Image

ആര്‍ഷ ഭാരതമേ, സത്യാര്‍ത്ഥിയുടെ നോബല്‍ സമ്മാനം നിനക്കഭിമാനമോ ? (ജോസഫ് പടന്നമാക്കല്‍ )

Published on 14 October, 2014
ആര്‍ഷ ഭാരതമേ, സത്യാര്‍ത്ഥിയുടെ നോബല്‍ സമ്മാനം നിനക്കഭിമാനമോ ? (ജോസഫ് പടന്നമാക്കല്‍ )
'ബച്പന്‍ ബചാവോ ആന്തോളന്‍ (ബി.ബി.എ)' എന്ന സംഘടനയുടെ സ്ഥാപകനായ കൈലാഷ് സത്യാര്‍ത്ഥി നോബല്‍സമ്മാന വിജയത്തിലൂടെ ആഗോള വാര്‍ത്തകളുടെ തലക്കെട്ടായി മാറിയിരിക്കുന്നു. സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി താലീബനെതിരെ ശബ്ദം ഉയര്‍ത്തുന്ന 'മലാല'യെന്ന വിശ്വപ്രസിദ്ധി നേടിയ കൗമാരക്കാരത്തിയുമൊത്ത് ഈ നോബല്‍ സമ്മാനം അദ്ദേഹം പങ്കിടുന്നു. പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളെ തൊഴിലുടമകള്‍ അടിമകളെപ്പോലെ ജോലി ചെയ്യിപ്പിച്ച് ചൂഷണം ചെയ്യുന്ന വ്യവസ്ഥിതികള്‍ക്കെതിരെയാണ് ശ്രീ കൈലാഷ് സത്യാര്‍ത്ഥി പൊരുതുന്നത്. അദ്ദേഹത്തിന്‍റെ സംഘടനയുടെ ആസ്ഥാനം ന്യൂ ഡല്‍ഹിയാണ്. കൂടാതെ ബംഗ്ലാ ദേശിലും നേപ്പാളിലും പാകിസ്ഥാനിലും ശ്രീ ലങ്കയിലും ഇതിനായി കാര്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടിമ വേലകളില്‍നിന്നും പതിനായിരക്കണക്കിനു കുട്ടികളുടെ ബന്ധിതമായ ജീവിതമാണ് അദ്ദേഹം മോചിപ്പിച്ചത്. അനേക അവാര്‍ഡുകളും കൈലാഷിനെ തേടി വന്നിട്ടുണ്ട്. 1995­ലെ മനുഷ്യാവകാശ സംരക്ഷനത്തിനായുള്ള റോബര്‍ട്ട് കെന്നഡി അവാര്‍ഡ്, 1999 ­ലെ ഫ്രെഡ്രിക് എബെര്‍ട്ട് സ്റ്റിഫ്റ്റുങ്ങ് മനുഷ്യാവകാശ അവാര്‍ഡ്, 2009­ലെ ഗ്ലോബല്‍ ആക് ഷന്‍ ഡിഫണ്ടര്‍ ഓഫ് ഡെമോക്രസി അവാര്‍ഡ്, എന്നിങ്ങനെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്.

ഭാരതത്തെ സംബന്ധിച്ചടത്തോളം കുട്ടികളെ ബാല വേലയ്ക്കായി സ്വന്തം സംസ്ഥാനത്തും മറ്റു സംസ്ഥാനങ്ങളില്‍ കടത്തിയും ദുരുപയോഗിക്കുന്നത് ഒരു പ്രശ്‌നമായി തീര്‍ന്നിരിക്കുകയാണ്. ഓരോ വര്‍ഷവും മില്ല്യന്‍ കണക്കിനു കുട്ടികളെയാണ് മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് കടത്തുന്നത്. കണക്കിന്‍ പ്രകാരം ഏകദേശം അമ്പതു മില്ല്യന്‍ കുട്ടികള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ബാല വേല ചെയ്യുന്നുണ്ട്. അവരില്‍ പത്തു മില്ല്യന്‍ കുട്ടികളും മുതലാളിമാര്‍ ബന്ധിതരാക്കിയ ജോലിക്കാരാണ്. അവര്‍ക്ക് ഈ അടിമത്വത്തില്‍ നിന്നും രക്ഷപ്പെടാനും എളുപ്പമല്ല. അവരില്‍ അനേകര്‍ ജനിക്കുമ്പോള്‍ തന്നെ അടിമ വേലകള്‍ക്കായി ബന്ധിതരാകുന്നു. തൊഴില്‍ ഉടമയും മാതാപിതാക്കളും തമ്മില്‍ അതിനായി ഉടമ്പടിയും ഉണ്ടായിരിക്കും. അല്ലെങ്കില്‍ അവരുടെ മാതാപിതാക്കള്‍ തൊഴില്‍ ഉടമയാല്‍ ബന്ധിതരായിരിക്കും. ബന്ധിതരായ കുട്ടികള്‍ കൂടുതലും അന്യ സംസ്ഥാനക്കാരാണ്. അവരുടെ എണ്ണം ഏകദേശം അഞ്ചു മില്ല്യന്‍ വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഭരണ കൂടങ്ങളുടെ ഒത്താശകളോടെ ഫാക് റ്ററികളും ചെറുകിട, വന്‍കിട ബിസിനസ് സ്ഥാപനങ്ങളും കൃഷിഭൂമിയുടമകളും ദരിദ്രരായ കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം പിടിച്ചുകൊണ്ടുപോയി ജോലി ചെയ്യിപ്പിക്കുന്ന ഒരു വ്യവസ്ഥയാണ് ഭാരതം മുഴുവനുള്ളത്.

കൈലാഷ് സത്യാര്‍ത്ഥി 1954­ ജനുവരി പതിനൊന്നാംതിയതി മദ്ധ്യപ്രദേശിലെ വിഭിഷാ ജില്ലയില്‍ ജനിച്ചു. കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ അദ്ദേഹത്തിന്‍റെ കളികൂട്ടുകാരായവര്‍ നിര്‍ദ്ധനരായ പിള്ളേരായിരുന്നു. അവര്‍ക്ക് കുടുംബത്തിലെ കടുത്ത ദാരിദ്ര്യം കാരണം പഠിക്കാന്‍ സാധിക്കാതെ ഉപജീവനത്തിനായി മാതാപിതാക്കള്‍ക്കൊപ്പം ജോലി ചെയ്യണമായിരുന്നു. അക്കാലത്ത് അദ്ദേഹം ഒരു ഫുട്ട് ബാള്‍ ക്ലബ് സംഘടിപ്പിക്കുകയും പഠിക്കാനാവശ്യമുള്ള പിള്ളേര്‍ക്ക് ക്ലബിലെ അംഗ വരിസംഖ്യകൊണ്ട് സ്കൂള്‍ ഫീസ് നല്‍കുകയും ചെയ്തിരുന്നു. അദ്ദേഹവും ഒരു കൂട്ടുകാരനുംകൂടി ഒറ്റ ദിവസംകൊണ്ട് രണ്ടായിരം സ്കൂള്‍ ബുക്കുകള്‍ ശേഖരിച്ച ചരിത്രവുമുണ്ട്. പിന്നീട് 'ബുക്ക് ബാങ്കെന്ന' ഒരു പദ്ധതി ആവിഷ്ക്കരിക്കുകയും ചെയ്തു.

ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ ശേഷം ബിരുദാനന്തര ബിരുദവും നേടി. കുറെ വര്‍ഷം ലക്ചററായി നിയമിതനായി. 1980­ല്‍ അദ്ധ്യാപക ജോലി രാജി വെച്ച് ബാലവേലകള്‍ക്കിരയായ കുട്ടികള്‍ക്കുവേണ്ടി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ജീവിതം തന്നെ കഷ്ടതയും ദുരിതവും അനുഭവിക്കുന്ന കോടാനുകോടി ഇന്ത്യയിലെ അടിമ കുഞ്ഞുങ്ങള്‍ക്കായി നീക്കി വെച്ചു.

ശ്രീ കൈലാഷ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. 'ഈ നോബല്‍ പുരസ്ക്കാരം തനിക്കു ചുറ്റുമുള്ള ലോകത്തിലെ ശൈശവത്വം നഷ്ടപ്പെട്ടവര്‍ക്കും നിസഹായരായവര്‍ക്കും , സ്വാതന്ത്ര്യത്തിന്റെ രുചിയെന്തെന്നറിയാത്തവര്‍ക്കും വിദ്യ ലഭിക്കാതെ ജനിച്ചു ജീവിക്കുന്ന മില്ല്യന്‍ കണക്കിനു കുട്ടികള്‍ക്കും അര്‍പ്പിക്കുന്നുവെന്നു' കൈലാഷ് പറഞ്ഞു. 'ഈ പുരസ്ക്കാരത്തെ താനൊരു വെല്ലുവിളിയായി കരുതുന്നുവെന്നും ബാലവേലയ്‌ക്കെതിരായ വിപ്ലവത്തിന് ഇത് പ്രയോജനമുണ്ടാവുമെന്നും കുഞ്ഞുങ്ങളുടെ അടിമത്വം ആഗോള തലത്തിലും പ്രത്യേകിച്ചു എന്റെ രാജ്യത്തിലും ഇല്ലാതാകുമെന്നും' അദ്ദേഹം ശുഭാബ്ധിവിശ്വാസം പ്രകടിപ്പിച്ചു. 'ബുദ്ധന്റെയും ഗാന്ധിജിയുടെയും നാട്ടില്‍ ജനിച്ച ഈ മണ്ണിന്റെ അഭിമാനിയായ ഭാരതീയനാണ് താനെന്നും' വികാരാധീനനായി അദ്ദേഹം പറഞ്ഞു. ഈ മഹാത്മാക്കളില്‍ ശ്രീ കൈലാഷ് എന്നും ആവേശഭരിതനായിരുന്നു. ബാല വേലയെന്നുള്ളത് മനുഷ്യത്വത്തിന്റെ പേരിലുള്ള ഒരു ഹീന കൃത്യമാണ്. മനുഷ്യത്വം മുഴുവനായി ഇവിടെ മൂടപ്പെട്ടിരിക്കുന്നു.

"തനിക്കിനി ശേഷിച്ച ജീവിതത്തിലും അനേകം നേടാനുണ്ട്, എന്നാല്‍ തന്റെ ജീവിതത്തില്‍ ബാലവേലയില്ലാത്ത സുപ്രഭാതങ്ങളെ താന്‍ കാണുന്നുവെന്നും അത് ഇന്ന് തന്റെ സ്വപ്നമാണെന്നും" കൈലാഷ് പറഞ്ഞത് ഇന്നുള്ള കുഞ്ഞുങ്ങള്‍ക്കും ജനിക്കാനുള്ള കുഞ്ഞുങ്ങള്‍ക്കും വേണ്ടിയായിരുന്നു.

ഇന്ത്യയിലെ 'ബ്രൂഷാ' മുതലാളിമാരുടെ നിലനില്പ്പിനെ ബാധിക്കുന്ന ഈ സാമൂഹിക വിപ്ലവം സ്വന്തം ജീവിതത്തിനു തന്നെ ഭീഷണിയായിരുന്നു. ഫാക്ടറികളില്‍ ആയുധങ്ങള്‍ ധരിച്ച സെക്ക്യൂരിറ്റികളുടെ കണ്ണുകള്‍ വെട്ടിച്ച് കുഞ്ഞുങ്ങള്‍ക്ക് അവിടെനിന്നും രക്ഷപ്പെടുവാനും സാധിക്കുമായിരുന്നില്ല. ചിലപ്പോള്‍ കുഞ്ഞുങ്ങളും അവരുടെ മാതാ പിതാക്കളും കുടുംബം മുഴുവനും രക്ഷപ്പെടാന്‍ സാധിക്കാതെ തൊഴിലുടമകളുടെ ബന്ധനത്തിലായിരിക്കും. അത്തരം അനേകായിരം കുട്ടികളെ സ്വതന്ത്രരാക്കി അവരെ പുനരധിവസിപ്പിച്ചശേഷം ശ്രീ കൈലാഷ് സത്യാര്‍ത്ഥി കുട്ടികളുടെ ബാലവേലയ്‌ക്കെതിരെ അന്തര്‍ദേശീയ നവോദ്ധാന പദ്ധതി നടപ്പിലാക്കി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് 140 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ഇന്നും ഫാക്റ്ററികളില്‍ പാഞ്ഞു നടന്ന് ദിനം പ്രതി കുഞ്ഞുങ്ങളെ ബാല ജോലികളില്‍ നിന്ന് വിമോചിപ്പിച്ച് അവരെ അഭ്യസ്ത വിദ്യരാക്കുവാനുള്ള തൊഴിലുകളും പരിശീലിപ്പിക്കുന്നുണ്ട്. കുട്ടികളെ ചൂഷണ വര്‍ഗത്തില്‍നിന്നും സ്വതന്ത്രരാക്കുമെന്ന പ്രതിജ്ഞയുമായി അദ്ദേഹമിന്നും ദുര്‍ഘടവും കാഠിന്യവുമായ തന്റെ ചുമതലകളുടെ പാതയില്‍ക്കൂടിതന്നെ പിന്തിരിയാതെ സഞ്ചരിക്കുന്നു. ഈ സാമൂഹിക വിപ്ലവകാരിയുടെ സ്വപനം ഭാരതം മുഴുവനും ബാലവേലകള്‍ ഇല്ലാതാക്കി വിജയം കാണുംവരെ പൊരുതുമെന്നാണ്. 1989­ല്‍ സ്ഥാപിച്ച അദ്ദേഹത്തിന്‍റെ സംഘടന ഏകദേശം 40000 ബന്ധിതരായ കുട്ടികളെ ബാല വേലകളില്‍ നിന്നും മോചിപ്പിച്ചിട്ടുണ്ട്. അടിമകളായിരുന്ന ഈ കുട്ടികള്‍ അനേകരും ജോലി ചെയ്തിരുന്നത് ചണം കൊണ്ട് ചാക്കുകള്‍ പോലുള്ള ഉല്‍പ്പന്നങ്ങളുണ്ടാക്കുന്ന ഫാക്റ്ററികളിലും തുണിമില്ലുകളിലുമായിരുന്നു. സ്വതന്ത്രരാക്കുന്ന കുട്ടികള്‍ക്ക് പഠിക്കാനുള്ള സാഹചര്യങ്ങളും ഒരുക്കി കൊടുക്കുമായിരുന്നു. അടിമ വേലകളില്‍ നിന്നും മോചിതനായ ശേഷം ജീവിക്കാന്‍ നിവൃത്തിയില്ലാത്ത ചുറ്റുപാടിലേക്ക് കുട്ടികളെ തള്ളി വിടുന്നത് നീതിയല്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു.

അദ്ദേഹത്തിന്റെ 'ബച്പന്‍ ബചാവോ ആന്തോളന്‍' എന്ന സംഘടന സ്വതന്ത്രരാക്കുന്ന കുട്ടികളെ രാജസ്ഥാനിലുള്ള ബാലയാശ്രമം താമസ സൗകര്യം കൊടുത്ത് വിദക്ത തൊഴിലുകള്‍ പരിശീലിപ്പിക്കുന്നുണ്ട്. പാറ മടയില്‍ നിന്നും സ്വതന്ത്രയാക്കിയ ഒരു പെണ്‍ക്കുട്ടിയുടെ കദനമേറിയ കഥ 'കൈലാഷ് സത്യാര്‍ത്ഥി' വിവരിക്കാറുണ്ട്. കുഞ്ഞായ ആ സുന്ദരിയുടെ താങ്ങാന്‍ പാടില്ലാത്ത ദുഖങ്ങളും വികാരങ്ങളും തണുത്ത ശേഷം മുഖത്തു പുഞ്ചിരി തൂകിയപ്പോള്‍ കൈലാഷിനു എന്തെന്നില്ലാത്ത സന്തോഷമുണ്ടായി. ആവേശഭരിതനായി . അദ്ദേഹം പറയുന്നു, ' അവളൊരു തുറന്ന പുസ്തകംപോലെയായിരുന്നു. അവളുടെ വികാരതരളിതമായ കരളലിയിക്കുന്ന ശോകകഥകള്‍ കേള്‍വിക്കാരെ കരയിപ്പിക്കുമായിരുന്നു. പാരതന്ത്ര്യത്തില്‍ നിന്നും സ്വതന്ത്രയായെന്ന തോന്നലോടെ അവളുടെ മുഖം തെളിഞ്ഞപ്പോള്‍ അവള്‍ക്കന്നുണ്ടായിരുന്നത് മറ്റുള്ളവരെയും തന്നോടൊപ്പം സ്വതന്ത്രരാക്കണമെന്ന ചിന്തയായിരുന്നു . ആശ്രമത്തില്‍ നൂറു പേര്‍ക്കു പരിശീലനം നടത്താനുള്ള സൌകര്യമേയുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അദ്ദേഹം 'ബാല മിത്ര ഗ്രാമം' എന്ന പേരില്‍ ഇന്ത്യന്‍ ഗ്രാമങ്ങളെ ബാലവേല നിരോധിച്ചുകൊണ്ടുള്ള ഒരു പദ്ധതി നടപ്പാക്കി. ആ പദ്ധതിയനുസരിച്ച് ഗ്രാമത്തിലെ ഒരു കുട്ടിയെപോലും ബാല വേല ചെയ്യിപ്പിക്കില്ലെന്നും കുട്ടികളെ വിദ്യാഭ്യാസം ചെയ്യിപ്പിച്ചുകൊള്ളാമെന്നും ഗ്രാമവാസികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിക്കുമായിരുന്നു.

ഗ്രാമങ്ങള്‍ തോറും മനുഷ്യരില്‍ പരിവര്‍ത്തനം നടത്തി തന്റെ പ്രവര്‍ത്തനങ്ങളുമായി ഇങ്ങനെ മുമ്പോട്ടുപോയാല്‍ താനുദേശിച്ച ലക്ഷ്യപ്രാപ്തിയിലെത്താന്‍ പതിറ്റാണ്ടുകളെടുക്കുമെന്നും കൈലാഷിനു ബോദ്ധ്യമായി. അത്രയും കാലങ്ങള്‍ കാത്തിരിക്കാനുള്ള ക്ഷമയും സഹനശക്തിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അതുകൊണ്ട് ബാലവേലയെന്ന ഉല്പ്പന്നം വിറ്റഴിക്കുന്ന മാര്‍ക്കറ്റിനെ തന്നെ സ്വാധീനിക്കാനും ശ്രമിച്ചു. സൌത്ത് ഏഷ്യായിലെ അനേക കമ്പനികളുടെ 'റഗുകള്‍' (പരവതാനി) ഉല്‍പ്പാദിപ്പിച്ചിരുന്നത് അടിമ ജോലി ചെയ്യുന്ന കുട്ടികളുടെ കരങ്ങള്‍ കൊണ്ടായിരുന്നു. ബാലന്മാരുടെ വേലകള്‍ ചൂഷണം ചെയ്താണ് തങ്ങളുപയോഗിക്കുന്ന വില കൂടിയ റഗുകളെന്ന വസ്തുത ഉപഭോക്താക്കളും മനസിലാക്കണമെന്ന് കൈലാഷ് തീരുമാനിച്ചു. അത്തരം 'റഗുകള്‍' (പരവതാനി) വാങ്ങിക്കുന്നവരുടെ മനസ്സില്‍ വെറുപ്പുണ്ടാക്കണമെന്നും ആഗ്രഹിച്ചു. ഫാക്റ്ററികളെക്കൊണ്ട് "ബാലന്മാര്‍ നിര്‍മ്മിച്ച റഗല്ലെന്ന ലേബല്‍" റഗിന്റെ വില്പ്പനയോടൊപ്പം ഒട്ടിപ്പിക്കാനും തുടങ്ങി. അതുപോലെ ബാലവേലകള്‍ നിറുത്തലാക്കിയ ഫാക്റ്ററികളിലെ സോക്കര്‍ ബാളിലും ലേബല്‍ പതിപ്പിച്ചു. കൈലാഷ് പറയുന്നു, "ബാല വേല നിറുത്തല്‍ ഇന്നില്ലെങ്കില്‍ പിന്നെ എന്ന്? നിങ്ങള്‍ അത് ചെയ്തില്ലെങ്കില്‍ പിന്നെ ആരു ചെയ്യും? മൌലികമായ ഈ സാമൂഹിക തിന്മയ്ക്ക് ഉത്തരം കാണാന്‍ സാധിച്ചാല്‍ മനുഷ്യന്റെ ഈ അടിമവ്യവസായം എന്നത്തേയ്ക്കുമായി ഇല്ലാതാക്കാന്‍ സാധിക്കും."

1998­ല്‍ ബാലവേലയ്‌ക്കെതിരെ അദ്ദേഹം സംഘടിപ്പിച്ച ലോക പദയാത്ര ചരിത്രം സൃഷ്ടിക്കുന്നതായിരുന്നു. ശ്രീ കൈലാഷ് ആ പ്രകടന യാത്രയ്ക്ക് നേതൃത്വം നല്കി. ഏകദേശം അറുപതു രാജ്യങ്ങളിലോളം ബാലവേലയ്‌ക്കെതിരെ അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‌നിന്നും ലാറ്റിന്‍ അമേരിക്കയില്‍ നിന്നും മോചിതരായ കുട്ടികളുള്‍പ്പടെ ആയിരത്തോളം ജനങ്ങള്‍ അന്ന് ജനീവായില്‍ ആഗോള തൊഴിലാളികളുടെ യോഗത്തില്‍ സമ്മേളിച്ചിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് ചൂഷിതരായ കുട്ടികളുടെ സുരക്ഷിതത്തിനായ ഒരു ഉടമ്പടി ആഗോളതൊഴിലാളി സംഘടന അംഗീകരിക്കുകയും ചെയ്തു.

ഇന്നും ബാല വേലകള്‍ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും നിലവിലുണ്ട്. ദല്‍ഹി, കല്‍ക്കട്ടാ, മുബൈ , ഹൈദരാബാദ് അഹമ്മദബാദ് എന്നീ പ്രധാന പട്ടണങ്ങളിലേക്കാണ് കുട്ടികളെ കൂടുതലും കടത്താറുള്ളത്. അവിടെ എത്തുന്ന കുട്ടികളില്‍ ഭൂരിഭാഗം പേരും ബാല വേലകളിലും ഭിക്ഷ യാജിക്കുന്നതിലും, ലൈംഗിക തൊഴിലുകളിലും, പല തരം അടിമ പണിയിലും അകപ്പെട്ടു പോവുന്നു. ബാല വേലകള്‍ക്കുള്ള കുട്ടികളുടെ കച്ചവടങ്ങളായ പ്രദേശങ്ങളില്‍ ബീഹാര്‍ മുമ്പില്‍ നില്ക്കുന്നു. മദ്ധ്യപ്രദേശവും ഒറീസയും വെസ്റ്റ് ബംഗാളും അധോലോക കച്ചവടക്കാരുടെ ബാല വേലയ്ക്കായുള്ള പ്രഭവ കേന്ദ്രങ്ങളുമാണ്. കച്ചവട വസ്തുക്കളായ ഈ കുട്ടികള്‍ കൂടുതലായും ജോലി ചെയ്യുന്നത് തുണി വ്യവസായ ശാലകളിലായിരിക്കും.

കുട്ടികളെ കടത്തല്‍ സംബന്ധിച്ച് ഭാരതത്തിന് പ്രത്യേകമായ ഒരു നിയമം ഇല്ല. എന്നാല്‍ ലൈംഗികഭോഗത്തിനെതിരെ നിയമങ്ങളുണ്ട്. സാമൂഹിക ഉച്ഛനീചത്വങ്ങള്‍ മറച്ചു വെക്കാന്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ഭരിക്കുന്നവര്‍ പുറത്തു വിടുകയുമില്ല. സംസ്ഥാന സര്‍ക്കാരുകളില്‍ കുട്ടികളുടെ കച്ചവടകാര്യം ഉന്നയിച്ചാല്‍ അഭിമാനത്തിന്റെയും സാമൂഹിക വിലക്കുകളുടെയും മറവില്‍ സത്യത്തെ മറച്ചു വെയ്ക്കുകയും ചെയ്യും. സര്‍ക്കാര്‍ അപ്പോഴെല്ലാം സാമൂഹിക വിരുദ്ധര്‍ക്കൊപ്പം ചേര്‍ന്ന് നിക്ഷേധിക്കുകയും ചെയ്യും. ആരെങ്കിലും കുട്ടികളെ കടത്തുന്നത് തടഞ്ഞാലോ കുട്ടികളെ രക്ഷിക്കുകയോ ബന്ധനത്തില്‍ നിന്ന് മോചിപ്പിക്കുകയോ ചെയ്താല്‍ ഗത്യന്തരമില്ലാതെ സര്‍ക്കാരുകള്‍ ബാലവേലകളെപ്പറ്റി സമ്മതിക്കുകയും ചെയ്യും. മാറി മാറി വരുന്ന ഭരണകൂടങ്ങളുടെ നിഷേധാത്മക മറുപടിയും പ്രശ്‌നപരിഹാരത്തിന് തടസമാണ്. കുറ്റാരോപിതരായവരുടെ പേരില്‍ നിയമനടപടികള്‍ സര്‍ക്കാരിന്റെ സഹകരണമില്ലാതെ നടപ്പാക്കാനും എളുപ്പമല്ല. കാരണം ഈ ബിസിനസ്സില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ മാഫിയാപോലുള്ള നേതാക്കന്‍മാരുമായി സ്വാധീനമുള്ളവരാണ്. മന്ത്രിക്കസേരകള്‍വരെ ഇവര്‍ക്കു തെറിപ്പിക്കാന്‍ സാധിക്കും. ഇത്തരം സാമൂഹിക വിപത്തിനെ നേരിടാന്‍ സര്‍വ്വ രാഷ്ട്രീയപാര്‍ട്ടികളുടെ ജനാധിപത്യകൂട്ടുകെട്ടും ആവശ്യമാണ്.

ലോകമെമ്പാടും പഠനം നടത്തിയാലും ഇന്ന് ഏറ്റവുമധികം കുട്ടികളെ പീഡിപ്പിക്കുന്ന രാജ്യം ഇന്ത്യയെന്നു കാണാം. ഒരു ഭാരതീയനെന്ന നിലയില്‍ ഈ അവാര്‍ഡില്‍ ആര്‍ക്കെങ്കിലും അഭിമാനിക്കാമെന്നും തോന്നുന്നില്ല. ഒരു പക്ഷെ ഈ നോബല്‍ സമ്മാനം ഒരാളിന്റെ വ്യക്തിപരമായ വിജയമായിരിക്കാം. ഈ രാജ്യത്ത് എത്രയെത്ര കുഞ്ഞുങ്ങളെ കാണാതാവുന്നൂ. മുലയൂട്ടിയ മാതാക്കളുടെ കണ്ണീരിനു കണക്കുണ്ടോ.? മനുഷ്യത്വമില്ലാത്ത ഈ ലോകം ലൈംഗിക ജോലി ചെയ്യിപ്പിക്കുന്നു, കുഞ്ഞുങ്ങള്‍ തെരുവുതെണ്ടികളായി റെയില്‍വേ ട്രാക്കിലും വഴിയോരങ്ങളിലുമലയുന്നു. കടത്തിണ്ണകളിലന്തിയുറങ്ങുന്നു. നിര്‍ദോഷികളെ മോഷ്ടാക്കളായി ജയിലറകളിലും അടയ്ക്കും. മല മൂത്ര വിസര്‍ജനത്തിനുപോലും സൌകര്യമില്ലാതെ റെയില്‍വേ ട്രാക്കുകകളില്‍ കുത്തിയിരിക്കണം.

"ഈ സമ്മാനം തനിക്കൊരു അപമാനമാണെന്നും ഇത്രയും കാലം ഭാരതത്തെ നയിച്ച മാറി മാറി വന്ന ഭരണകൂടങ്ങള്‍ക്കെതിരെയുള്ള കനത്തയൊരു പ്രഹരമാണ് ഈ നോബല്‍ സമ്മാനമെന്നും" കൈലാഷ് തറപ്പിച്ചു പറഞ്ഞു.

കൈലാഷിനു ലഭിച്ച നോബല്‍ സമ്മാനം ഭരിക്കുന്ന സര്‍ക്കാരിനും വരാനിരിക്കുന്ന ഭരണകൂടങ്ങള്‍ക്കും സഹായമാകുമെന്നും വിശ്വസിക്കാം. മഹാത്മാ ഗാന്ധിജിക്ക് രണ്ടു പ്രാവിശ്യം നോബല്‍ സമ്മാനം അന്നത്തെ കമ്മിറ്റി നിഷേധിച്ചതില്‍ അവരിന്നു ഖേദിക്കുന്നു. ഇന്ത്യയുടെ ആത്മാവിനെ തേടുക അവരുടെ ലക്ഷ്യമായിരുന്നില്ല. പാകിസ്താന്‍ പ്രസിഡണ്ട് നവാസ് ക്ഷെരീഫും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നോബല്‍ സമ്മാനദാനത്തില്‍ സംബന്ധിക്കണമെന്ന് നോബല്‍ ജേതാവായ പാക്കിസ്ഥാന്റെ സ്കൂള്‍കുട്ടി' മലാലാ' ആവശ്യപ്പെടുകയുണ്ടായി. കര്‍ത്തവ്യബോധത്തില്‍ നിന്നും ഒഴിഞ്ഞു മാറിയ ഇന്ത്യയിലെ കഴിഞ്ഞകാല ഭരണകൂടങ്ങള്‍ക്കെതിരെയുള്ള ഈ നോബല്‍ സമ്മാന ദാനത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി പങ്കെടുക്കുന്നതും നമ്മുടെ രാജ്യത്തിന് അപമാനകരമാണ്. കുട്ടികളെ ഉപയോഗിച്ചുള്ള അധോലോകത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കി വ്യവസ്ഥാപിത ഭരണകൂടം സ്ഥാപിക്കാന്‍ നാളിതുവരെയുള്ള എല്ലാ സര്‍ക്കാരുകളും പരാജയപ്പെട്ടിരിക്കുന്നു. അനേകായിരം അമ്മമാരുടെ നിലവിളികളും നെടുവീര്‍പ്പുകളും വറ്റാത്ത കണ്ണുനീരും ഈ നോബല്‍ പത്രികയിലുണ്ട്. ഇന്ത്യയിലെ ചുവന്ന തെരുവുകളിലെ വേദനകളും വേദനിക്കുന്ന മാതാക്കളുടെ നൊമ്പരങ്ങളും ഈ ദാന പത്രത്തില്‍ കാണാം. അതുകേട്ടു ആഹ്ലാദിക്കാന്‍ ധാര്‍മ്മികത നഷ്ടപ്പെട്ട ലോകവാര്‍ത്താ മാദ്ധ്യമങ്ങളുമുണ്ട്. "ഭാരതത്തിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും അലഞ്ഞു തിരിയുന്ന കുട്ടികളുടെയും ബാലവേല ചെയ്യുന്നവരുടെയും കരച്ചിലുകള്‍ കാതുകളില്‍ മുഴങ്ങുമ്പോള്‍ ഞാന്‍ അപമാനിതനാകുകയാണെന്നും" നോബല്‍ ജേതാവ് കൈലാഷ് പറഞ്ഞു.

ഭാരതം ഭരിക്കുന്നവര്‍ 'ഇന്ത്യാ തിളങ്ങുന്നുവെന്ന' അപ്തവാക്യം അണികളെ പഠിപ്പിച്ചുകൊണ്ടിരിക്കും. ഈ നോബല്‍ സമ്മാനം തിളങ്ങുന്ന ഇന്ത്യയുടെ വിരിമാറിലെ തീപന്തമെന്നും ഭരണത്തിലുള്ളവര്‍ മനസിലാക്കണം. കൂട്ട ബലാല്‍ സംഗത്തിനിരയായ രണ്ടു ദളിത സഹോദരികള്‍ ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലുള്ള മാവിന്‍ മരത്തില്‍ തൂങ്ങി കിടക്കുന്ന ദയനീയ കാഴ്ചയും ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. അത്തരം അനേക വാര്‍ത്തകളില്‍ക്കൂടി ഇന്ത്യ ബലാല്‍സംഗങ്ങളുടെ നാടെന്നും പാശ്ചാത്യ മാദ്ധ്യമങ്ങള്‍ പ്രചരിപ്പിച്ചു. നിയമത്തിന്റെ കരങ്ങള്‍ ഇന്ത്യയിലെ ഓരോ മുക്കിലും കോണിലും നടപ്പാക്കുന്ന കാലം വന്നിരുന്നെങ്കില്‍ ഇന്ത്യാ തിളങ്ങി നില്‍ക്കുമായിരുന്നു. വേശ്യാലയങ്ങള്‍ അടച്ചുപൂട്ടി അവര്‍ക്ക് നിത്യവൃത്തിക്കുള്ള മാര്‍ഗവും കണ്ടുപിടിക്കണം. തെരുവിന്‍റെ കുട്ടികള്‍ക്ക് അഭയകേന്ദ്രങ്ങള്‍ നല്‍കണം. കാണാതായവരെയും കണ്ടുപിടിച്ച് അവരെ സംരക്ഷിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണം. കുട്ടികളെ ഉപഭോഗവസ്തുക്കളായി കച്ചവടം നടത്തുന്ന അധോലോകത്തെ ഇല്ലാതാക്കണം. അനാഥരില്ലാത്ത കുട്ടികളുടെ ഒരു ഭാരതം സൃഷ്ടിക്കണം. ഭരണകൂടങ്ങള്‍ ഉത്തരവാദിത്വത്തോടെ ഭരണം നടത്തിയിരുന്നെങ്കില്‍ അവര്‍ അവരുടെ ജോലി സത്യസന്ധമായി ചെയ്തിരുന്നെങ്കില്‍ ഇങ്ങനെ ഒരു അപമാനവും പേറി മഹാനായ കൈലാഷ് സത്യാര്‍ത്ഥിയെന്ന മനുഷ്യന് ഈ അവാര്‍ഡ് സ്വീകരിക്കേണ്ടി വരില്ലായിരുന്നു.

ഭാരതത്തിലെ വൈദിക കാലങ്ങളിലെ വേദങ്ങളില്‍ ഒരു പ്രാര്‍ത്ഥനയുണ്ട്. "അസതോ മാ സത് ഗമയാ, തമസോ മാ ജ്യോതിര്‍ ഗമയാ" അസത്യത്തില്‍ നിന്ന് ദൈവമേ സത്യത്തിലേക്ക് നയിച്ചാലും. ഇവിടെ അസത്യമെന്നു പറയുന്നത് നമുക്ക് ചുറ്റുമുള്ള കപട ലോകമാണ്. ബാലവേലകള്‍ ചെയ്യിപ്പിക്കുന്നവരും അസത്യത്തിന്റെ വക്താക്കളാണ്. ഭരണ സംവിധാനവും സര്‍ക്കാരുകളും സഞ്ചരിക്കുന്നത് അസത്യത്തിന്റെ വഴികളില്‍കൂടി തന്നെ. 'വാസ്തവികത'യെന്നു പറയുന്നതും ഇതുതന്നെയാണ്. വേദമന്ത്രം ഉച്ഛരിക്കുന്നു, "എന്നെ സത്യത്തിലേക്ക് നയിക്കൂ! അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലെക്ക് നയിച്ചാലും." അജ്ഞതയാണ് അന്ധകാരം. കര്‍മ്മങ്ങളും പ്രവര്‍ത്തികളും നന്മയില്‍ക്കൂടി പ്രകാശം പകര്‍ത്തുന്നതായിരിക്കണം. ദൈവമേ, ഭാരതാംബികയെ അങ്ങു അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക് നയിച്ചാ­ലും.
ആര്‍ഷ ഭാരതമേ, സത്യാര്‍ത്ഥിയുടെ നോബല്‍ സമ്മാനം നിനക്കഭിമാനമോ ? (ജോസഫ് പടന്നമാക്കല്‍ )
ആര്‍ഷ ഭാരതമേ, സത്യാര്‍ത്ഥിയുടെ നോബല്‍ സമ്മാനം നിനക്കഭിമാനമോ ? (ജോസഫ് പടന്നമാക്കല്‍ )
ആര്‍ഷ ഭാരതമേ, സത്യാര്‍ത്ഥിയുടെ നോബല്‍ സമ്മാനം നിനക്കഭിമാനമോ ? (ജോസഫ് പടന്നമാക്കല്‍ )
ആര്‍ഷ ഭാരതമേ, സത്യാര്‍ത്ഥിയുടെ നോബല്‍ സമ്മാനം നിനക്കഭിമാനമോ ? (ജോസഫ് പടന്നമാക്കല്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക