട്ടിലിരുന്ന്‌ പ്ലാന്‍ ചെയ്‌ത്‌ കമ്പം, തേനി, പൊള്ളാച്ചി വഴി പോയതായിരുന്നു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലധികമായി നാട്ടില്‍ ചെല്ലുമ്പോഴൊക്കെയും ഞങ്ങളെ സുരക്ഷിതമായി, ഞങ്ങളുടെ എല്ലാ ബന്ധുവീടുകളിലും ഷോപ്പിങ്ങിനുമൊക്കെ കൊണ്ടു പോകുന്ന ബിനുവാണ്‌ ഞങ്ങളുടെ യാത്ര ഔത്സുക്യത്തെപ്പറ്റി അറിയാവുന്നയാള്‍. സ്ഥിരം റൂട്ട്‌ മാറി, പോയിട്ടില്ലാത്ത ഈ റൂട്ടിലൂടെ പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ചു സഞ്ചരിക്കാമെന്ന ബിനുവിന്റെ നിര്‍ദ്ദേശത്തിനു ബദലായി ഒന്നും തന്നെ പറയുവാനുണ്ടായിരുന്നില്ല. ബിനുവിന്റെ പദ്ധതി പ്രകാരം പാമ്പാടിയില്‍ നിന്നും മൂന്നാറിലെത്തി, ചിന്നാര്‍ മറയൂര്‍ വഴി ഉഡുമല്‍പേട്ടയിലെത്താം എന്നതായിരുന്നു. പരിപാടിക്ക്‌ തീരുമാനമായതോടെ പിന്നെ കാര്യങ്ങള്‍ എളുപ്പമായി.

ബിനുവിന്റെ ടൊയോട്ട ഇന്നോവയില്‍ ഞാനും ഭാര്യയും കുട്ടികളും ചിറ്റപ്പന്റെ മകനായ കൊച്ചുമോനും കയറി. വണ്ടിയുടെ പിന്നില്‍ മുഴുവന്‍ അമ്മ, അനിയത്തിക്ക്‌ വേണ്ടി തന്നു വിട്ട പച്ചക്കറിയായിരുന്നു. രണ്ട്‌ നേന്ത്രക്കുല, മൂന്നു നാലു ചേന, മൂന്നു മൂട്‌ കപ്പ.. അമ്മയ്‌ക്കു രണ്ട്‌ അനിയത്തിമാരാണുള്ളത്‌. ഉഡുമല്‍പേട്ടയിലുള്ള മറിയാമ്മയും കുമളി മുരിക്കടിയിലുള്ള സാറാമ്മയും. സാറാമ്മ കൊച്ചമ്മ അധ്യാപനമൊക്കെ കഴിഞ്ഞ്‌ റിട്ടയര്‍മെന്റ്‌ ജീവിതത്തില്‍. മറിയാമ്മ കൊച്ചമ്മ, ഉഡുമല്‍പേട്ടയില്‍ മകന്‍ പ്രകാശിനും കുടുംബത്തിനുമൊപ്പം വാര്‍ധക്യസഹജമായ അസുഖങ്ങളുമൊക്കെയായി കഴിയുന്നു. കൊച്ചമ്മമാരുടെ സ്‌നേഹവും പരിചരണവും ആവശ്യത്തിലധികം ഏറ്റ്‌ വളര്‍ന്നതു കൊണ്ട്‌ അവധിക്കാലമായാല്‍ അവരെ സന്ദര്‍ശിക്കുക എന്നത്‌ അജണ്ടയിലെ ആദ്യ സംഗതികളിലൊന്നായിരുന്നു. ഈ വര്‍ഷം ആദ്യം അമ്മ മരിച്ചതോടെ, ഭൂമിയില്‍ ഇനി അവശേഷിക്കുന്ന അമ്മമാര്‍ ഇവര്‍ രണ്ടു പേരുമാണ്‌. (അച്ചായന്റെ ജ്യേഷ്‌ഠന്റെയും അനുജന്റെയും അമ്മമാര്‍ ജീവിച്ചിരിക്കുന്നുവെന്നത്‌ മറന്നു കൊണ്ടല്ല ഇതു കുറിക്കുന്നത്‌.)

അങ്ങനെ ഞങ്ങള്‍ യാത്ര തുടങ്ങി. മൂന്നാറിലെത്തി, പ്രഭാത ഭക്ഷണം കഴിച്ചതിനു ശേഷം രാജമല ഒന്നു കയറിയാലോ എന്നു വിചാരിച്ചെങ്കിലും വണ്ടിയില്‍ നല്ല ലോഡ്‌ ഒക്കെ ഉള്ളതിനായില്‍ തിരിച്ചു വന്നിട്ടാകാം വരയാടുകളുടെ രാജഭൂമി സന്ദര്‍ശനമെന്ന കൊച്ചുമോന്റെ നിര്‍ദ്ദേശം ശിരശാവഹിച്ചു. ഞങ്ങള്‍ ഇപ്പോള്‍ മറയൂര്‍ റോഡിലൂടെയാണ്‌ സഞ്ചരിക്കുന്നത്‌. ശുദ്ധവായു നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷം. നാലുവശവും മലകള്‍ ഉയര്‍ന്നു നില്‍ക്കുന്ന മറയൂര്‍തടം കണ്ണുകളില്‍ പ്രത്യക്ഷമായി . അങ്ങു ദൂരെ കാന്തല്ലൂര്‍ മലയുടെ താഴ്‌വാരം വരെ നീണ്ടു പോകുന്ന വയലുകള്‍. കാന്തല്ലൂര്‍ മലയുടെ നെറുകയില്‍ അഞ്ചുനാടിന്റെ കാന്തല്ലൂര്‍ ഗ്രാമം. പിന്നെ താഴേക്കു ചെരിഞ്ഞ്‌ കീഴാന്തൂര്‍ ഗ്രാമവും കാരയൂര്‍ ഗ്രാമവും. കൊട്ടകുടി ഗ്രാമം കാന്തല്ലൂര്‍ മലയ്‌ക്കപ്പുറമാണ്‌. അവര്‍ക്ക്‌ അവരുടേതായ ദൈവങ്ങളും ആഘോഷങ്ങളുമുണ്ട്‌. തെങ്കാശിനാഥനും അരുണാക്ഷിയമ്മയും മുരുകനും ഗണപതിയും അടക്കം ധാരാളം അമ്പലങ്ങള്‍ വഴിയോരത്തെങ്ങും കാണപ്പെടുന്നുണ്ട്‌.

ചോലക്കാടുകളുടെ ഹരിതാഭയും ജൈവവൈവിധ്യത്താല്‍ സമ്പന്നമായ പുല്‍മേടുകളുടെ അനുഗ്രഹവും ഏറ്റുവാങ്ങി, ഗ്രാമഭംഗിയുടെ നിറകുടം പോലെയാണ്‌ മറയൂര്‍ സ്ഥിതിചെയ്യുന്നത്‌. എന്നാല്‍ ഇടയ്‌ക്കിടെ, അതിസുന്ദരമായതും ഈ കാടുകളുടെ ഭാഗ്യമായ പുല്‍മേടുകളും കുറ്റിക്കാടുകളും സാമൂഹ്യവനവത്‌ക്കരണത്തിന്റെ മറവില്‍ പരിസ്ഥിതിക്കനുയോജ്യമല്ലാത്ത ഗ്രാന്റീസ്‌, അക്കേഷ്യാ മരങ്ങള്‍ വച്ചുപിടിപ്പിച്ചിരിക്കുന്നതു കണ്ടപ്പോള്‍ സങ്കടം തോന്നി.

മൂന്നാറില്‍ നിന്നും ഞങ്ങള്‍ ഏകദേശം 40 കിലോമീറ്ററിലധികം സഞ്ചരിച്ചിട്ടുണ്ട്‌. ഇപ്പോള്‍ മറയൂര്‍ മേഖലയിലൂടെയാണ്‌ വണ്ടിയോടുന്നത്‌. ചിന്നാര്‍ വന്യമൃഗസംരക്ഷണകേന്ദ്രത്തിന്റെയും കണ്ണന്‍ദേവന്‍ തേയിലത്തോട്ടങ്ങളുടെയും ഇടയിലൂടെയാണ്‌ റോഡ്‌ പോകുന്നത്‌. നാലുവശവും മലകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. മഴനിഴലുകളും താഴ്‌വരകളും സ്വാഭാവിക ചന്ദനമരങ്ങളും, കരിമ്പുകാടുകളും നിറഞ്ഞ മറയൂരിന്റെ പ്രകൃതി ഭംഗിയില്‍ ലയിച്ചായിരുന്നു ഞങ്ങളുടെ യാത്ര.

മറയൂര്‍ എന്നാല്‍ മറഞ്ഞിരിക്കുന്ന ഊര്‍ എന്നാണര്‍ത്ഥം. മറവരുടെ ഊര്‌ ആണ്‌ മറയൂര്‍ ആയി മാറിയതത്രേ. പണ്ടു കാലത്ത്‌ ചേര, ചോള, പാണ്ഡ്യരാജാക്കന്മാരുടെ സേനയിലെ മറവര്‍ എന്ന ഗോത്രവിഭാഗത്തില്‍പ്പെട്ടവര്‍ കാടുകളില്‍ മറഞ്ഞിരിക്കുകയും വഴിയാത്രക്കാരെ കൊള്ളയടിക്കുകയും ചെയ്യുമായിരുന്നത്രേ. അതിനാല്‍ മറവരുടെ ഊര്‌ അല്ലെങ്കില്‍ അവര്‍ മറഞ്ഞിരുന്ന ഊര്‌ എന്ന അര്‍ഥത്തിലാവാം മറയൂര്‍ എന്ന പേരുണ്ടായത്‌. മലകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഇടമാണു മറയൂര്‍. മലയുടെ ഊര്‌ എന്ന പ്രയോഗം കാലക്രമത്തില്‍ മറയൂര്‍ എന്നും മറഞ്ഞുകിടക്കുന്ന ഊര്‌ എന്നയര്‍ഥത്തില്‍ മറയൂര്‍ എന്ന സ്ഥലനാമം ഉണ്ടായി എന്നും പറയാറുണ്ട്‌. വനവാസകാലത്ത്‌ പാണ്ഡവര്‍ ഇവിടെയുമെത്തി എന്ന ഐതിഹ്യം നിലനില്‌ക്കുന്നുണ്ട്‌. പാണ്ഡവര്‍ മറഞ്ഞിരുന്ന ഊര്‍ എന്ന അര്‍ഥവും ഇതിനു പറയാനാവും.

മറയൂരിലെ കുടിയേറ്റത്തിന്‌ രണ്ടു മുഖങ്ങളുണ്ട്‌. 1958ലെ സമരത്തില്‍ പങ്കെടുത്തതിന്‌ കണ്ണന്‍ദേവന്‍ കമ്പനി പിരിച്ചു വിട്ട തേയില തൊഴിലാളികളാണ്‌ മറയൂരിലെ തമിഴ്‌ കുടിയേറ്റക്കാരില്‍ ഏറെയും. ഏതാണ്ട്‌ അതേ കാലയളവില്‍ മധ്യകേരളത്തില്‍ നിന്ന്‌ വന്നവരാണ്‌ കുടിയേറ്റക്കാരില്‍ ബാക്കിയുള്ളവര്‍. നെല്ലായിരുന്നു താഴ്‌വരയിലെ പ്രധാന കൃഷി. നെല്ലു വിതച്ച്‌ ഇരുപത്തഞ്ചാം ദിവസം ഉഴവ്‌ നടത്തുക എന്ന വിചിത്രമായ കൃഷിരീതി മറയൂരില്‍ അടുത്തകാലം വരെ നിലനിന്നു. കാന്തല്ലൂരിന്റെ ചില ഭാഗങ്ങളില്‍ ഇപ്പോഴും ഇത്‌ നടത്താറുണ്ട്‌.

എന്നാല്‍, ഇന്ന്‌ കേരളത്തിന്റെ പൊതുസ്വഭാവത്തോട്‌ അടുത്തു നില്‍ക്കുന്ന ഒരു മറയൂര്‍ വിശേഷം, നെല്‍കൃഷി ഇവിടെയും നഷ്ടക്കച്ചവടമായതിനാല്‍ വളരെ വേഗം ഉപേക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതാണ്‌. ഇപ്പോള്‍ താഴ്‌വരയുടെ ഭൂരിഭാഗം പാടങ്ങളിലും കരിമ്പാണ്‌ വിളയുന്നത്‌. നെല്‍കൃഷി കുറെയെങ്കിലും അവശേഷിക്കുന്ന കാന്തല്ലൂര്‍ മറ്റൊരു കാര്യത്തിലും മുന്നില്‍ നില്‍ക്കുന്നു, പച്ചക്കറി കൃഷിയുടെ കാര്യത്തില്‍. കേരളത്തില്‍ ഏറ്റവുമധികം പച്ചക്കറി ഉത്‌പാദിപ്പിക്കപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ്‌ കാന്തല്ലൂര്‍, 400 ഏക്കര്‍ പ്രദേശത്ത്‌ പച്ചക്കറി കൃഷി ചെയ്യുന്നു. ഇതുകൂടാതെ, വെളുത്തുള്ളിയും ഉരുളക്കിഴങ്ങും കാബേജും ക്വാളിഫല്‍വറും ആപ്പിളും ഓറഞ്ചുമെല്ലാം കാന്തല്ലൂരില്‍ വിളയുന്നുണ്ടെന്നു ബിനു പറഞ്ഞു.

മുപ്പത്‌ വര്‍ഷമേ ആയിട്ടുള്ളു ഇവിടെ കരിമ്പുകൃഷി വ്യാപകമായിട്ട. ഇന്ന്‌ മറയൂര്‍ ഗ്രാമപഞ്ചായത്തിലെ 1900 ഏക്കര്‍ കൃഷിയിടത്തിലും കാന്തല്ലൂരിലെ 195 ഏക്കറിലും വിളയുന്നത്‌ കരിമ്പാണ്‌.

കാറ്റു വീശുമ്പോള്‍ കരിമ്പിന്‍ തലപ്പിലൂടെ താഴ്‌വര ഓളംവെട്ടും. കരിമ്പിന്‍ പാടങ്ങളുടെ ചതുരങ്ങള്‍ക്കിടയില്‍ ചിലയിടത്തു നിന്ന്‌ പുകച്ചുരുളുകള്‍ ഉയരുന്നു. ശര്‍ക്കരയുണ്ടാക്കുന്ന ചക്കുപുരകളാണ്‌ അവ.

ഉഡുമല്‍പ്പേട്ടയിലെ മറിയാമ്മ കൊച്ചമ്മയ്‌ക്ക്‌ ഇത്തിരി ചക്കര വാങ്ങി നല്‍കാമെന്നു കൊച്ചുമോന്‍ പറഞ്ഞതിന്‍ പ്രകാരം ഞങ്ങള്‍ ഒരു ചക്കുപുരയ്‌ക്കു സമീപം വണ്ടി നിര്‍ത്തി. ചക്കര ഉണ്ടാക്കുന്നത്‌ കാണുക കൂടിയായിരുന്നു എന്റെ ഉദ്ദേശം. കരിമ്പിന്‍ തലപ്പുകള്‍ സ്വാഗതം ചെയ്യുന്നതു പോലെ വീശിക്കൊണ്ടിരിക്കുന്നു. കരിമ്പിന്‍പൂവിന്റെ മണം അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നുണ്ട്‌. ബിനു വണ്ടി മെയിന്‍ റോഡ്‌ വിട്ട്‌ ഒരു ചെറിയ വഴിയിലേക്ക്‌ കയറ്റി. അവിടെ ഒന്നു രണ്ടു പേര്‍ കരിമ്പിന്‍തോട്ടത്തില്‍ പണിയെടുക്കുന്നുണ്ടായിരുന്നു. അവരില്‍ നിന്ന്‌ ഒരു കരിമ്പിന്‍ തുണ്ട്‌ വാങ്ങി രുചിച്ചു നോക്കി. നല്ല രുചി. വണ്ടി നിര്‍ത്തി ഞങ്ങള്‍ ചക്കുപുരയിലേക്ക്‌ നടന്നു. അന്തീരക്ഷം നല്ല പ്രസന്നതയോടെ നിലകൊണ്ടു, ചുറ്റും കരിമ്പിന്റെയും ചക്കരയുടെയും മനം പൂത്തു നിന്നു.

(തുടരും)
ചന്ദനം മണക്കുന്ന മറയൂര്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി: 40 ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക