Image

കാനായിലെ കല്യാണ നാളില്‍....(രാജു മൈലപ്ര)

Published on 17 October, 2014
കാനായിലെ കല്യാണ നാളില്‍....(രാജു മൈലപ്ര)
`കാനായിലെ കല്യാണ നാളില്‍
കല്‍ഭരണിയിലെ വെള്ളം മുന്തിരിനീരായ്‌
വിസ്‌മയത്തില്‍ മുഴുകി ലോകരന്ന്‌
വിസ്‌മൃതിയില്‍ തുടരും ലോകമിന്ന്‌
മഹിമകാട്ടി യേശുനാഥന്‍.....

ഗാനഗന്ധര്‍വ്വന്‍ യേശുദാസ്‌ തന്റെ ആത്മാവില്‍ തട്ടി ആലപിച്ച ഈ ഗാനം ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചോടേറ്റിയതാണ്‌. ഇന്നും ഗാനമേളകളില്‍ സജീവമായ ഈ ഗാനം മലയാള ഭാഷ ഉള്ളിടത്തോളം കാലം നിലനില്‍ക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. കൂടാതെ വിവിധ സ്റ്റേജുകളില്‍ ഇതിന്റെ രംഗാവിഷ്‌കരണവും നടക്കുന്നുണ്ട്‌.

അനശ്വരമായ ഈ ഗാനം പിറന്നുവീണത്‌ ജോയി ആലപ്പാട്ട്‌ എന്ന യുവ വൈദീകന്റെ തൂലികയില്‍ നിന്നാണ്‌. കലാപ്രവര്‍ത്തനവും ദൈവവേലയായി കരുതുന്ന ഈ ക്രിസ്‌തുവിന്റെ മുന്തിരിതോട്ടത്തിലെ അജപാലകനോട്‌ യേശുനാഥന്‍ വീണ്ടും മഹിമകാട്ടിയിരിക്കുകയാണ്‌.

1994-ല്‍ അമേരിക്കയിലെത്തിയ റവ.ഫാ. ജോയി ആലപ്പാട്ട്‌, സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ മേരി ഓഫ്‌ അസംപ്‌ഷന്‍ ചര്‍ച്ചില്‍ വികാരിയായി. പ്രതിഫലം ഇച്ഛിക്കാതെ തന്നെ ദൈവം ഏല്‍പിച്ച ദൗത്യം ആലപ്പാട്ട്‌ അച്ചന്‍ ആത്മാര്‍ത്ഥമായി നിറവേറ്റി. വിശ്വാസികളെ ഒരു മനസ്സിന്റെ തണലില്‍ ഒന്നിച്ചു നിര്‍ത്തുവാന്‍ സ്‌നേഹസമ്പന്നനായ ഈ വൈദീകന്‌ കഴിഞ്ഞു.

സ്റ്റാറ്റന്‍ഐലന്റില്‍ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ നാമഥേയത്തിലുള്ള വിശ്വാസി സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചയില്‍ ബഹുമാനപ്പെട്ട അച്ചനുള്ള പങ്ക്‌ വളരെ വലുതാണ്‌. 2011-ല്‍ ചിക്കാഗോയിലേക്ക്‌ സഭയുടെ കല്‍പ്പന പ്രകാരം സ്ഥലംമാറിപ്പോകുന്നതുവരെ, ഈ വിശ്വാസി സമൂഹത്തിന്റെ ചുമതല റവ. ഫാ. ജോയി ആലപ്പാട്ടിനായിരുന്നു.

ബഹുമാനപ്പെട്ട അച്ചന്റെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്കുള്ള അംഗീകാരമായി, സഭ അദ്ദേഹത്തെ ചിക്കാഗോ രൂപതയുടെ മെത്രാനായി വാഴിച്ചു. എന്തുകൊണ്ടും അദ്ദേഹത്തിന്‌ തികച്ചും അര്‍ഹിക്കുന്ന അംഗീകാരം. കഴിഞ്ഞ 33 വര്‍ഷമായി ദൈവഹിതം നടത്തിപ്പോരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലമായി ലഭിച്ച ഈ ദൈവീക പദവിയില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ സന്തോഷത്തിന്റെ നിറവിലാണ്‌.

ഇന്ന്‌ റവ ഫാ. ജോയി ആലപ്പാട്ട്‌, ബിഷപ്പ്‌ ആലപ്പാട്ടായി ഉയര്‍ന്നിരിക്കുകയാണ്‌. തന്റെ ഈ ഭാരിച്ച പുതിയ ചുമതലകള്‍ വഹിക്കാന്‍ സര്‍വ്വശക്തനായ ദൈവംതമ്പുരാന്‍, അദ്ദേഹത്തിന്‌ ആരോഗ്യവും ദീര്‍ഘായുസും നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. പ്രാര്‍ത്ഥനാനിര്‍ഭരമായ സര്‍വ്വ ഭാവുകങ്ങളും നേരുന്നു.
കാനായിലെ കല്യാണ നാളില്‍....(രാജു മൈലപ്ര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക