Image

മദ്യനിരോധനത്തിലെ ഉള്ളുകള്ളികള്‍ മുതല്‍ വെള്ളാപ്പള്ളി വരെ

അനില്‍ പെണ്ണുക്കര Published on 02 September, 2014
മദ്യനിരോധനത്തിലെ ഉള്ളുകള്ളികള്‍ മുതല്‍ വെള്ളാപ്പള്ളി വരെ
വൈര നിര്യാതന ബുദ്ധി നിറഞ്ഞതും ജുഗുപ്‌സാവഹവുമായ ജയേച്ഛയും മ്ലേച്ചമായ പ്രതിഛായ  നിര്‍മിതിയുമാണ് സമ്പൂര്‍ണ മദ്യനിരോധന നയത്തിന് ഹേതു. ഉമ്മന്‍ ചാണ്ടിയുടെ വിനീത വിശ്വസ്തരായ കെ.സി. ജോസഫും കെ.ബാബുവും മാത്രമാണ് എല്ലാവരേയും കുപ്പിയിലിറക്കുന്ന മുഖ്യമന്ത്രിയുടെ തീരുമാനം മുന്‍കൂട്ടി അറിഞ്ഞിരുന്നത്. യുഡിഎഫ് യോഗത്തില്‍ എഴുതി തയ്യാറാക്കി വായിച്ച ആ തീരുമാനത്തെ എതിര്‍ക്കണമെന്ന് പലര്‍ക്കും തോന്നിയെങ്കിലും ആ ലൈനില്‍ അഭിപ്രായം പറഞ്ഞാല്‍ മദ്യലോബിയുടെ അഞ്ചാംപത്തിയെന്ന പഴി കേള്‍ക്കേണ്ടി വരുമെന്നുള്ളത് കൊണ്ട് മൗനം പാലിക്കുകയായിരുന്നു. ഇന്നലത്തെ മന്ത്രിസഭായോഗത്തില്‍, ഈ വിഷയം സംബന്ധിച്ചുണ്ടായ മുറുമുറുപ്പ് അതിന്റെ പ്രകടമായിരുന്നു.
അനന്തരവന്മാരോടുള്ള കലിപ്പില്‍ തറവാടിന് തീയിട്ട എരണംകെട്ട കാര്‍ന്നോരുടെ സ്ഥാനമാണ്, സമ്പൂര്‍ണ മദ്യനിരോധന നയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുള്ളത്. പൂട്ടിയ 418 ബാറിന്റെ കാര്യത്തില്‍ അര്‍ഹത, പ്രായോഗികത, നിയമപരം എന്നീ മൂന്ന് സംജ്ഞകളുടെ മറവില്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെ കൂട്ടുപിടച്ച് മുഖ്യമന്ത്രി നടത്തിയ അട്ടിമറി ശ്രമങ്ങള്‍ കൃത്യമായി അറിയാമെങ്കിലും ബാക്കിയുള്ള 312 ബാര്‍ അടക്കം മുഴുവന്‍ ബാറുകളും പൂട്ടാനുള്ള തീരുമാനത്തില്‍ കേരളത്തിന്റെ പൊതുമനസ്സ് ഉമ്മന്‍ ചാണ്ടിക്കെപ്പമാണ്. ഈ വിഷയത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ വി.എം.സുധീരനെടുത്ത നിലപാടിന് മുന്നില്‍-അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയമായിരുന്നു-മുട്ടുമടക്കേണ്ടി വരുമെന്ന് ബോദ്ധ്യമായപ്പോള്‍ മുന്നണിയിലെ ഘടക കക്ഷികളോട് ആലോചിക്കാതെ മുന്നൊരുക്കങ്ങളൊന്നും നടത്താതെ, താനും മദ്യവിരുദ്ധനാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടി സ്വീകരിച്ച പത്തൊന്‍പതാമത്തെ അടവാണ് സമ്പൂര്‍ണ മദ്യനിരോധനം.
മുന്നൊരുക്കമൊട്ടുമില്ലാതെ എടുത്ത ഈ തീരുമാനത്തിന്റെ സാമ്പത്തീക-സാമൂഹിക പ്രത്യാഘാതങ്ങള്‍ കാത്തിരുന്നു കാണുക. വ്യാജച്ചാരയ-മയക്ക് മരുന്ന് ലോബികള്‍ക്ക് തിടം വയ്ക്കാന്‍ അടരുകളൊരുക്കുന്നു എന്നതാണ് അവയില്‍ ഭയാനകം. ടുറിസം മേഖലയിലുണ്ടാകാവുന്ന തിരിച്ചടി മറ്റൊന്നാണ്. ക്ലബ്ബുകളുടെ അബകാരി ലൈസന്‍സും ബിയര്‍-വൈന്‍ പാര്‍ലറുകളായി തുറക്കാമെന്ന സാദ്ധ്യതയും ഈ തീരുമാനത്തിന്റെ ഫലശ്രുതിയില്‍ സന്ദേഹമുണര്‍ത്തുന്നണ്ടെങ്കിലും പ്രത്യക്ഷത്തില്‍ ഇത് കേരളയീന്റെ ചാത്തന്‍ മദ്യാസക്തിക്ക് മൂക്കുകയറിടാനിയാകും. അതു കൊണ്ടാണ് വീട്ടമ്മമാരടക്കമുള്ള ഭൂരിപക്ഷം ഈ തീരുമാനത്തെ സഹര്‍ഷം സ്വാഗതം ചെയ്തത്. എന്നാല്‍ ഈ തീരുമാനത്തില്‍ ഉമ്മന്‍ ചാണ്ടിക്കും കെ.ബാബുവിനും കെ.സി.ജോസഫിനും എം.എം.ഹസനും ഉള്ളുകൊണ്ട് പ്രതിപത്തിയില്ല എന്നതിന്റെ തെളിവാണ് അവരുടെ അമര്‍ഷ പ്രസ്താവനകളും തന്നെ മദ്യലോബിയുടെ ആളാക്കാനുള്ള സംഘടിതവും ഗൂഢവുമായ ശ്രമം നടന്നു എന്ന ഉമ്മന്‍ ചാണ്ടിയുടെ പരിഭവവും.
ഈ അശ്ലീലതയെ കൊഴുപ്പിച്ചു കൊണ്ടാണ് എസ്-എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ രംഗപ്രവേശം. പുതിയ മദ്യനയം വിഭാവനം ചെയ്യുന്നത് ഭരണപക്ഷത്തെ ക്രിസ്ത്യന്‍-മസ്ലീം വിഭാഗത്തിന് ഈഴവസമുദായത്തോടുള്ള മുന്‍വിധിയാണെന്ന് വെള്ളാപ്പള്ളി. പൂട്ടിയ 418 ബാറില്‍ ഭൂരിപക്ഷവും ഈഴവരുടേതും സെപ്റ്റംബര്‍ 12 വരെ തുറന്നിരിക്കുന്ന 312 ബാറില്‍ ഭൂരിപക്ഷവും ക്രിസ്ത്യാനികളുടേതുമാണെന്ന അപായകരമായ സമുദായ ചിന്ത പൊതുസമൂഹത്തില്‍ പടര്‍ത്താനാണ് വെള്ളാപ്പള്ളിയുടെ ശ്രമം. ബാറുകളിലെ മദ്യം നിരോധിച്ച സര്‍ക്കാര്‍ എന്തു കൊണ്ട് കത്തോലിക്ക സഭ കുര്‍ബാനയ്ക്കുപയോഗിക്കുന്ന വൈന്‍് നിരോധിക്കുന്നില്ലെന്ന ചോദ്യമുന്നയിച്ച് പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു.
വെള്ളാപ്പള്ളിയുടെ ചുണ്ടയില്‍ കൊത്താതെ സൗമ്യവും ബുദ്ധിപൂര്‍വകവുമായിരുന്നു കത്തോലിക്ക സഭാനേതൃത്വത്തിന്റെ പ്രതികരണം. അതു കൊണ്ടാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ടോക്ക് ഷോയില്‍ പങ്കെടുത്ത് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന അസത്യങ്ങള്‍ അദ്ദേഹം പ്രചരിപ്പിച്ചത്. 14 ശതമാനം വീര്യമുള്ളതാണ് കുര്‍ബാനയ്ക്കുപയോഗിക്കുന്ന വൈന്‍, കത്തോലിക്ക സഭയ്ക്ക് ഡിസ്റ്റിലറികളുണ്ട്, ഇവിടെ ഉത്പാദിപ്പിക്കുന്ന ലഹരിയുള്ള വൈന്‍ പുറത്ത് വില്‍ക്കുന്നുണ്ട് എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ ദയാരഹിതവും സാമുദായിക വൈര്യഭരിതവുമായ ആരോപണങ്ങള്‍.
മര്‍ത്തോമ സഭാ തലവന്‍ ഡോ.പിലിപ്പോസ് മാര്‍ ക്രിസോസ്റ്റം അഭിപ്രായപ്പെട്ടത് പോലെ കുര്‍ബാനയ്ക്ക് ഇപ്പോള്‍ നല്‍കുന്ന വീഞ്ഞിന്റെ കാര്യത്തില്‍ കത്തോലിക്ക സഭയും കാലാനുസൃതമായ തീരുമാനമെടുക്കേണ്ടതുണ്ട്. ക്രിസ്തു കുമരകത്താണ് ജീവിച്ചിരുന്നതെങ്കില്‍ അന്ത്യ അത്താഴത്തിന് ഉപയോഗിക്കുക കപ്പയും കള്ളുമായിരിക്കും എന്ന് പൊന്‍കുന്നം വര്‍ക്കി ചൂണ്ടിക്കാണിച്ചത് കേവലമൊരു പരിഹാസമല്ല; ഭൂമിശാസ്ത്രപരമായ സത്യമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക