Image

റോസ്‌മേരി കവിതയുടെ സൗഹൃദമുദ്ര; 28 ന് സര്‍ഗ്ഗവേദിയുടെ അരങ്ങില്‍

മനോഹര്‍ തോമസ് Published on 23 September, 2014
റോസ്‌മേരി കവിതയുടെ സൗഹൃദമുദ്ര; 28 ന്  സര്‍ഗ്ഗവേദിയുടെ അരങ്ങില്‍
എന്തെഴുതിയാലും, വായനക്കാരുമായി, പൊടുന്നനെ സൗഹൃദം സ്ഥാപിക്കുന്ന ഒരു രചനാ രീതിയാണ് റോസ്‌മേരിയുടേത്. ലളിതവും, സൗമന്യവും, ദീപ്തവുമായ പദാവലി സഹൃദയനെപൊടുന്നനെ ആകര്‍ഷിക്കുന്നു.

നമ്മുടെ ഒരു സുഹൃത്ത് വന്ന് തോളത്ത് കൈയിട്ട് കൂട്ടികൊണ്ട് പോകുന്ന പ്രതീതിയാണ് ഇവരുടെ രചനകള്‍ സാധിച്ചെടുക്കുന്നത്. വാക്കുകള്‍ കൊണ്ട് പുകമറ സൃഷ്ടിച്ചു വായനക്കാരില്‍ ദുരാഗ്രഹതയുടെ തേര്‍വാഴ്ച ഉണ്ടാക്കുന്ന കാലത്ത് റോസ്‌മേരിയുടെ രചനകളിലൂടെ കടന്നുപോകുന്നത് തികച്ചും സുഖകരമായ ഒരനുഭവമാണ്.

കവിതയാണ് റോസ്‌മേരിയുടെ തട്ടകം. ലളിതവും സുതാര്യവുമായ പദങ്ങളിലൂടെ അടിവച്ച് നീങ്ങുന്ന ഈ കവിതകള്‍ വായനക്കാരുമായി പെട്ടെന്ന് സൗഹൃദം സ്ഥാപിച്ചെടുക്കുന്നു. ഒരു സുഹൃത്തിനോട് തന്റെ ആത്മരഹസ്യങ്ങള്‍ പങ്കുവയ്ക്കുന്ന സ്വകാര്യ സംഭാഷണങ്ങളുടെ ചുവടാണ് ഈ കവിതകള്‍ക്ക് പൊതുവെ മനുഷ്യബന്ധങ്ങളുടെ പശ്ചാത്തലമായി പ്രകൃതി സജീവമായി നിലകൊള്ളുന്നു. മലകളും, പുഴകളും മരങ്ങളും, ചെടികളും, പക്ഷികളും, പൂക്കളും, പൂമ്പാറ്റകളും എല്ലാം നിറഞ്ഞ പ്രകൃതിയുടെ സാന്നിധ്യം വായനക്കാര്‍ക്ക് അനുഭവപ്പെടും. കാറ്റും മഴയും, മഞ്ഞും വെയിലും ഈ കവിതകളില്‍ മാറി മാറി പ്രത്യക്ഷപ്പെടുന്നു. മഹാ പ്രതിഭാശാലിനി ആയ മാധവിക്കുട്ടിയുടെ ചൈതന്യം ഇവരുടെ രചനകളെ അനുഗ്രഹിച്ചിട്ടുണ്ടെന്നു നമുക്ക് അനുഭവപ്പെടും.
റോസ്‌മേരിക്ക് ഗദ്യവും നന്നായി വഴങ്ങും എന്നതിന് തെളിവാണ് അവരുടെ അനുഭവ കുറിപ്പുകളും ഓര്‍മ്മകളും താന്‍ ജനിച്ചു വളര്‍ന്ന നാടും അവിടുത്തെ പ്രകൃതിയും, ജീവിത സാഹചര്യങ്ങളും, സാമൂഹ്യ ബന്ധങ്ങളും, എല്ലാം എല്ലാം ഈ കുറിപ്പുകളില്‍ അനായാസേന കടന്നുവരുന്നു.
ബാല്യകാല സ്മരണകളിലെ പ്രകൃതി നിരീക്ഷണങ്ങളും, ബാല ലീലകളും അതീവ ഹൃദ്യമായി അനുഭവപ്പെടുന്നു. ഇവിടെയും പ്രകൃതിയുടെ പശ്ചാത്തലം സജീവമായ ഒരു സാന്നിധ്യമാണ്. ഈ രചനകളിലും വായനക്കാരുമായി എളുപ്പം സൗഹൃദം സ്ഥാപിച്ചെടുക്കുന്നു.

റോസ്‌മേരി മലയാളത്തിലെ പല പ്രമുഖരായ എഴുത്തുകാരുമായി അഭിമുഖം നടത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടി ഇവര്‍ ബൈബിള്‍ കഥകള്‍ പുനരാഖ്യാനം ചെയ്തിട്ടുണ്ട്. വി.കെ.കൃഷ്ണന്‍ മേനോന്റെ ജീവചരിത്രം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്  റോസ്‌മേരിയാണ്.
സെപ്റ്റംബര്‍ 28 ന് ഈ അനുഗ്രഹീത എഴുത്തുകാരി സര്‍ഗ്ഗവേദിയുടെ അരങ്ങില്‍ അതിഥിയായി എത്തുന്നു.

വിവരങ്ങള്‍ക്ക്- മനോഹര്‍ തോമസ്-917 501 0173


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക