Image

അവിശ്വസനീയം (സംഭവ കഥ: കൃഷ്‌ണ)

Published on 11 October, 2014
അവിശ്വസനീയം (സംഭവ കഥ: കൃഷ്‌ണ)
കേരളത്തിലെ ഒരു ചെറിയ പട്ടണം. അവിടെനിന്നും ഏഴെട്ടു കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമം.

ഏകദേശം ഒരു മാസം മുമ്പ്‌ ആ ഗ്രാമത്തിലേക്ക്‌ സ്ഥലംമാറ്റമായി എത്തിയതായിരുന്നു ഞാന്‍. കൂടെ ഭാര്യയും പന്ത്രണ്ട്‌ വയസ്സുള്ള മകളും അഞ്ചു വയസ്സുള്ള മകനും.

ഒരുദിവസം ഒരു സഹപ്രവര്‍ത്തകന്‍ എന്നോടുപറഞ്ഞു: `സാര്‍ കുടുംബസമേതം ഒരു ദിവസം വീട്ടിലേക്കു വരണം.'

ഞാന്‍ സമ്മതിച്ചു. അടുത്ത ഞായറാഴ്‌ച തന്നെയാകട്ടെ.

അയാളുടെ താമസം ആ പട്ടണത്തില്‍ ആയിരുന്നു.

ഞായറാഴ്‌ച വൈകുന്നേരം അഞ്ചുമണിയോടെ ഞങ്ങള്‍ അവിടെ എത്തി. കുറേനേരം സംസാരിച്ചിരുന്നു. അവിടുത്തെ ഗൃഹനായിക വളര്‍ന്നതും പഠിച്ചതും എല്ലാം ബോംബെയില്‍ ആയിരുന്നു. ഞാനും കുറെനാള്‍ ബോംബെയില്‍ ജോലിചെയ്‌തിരുന്നു. പറഞ്ഞുവന്നപ്പോള്‍ ഞങ്ങള്‍ രണ്ടാളും അറിയുന്ന പലരും സംഭാഷണത്തില്‍ കടന്നുവന്നു.

സന്ധ്യ ആകാറായപ്പോള്‍ സുഹൃത്ത്‌ പറഞ്ഞു.

വളരെ പ്രശസ്‌തമായ രണ്ടു ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്‌. വേണമെങ്കില്‍ നിങ്ങള്‍ പോയിട്ടുവരൂ.

അയാള്‍ വഴിപറഞ്ഞുതന്നു.

ക്ഷേത്രത്തില്‍ പോയിട്ട്‌ എട്ടുമണിയോടെ ഞങ്ങള്‍ തിരിച്ചെത്തി. ആഹാരം കഴിച്ചിട്ട്‌ ഞങ്ങള്‍ പുറപ്പെടാന്‍ തയാറായി.

`ഇവിടെ അടുത്തുതന്നെ ബസ്സ്‌ സ്‌റ്റോപ്പ്‌ ഉണ്ട്‌. അവിടെ നിന്നാല്‍ മതി. ആട്ടോ റിക്ഷാ കിട്ടും.'

പോകേണ്ട ദിശ അയാള്‍ ചൂണ്ടിക്കാണിച്ചു. യാത്ര പറഞ്ഞിട്ട്‌ ഞങ്ങള്‍ നടന്നു.

ബസ്സ്‌ സ്‌റ്റോപ്പ്‌ അടുത്തുതന്നെ ആയിരുന്നു.

പക്ഷെ അവിടെ എത്തിയപ്പോഴാണ്‌ പ്രശ്‌നം.

കുറ്റാക്കുറ്റിരുട്ട്‌. റോഡിന്റെ. ഒരു വശത്തുള്ള വലിയ കെട്ടിടം ഒരു നിഴല്‍ പോലെ കാണാം. അതുകഴിഞ്ഞ്‌ റോഡ്‌ തൊണ്ണൂറു ഡിഗ്രി വളഞ്ഞു മുന്നോട്ടു പോകുന്നു.

ആ ഇരുട്ടില്‍ രണ്ടു ചെറിയ കുട്ടികളുമായി എത്രനേരം നില്‌ക്കും ?

അല്‍പദൂരം പോയാല്‍ ആട്ടോ സ്റ്റാന്‍ഡ്‌ ഉണ്ട്‌ എന്നറിയാം. പക്ഷെ കൂരിരുട്ടത്ത്‌ കുട്ടികളെയും കൊണ്ട്‌ എങ്ങനെ പോകും?

ഞാന്‍ ആകെ വിഷമിച്ചു. ഇനി എതെങ്കിലും വാഹനം വരുന്നതുവരെ കാത്തുനില്‌ക്കുകതന്നെ. അല്ലാതെ എന്തു ചെയ്യാന്‍?

അല്‌പ്പസമയം കൂടി കഴിഞ്ഞു. അപ്പോള്‍ വളവിന്‌ അപ്പുറത്തായി ഒരു പ്രകാശം കണ്ടു. ഒരു ആട്ടോ റിക്ഷാ വരുന്നു!

പക്ഷെ ടൗണിനു പുറത്തേക്കു പോകുന്ന ആട്ടോ റിക്ഷായില്‍ ഏതെങ്കിലും യാത്രക്കാര്‍ കാണുമല്ലോ? അപ്പോള്‍ ആ മോഹവും അസ്ഥാനത്ത്‌.

അപ്പോഴേക്കും ആട്ടോ റിക്ഷാ ഞങ്ങളുടെ മുമ്പില്‍ എത്തിക്കഴിഞ്ഞിരുന്നു.

അതില്‍ യാത്രക്കാര്‍ ആരുമില്ല. ഭയങ്കര വേഗതയിലാണ്‌ വരവ്‌.

ഏതായാലും ഞാന്‍ കൈ കാണിച്ചു. വണ്ടി നിന്നു.

അപ്പോഴാണ്‌ ഡ്രൈവറെ ശ്രദ്ധിച്ചത്‌. ഉറക്കത്തില്‍ നിന്ന്‌ ആരോ കുത്തിയുണര്‍ത്തി വിട്ടതുപോലെ അസ്വസ്ഥത നിറഞ മുഖം.

ഞങ്ങള്‍ കയറിക്കഴിഞ്ഞതും അയാള്‍ ആട്ടോ അതിവേഗതയില്‍ മുന്നോട്ട്‌ എടുത്തു. ഞാന്‍ പോകേണ്ട സ്ഥലത്തിന്റെ പേര്‌ പറഞ്ഞതുപോലും പിന്നീടാണ്‌.

ഗ്രാമത്തിന്റെ സിരാകേന്ദ്രമായ ക്ഷേത്ര ജംഗ്‌ഷനില്‍ എത്തിയപ്പോള്‍ അയാള്‍ വണ്ടി നിറുത്തി.

`ഒരല്‌പം കൂടി മുന്നോട്ടു പോകണം. .....ഹോട്ടലിന്റെ എതിര്‍വശം.' ഞാന്‍ പറഞ്ഞു.

പറഞ്ഞതോടൊപ്പം ചാര്‍ജ്ജ്‌ എത്രയാകും എന്ന്‌ ഞാന്‍ ആലോചിച്ചു. ബസ്സിനാണെങ്കില്‍ രണ്ട്‌ അര ടിക്കറ്റുകള്‍ ഉള്‍പ്പടെ ഒമ്പതോ പത്തോ രൂപയാകും. അക്കണക്കിന്‌ രാതിയിലെ ഈ ഓട്ടത്തിന്‌ ഇയാള്‍ മുപ്പതു രൂപ എങ്കിലും വാങ്ങും.

പോട്ടെ, എന്തെങ്കിലും ആകട്ടെ. വന്നെത്തിയല്ലോ? അതുതന്നെ സമാധാനം.

ഞങ്ങള്‍ക്ക്‌്‌ ഇറങ്ങേണ്ട സ്ഥലത്ത്‌ അയാള്‍ പറയാതെതന്നെ വണ്ടി നിര്‍ത്തി . ഞാന്‍ താഴെ ഇറങ്ങി. ബാക്കിയുള്ളവര്‍ ഇറങ്ങിയതും അയാള്‍ വണ്ടി തിരിച്ചുകഴിഞ്ഞിരുന്നു. മടങ്ങിപ്പോകാന്‍.

`എത്ര രൂപയായി?' അയാളുടെ അടുത്തേക്ക്‌ ചെന്ന്‌ ഞാന്‍ ചോദിച്ചു.

അയാള്‍ എന്തോ പറഞ്ഞു. `അഞ്ചുരൂപ' എന്നാണ്‌ എനിക്ക്‌ തിരിഞ്ഞത്‌. പക്ഷെ ചാര്‍ജ്‌ ഏതായാലും അഞ്ചുരൂപ ആകില്ലല്ലോ?

`എത്ര രൂപയാ?' ഞാന്‍ വീണ്ടും ചോദിച്ചു.

അയാളുടെ മറുപടിയില്‍ കോപത്തിന്റെ നിഴല്‍. `അഞ്ചുരൂപ എന്നല്ലിയോ പറഞ്ഞേ?'

ഞാന്‍ കൊടുത്ത നോട്ട്‌ വാങ്ങി ഒന്നു നോക്കുകപോലും ചെയ്യാതെ അയാള്‍ പോക്കറ്റിലിട്ടു. വണ്ടി അതിവേഗതയില്‍ പാഞ്ഞു. ഞാന്‍ അതിശയിച്ചുനിന്നുപോയി. അയാളെ എവിടെയെങ്കിലും കണ്ട പരിചയം ഉണ്ടോ എന്ന്‌ ഞാന്‍ ഓര്‍ത്തു നോക്കി. ഇല്ല, എവിടെയും കണ്ടിട്ടില്ല. അയാള്‍ക്ക്‌ എന്നെ പരിചയം ഉള്ള മട്ടുമില്ല. എന്തെങ്കിലും ചോദിക്കുന്നതുപോയിട്ട്‌ ഒരു പുഞ്ചിരിപോലും ആ മുഖത്തുകണ്ടില്ലെന്ന്‌ ഞാന്‍ ഓര്‍ത്തു.

എന്നിട്ടും അയാള്‍ വാങ്ങിയത്‌ വെറും അഞ്ചു രൂപ! ബസ്സ്‌ ചാര്‍ജ്ജിനെക്കാളും കുറഞ്ഞതുക!

ഞാന്‍ വണ്ടി പോയ ദിശയിലേക്കു നോക്കി. ഒരു പക്ഷെ അയാള്‍ ഇവിടുത്തുകാരന്‍ ആണെങ്കിലോ? ഏതായാലും വണ്ടി ഇങ്ങോട്ട്‌ വരും. അപ്പോള്‍ ഞങ്ങളെക്കൂടി കയറ്റിയതുകൊണ്ട്‌ പ്രത്യേക നഷ്ടം ഒന്നും ഇല്ലല്ലോ എന്ന്‌ ചിന്തിച്ചതാകുമോ?

അപ്പോള്‍ ഞാന്‍ കണ്ടു. വണ്ടി വന്ന ദിശയിലേക്കുതന്നെ തിരിച്ചുപോകുകയാണ്‌!

ഏതു ശക്തിയാണാവോ ഇങ്ങനെ ചെയ്യാന്‍ അയാളെ പ്രേരിപ്പിച്ചത്‌! അയാളെ തട്ടിയുണര്‍ത്തി ഞങ്ങള്‍ ബസ്സ്‌ കാത്തുനിന്ന ഇരുട്ടിലേക്ക്‌ അയച്ചത്‌?

അതാണോ ദൈവം? ആര്‍ക്കറിയാം.

*******

(ഈ സംഭവം യഥാര്‍ത്ഥത്തില്‍ നടന്നതാണ്‌)
അവിശ്വസനീയം (സംഭവ കഥ: കൃഷ്‌ണ)
Join WhatsApp News
vaayanakkaaran 2014-10-11 09:56:01
അനന്തമജ്ഞാതമവിശ്വസനീയം 
ചിലനല്ലയാളുകൾ ചിന്തിക്കുന്നമാർഗ്ഗം
Vivekan 2014-10-11 19:48:57
ആരെങ്കിലും വിളിച്ചെന്നു കരുതി അവരുടെ വീട്ടിൽച്ചെന്നു തിന്നുകയും കുടിക്കുകയും വർത്തമാനിക്കയും ചെയ്യുമ്പോൾ സ്ഥലവും സമയവും സന്ദർഭവും കൂടി ചിന്തിക്കണം. കൂരാപ്പായാൽ ബസ്സും ഓട്ടോയും ഒക്കെ ഗ്രാമങ്ങളിൽ പാടാന്നറിയില്ലായിരുന്നോ?  നിങ്ങളെക്കൊണ്ടുപോയി കൂരിരുട്ടിൽ തള്ളിയിട്ടു തിരിച്ചുപോയ സഹപ്രവർത്തകനും കൊള്ളാവുന്ന ആൾ തന്നെ! കൊച്ചു പിള്ളാരും ഭാര്യയും ഭാഗ്യമുള്ളവർ... പ്രായവും ഒക്കെ ആയില്ലേ... വീട്ടിലെങ്ങാനും ഇരുന്നാൽപ്പൊരേ അങ്കിളേ...?
വിദ്യാധരൻ 2014-10-11 19:57:17
കഥ വായിച്ചു കഴിഞ്ഞു ഉറങ്ങാൻ പോകുമ്പോഴും നിങ്ങളുടെ കഥയിലെ, വളവും, കൂരിരുട്ടും കഥയിലെ നായകനും മനസ്സിൽ തങ്ങി നില്ക്കുന്നു. നഗരങ്ങളിൽ കാണാത്ത നന്മ ഇന്നും ചില ഗ്രാമങ്ങളിലെ പച്ച മനുഷ്യരിൽ കാണാം. അവർക്ക് മറ്റുള്ളവരുടെ ഹൃദയ സ്പന്ദനങ്ങൾ കേൾക്കാൻ കഴിയും. പക്ഷെ വലിയ കാല താമസം ഇല്ലാതെ അവരെയും മനുഷ്യരെ തിന്നുന്നവരാക്കും. അതാണ്‌ ഈ നൂറ്റാണ്ടിന്റെ പ്രത്യേകത.
Truth man 2014-10-12 10:11:33
I enjoy the real story.He written very short and anxious.I don,t want ask to him why you are stay long time with your child in somebody ,s house.No ask the question.No question in the story.
Mr. Vivekan you are an uncle not this writer is not an uncle.
We are expecting real story fro you . Thanks . Truth is truth
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക