Image

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-7: സാം നിലമ്പള്ളില്‍)

Published on 09 October, 2014
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-7: സാം നിലമ്പള്ളില്‍)
അദ്ധ്യായം ഏഴ്‌.

ട്രെയിന്‍ പതിനെട്ട്‌ മണിക്കൂര്‍കൊണ്ടാണ്‌ ലക്ഷ്യസ്ഥാനത്ത്‌ എത്തിയത്‌. അപ്പോഴേക്കും വൃദ്ധജനങ്ങളും കുഞ്ഞുങ്ങളും ഉള്‍പ്പെടെ അനേകര്‍ മരിച്ചുകഴിഞ്ഞിരുന്നു. സ്റ്റെഫാന്റെ ഇളയകുഞ്ഞും മരിച്ചെന്നാണ്‌ കരുതിയത്‌. ട്രെബ്‌ളിങ്കായില്‍ എത്തിയപ്പോള്‍ സാറക്കും മറ്റു സ്‌ത്രീകളെപ്പോലെ പകുതി ജീവനേ ഉണ്ടായിരുന്നുള്ളു. ആരോഗ്യമുള്ള പുരുഷന്മാര്‍വരെ തളര്‍ന്നുവീഴുമ്പോള്‍ സ്‌ത്രീകളുടേയും കുഞ്ഞുങ്ങളുടേയും സ്ഥിതിയെന്തായിരിക്കും? ശ്വസിക്കാന്‍ വായുവും കുടിക്കാന്‍ വെള്ളവുമില്ലാതെ പതിനെട്ട്‌ മണിക്കൂര്‍ ഒറ്റക്കാലില്‍ നിന്നുകൊണ്ടുള്ള യാത്ര ഓര്‍ത്തപ്പോള്‍ വെടികൊണ്ടുമരിച്ച ചെറുപ്പക്കാരോട്‌ അസൂയയാണ്‌ തോന്നിയത്‌. തങ്ങളുടെ അത്രയും കഷ്‌ടപ്പാട്‌ അവര്‍ക്ക്‌ അനുഭവിക്കേണ്ടി വന്നില്ലല്ലോ.

കുഞ്ഞുങ്ങള്‍ക്ക്‌ വെള്ളവും ആഹാരവും കൊടുത്തുകഴിഞ്ഞപ്പോള്‍ ജീവന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ട്രെയിനില്‍നിന്ന്‌ ഇറങ്ങിയവരെ കുറെസമയം വിശ്രമിക്കാന്‍ അനുവദിക്കാനുള്ള മഹാമനസ്‌ക്കത നാസിപട്ടാളക്കാര്‍ക്ക്‌ ഉണ്ടായി. റെയില്‍വേ പ്‌ളാറ്റ്‌ഫോമില്‍ കിടന്നുകൊണ്ട്‌ സ്റ്റെഫാന്‍ പരിസരം വീക്ഷിക്കുയായയിരുന്നു. മനോഹരമായ ഭൂപ്രദേശം. വസന്തത്തിന്റെ വരവായതുകൊണ്ട്‌ മരങ്ങളെല്ലാം പൂത്തുല്ലസിച്ച്‌ നില്‍ക്കുന്നു. ചുറ്റുപാടുകള്‍ക്കെല്ലാം നല്ല വൃത്തിയുംവെടിപ്പും. കുറെ കഷ്‌ടപ്പാടുകള്‍ സഹിച്ചാണ്‌ ഇവിടംവരെ എത്തിയതെങ്കിലും ഇത്രയുംനല്ല സ്ഥലത്ത്‌ എത്തിച്ചേരാന്‍ സാധിച്ചതില്‍ അവന്‌ സന്തോഷംതോന്നി. കുറെനാളത്തേക്കാണെങ്കിലും യുദ്ധം കഴിയുന്നതുവരെ ഇവിടെ സുരക്ഷിതമായി കഴിയമല്ലോ എന്ന ചിന്തയായിരുന്നു സ്റ്റെഫാനെപ്പോലെതന്നെ മറ്റുള്ളവരുടേയും മനസില്‍.

വീട്ടില്‍നിന്ന്‌ തിരിച്ചതിനുശേഷം ആഹാരമൊന്നും കഴിക്കാഞ്ഞതിനാല്‍ നല്ല വിശപ്പുണ്ടായിരുന്നു. സാറ സഞ്ചിയില്‍ കുരതിയിരുന്ന റൊട്ടിയും, കുക്കിയുംകൊണ്ട്‌ കുഞ്ഞുങ്ങളെ ഊട്ടുകയാണ്‌. ഭര്‍ത്താവിനും അതിലൊരുപങ്ക്‌ അവള്‍കൊടുത്തു.

`അവിടെ സ്റ്റോളില്‍ ചെന്നാല്‍ ഫ്രീയായിട്ട്‌ കാപ്പികിട്ടും'. പേപ്പര്‍കപ്പില്‍ കാപ്പിയുംകൊണ്ടുവന്ന ഒരാള്‍ പറഞ്ഞു.

സ്റ്റെഫാനും ഫ്രീകാപ്പി കുടിക്കാന്‍ സ്റ്റോളിലക്ക്‌ നടന്നു.അവിടെചെന്നപ്പോള്‍ നീണ്ടയൊരു ലൈന്‍. നൂറുപേരെങ്കിലുംകാണും ലൈനില്‍.

`ഇതുകുടിക്കുന്നതിലുംഭേദം കുതിരമൂത്രം കുടിക്കുകയാണ്‌,' ഫ്രീകാപ്പിയും വാങ്ങിക്കൊണ്ടുവന്ന ഒരാള്‍ പറഞ്ഞു. `വെറുതെ ലൈനില്‍നിന്ന്‌ കഷ്‌ടപ്പെടാതെ നിങ്ങളൊക്കെ എവിടെങ്കിലും പോയിരുന്ന്‌ വിശ്രമിക്കാന്‍ നോക്ക്‌.'

അയാള്‍ തമാശപറയുകയാണെന്ന്‌ വിചാരിച്ച്‌ ലൈനില്‍നിന്നവരാരും പോയില്ല. അവസാനം സ്റ്റെഫാനുംകിട്ടി ഫ്രീകാപ്പി. ഒരുകവിള്‍ കുടിച്ചപ്പോള്‍ ഇത്‌മൂത്രമല്ല, കുതിരച്ചാണകംകലക്കിയ വെള്ളമാണെന്നാണ്‌ അവന്‌ തോന്നിയത്‌.

നാലുപാടും പട്ടാളക്കാരും, എസ്സെസ്സ്‌ പോലീസും പിന്നെ സിവില്‍വസ്‌ത്രം ധരിച്ച രഹസ്യപ്പോലീസുമാണ്‌. അവരാണ്‌ ഹിറ്റ്‌ലറുടെ കുപ്രസിദ്ധ രഹസ്യപ്പോലീസായ, ഗെസ്റ്റപ്പോ. ഒരുമണിക്കൂര്‍ വിശ്രമിച്ചുകഴിഞ്ഞപ്പോള്‍ എല്ലാവരും എഴുന്നേറ്റ്‌ ക്യാമ്പിലേക്ക്‌ നടക്കാന്‍ ആവശ്യപ്പെട്ടു. പെട്ടികളും കുട്ടികളും മരവിച്ച കാലുകളുമായി എല്ലാവരും വീണ്ടും യാത്രയായി. വഴിയരികില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളില്‍ മനോഹരമായ വീടുകളുടെ പടങ്ങള്‍. കൊതിപ്പിക്കുന്ന ആഹാരസാധനങ്ങള്‍ മേശപ്പുറത്ത്‌ വിളമ്പിവെച്ചിരിക്കുന്ന ചിത്രങ്ങള്‍. ഇതെല്ലാം തങ്ങള്‍ താമസിക്കാന്‍പോകന്ന വീടുകളുടേയും കഴിക്കാന്‍പോകുന്ന ആഹാരത്തിന്റേയും ചിത്രങ്ങളാണെന്ന്‌ പാവംമനുഷ്യര്‍ വിചാരിച്ചുപോയെങ്കില്‍ അവരെ കുറ്റംപറയരുതല്ലോ. എന്നാല്‍ സ്റ്റാളില്‍നിന്ന്‌ കുടിച്ച കാപ്പിയുടെ കാര്യമോര്‍ത്തപ്പോള്‍ സ്റ്റെഫാന്റെ മനസില്‍ ചിലസംശയങ്ങള്‍ ഉടലെടുക്കാതിരുന്നില്ല.

രണ്ടുമണിക്കൂര്‍ നടന്നുകഴിഞ്ഞപ്പോള്‍ അങ്ങുദൂരെ കോട്ടപോലത്തെ മതില്‍ക്കെട്ടുകളും അതിനുള്ളില്‍ നിരനിരയായി സ്ഥിതിചെയ്യുന്ന ബഹുനിലക്കെട്ടിടങ്ങളും കാണപ്പെട്ടു. അതെന്താണെന്നും അവിടെയാണോ തങ്ങളെ താമസിപ്പിക്കാന്‍ പോകുന്നതെന്നും അറിയാതെ ജനക്കൂട്ടം പരിഭ്രമിച്ചു. ഇതുപണ്ട്‌ പോളണ്ടില്‍ രാജ?രണമായിരുന്നപ്പോള്‍ പട്ടാളക്കാര്‍ക്ക്‌ താമസിക്കാന്‍ ഉണ്ടാക്കിയ ബാരക്കുകളാണെന്ന്‌ അവര്‍ക്ക്‌ അറിയില്ലായിരുന്നു.. ഇതിനെയാണ്‌ നാസികള്‍ യഹൂദരെ തല്‍ക്കാലം പാര്‍പ്പിക്കാനുള്ള കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളാക്കിമാറ്റിയത്‌. തല്‍ക്കാലം എന്നുവെച്ചാല്‍ ഈ ജനക്കൂട്ടത്തെ എന്തുചെയ്യണം എന്നുതീരുമാനിക്കുന്നതുവരെ പാര്‍പ്പിക്കാനുള്ള ഒരിടം.

പതിനെട്ട്‌ മണിക്കൂര്‍നീണ്ട നരകയാത്രക്കുശേഷം ജീവനുള്ള ശവങ്ങായി അന്യനാട്ടില്‍ എവിടെയോ എത്തിയ മനുഷ്യക്കൂട്ടം പെട്ടികളും കുഞ്ഞുങ്ങളെയും ചുമന്ന്‌ കോട്ടവാതില്‍ക്കല്‍ എത്തിയപ്പോള്‍ തങ്ങളുടെ പീഡനം അവസാനിച്ചെന്ന്‌ കരുതി. എന്നാല്‍ പീഡനം തുടങ്ങാന്‍ പോകുന്നതേയുള്ളുവെന്ന്‌ സാധുജനങ്ങള്‍ അറിഞ്ഞില്ല.

കോട്ടവാതുക്കല്‍നിന്ന പട്ടാളക്കാര്‍ അവരെ സന്തോഷത്തോടെ അകത്തേക്ക്‌ കടത്തിവിട്ടു. അവര്‍നേരെചെന്നത്‌ വൃത്തിയും വെടിപ്പുമുള്ള ഒരു ഒറ്റനിലകെട്ടിടത്തിലേക്കാണ്‌. പുതുതായിവന്നവരെല്ലാം അവിടെ പേര്‌ രജിസ്റ്റര്‍ ചെയ്യണം. പട്ടാളക്കാര്‍ എല്ലാവരേയും ലൈനില്‍നിറുത്തി. ലൈന്‍ നീണ്ടുനീണ്ട്‌ പുറകോട്ടുപോയപ്പോള്‍ കോട്ടവാതല്‍ക്കല്‍ എത്തിയപലര്‍ക്കും വീണ്ടും പിന്നോട്ട്‌ നടക്കേണ്ടിവന്നു. സാവധാനം നടന്നുവന്ന വൃദ്ധജനങ്ങളും അവശരും അവസാനം എത്തിയവര്‍ ആയതിനാല്‍ അവര്‍ക്കാണ്‌ വീണ്ടും പുറകോട്ട്‌ നടക്കേണ്ടിവന്നത്‌.

ലൈനിന്റെ മദ്ധ്യഭാഗത്തായിരുന്നു സ്റ്റെഫാനും കുടുംബവും. എല്ലാവരുടേയും പെട്ടികള്‍ പരിശോധിക്കുന്നതുകൊണ്ട്‌ ലൈന്‍ സാവധാനമാണ്‌ മുന്‍പോട്ട്‌ നീങ്ങുന്നത്‌. മണിക്കൂറുകള്‍ കാത്തുനിന്നതിന്‌ ശേഷമാണ്‌ സ്റ്റെഫാനും കുടുംബവും മുന്നിലെത്തിയത്‌.

ആദ്യം അവര്‍ക്ക്‌ ഒരുപോസ്റ്റ്‌കാര്‍ഡ്‌ കൊടുത്തിട്ട്‌ ജര്‍മനിയിലുള്ള വേണ്ടപ്പെട്ടവരുടെ ആരുടെയെങ്കിലും അഡ്രസ്സ്‌ അതില്‍ എഴുതാന്‍ ആവശ്യപ്പെട്ടു. തങ്ങള്‍ സുഖമായി ട്രെബ്‌ളിങ്കയിലെത്തിയെന്നും അവിടെ എല്ലാവിധ താമസസൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മറുവശത്ത്‌ എഴുതിയിരുന്നത്‌ അവര്‍ വായിച്ചില്ല. ജര്‍മനിയില്‍ അവശേഷിച്ചിട്ടുള്ള യഹൂദര്‍ക്ക്‌ പുനരധിവാസത്തിന്‌ പുറപ്പെടാന്‍ സംശയംതോന്നാതിരിക്കാന്‍ പ്രസ്‌തുതകാര്‍ഡുകള്‍ നാസികള്‍ എത്തിച്ചുകൊണ്ടിരുന്നു. ലോകത്തെ കബളിപ്പിക്കാന്‍ നാസിഭരണകൂടം പ്രയോഗിച്ചിരുന്ന അനേകം കൗശലങ്ങളില ഒന്നുമാത്രമായിരുന്നു ഇത്‌..

`വിലപിടിപ്പുള്ളതു വല്ലതും ഉണ്ടെങ്കില്‍ ഇവിടെ കൗണ്ടറില്‍ ഏല്‍പിക്കണം. കള്ളംപറയാനും ഒന്നുംഒളിപ്പിക്കാനും ശ്രമിക്കരുത്‌. സ്വര്‍ണം, പണം അങ്ങനെയുള്ളതെല്ലാം ഇവിടെ ഏല്‍പിക്കണം.' കൗണ്ടറില്‍ നില്‍ക്കുന്ന എസ്സെസ്സ്‌ പറഞ്ഞു.

സാറ തന്റെകൈവശം ഉണ്ടായിരുന്ന രത്‌നംപതിച്ച സ്വര്‍ണമാല പുറത്തെടുത്തു.

`ഇതും ഊരിക്കൊട്‌,' സാറയുടെ വിരലില്‍ ബാറ്റണ്‍കൊണ്ട്‌ തട്ടിയിട്ട്‌ അയാള്‍ പറഞ്ഞു.

`ഇതുഞാന്‍ തരത്തില്ല.' അവള്‍ പ്രതിക്ഷേധിച്ചു. `ഇതെന്റെ വിവാഹമോതിരമാണ്‌.'

എസ്സെസ്സ്‌ ബാറ്റണ്‍കൊണ്ട്‌ അവളുടെ കയ്യില്‍ ആഞ്ഞടിച്ചു. അപ്രതീക്ഷിതമായി അടികിട്ടിയ അവള്‍ വേദനകൊണ്ട്‌ നിലവിളിച്ചു. അമ്മയെ തല്ലുന്നതുകണ്ട്‌ മാല്‍ക്കയും ഉറക്കെ കരഞ്ഞു. നിസ്സായനായി നോക്കിനില്‍ക്കാനെ സ്റ്റെഫാന്‌ സാധിച്ചുള്ളു. അഞ്ച്‌ നിരപരാധികളെ വെടിവെച്ചുകൊന്ന എസ്സെസ്സ്‌ പോലീസിന്റെ ക്രൂരത നേരില്‍കണ്ടതിന്റെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ലത്തതിനാല്‍ പ്രതിക്ഷേധിക്കാതെ ഭാര്യയുടെ വിരലില്‍നിന്ന്‌ മോതിരം ഊരിക്കൊടുത്തു. മോതിരത്തേക്കാള്‍ വിലപിടിപ്പുള്ളതാണല്ലോ ജീവന്‍.

പേരും മറ്റുവിവരങ്ങളും പറഞ്ഞുകൊടുത്തപ്പോള്‍ അവര്‍ക്ക്‌ കഴുത്തില്‍ തൂക്കിയിടാന്‍ ഓരോ നമ്പര്‍ കൊടുത്തു.

`ഇനിമുതല്‍ നിങ്ങള്‍ക്ക്‌ പേരില്ല, നമ്പര്‍ മാത്രമേയുള്ളു. റോള്‍കോള്‍ വിളിക്കുമ്പോള്‍ ഈ നമ്പരാണ്‌ നിങ്ങള്‍ പറയേണ്ടത്‌.' കൗണ്ടറിലിരുന്ന ഓഫീസര്‍ പറഞ്ഞു. `ഇത്‌ നിങ്ങടെ റേഷന്‍ കാര്‍ഡ്‌. ഇതുകാണിച്ചാലെ ഭക്ഷണംകിട്ടു. നഷ്‌ടപ്പെടുത്തിയാല്‍ പട്ടിണികിടന്ന്‌ ചാകാം. നേരെ പൊയ്‌ക്കോളു.'

പെട്ടിയും മറ്റ്‌ സാമഗ്രികളും അവര്‍പിടിച്ചുവെച്ചു. ധിച്ചിരിക്കുന്ന വസ്‌ത്രങ്ങളും കഴുത്തില്‍ തൂക്കിയിരിക്കുന്ന നമ്പരും റേഷന്‍കാര്‍ഡും മാത്രമായി അവര്‍ മുന്‍പോട്ട്‌ നീങ്ങി. നാലാമത്തെ ബ്‌ളോക്കിലാണ്‌ താമസം ഒരുക്കിയിരിക്കുന്നത്‌. അടികൊണ്ട കൈക്ക്‌ നല്ലവേദനയുണ്ടെങ്കിലും ദുരിതയാത്രയുടേയും ഉറക്കിളപ്പിന്റേയും ക്ഷീണം മാറ്റാമല്ലോ എന്നആശ്വാസത്തോടെയാണ്‌ സാറ നാലാമത്തെ ബ്‌ളോക്കില്‍ എത്തിയത്‌. അതൊരു വലിയ ഹോളായിരുന്നു.നേരത്തെവന്ന നൂറുപേരെങ്കിലും അതിനകത്ത്‌ സ്ഥാനംപിടിച്ചിട്ടുണ്ട്‌. കിടക്കാന്‍ പോയിട്ട്‌ ഇരിക്കാന്‍പോലും സ്ഥലമില്ല. ഒരുവിധത്തില്‍ സാറക്കും കുഞ്ഞുങ്ങള്‍ക്കും വെറുംതറയില്‍ ഇരിക്കാന്‍ അല്‍പം സ്ഥലം സ്റ്റെഫാന്‍ കണ്ടുപിടിച്ചു. ഇതിനകത്താണോ യുദ്ധംകഴിയുന്നതുവരെ താമസിക്കേണ്ടതെന്ന്‌ അലോചിച്ചപ്പോള്‍ അവന്‌ കരയണമെന്ന്‌ തോന്നി.

ചെറുതായിരുന്നെങ്കിലും അവനും കുടുംബത്തിനും പട്ടിണിയെന്തെന്നറിയാതെ കിടന്നുറങ്ങാന്‍ ഒരിടമുണ്ടായിരുന്നു. ഇപ്പോള്‍ കുഞ്ഞുങ്ങള്‍ വിശന്നുകിടന്ന്‌ മയങ്ങുകയാണ്‌. അവന്റെ മാത്രമല്ല എല്ലാവരുടേയും കൈക്കുഞ്ഞുങ്ങള്‍ വിശന്നുകരയുന്നു. സാറയുടെ കൈവശം കുറെ റൊട്ടിയുണ്ടായിരുന്നതുകൊണ്ട്‌ തല്‍ക്കാലം പിടിച്ചുനിന്നു. ഇനി എന്തുചെയ്യും? ഭക്ഷണം ഇവര്‍ തരുമായിരിക്കും, അതിനാണല്ലോ റേഷന്‍കാര്‍ഡ്‌ തന്നത്‌. ഇനിമുതല്‍ പേരില്ലത്രെ, നമ്പരാണ്‌. അവന്‍ തന്റെ നമ്പര്‍ എത്രയാണെന്ന്‌ നോക്കി. D 5114. റോള്‍ക്കോള്‍ വിളിക്കുമ്പോള്‍ ഈ നമ്പര്‍ പറയണം. റേഷന്‍കാര്‍ഡിലും ഈ നമ്പര്‍തന്നെയാണ്‌. ജര്‍മന്‍ നാസികളെപ്പറ്റിയുള്ള അവന്റെ അഭിപ്രായത്തിന്‌ മാറ്റം വരികയായിരുന്നു.

ജൊസേക്ക്‌ പറഞ്ഞതൊക്കെ ശരിയായിരുന്നല്ലോ എന്ന്‌ അന്നേരമാണ്‌ ഓര്‍ത്തത്‌. അവനുംകൂടി ഇവിടെ ഉണ്ടായിരുന്നെങ്കിലെന്ന്‌ ഒരുനിമിഷം ആഗ്രഹിച്ചുപോയി. പെട്ടന്ന്‌ ആ ആഗ്രഹത്തെ അവന്‍തിരുത്തി. കൂട്ടുകാരനും കുടുംബത്തിനും തങ്ങളുടെ ദുര്‍ഗതി വരാതിരിക്കട്ടെ. യഹൂദരെ കൂട്ടക്കൊല ചെയ്യുമെന്ന്‌ അവന്‍ പറഞ്ഞത്‌ ശരിയായിരിക്കുമോ? ശ്ശെ! അങ്ങനെ അവര്‍ ചെയ്യുമോ? കുറ്റംചെയ്യാത്ത മനുഷ്യരെ വെറുതെ കൊല്ലുമോ? നാസികളും മനഷ്യര്‍തന്നെയാണല്ലോ. പക്ഷേ, അഞ്ചുയുവാക്കളെ നിഷ്‌ക്കരുണമല്ലേ അവര്‍ വെടിവെച്ചത്‌. എന്തായിരുന്നു അവര്‍ചെയ്‌ത തെറ്റ്‌? ഒരു വൃദ്ധന്റെ ശവശരീരം ചവിട്ടി പുറത്തേക്ക്‌ തള്ളിയത്‌ ചോദ്യംചെയ്‌തത്‌ വലിയൊരു കുറ്റമാണോ? അത്‌ വീണ്ടെടുത്ത്‌ മതാചാരപ്രകാരം അടക്കംചെയ്യണമെന്നല്ലേ അവര്‍ പറഞ്ഞുള്ളു? അവരുടെ ശവങ്ങള്‍ വഴിയില്‍ ഉപേക്ഷിച്ചിട്ടാണ്‌ ട്രെയിന്‍ വിട്ടത്‌. അത്‌ അവിടെക്കിടന്ന്‌ അഴുകി മണ്ണിനോട്‌ ചേരുകയോ കുറുക്കനും ചെന്നായ്‌ക്കള്‍ക്കും ആഹാരമായിത്തീരുകയോ ചെയ്യും. ഇതൊക്കെ ആലോചിച്ചപ്പോള്‍ സ്റ്റെഫാന്‌ ഭ്രാന്തുപിടിക്കുമെന്ന്‌ തോന്നി.

(തുടരും....)

ആറാം ഭാഗം വായിക്കുക...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക