Image

തരൂര്‍ യുഎന്നിലേക്കോ? ഒരു വെടിക്ക് രണ്ട് പക്ഷി!! - അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 16 October, 2014
തരൂര്‍ യുഎന്നിലേക്കോ? ഒരു വെടിക്ക് രണ്ട് പക്ഷി!! - അനില്‍ പെണ്ണുക്കര
കോണ്‍ഗ്രസുകാര്‍ എന്നും ഇങ്ങനാ. പല പ്രഗത്ഭരേയു രംഗത്തിറക്കും. അവസാനം കുതികാല്‍വെട്ടും. ഇല്ലെങ്കില്‍ അതിനുള്ള വകുപ്പ് ഇവര്‍ തന്നെ കൊണ്ടു വന്ന് കൊടുക്കും. ശശി തരൂരിനും അതു തന്നെ പറ്റി. ഇനി എന്തൊക്കെ പുകിലുകളാണ് തിരുവനന്തപുരത്ത് നടക്കുകയെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. അതാണ രാഷ്ട്രീയം. തരൂരിനെ അനുകൂലിച്ച് മോഡിയൊക്കെ മോടിയോടെ പറഞ്ഞെങ്കിലും ബിജെപി കേന്ദ്രനേതൃത്വം കേരള നേതാക്കള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട് തരൂരിനെ ചുമക്കുകയില്ല എന്ന്.

കേവലം ഒരു മോദി സ്തുതിയുടെ പേരിലാണ് തരൂരിനെതിരെ ഇപ്പോള്‍ കോണ്‍ഗ്രസ് അച്ചടക്ക നടപടി എടുത്തിരിക്കുന്നത്. ഇതിനേക്കാള്‍ വലിയ അപരാധങ്ങള്‍ നടത്തിയിട്ട് എത്രയോ മുന്‍മന്ത്രിമാരും നേതാക്കളുമൊക്കെ പയറുപോലെ നടക്കുന്നു. ശശി തരൂരിനും അങ്ങനെ തന്നെയായിരുന്നു. ഇതിനേക്കാള്‍ വലിയ വിവാദങ്ങള്‍ ഉണ്ടായപ്പോഴും അദ്ദേഹത്തിന്റെ ഒരു രോമത്തിനു പോലും ഒന്നും സംഭവിച്ചിരുന്നില്ല.

ഇന്ത്യയിലെ സാധാരണക്കാരുടെ വിമാനയാത്രയെ കളിയാക്കിക്കൊണ്ടുള്ള കന്നുകാലിക്ലാസ്, ഐ.പി.എല്‍ കോഴ, നെഞ്ചില്‍ കൈവച്ച് അമേരിക്കന്‍ സ്റ്റൈലിലുള്ള ദേശീയ ഗാനാലാപം, സുനന്ദയുടെ മരണം ഇങ്ങനെ ഒന്നിനു പുറകെ ഒന്നായി വിവാദങ്ങള്‍. ഈ സമയത്തൊക്കെ രാഹുല്‍ജിയും അമ്മയും ഒപ്പം നിന്നു. ഇപ്പോള്‍ പണിയും കിട്ടി. ഇത്രയും അറിവും ലോക പരിചയവുമുണ്ടായിട്ടും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ശശി തരൂരിനെ പലപ്പോഴും 'ശശി'യാക്കി. അതെല്ലാം അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുമുണ്ട്. അന്നൊക്കെ തരൂരിനെ താങ്ങിനിര്‍ത്തിയ ഹൈക്കമാന്‍ഡായിരുന്നു. ദാ ഇപ്പോള്‍ എല്ലാം പോയിത്തുടങ്ങുന്നു. അദ്ദേഹം കളം മാറ്റി ചവിട്ടാന്‍ തുടങ്ങുന്നു എന്നാണ് പലരും പറയുന്നത്.

പഴയ തട്ടകമായ യുഎന്നിലേക്കാണ് നോട്ടം. അടുത്തവര്‍ഷം ഇലക്ഷന്‍ വരും. അപ്പോള്‍ തരൂരിനെ ഇറക്കാനാണ് ബി.ജെ.പി.യുടെ ശ്രമം. തരൂര്‍ മത്സര രംഗത്ത് വന്നാല്‍ എം.പി. സ്ഥാനം രാജിവയ്ക്കും. അപ്പോള്‍ തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് വരും. രാജേട്ടന്‍ എം.പി.യാകും. കേരളത്തില്‍ അക്കൗണ്ടും തുറക്കാം. മോഡിയുടെ ബുദ്ധിയാണ് ഇതെന്ന് വ്യക്തം. ഒരു വെടിക്ക് രണ്ട് പക്ഷി…. തരൂരിനും ബി.ജെ.പി.ക്കും.

ബാലകൃഷ്ണാ….ഇതൊക്കെ നടക്കുവോ? കാത്തിരുന്ന് കാണാം.
തരൂര്‍ യുഎന്നിലേക്കോ? ഒരു വെടിക്ക് രണ്ട് പക്ഷി!! - അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക