Image

അപര്‍ണയുടെ കഥ (നോവല്‍- ഭാഗം: 16- ടോം മാത്യൂസ്,ന്യൂജേഴ്‌സി)

ടോം മാത്യൂസ്,ന്യൂജേഴ്‌സി Published on 27 August, 2014
അപര്‍ണയുടെ കഥ (നോവല്‍- ഭാഗം: 16- ടോം മാത്യൂസ്,ന്യൂജേഴ്‌സി)
അദ്ധ്യായം 16
 കൊ
 ഗോപാല്‍ സന്തുഷ്ടനായിരുന്നു. അപര്‍ണയും ശില്പയും അവര്‍ ആഗ്രഹിച്ചതു പോലെയുള്ള ഒരു പുതിയ വീട്ടിലേക്ക് മാറിയതിലുള്ള സന്തോഷലഹരിയിലാണ്. ശില്പ അവളുടെ കിടക്കമുറി തെരഞ്ഞെടുത്ത് മനോഹരമായ ജന്നല്‍കര്‍ട്ടന്‍കൊണ്ട് അലങ്കരിച്ചു. ബോംബെ ഡൈയിംഗിന്റെ പുതിയ ബെഡ്ഷീറ്റ് വിരിച്ചു. അവളുടെ ആരാധനാപാത്രങ്ങളായ ശില്പാഷെട്ടിയുടെയും (അതുകൊണ്ടാണല്ലോ അവളുടെ പേരും ശില്പ എന്നായത്) ഐശ്വര്യാറായിയുടെയും ചിത്രങ്ങള്‍ അവള്‍ ഭിത്തികളില്‍ ഒട്ടിച്ചു വച്ചു. തികച്ചും ലളിതമൈയ കൈത്തറി ബെഡ്ഷീറ്റുകളാണ് അപര്‍ണ തന്റെ മുറിയിലേക്ക് തെരഞ്ഞെടുത്തത്. സ്റ്റീലിന്റെ സിങ്കും ഗ്യാസ് സ്റ്റൗവും ഉള്ള സൗകര്യ പ്രദമായ ഒരു അടുക്കള കിട്ടിയതിലായിരുന്നു ലക്ഷ്മിക്കു സന്തോഷം. പുതിയ ജീവിതാന്തരീക്ഷത്തിലേക്ക് പറിച്ചുനടപ്പെട്ടപ്പോള്‍ അവരെല്ലാം ഗോപാലിനോടു നന്ദി പറഞ്ഞു.

  അപര്‍ണയുടെ കോളേജും ശില്പയുടെ സ്‌കൂളും തമ്മില്‍ അധികം ദൂരമില്ല. ലക്ഷ്മി അതിരാവിലെ എഴുന്നേറ്റ് രണ്ടുപേര്‍ക്കും ടിഫിന്‍ ശരിയാക്കിക്കൊടുത്തയയ്ക്കും. പുതിയ വീട്ടിലേക്കും പുത്തന്‍ ജീവിത രീതികളിലേക്കും മാറാനുള്ള പണം എങ്ങനെയാണ് ലഭിച്ചതെന്ന് ലക്ഷ്മി ഗോപാലിനോടു ചോദിച്ചില്ല. അഥവാ ചോദിച്ചാല്‍ തന്നെ തന്റെ ചോദ്യങ്ങള്‍ക്ക് ഒരിക്കലും ഗോപാല്‍ ഉത്തരം പറയില്ലെന്ന് ലക്ഷ്മിക്ക് അിറയാമായിരുന്നു. ഈ വീട്ടില്‍ മറ്റുള്ളവരെല്ലാം സന്തോഷിക്കുമ്പോള്‍ അവര്‍ക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ ചോദിച്ച് ആ സന്തോഷത്തെ തല്ലിക്കെടുത്തുന്നതെന്തിന്?  ലക്ഷ്മി ചിന്തിച്ചത് അങ്ങനെയായിരുന്നു.

     ഗോപാലിന്റെ ബന്ധങ്ങളും ആശയവിനിമയങ്ങളും തീര്‍ത്തും രഹസ്യമായിട്ടായിരുന്നു. അയാള്‍ മറ്റുള്ളവരോട് വളരെ മൃദുവായ ശബ്ദത്തിലായിരുന്നു സംസാരിച്ചിരുന്നത്. വൈകുന്നേരങ്ങളില്‍  അയാള്‍ വീട്ടില്‍ നിന്ന് പുറത്തു പോകും. ആരോടൊക്കെയോ ചില ബന്ധങ്ങള്‍ രാത്രിക്കാലങ്ങളില്‍ അയാള്‍ക്കുണ്ട്. ആരൊക്കെയാണ് അവര്‍, എന്താണ് കാര്യം എന്നൊന്നും ലക്ഷ്മി അയാളോട് ചോദിച്ചിട്ടില്ല. വൈകുന്നേരങ്ങളിലുള്ള ഗോപാലിന്റെ ഈ യാത്ര ലക്ഷ്മിയെ വേദനിപ്പിച്ചു. ഗോപാല്‍ ലൈംഗികവിഷയത്തില്‍ താല്പര്യം കൂടുതലുള്ള ആളാണ്. പക്ഷേ ഇപ്പോള്‍ അതുപോലും വേണ്ടെന്നുവച്ച്  രാത്രിയില്‍ പുറത്തു പോകുന്നു. ലക്ഷ്മിക്ക് ഇതില്‍ നേരിയ ഭയവും ആശങ്കയും ഇല്ലാതില്ല. എവിടെയോ ഉള്ള ശില്പയുടെ അമ്മയുടെ അടുത്തേക്കാണോ ഗോപാല്‍ പോകുന്നത് എന്നുപോലും ലക്ഷ്മി സംശയിച്ചു. ആര്‍ക്കറിയാം? അവള്‍ അതിശയിച്ചു. എങ്കിലും പുതിയ വീട്ടിലുള്ള താമസം അവളെ സന്തോഷിപ്പിച്ചു. സമാധാനമായി ജീവിക്കുക. താന്‍ എന്തെങ്കിലും ചോദിച്ചാല്‍ ഗോപാലിന് ഇഷ്ടമായില്ല എന്നതിന്റെ പേരില്‍ അച്ഛന്റെയും അമ്മയുടെയും ചേരിയിലുള്ള കുടിലിലേക്ക് ഇനിയൊരു മടക്കം ആഗ്രഹിക്കുന്നില്ല.

    രാത്രിയിലെ അച്ഛന്റെ അസാന്നിദ്ധ്യം ശില്പ ശ്രദ്ധിച്ചതേയില്ല. അവള്‍ ആവശ്യപ്പെടുന്ന ആഡംബരവസ്തുക്കള്‍ വാങ്ങുന്നതിനുള്ള പണം ഉണ്ടാക്കാന്‍ പോകുന്നു എന്നേ ശില്പ കരുതിയുള്ളൂ. ജോലി കൂടാതെ എന്തൊക്കെയോ ചില കച്ചവടങ്ങളുമായി അച്ഛന്‍ ബന്ധപ്പെടുന്നുണ്ടെന്ന് അപര്‍ണയ്ക്ക് മനസ്സിലായിട്ടുണ്ട്. പക്ഷേ, അതിന്റെ വിശദാംശങ്ങളൊന്നും അവള്‍ അച്ഛനോടു ചോദിച്ചില്ല. ഒരു മനുഷ്യന് അയാളുടേതായ ചില രഹസ്യങ്ങള്‍ കാണും. സ്ത്രീകളോട് എല്ലാ രഹസ്യങ്ങളും പറയണമെന്നില്ലല്ലോ.


അപര്‍ണയുടെ കഥ (നോവല്‍- ഭാഗം: 16- ടോം മാത്യൂസ്,ന്യൂജേഴ്‌സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക